ആരായിരിക്കും അടൂരിൻ്റ സ്വയംവരത്തെ മുളയിലേ നുള്ളാൻ നോക്കിയത്?

ആരായിരിക്കും അടൂരിൻ്റ സ്വയംവരത്തെ മുളയിലേ നുള്ളാൻ നോക്കിയത്?

" റാഷമോൺ " പോലെ വേറിട്ട കൈവഴികളിലൂടെ ഒഴുകുന്ന മലയാളത്തിലെ ചലച്ചിത്രചിന്താധാരയിലെ ഒരു ഒറ്റയാനാണ് വി.കെ. ചെറിയാൻ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കേരളം വിട്ട് ലോകം കറങ്ങുന്ന ഒരു പ്രവാസിയായ ചെറിയാൻ്റെ " ചലച്ചിത്രവിചാരം " ചലച്ചിത്രചരിത്രത്തിൻ്റെയും പ്രസ്ഥാനങ്ങളുടെയും നാൾവഴികളിലൂടെയുള്ള ഒരു വേറിട്ടയാത്രയാണ് . കൂട്ടമറവിയിൽ പിൽക്കാലചരിത്രം ഓർക്കാതെ പോകുന്ന വിട്ടുപോയ കണ്ണികളെ കൂട്ടിയിണക്കുന്ന ഒന്ന്. പുതിയ ചലച്ചിത്ര വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതും കൂടുതൽ ആഴത്തിൽ കുഴിച്ചെടുക്കേണ്ടതുമായ നിരവധി ഖനികൾ ചെറിയാൻ തുറന്നിടുന്നുണ്ട്. അതീവ പ്രസക്തമാണ് ആ ഖനികളിൽ എന്തായിരുന്നു എന്നുള്ള അന്വേഷണം. ചലച്ചിത്രവിചാരം ആ അന്വേഷണത്തിൻ്റെ ആമുഖമാണ്.

മലയാളിയിലെ ലോകസിനിമാ സംസ്കാരത്തിലേക്ക് കൈപിടിച്ചുയർത്തിയ ചിത്രലേഖാ പ്രസ്ഥാനങ്ങളിലേക്കാണ് ചെറിയാൻ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ചിത്രലേഖാ പ്രസ്ഥാനത്തിൻ്റെ ഉയർച്ചയും താഴ്ചയും ഇന്ന് ഏതെങ്കിലും വ്യക്തികളുമായി മാത്രം കൂട്ടിക്കെട്ടേണ്ടതില്ല.ചെറിയാൻ പലപ്പോഴും സ്വന്തം പക്ഷപാതങ്ങൾ കൊണ്ട് അതിന് മുതിരുന്നുണ്ട്. അത് വിട്ടേക്കാം . പക്ഷപാതങ്ങൾ വ്യക്തികൾക്ക് ഉണ്ടാകും. എന്നാൽ അതിലും പ്രധാനം അത്തരമൊരു പ്രസ്ഥാനത്തിന് ഇവിടെ പിടിച്ചു നിൽക്കാനും വളരാനുമുള്ള സാഹചര്യം എന്തു കൊണ്ട് ഇല്ലാതെ പോയി എന്ന് പഠിക്കാനാണ്. അതിനുള്ള വഴിമരുന്ന് ചെറിയാൻ്റെ ചലച്ചിത്ര വിചാരത്തിൽ സുലഭമാണ് താനും.

നിരൂപണത്തെ ബാധിച്ച രോഗങ്ങളെ കൃത്യമായി തന്നെ ചെറിയാൻ തൻ്റെ മുഖവുരയിൽ അടയാളപ്പെടുത്തുന്നുണ്ട്. " വായനയുടെ കുറവ്, വ്യക്തിപ്രസ്ഥാന കേന്ദ്രിതമായ ഭക്തിയുടെ ആധിക്യം , അതിജീവനത്തിന് വേണ്ടിയുള്ള നാനാതരം വിധേയത്വങ്ങൾ - ഇവയൊക്കെ മൂലമാവാം ഒരിക്കൽ നല്ല സിനിമയുടെ പ്രയോക്താക്കളും എഴുത്തുകാരും ആയിരുന്നവർ സാന്ദർഭികമായ താല്പര്യങ്ങൾക്കും സ്വാധീനങ്ങൾക്കും കൂറുകൾക്കും വഴങ്ങി അചിരേണ ചരിത്ര വസ്തുതകളെ തങ്ങളുടെ മനോധർമ്മമനുസരിച്ച് വളച്ചൊടിക്കുകയും ഭാവനാത്മകമായി പുനർനിർമ്മിക്കുകയും ചെയ്യുന്ന ചില പ്രണവണതകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. " - വാസ്തവമാണ്. മലയാളത്തിലെ ചരിത്ര നിരൂപണത്തിൻ്റെ ചരിത്രത്തിൽ ചെറിയാൻ അടയാളപ്പെടുത്തുന്ന അനാശാസ്യ പ്രവണതകൾ നിസ്സംശയം കണ്ടുവരുന്നുണ്ട് . ചരിത്രത്തെ അത് " റാഷമോൺ " പോലെയാക്കുന്നു . അബോധത്തിൻ്റെ കാണാക്കത്തികൾ ചരിത്രത്തിൽ പണിയെടുക്കുന്നതിന് ചരിത്രം വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. എന്നും. എവിടെയും.

