എം സ്വരാജ്  
എം സ്വരാജ്  

ഈ രാജ്യത്തിന്റെ സൃഷ്ടിയില്‍ നിങ്ങള്‍ക്കെന്ത് പങ്ക്?’; പൗരത്വം ചോദിക്കാന്‍ എന്ത് അവകാശമെന്ന് രാജഗോപാലിനോട് സ്വരാജ്

പൗരത്വ ഭേദഗതി നിയമത്തിനെതിയെയുള്ള പ്രക്ഷോഭത്തിലൂടെ മതരാഷ്ട്ര വാദത്തെയാണ് എതിര്‍ക്കുന്നതെന്ന് എം സ്വരാജ് എംഎല്‍എ. ആര്‍എസ്എസ് മതരാഷ്ട്ര വാദം ഉയര്‍ത്തിയാലും ജമായത്ത്ഇസ്ലാമി മതരാഷ്്ട്രവാദം ഉയര്‍ത്തിയാലും രണ്ടിനെയും എതിര്‍ക്കണം. ഹിന്ദുവായ മൗദൂദിയാണ് ഗോള്‍വാള്‍ക്കര്‍, മുസ്ലിം ആയ ഗോള്‍വാള്‍ക്കറാണ് മൗദൂദി. പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നവരോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ എന്താണ് അവകാശമെന്നും പ്രത്യേക നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിനുമേലുള്ള ചര്‍ച്ചയില്‍ എം സ്വരാജ് ചോദിച്ചു.

ഈ രാജ്യത്തിന്റെ സൃഷ്ടിയില്‍ നിങ്ങള്‍ക്കെന്ത് പങ്ക്. ഞങ്ങളുടെ പൂര്‍വ്വികര്‍ സൃഷ്ടിച്ചതാണ് ഇന്ത്യ. അവര്‍ പടപൊരുതി സൃഷ്ടിച്ചതാണ് ഇന്ത്യ

എം സ്വരാജ്

സ്വരാജിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

നമ്മുടെ രാഷ്ട്രം സമരസാന്ദ്രമായിരിക്കുകയാണ്. ഇന്ത്യയിലെ സര്‍വകലാശാലകളിലും ജനപഥങ്ങളിലും തെരുവുകളിലും തീക്ഷണസമരത്തിന്റെ തീനാളങ്ങള്‍ ഉയരുകയാണ്. ഈ രാജ്യത്തെ രക്ഷിക്കണമെന്നാണ് ഈ സമരങ്ങളിലെല്ലാം ഉയര്‍ന്നുവന്നിരിക്കുന്നത്. നമ്മുടെ രാജ്യം കേവലം ഒരു രാഷ്ട്രം എന്നതിലുപരി ഒരു ആശയമാണ്. സംസ്‌കാരമാണ്. ലോകത്തിന് മുന്നില്‍ സന്ദേശമാണ്. ജനാധിപത്യമാണ് ഇന്ത്യ. മതനിരപേക്ഷതയാണ് ഇന്ത്യ. സഹിഷ്ണുതയാണ് ഇന്ത്യ. ഉള്‍ക്കൊള്ളലാണ് ഇന്ത്യ. ആ ഇന്ത്യയെക്കുറിച്ചുള്ള ആശങ്കകളാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന്റെ കാലത്ത് നമ്മളെല്ലാം സംസാരിച്ചത്. നമ്മളെല്ലാം അന്ന് പറഞ്ഞു ഈ തിരഞ്ഞെടുപ്പിന്റെ മൗലികമായ രാഷ്ട്രീയ പ്രശ്‌നം ഇന്ത്യ ആര് ഭരിക്കുമെന്നതല്ല, നാളെയും നിലനില്‍ക്കുമോയെന്നതാണ്. അത് ഉള്‍ക്കൊള്ളാന്‍ നമ്മുടെ രാജ്യത്തെ പലഭാഗങ്ങളിലുമുള്ളവര്‍ക്ക് കഴിയാതെ പോയി. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ സംസ്‌കാരത്തിനും മൗലികമായ ഭാവങ്ങള്‍ക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവര്‍ അധികാരത്തില്‍ വന്നു. സംഘപരിവാര്‍ മതനിരപേക്ഷ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്.

