നാടിനെ മുന്നോട്ടു നയിക്കാന്‍ ഇറങ്ങേണ്ട ഘട്ടം, മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

നാടിനെ മുന്നോട്ടു നയിക്കാന്‍ ഇറങ്ങേണ്ട ഘട്ടം, മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങാന്‍ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മറ്റെല്ലാം മാറ്റിവച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. കൂട്ടായ ഇടപെടലിലൂടെ മാത്രമേ നമുക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയു എന്നും മുഖ്യമന്ത്രി.

സംസ്ഥാനത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സ്ഥാപനങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നില്ല. അവ ജാഗരൂകമായി നിലക്കൊള്ളേണ്ട ഘട്ടമാണിത്. പൊതുജനാരോഗ്യ സംരക്ഷണം ഭീഷണി നേരിടുന്ന നിര്‍ണ്ണായക ഘട്ടങ്ങളില്‍ നാടിന്റെ രക്ഷാസൈന്യം ആയി സ്വയം മാറാന്‍ കഴിയുന്ന പുതിയ തലമുറ അവിടങ്ങളില്‍ ഉണ്ട്.

വൈദ്യശാസ്ത്രം ഏത് ധാരയില്‍ പെട്ടതായാലും ആതുര സേവനത്തിന് വേണ്ടി ഉള്ളതാണ്. വൈദ്യശാസ്ത്ര വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും ഉപരിപഠനം നടത്തുന്നവരും പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നവരും ഒന്നിച്ച്, ഒരേ മനസ്സായി നാടിനെ മുന്നോട്ടു നയിക്കാന്‍ ഇറങ്ങേണ്ട ഘട്ടമാണ് ഇത്. നിങ്ങളില്‍നിന്ന് നാട് വലിയ സേവനമാണ് പ്രതീക്ഷിക്കുന്നത്. സഹജീവികള്‍ക്ക് താങ്ങാവാന്‍ നമുക്ക് കൈകോര്‍ത്ത് മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in