1965 ലാണ് ചിത്രലേഖ ഫിലീം സൊസൈറ്റി ഉണ്ടാകുന്നത്. അത് ചിത്രലേഖാ ഫിലീം കോ-ഓപ്പറേറ്റീവിലേക്ക് നയിച്ചു. കുളത്തൂർ ഭാസ്കരൻ നായർ മുന്നോട്ട് വച്ച ആശയം. പൂനാ ഫിലീം ഇൻസ്റ്റിറ്റൂട്ട് പ0നാന്തരം അടൂർ തിരിച്ചെത്തിയതോടെ അതിന് നേതൃത്വപരമായ ഒരു ദിശാബോധമുണ്ടാകുന്നു. " സ്വയംവരം " ആ പ്രസ്ഥാനത്തിൻ്റെ ഏഴ് വർഷത്തെ അധ്വാനത്തിൻ്റെ ഫലമാണ്. അത് ചരിത്രമാണ്. ആ ചരിത്രം വിശദമായി പഠിക്കപ്പെടേണ്ടത് തന്നെയാണ്. അതിൻ്റെ പതനത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്.

ആരായിരിക്കും അടൂരിൻ്റ സ്വയംവരത്തെ മുളയിലേ നുള്ളാൻ നോക്കിയത്? സമാന്തര സിനിമയുടെ പ്രചാരകനും സംരക്ഷകമായി ഫിലീം സൊസൈറ്റിക്കാർ എന്നും കണ്ടിരുന്ന പൂന ഫിലീം ആർക്കെവ് സ്ഥാപകനായ പി.കെ. നായർ ആയിരുന്നു കേരള അവാർഡ് ജൂറിയുടെ ചെയർമാൻ . കെ.എസ്. സേതുമാധവൻ്റെ " പണി തീരാത്ത വീട് " ആണ് പി.കെ.നായരുടെ ജൂറി മികച്ച സിനിമയായി കണ്ടത്. ഈ അട്ടിമറിയുടെ ഉത്തരവാദിത്വം വി.കെ. ചെറിയാൻ തന്ത്രപരമായി അന്നത്തെ കേരള സർക്കാറിൻ്റെ പി.ആർ.ഡി.യിലെ ഉദ്യോഗസ്ഥ പ്രഭുക്കൾക്കാണ് ചാർത്തിക്കൊടുക്കുന്നത് .