ആര്‍എസ്എസിന്റെ രാഷ്ട്രീയം മൂടിവെയ്ക്കപ്പെട്ടതല്ല. ആര്‍എസ്എസില്‍ നിന്ന് ഇത്തരമൊരു നിയമമേ പ്രതീക്ഷിക്കാന്‍ കഴിയുകയുള്ളു. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകായ മാധവ് സദാശിവ ഗോള്‍വാക്കര്‍ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും എഴുതിത്തയ്യാറാക്കിയപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഇന്ത്യയെ നിര്‍വചിച്ചിട്ടുണ്ട്. വിചാരധാരയുടെ 19,20,21 അധ്യായങ്ങള്‍ ഇന്ത്യയുടെ ശത്രുക്കളെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. മൂന്ന് ആഭ്യന്തരഭീഷണികളാണ് ഇന്ത്യയ്ക്കുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നു. 19മത്തെ അധ്യായം മുസ്ലിംങ്ങള്‍, 20ാം അധ്യായം ക്രിസ്ത്യാനികള്‍, 21ാം അധ്യായം കമ്യൂണിസ്റ്റുകള്‍. ഈ മൂന്ന് കൂട്ടരും ഇന്ത്യയുടെ ശത്രുക്കളാണ് രാജ്യത്തിന്റെ ഭീഷണിയാണെന്നും ഇവരെ തുടച്ചു നീക്കണമെന്നും കൊന്നൊടുക്കണമെന്നും ഉന്‍മൂലനം ചെയ്യണമെന്നും ആട്ടിപ്പായിക്കണമെന്നുമുള്ള ഹിംസാത്മകമായ ആശയത്തെയാണ് രാഷ്ട്രീയ സ്വയംസേവകസംഘം അന്ന് മുതല്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. അവര്‍ക്കിപ്പോള്‍ ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം കിട്ടിയിട്ടുണ്ട്. അവര്‍ക്ക് മേധാവിത്വം വന്നിരിക്കുന്നു. അവരുടെ കാഴ്ചപ്പാടനുസരിച്ചുള്ള മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വത്തിന്റെ മാനദണ്ഡം മതമായി മാറുന്നുവെന്നതാണ്. മതനിരപേക്ഷത അവിടെ മരിക്കുന്നുവെന്നാണ് അര്‍ത്ഥം. ഭരണഘടനയെ കൂടിയാണ് കൊല്ലുന്നത്. ഇന്ത്യയെ കൊല്ലുന്നു ഇന്ത്യന്‍ ഭരണഘടനയെ കൊല്ലുന്നു. ഭരണഘടനയുടെ 14, 15 അനുച്ഛേങ്ങളെ ഗളച്ഛേദം ചെയ്യാതെ ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ കഴിയുമോ.

പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതു കൊണ്ട് നിങ്ങള്‍ക്ക് തോന്നുന്ന നിയമം കൊണ്ടുവരാന്‍ കഴിയില്ല. കേശവാനന്തഭാരതി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ സുപ്രധാന വിധിയില്‍ ഭേദഗതിയാവാം ഭരണഘടനയുടെ മൗലികസ്വഭാവം അട്ടിമറിക്കുന്ന ഒരു ഭേദഗതിയും പാടില്ലെന്നാണ്. നിങ്ങള്‍ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെയാണ് ഇല്ലാതാക്കുന്നത്. പൗരത്വ നിയമത്തെക്കുറിച്ച് ബഹുമാന്യനായ നേമം അംഗം ചിലത് പറഞ്ഞു. ഈ പച്ചക്കള്ളമാണ് ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കുന്നത്. പച്ചക്കള്ളത്തിന്റെ പ്രതലത്തിലല്ലാതെ സംഘപരിവാര്‍ രാഷ്ട്രീയത്തിന് നിവര്‍ന്നു നില്‍ക്കാനാവില്ലെന്നാണ് വര്‍ത്തമാനകാല ഇന്ത്യ തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യം. പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും കൂട്ടിവായിക്കുമ്പോളാണ് ചിത്രം വ്യക്തമാകുക. പതിറ്റാണ്ടുകളായി ഇന്ത്യന്‍ മണ്ണില്‍ ജീവിച്ച, പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബമെങ്ങനെ പൗരന്‍മാരല്ലാതായി. കാര്‍ഗിലില്‍ അതിര്‍ത്തി കാത്തതിന് രാഷ്ട്രപതിയുടെ മെഡല്‍ വാങ്ങിയ മുഹമ്മദ് സനഉള്ള ഖാന്‍ എങ്ങനെ പൗരനല്ലാതായി മാറി. ഇന്ത്യന്‍ സൈന്യത്തില്‍ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്‌നുള്‍ ഹക്ക് എങ്ങനെ പൗരനല്ലാതായി. ഇതിനെല്ലാം നിങ്ങള്‍ ഉത്തരം പറയണം. ബോധപൂര്‍വം ഈ രാജ്യത്തെ ഗണ്യമായ ഒരു ജനവിഭാഗത്തെ ആട്ടിയോടിക്കാന്‍, തടങ്കല്‍പാളയത്തിലേക്ക് ആനയിക്കാന്‍ കൊണ്ടുവന്ന നിയമമാണിത്.

