ആര്‍പ്പോയ്, ഓഡിയോ ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രവര്‍ത്തനമാരംഭിച്ചു

ആര്‍പ്പോയ്, ഓഡിയോ ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രവര്‍ത്തനമാരംഭിച്ചു
aarpoy audio app from collective phase oneWS3

മലയാളത്തിലുള്ള ഓഡിയോ ആവിഷ്‌കാരങ്ങള്‍ക്കു മാത്രമായുള്ള ഓഡിയോ ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം 'ആര്‍പ്പോയ്' പ്രവര്‍ത്തനം തുടങ്ങി. എഴുത്തുകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ ആണ് ആര്‍പ്പോയ് പ്രകാശനം ചെയ്തത്. മൊബൈല്‍ ഫോണിലോ ടാബ്ലെറ്റിലോ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ആപ്ലിക്കേഷന്‍ ആണ് ആര്‍പ്പോയ്. തത്സമയ പ്രക്ഷേപണമുള്ള റേഡിയോ പരിപാടികള്‍ക്ക് പകരം എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും മറ്റുള്ളവരുമായി പങ്കു വെക്കാനും കഴിയുന്നവയാണ് ആര്‍പ്പോയിലുള്ള പരിപാടികള്‍. മലയാളത്തില്‍ ആദ്യമായി 360° ഡിഗ്രിയില്‍ 3D ശബ്ദ മികവോടെയുള്ള പരിപാടികളും ആര്‍പ്പോയില്‍ ഉണ്ടായിരിക്കുമെന്ന് അണിയറക്കാര്‍.

വിനോദം, വിജ്ഞാനം, സംഗീതം, സാഹിത്യം, നാടകാവിഷ്‌ക്കാരങ്ങള്‍, കല്പിതകഥകള്‍, അനുഭവങ്ങള്‍, കുറ്റാന്വേഷണം, ക്ലാസ്സുകള്‍, ശാസ്ത്രം തുടങ്ങിയ വിവിധ തരം പരിപാടികളാണ് ആര്‍പ്പോയിയില്‍ ഉണ്ടാവുക. ആഴ്ചതോറും പുതിയ പരിപാടികള്‍ ലഭ്യമാകും.

അന്നയും റസൂലും, കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഈട, കിസ്മത്, തുറമുഖം തുടങ്ങിയ ചലച്ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണ്‍ ആണ് ആര്‍പ്പോയിയുടെ പിന്നില്‍.

പതിറ്റാണ്ടുകളോളം ഗള്‍ഫില്‍ മലയാളികള്‍ നേരിടേണ്ടി വരുന്ന പലതരം പ്രശ്‌നങ്ങളില്‍ ഇടപെട്ടു സഹായിച്ചിരുന്ന അമാനുള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ നാടകാവിഷ്‌കരണമാണ് ആര്‍പ്പോയിയുടെ ആദ്യ സീസണിലെ ശ്രദ്ധേയമായ ഒരു പരിപാടി. നടനും സംവിധായകനുമായ ശ്രീനിവാസന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരിപാടിയില്‍ ചലച്ചിത്ര നടന്‍ ഇര്‍ഷാദും ശബ്ദം നല്‍കുന്നുണ്ട്. കൂടാതെ ഇടുക്കിയിലെ വനാന്തരങ്ങളില്‍ നിന്നു പകര്‍ത്തിയ 360 ഡിഗ്രി പ്രകൃതിശബ്ദങ്ങളും മട്ടാഞ്ചേരിയിലെ അധോലോകനായകനായ ചെണ്ടുവിന്റെ അഭിമുഖവും ഒക്കെ ആര്‍പ്പോയില്‍ ഒരുക്കുന്ന വിഭവങ്ങളാണ്.

The Cue
www.thecue.in