‘ഒറിജിനലാവേ നാന്‍ വില്ലന്‍’, സ്റ്റൈലിഷ് ആക്ഷനുമായി രജനിയുടെ ദര്‍ബാര്‍

‘ഒറിജിനലാവേ നാന്‍ വില്ലന്‍’, സ്റ്റൈലിഷ് ആക്ഷനുമായി രജനിയുടെ ദര്‍ബാര്‍

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ എത്തുന്ന രജിനികാന്ത് ചിത്രം ദര്‍ബാര്‍ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളുടെയും മാസ് ഡയലോഗുകളുടെയും കോമ്പിനേഷന്‍ ആണെന്ന് സൂചന നല്‍കി ട്രെയിലര്‍ എത്തി. 25 വര്‍ഷത്തിന് ശേഷം രജിനികാന്ത് പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുമ്പോള്‍ വില്ലനെ വെല്ലുന്ന നെഗറ്റീവ് ഷേഡുള്ള പൊലീസ് ഓഫീസറാണ് കഥാപാത്രമെന്ന് ട്രെയിലറിലൂടെ മനസിലാകും. സന്തോഷ് ശിവനാണ് ക്യാമറ. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. സിനിമ കേരളത്തിലെത്തിക്കുന്നത് മുന്‍നിര ബാനറായ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും എസ് ക്യൂബ് ഫിലിംസും ചേര്‍ന്നാണ്. വാണിജ്യവിജയവും നിരൂപക പ്രശംസയും നേടിയ ഉയരേ എന്ന സിനിമയ്ക്ക് ശേഷം എസ് ക്യൂബില്‍ നിന്നെത്തുന്ന സിനിമ കൂടിയാണ് ദര്‍ബാര്‍.

ആദിത്യ അരുണാചലം എന്ന ഐപിഎസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ രജിനിയെത്തുന്നത്. യംഗര്‍, സ്മാര്‍ട്ടര്‍, വൈസര്‍, ടഫര്‍, ദര്‍ബാര്‍ എന്ന തന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് രജിനികാന്തിനെ സംവിധായകന്‍ ഏ ആര്‍ മുരുഗദോസ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. മസില്‍ പെരുപ്പിച്ച് ശാരീരികമായി തയ്യാറെടുക്കുന്ന രജിനിയുടെ ലുക്കാണ് പുറത്തുവിട്ടിരുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ നായിക. ചന്ദ്രമുഖി, കുസേലന്‍, ശിവാജി എന്നീ സിനിമകള്‍ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന രജിനി ചിത്രവുമാണ് ദര്‍ബാര്‍. സുനില്‍ ഷെട്ടി, നവാബ് ഷാ, നിവേദാ തോമസ് യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കാര്‍ത്തിക് സുബ്ബരാജ് രജിനി ചിത്രമായ പേട്ടയ്ക്ക് ശേഷം അനിരുദ്ധ് സംഗീതമൊരുക്കുന്ന സിനിമയുമാണ് ദര്‍ബാര്‍. 2020 പൊങ്കല്‍ റിലീസാണ് സിനിമ.

മുംബൈ പൊലീസ് കമ്മീഷണറാണ് രജിനികാന്ത് അവതരിപ്പിക്കുന്ന ആദിത്യ അരുണാചലം. ഗാംഗ്സ്റ്റര്‍ ഗ്രൂപ്പിനെ നയിക്കുന്നത് സുനില്‍ ഷെട്ടിയുടെ കഥാപാത്രം, അല്ലിരാജാ സുഭാസ്‌കരനാണ് നിര്‍മ്മാതാവ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് എസ് ക്യൂബ് ഫിലിംസിന്റെ അണിയറക്കാര്‍.

1992ല്‍ എസ് പി മുത്തുരാമന്‍ സംവിധാനം ചെയ്ത പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജിനികാന്ത് ഒടുവില്‍ പൊലീസ് കഥാപാത്രമായത്. ദര്‍ബാറിന് ശേഷം ശിവയുടെ സംവിധാനത്തിലാണ് രജനികാന്തിന്റെ പുതിയ സിനിമ. ജനുവരി പത്തിന് ചിത്രം പ്രേക്ഷകരിലെത്തും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in