ബഹുമാന്യനായ നേമം അംഗത്തിന് തൊണ്ണൂറാമത്തെ വയസ്സിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പര്‍ശമുള്ള ഒരു വാക്ക് ഇവിടെ പറയാന്‍ സാധിക്കാതെ പോകുന്നുവെങ്കില്‍ അങ്ങയുടെ രാഷ്ട്രീയം എത്രമാത്രം മലീമസവും ഹിംസാത്മകവുമാണെന്ന് ഞങ്ങള്‍ ഭയത്തോടെ തിരിച്ചറിയുകയാണ്. പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നവരോട് പൗരത്വം തെളിയിക്കാന്‍ രേഖ ചോദിക്കുവാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം. ഈ രാജ്യത്തിന്റെ സൃഷ്ടിയില്‍ നിങ്ങള്‍ക്കെന്ത് പങ്ക്. ഞങ്ങളുടെ പൂര്‍വ്വികര്‍ സൃഷ്ടിച്ചതാണ് ഇന്ത്യ. അവര്‍ പടപൊരുതി സൃഷ്ടിച്ചതാണ് ഇന്ത്യ. അന്ന് നിങ്ങളുടെ പിതാക്കന്‍മാര്‍ ബ്രിട്ടന്റെ ഒറ്റുകാരായി ഈ മണ്ണില്‍ നില്‍ക്കുകയായിരുന്നു. ആ ഒറ്റുകാര്‍ക്ക് നിര്‍ഭാഗ്യവശാല്‍ ഇന്ന് ഭരണം കിട്ടിയെന്നത് കൊണ്ട് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മരണവാറണ്ടൊരുക്കാന്‍ ഒരു അവകാശവുമില്ല.

സ്വാതന്ത്യ സമരം നമ്മളെ പഠിപ്പിക്കുന്നതെന്താണ്. മതപരമായ സമരമാണോ ഇവിടെ നടന്നത്? എല്ലാ മത വിഭാഗത്തിലും പെട്ടവര്‍ ഇന്ത്യയെന്ന ഒരു ആശയത്തിന് വേണ്ടി അണിനിരന്ന സമരമാണിത്. എല്ലാ മതവിഭാഗത്തിലും പെട്ട രക്തസാക്ഷികള്‍. മുസ്ലിം ജനവിഭാഗങ്ങളെയാകെ തുടച്ചു നീക്കാനും ആട്ടിപ്പായിക്കാനും വേണ്ടി ഈ നിയമം തയ്യാറാക്കുമ്പോള്‍ മലബാറിലെ സ്വാതന്ത്രസമര ചരിത്രം നിങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ. 1852ല്‍ ബ്രിട്ടന്‍ നാടുകടത്തിയ സെയ്ദ് ഫസല്‍ പൂക്കോയ തങ്ങള്‍ എന്ന് കേട്ടിട്ടുണ്ടോ. നിങ്ങള്‍ മമ്പുറം എന്ന നാടിനെക്കുറിച്ചറിയുമോ. വാഴക്കാടടുത്ത് കൊന്നാര എന്നൊരു ഗ്രാമമുണ്ട്. കൊന്നാര മഖാം ഇന്നും സ്വതന്ത്രസമരത്തിന്റെ സ്മാരകമായി നിലനില്‍ക്കുന്നു. മുസ്ലിം ദേവാലയമായിരുന്നു. ബ്രിട്ടന്‍ വെടിവെച്ച് തകര്‍ത്തതാണ്. സ്വാതന്ത്രസമരത്തിന്റെ കേന്ദ്രമായിരുന്നു. ഇന്നും അതിലെ കടന്നു പോകുമ്പോള്‍ കൊന്നാര മഖാമിന്റെ വാതായനങ്ങളില്‍ പതിഞ്ഞിട്ടുള്ള, നീക്കം ചെയ്യാത്ത വെടിയുണ്ടകള്‍ കാണണം. അവിടെ നിന്നും ബ്രിട്ടന്‍ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത സയ്യിദ് മുഹമ്മദ് കോയ തങ്ങളെ ബ്രിട്ടന്‍ കോയമ്പത്തൂരില്‍ കൊണ്ടുപോയി തൂക്കിലേറ്റുകയാണ് ചെയ്തത്.

