എന്‍ജികെ വിജയിച്ചാല്‍ സൂര്യ എ ഗ്രേഡില്‍? , അജിതിനും വിജയ്ക്കുമൊപ്പം ഒന്നാംനിരപ്പട്ടികയിലെത്തണമെങ്കില്‍ നിര്‍ണായകം 

എന്‍ജികെ വിജയിച്ചാല്‍ സൂര്യ എ ഗ്രേഡില്‍? , അജിതിനും വിജയ്ക്കുമൊപ്പം ഒന്നാംനിരപ്പട്ടികയിലെത്തണമെങ്കില്‍ നിര്‍ണായകം 

സെല്‍വരാഘവന്‍ സംവിധാനം ചെയ്ത എന്‍ജികെ തിയ്യേറ്ററുകളിലെത്തുമ്പോള്‍ വിജയത്തില്‍ കുറച്ചൊന്നും ചിത്രത്തിലെ നായകന്‍ സൂര്യയ്ക്ക് സങ്കല്‍പ്പിക്കാനാവില്ല. അവസാനം റിലീസ് ചെയ്ത സൂര്യ നായകനായ ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടതും തിയ്യേറ്റര്‍ ഉടമകള്‍ താരത്തെ രണ്ടാം നിരയിലേക്ക് തഴഞ്ഞതും ചിത്രം സൂര്യയുടെ കരിയറില്‍ നിര്‍ണായകമാക്കുന്നു.

കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷന്‍ വാണിജ്യമൂല്യം അനുസരിച്ച് സൂപ്പര്‍താരങ്ങളെ തരംതിരിച്ചപ്പോള്‍ സൂര്യയെ രണ്ടാം നിരയിലേക്ക് തഴഞ്ഞത്. രജിനികാന്ത്, അജിത്, വിജയ് എന്നിവര്‍ ഒന്നാം നിരയില്‍ ഇടം നേടിയപ്പോള്‍ ജയം രവി, ധനുഷ്, വിജയ് സേതുപതി,സിമ്പു, ശിവകാര്‍ത്തികേയന്‍, എന്നിവര്‍ക്കൊപ്പമാണ് സൂര്യ പട്ടികയിലിടം കണ്ടെത്തിയത്.

സൂര്യയുടെ അടുത്തിടെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ കാര്യമായ വിജയം നേടാതിരുന്നതാണ് സൂര്യയെ പിന്നോട്ടാക്കിയത്. 2017ല്‍ റിലീസായ സിങ്കം ത്രീ, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ താര്‍ന്നാ സേര്‍ന്ത കൂട്ടം എന്നീ ചിത്രങ്ങള്‍ക്ക് തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ എന്‍ജികെയുടെ വിജയം സൂര്യയ്ക്ക് നിര്‍ണായകമാണെന്ന് ട്രേഡ് അനലിസ്റ്റുമാര്‍ വിലയിരുത്തുന്നു. എന്‍ജികെ മികച്ച വിജയം നേടിയാല്‍ മാത്രമാണ് സൂര്യയ്ക്ക് പട്ടികയില്‍ ഒന്നാം നിരയിലേക്ക് സ്ഥാനകയറ്റം ലഭിക്കാന്‍ സാധ്യതയുളളത്.

തമിഴ്‌നാട്ടില്‍ മറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസിനില്ലാത്തതും, സെല്‍വരാഘവന്‍ എന്ന സംവിധായകന്റെ പേരും ചിത്രത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നന്ദ ഗോപാലാന്‍ കുമരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണെത്തുന്നത്.

എന്‍ജികെയ്ക്ക് ശേഷം കെവി ആനന്ദ് സംവിധാനം ചെയ്യുന്ന അയന്‍, സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂരരൈ പോട്ര് എന്നീ ചിത്രങ്ങളാണ് സൂര്യയുടേതായി അണിയറിയില്‍ ഒരുങ്ങുന്നത്. സൂര്യയുടെ കരിയറില്‍ മികച്ച വിജയം നല്‍കിയ അയന്‍ സംവിധാനം ചെയ്തതും കെവി ആനന്ദായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in