സൈറ വസീം  
സൈറ വസീം  

‘ഈമാനില്‍ നിന്നകന്നു’; അഭിനയം നിര്‍ത്തിയെന്ന് ദംഗല്‍ നായിക  

മതപരമായ കാരണങ്ങളാല്‍ അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൈറ വസീം. സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതം മാറിപ്പോയെന്നും അജ്ഞത കൊണ്ട് ഈമാനില്‍ നിന്ന് അകന്നെന്നും ദംഗല്‍ നായിക പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയില്‍ സന്തോഷവതിയായിരുന്നില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും തന്റെ ഇടം ഇതല്ല. ഒരുപാട് സ്‌നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചെങ്കിലും നിശ്ശബ്ദമായും അറിയാതെയും താന്‍ ഈമാനില്‍ നിന്ന് അകലുകയായിരുന്നെന്ന് 'സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍' ഫേസ്ബുക്കില്‍ കുറിച്ചു.

എപ്പോഴും എന്റെ ഈമാനെ തടസപ്പെടുത്തിക്കൊണ്ടിരുന്ന ചുറ്റുപാടില്‍ ഞാന്‍ ജോലി ചെയ്യുന്നത് തുടര്‍ന്നു. അതിനാല്‍ എന്റെ മതവുമായുള്ള എന്റെ ബന്ധം ഭീഷണി നേരിട്ടു. ഞാന്‍ ചെയ്യുന്നത് ഓക്കെയാണെന്നും ഒന്നും ബാധിക്കുന്നില്ലെന്നും എന്റെ അജ്ഞതയാല്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ ‘ബറാക്ക’യും (അനുഗ്രഹം) നഷ്ടമായി.  

സൈറ വസീം  

മതത്തിന്റെ മൗലികമായ സംഗതികളേക്കുറിച്ചുള്ള എന്റെ അജ്ഞതയും ഒരു മാറ്റമുണ്ടാക്കാന്‍ മുന്‍പ് ശ്രമിക്കാതിരുന്നതും ലൗകീക മോഹമങ്ങളോടുള്ള താല്‍പര്യം മൂലമായിരുന്നു. ഖുറാനും അള്ളാഹുവിന്റെ പ്രവാചകന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും 18കാരി കൂട്ടിച്ചേര്‍ക്കുന്നു.

മതമൗലിക വാദികള്‍ പല തവണ സൈറയ്‌ക്കെതിരെ സൈബര്‍ ആക്രമണവും അധിക്ഷേപങ്ങളും നടത്തിയിരുന്നു.  

കശ്മീരില്‍ ജനിച്ച സൈറ 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് ബോളിവുഡ് രംഗപ്രവേശം നടത്തുന്നത്. ഗീതാ ഫോഗട്ട് ആയുള്ള പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ മുഖ്യ വേഷമാണ് സൈറ ചെയ്തത്. ഇരു ചിത്രങ്ങളിലേയും പ്രകടനത്തിന്റെ ഫലമായി സൈറ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു. മൂന്നാമത് ചിത്രം 'ദ സ്‌കൈ ഈസ് പിങ്ക്' ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കെയാണ് സൈറ അഭിനയജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in