നിങ്ങള്‍ക്ക് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അറിയുമോ. ബ്രിട്ടന്റെ സൈനിക ആധിപത്യത്തെ വെല്ലുവിളിച്ച് സ്വന്തമായി രാഷ്ട്രം സ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹമിട്ട പേര് മലയാള രാജ്യമെന്നായിരുന്നു. ബലം പ്രയോഗിച്ച് ബ്രിട്ടന്‍ അദ്ദേഹത്തെ കീഴടക്കി. മീശയിലെ ഓരോ രോമവും പിഴുതെടുത്തു. ബയണറ്റുകൊണ്ട് കുത്തി. മാപ്പ് അപേക്ഷിക്കാനും സ്വാതന്ത്രസമരം അവസാനിപ്പിക്കുമെന്നും എഴുതിക്കൊടുത്താല്‍ മക്കയില്‍ സുഖമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാമെന്ന് ഓഫര്‍വെച്ചു. പുഞ്ചിരി മായാത്ത മുഖവുമായി ാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മറുപടി നല്‍കിയേ്രത മക്ക എനിക്ക് ഇഷ്ടമാണ്. പക്ഷേ നിങ്ങളറിയണം ഞാന്‍ പിറന്ന് വീണത് മക്കയിലല്ല. സമരപോരാട്ടങ്ങളുടെ വീരേതിഹാസം നിലനില്‍ക്കുന്ന ഏറനാടിന്റെ മണ്ണിലാണ്. ഈ മണ്ണില്‍ ഞാന്‍ മരിച്ചു വീഴും ഈ മണ്ണില്‍ ഞാന്‍ ലയിച്ചു ചേരും. ഈ വാക്കാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. പിറന്ന നാടിന് വേണ്ടി രക്തസാക്ഷിയാകാന്‍ എനിക്കൊരു അവസരം കൈവന്നിരിക്കുന്നു. ഇതിന് രണ്ട് റക്കായത്ത് നമസ്‌കരിച്ച് ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാന്‍ സമയം തരണം. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ മുന്നില്‍ നിന്നും വെടിവെച്ചാണ് കൊന്നത്. കണ്ണുകെട്ടി പുറകില്‍ നിന്നും വെടിവെച്ചാണ് ആളുകളെ കൊന്നുകൊണ്ടിരുന്നത്. അങ്ങനെ പറഞ്ഞ ധീരന്‍മാരുടെ നാടാണിത്.

ആലി മുസ്യാലിയാരുടെ നാടാണിത്. ഇന്ത്യയില്‍ ഒരിടത്ത് മാത്രമാണ് ബ്രിട്ടീഷ് പട്ടാളം സിവിലിയന്‍മാരുമായി നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളു. അത് ഇന്നത്തെ മലപ്പുറം ജില്ലയിലെ പൂക്കോട്ടുരിന്റെ മണ്ണിലാണ്. അതിന്റെ സ്മാരകം ഇന്നും ഇവിടെയുണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോല്‍പ്പിച്ചവരാണ് ഏറനാട്ടിലെ മാപ്പിളമാര്‍. ഈ ഭൂതകാലം നിലനില്‍ക്കുമ്പോഴാണ് നിങ്ങള്‍ ഒരു ജനതയെ ആകമാനം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി തുടച്ചു നീക്കാന്‍ ശ്രമിക്കുന്നത്.

