റിപ്പബ്ലിക് ഇനി അര്‍ണാബിന്റെ നിയന്ത്രണത്തില്‍, ഏഷ്യാനെറ്റ് ന്യൂസ് മീഡിയ പിന്തുണ തുടരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ 
www.exchange4media.com

റിപ്പബ്ലിക് ഇനി അര്‍ണാബിന്റെ നിയന്ത്രണത്തില്‍, ഏഷ്യാനെറ്റ് ന്യൂസ് മീഡിയ പിന്തുണ തുടരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ 

തീവ്രവലതുപക്ഷ നിലപാടുകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട റിപ്പബ്ലിക് ചാനലിന്റെ ഭൂരിഭാഗം ഓഹരികള്‍ അര്‍ണോബ് ഗോസ്വാമി സ്വന്തമാക്കി. ബിജെപി നേതാവും എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് പ്രധാന ഓഹരികള്‍ സ്വന്തമാക്കിയാണ് ചാനലിന്റെ നിയന്ത്രണം അര്‍ണോബിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് മീഡിയാ നെറ്റ് വര്‍ക്ക് ഏറ്റെടുത്തത്. റിപ്പബ്ലിക് ടിവിയുടെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് റിപ്പബ്ലിക് മീഡിയാ നെറ്റ് വര്‍ക്ക് എന്ന കമ്പനിയുടെ നിയന്ത്രണത്തിലേക്ക് ചാനലിനെ മാറ്റിയത്.

രണ്ട് വര്‍ഷം കൊണ്ട് റിപ്പബ്ലിക് ടിവിയുടെ മൂല്യം 1200 കോടിയായി ഉയര്‍ന്നതായി ഏഷ്യാനെറ്റ് ന്യൂസിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ റിപ്പബ്ലിക് ടിവിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമാണ് അര്‍ണോബ് ഗോസ്വാമി. ഏഷ്യാനെറ്റ് ന്യൂസ് മീഡിയയില്‍ നിന്ന് പ്രധാന ഓഹരികള്‍ റിപ്പബ്ലിക് മീഡിയാ നെറ്റ് വര്‍ക്ക് വാങ്ങിയതായി രാജീവ് ചന്ദ്രശേറും സ്ഥിരികകരിച്ചു. ഓഹരി കൈമാറ്റം എത്ര തുകയ്ക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റിന് നിര്‍ണായക ഓഹരികള്‍ റിപ്പബ്ലികില്‍ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ഓഹരികള്‍ പൂര്‍ണമായും നല്‍കിയിട്ടില്ലെന്നും കുറച്ച് ഓഹരികള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക് മീഡിയാ നെറ്റ് വര്‍ക്ക് എന്ന പുതിയ പേരിലാകും കമ്പനി ഇനി പ്രവര്‍ത്തിക്കുക. നിലവില്‍ അര്‍ണോബ് ഗോസ്വാമിയുടെ എ ആര്‍ ജി ഔട്ടലര്‍ മീഡിയാ പ്രൈവറ്റ് ലിമിറ്റഡും ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നുള്ള എ ആര്‍ ജി ഔട്ടലര്‍ ഏഷ്യാനെറ്റ് ന്യൂസ് ലിമിറ്റഡ് ആയിരുന്നു കമ്പനിയുടെ നടത്തിപ്പുകാര്‍. റിപ്പബ്ലിക് ഭാരത് എന്ന ഹിന്ദി ചാനലും ഈ കമ്പനിയുടെ കീഴിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മീഡിയയുമായുള്ള പങ്കാളിത്തം മികച്ചതായിരുന്നു. ഏഷ്യാനെറ്റില്‍ ദീര്‍ഘകാല പ്രവര്‍ത്തന പരിചയവും ട്രാക്ക് റെക്കോര്‍ഡും റിപ്പബ്ലിക്കിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് സഹായകമായി

അര്‍ണോബ് ഗോസ്വാമി 

മികച്ച മാധ്യമസ്ഥാപനം കെട്ടിപ്പടുക്കുന്നതില്‍ റിപ്പബ്ലിക്കിനൊപ്പവും അര്‍ണബിനൊപ്പവും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. അര്‍ണോബിനും റിപ്പബ്ലിക്കിനുമുള്ള പിന്തുണ തുടരുമെന്നും രാജീവ് ചന്ദ്രശേഖര്‍.

Asianet Newsable

ഏഷ്യാനെറ്റ് ന്യൂസ് മീഡിയയുമായുള്ള പങ്കാളിത്തം മികച്ചതായിരുന്നു. ഏഷ്യാനെറ്റില്‍ ദീര്‍ഘകാല പ്രവര്‍ത്തന പരിചയവും ട്രാക്ക് റെക്കോര്‍ഡും റിപ്പബ്ലിക്കിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് സഹായകമായെന്ന് അര്‍ണോബ് ഗോസ്വാമി.

രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ എന്റര്‍ടെയിന്‍മെന്റ് വെഞ്ച്വേഴ്‌സിന്റെ ഉടമസ്ഥതയിലാണ് മലയാളത്തിലെ ഏഷ്യാനെറ്റ് ന്യൂസ്. റിപ്പബ്ലിക് ടിവിയുടെ ചെയര്‍മാനായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ബിജെപി അംഗമായതിന് പിന്നാലെയായിരുന്നു ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in