1935ല്‍ ഹിറ്റ്‌ലര്‍ ജൂതന്‍മാര്‍ക്കെതിരെ പൗരത്വ നിയമം പാസാക്കി, തടങ്കല്‍പാളയങ്ങള്‍ ഉണ്ടാക്കി ദശലക്ഷണക്കണക്കിന് ജൂതന്‍മാരെ കൊന്നൊടുക്കി. പത്താം വര്‍ഷം ഹിറ്റ്‌ലര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. അതാണ് ചരിത്രം. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ കുപ്രസിദ്ധമായ ഓഷ്വിക്‌സിലെ കോണ്‍സട്രേഷന്‍ ക്യാമ്പിന് മുന്നില്‍ എഴുതിവെച്ചു 'ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കുക തന്നെ ചെയ്യുമെന്ന'്. ഈ കാലം നരേന്ദ്രമോദിയെ ഓര്‍മ്മിപ്പിക്കുന്നതും ഇതാണ്. അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടത് മതം നോക്കിയല്ല മനുഷ്യത്വം നോക്കിയാണ്. വിവേകശാലികളായ ഭരണാധികാരികള്‍ ചെയ്യുന്നത് അതാണ്. ഈ നിയമം ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തും. ഇന്ത്യയെ ഒറ്റപ്പെടുത്തും. സൗദിയിലെ രാജാവ് ലോകരാഷ്്ട്രങ്ങളുടെ യോഗം വിളിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി തേടി പോകുന്നത് മധ്യേഷന്‍ രാജ്യങ്ങളിലാണ്.

മുപ്പതോളം മനുഷ്യര്‍ ഇതുവരെ രക്തസാക്ഷിത്വം വരിച്ച ഐതിഹാസികമായ ഈ സമരം നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ളതാണ്. മുസ്ലിങ്ങളെ തുടച്ചു നീക്കുന്നതിലേക്കാണ് ഈ നിയമം ഇപ്പോള്‍ വെളിപ്പെട്ടിട്ടുള്ളതെങ്കിലും അവരുടെ മാത്രം പ്രശ്‌നമല്ല. ഇതൊരു തുടക്കമാണ്. നാളെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദളിതുകള്‍ക്കെതിരെയും വിയോജിക്കുന്നവര്‍ക്കെതിരെയുമെല്ലാം വരുന്ന ഭരണകൂടനീക്കത്തിന്റെ തുടക്കമാണ്. ഇത് മുസ്ലിം പ്രശ്‌നമല്ല, മുസ്ലിം പ്രശ്‌നം മാത്രമല്ല ഇത് ഇന്ത്യയുടെ പ്രശ്‌നമാണ്. മതനിരപേക്ഷതയുടെ പ്രശ്‌നമായി ഇതിനെ കാണണം. സംഘപരിവാറിന്റെത് പോലെ തന്നെ മറ്റൊരു കളറിലുള്ള രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടത്തുന്ന വിഭാഗമുണ്ട്. അവരുടെ കൈയ്യിലേക്കല്ല ഈ സമരം പോകേണ്ടത്. മതനിരപേക്ഷമായി നടത്തേണ്ട സമരമാണ.് മതരാഷ്ട്ര വാദത്തെയാണ് എതിര്‍ക്കുന്നത്. ആര്‍എസ്എസ് മതരാഷ്ട്ര വാദം ഉയര്‍ത്തിയാലും ജമായത്ത്ഇസ്ലാമി മതരാഷ്്ട്രവാദം ഉയര്‍ത്തിയാലും രണ്ടിനെയും എതിര്‍ത്ത് മനുഷ്യന്റെ റിപ്പബ്ലിക്കാണ് ഉണ്ടാകേണ്ടതെന്ന് പറയാനുള്ള കരുത്ത് നമുക്ക് ഉണ്ടാകണം. ഹിന്ദുവായ മൗദൂദിയാണ് ഗോള്‍വാള്‍ക്കര്‍, മുസ്ലിം ആയ ഗോള്‍വാള്‍ക്കറാണ് മൗദൂദി.ഇത് രണ്ടും മനുഷ്യത്വത്തിനും മത നിരപേക്ഷതക്കും ജനാധിപത്യത്തിനെതിരാണ്. എല്ലാ മതനിരപേക്ഷ മനുഷ്യരും കൈകോര്‍ത്ത് പിടിച്ച് മനുഷ്യത്വത്തിന്റെ ആശയം ഊന്നി ഈ പ്രതിലോമ നിയമത്തെ പ്രതിരോധിക്കേണ്ടതുണ്ട്. നാം സമരം ചെയ്യുന്നത് ഈ രാജ്യത്തെ കൊല്ലുന്ന ശക്തികള്‍ക്കെതിരെയാണ്. രാജ്യവിരുദ്ധരായ കേന്ദ്ര ഗവണ്‍മെന്റിനെതിരെയാണ്. അതിന്റെ പതാക ദേശീയ പതാകയാണ്. നമുക്ക് ഒരുമിച്ച് നില്‍ക്കാന്‍ കഴിയണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in