സ്വയംവരം കേരള സർക്കാറിൻ്റെ ചലച്ചിത്ര പുരസ്കാരം തഴഞ്ഞ സിനിമയാണ്. അവർ സ്വയംവരത്തെ ദില്ലിയിലേക്ക് ദേശീയ അവാർഡിന് അയച്ചിട്ടുമില്ല എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ചിത്രലേഖക്കാർ നേരിട്ട് അന്നത്തെ വാർത്താ വിനിമയ മന്ത്രി ഐ.കെ. ഗുജ്റാളിന് നേരിട്ട് പരാതിപ്പെട്ട് കമ്പി അടിക്കുകയാണ് ചെയ്തത്. അതാണ് പിന്നീട് ദേശീയ പുരസ്കാര ലബ്ധിയിലൂടെ പുതിയ ചരിത്ര നിർമ്മിതിയായി മാറിയത്. ആരായിരിക്കും അടൂരിൻ്റ സ്വയംവരത്തെ മുളയിലേ നുള്ളാൻ നോക്കിയത്? സമാന്തര സിനിമയുടെ പ്രചാരകനും സംരക്ഷകമായി ഫിലീം സൊസൈറ്റിക്കാർ എന്നും കണ്ടിരുന്ന പൂന ഫിലീം ആർക്കെവ് സ്ഥാപകനായ പി.കെ. നായർ ആയിരുന്നു കേരള അവാർഡ് ജൂറിയുടെ ചെയർമാൻ . കെ.എസ്. സേതുമാധവൻ്റെ " പണി തീരാത്ത വീട് " ആണ് പി.കെ.നായരുടെ ജൂറി മികച്ച സിനിമയായി കണ്ടത്. ഈ അട്ടിമറിയുടെ ഉത്തരവാദിത്വം വി.കെ. ചെറിയാൻ തന്ത്രപരമായി അന്നത്തെ കേരള സർക്കാറിൻ്റെ പി.ആർ.ഡി.യിലെ ഉദ്യോഗസ്ഥ പ്രഭുക്കൾക്കാണ് ചാർത്തിക്കൊടുക്കുന്നത് . പൂന ഫിലീം ഇൻസ്റ്റിറ്റ്യൂട്ടുകാർക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ല എന്നത് കൊണ്ട് പണി തീരാത്ത വീടിന് അവാർഡ് കൊടുക്കപ്പെട്ടു എന്ന്. അവിശ്വസനീയമാണ് ഈ നിഗമനം. പി.ആർ.ഡി.യിലെ ഉദ്യോഗസ്ഥ പ്രഭുക്കൾ അവാർഡുകൾ സ്വന്തക്കാർക്ക് നേടിക്കൊടുക്കാൻ വേണ്ടി ഇടപെടുന്ന കഥകൾ പണ്ടും കേട്ടിട്ടുണ്ട് . എന്നാൽ സ്വയംവരം കണ്ടിട്ട് പൂന ആർക്കേവിൽ നിന്നും വന്ന പി.കെ.നായരുടെ ജൂറി അവാർഡ് കൊടുക്കാതെ തട്ടി നീക്കിയെങ്കിൽ അതിൻ്റെ ഉത്തരവാദിത്വം പി.ആർ.ഡി.യിലെ ഉദ്യോഗസ്ഥ പ്രഭുക്കൾക്ക് മേൽ ചാർത്തിക്കൊടുക്കാനാകില്ല . ഇവിടെയാണ് പുരസ്കാര നിർണ്ണയത്തിലെ അബോധത്തിൻ്റെ കാണാക്കത്തികൾ നിർണ്ണായകമാകുന്നത്. അത് സവിശേഷ പOനം അർഹിക്കുന്നു. പുരസ്കാരങ്ങളുടെ ചരിത്രം ഒരു വിചാരണ അർഹിക്കുന്നു. അത് തട്ടി നീക്കാനും എന്നും എവിടെയും നീചതന്ത്രങ്ങൾ മാത്രമല്ല അബോധപ്രേരണകളും വൈരങ്ങളും എല്ലാം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഓരോ വർഷവും ജൂറി ആയി നിയമിക്കപ്പെടുന്നത് ആരെ , എങ്ങിനെ , എന്തുകൊണ്ട് , അവരുടെ നിലപാടുകൾ ഒക്കെ പഠിക്കപ്പെടേണ്ടതുണ്ട്. പുരസ്കാര പ്രഖ്യാപനത്തോടനുബന്ധിച്ച് കിട്ടാത്തവർ ഉന്നയിക്കുന്ന വിവാദങ്ങൾക്കപ്പുറത്തേക്ക് ഇത് പരിഗണിക്കപ്പെടേണ്ടതുണ്ട്. എങ്കിലേ പുരസ്കാരങ്ങൾ ഒരിക്കലും കിട്ടാതെ ചരിത്രത്തിൽ നിന്നും പുറത്തായ സിനിമകൾക്ക് നീതി കിട്ടൂ. പുരസ്കാരങ്ങൾക്ക് മേൽ കെട്ടി ഉയർത്തപ്പെടുന്ന അനർഹമായ അഹങ്കാരങ്ങൾ അർഹമായ ബഹുമതികളോടെ കുഴിച്ചുമൂടപ്പെടുകയും ചെയ്യേണ്ടതുണ്ട്.

ഇന്ത്യൻ സിനിമയുടെ വളർച്ചയിൽ മറക്കാൻ പാടില്ലാത്ത പ്രതിഭകളായ മേരി സെയ്റ്റൻ , ഴാൻ ഭവ്നാഗരി , വിജയ മൂലെ , സതീഷ് ബഹാദൂർ എന്നിവരെ കൃത്യമായി രേഖപ്പെടുന്നു " ചലച്ചിത്രവിചാരം " . അധികമൊന്നും ആരും അന്വേഷിച്ച് ചെന്നിട്ടില്ലാത്ത ഒരു ചരിത്രമായി അടൂർ ഗോപാലാകൃഷ്ണൻ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.

ചിത്രലേഖാ ഫിലീം സൊസൈറ്റി യിലൂടെയാണ് ചെറിയാൻ വളർന്നുവന്നത്. 1980 മുതൽ തന്നെ സിനിമാ വായനയിലേക്കും എഴുത്തിലേക്കും പ്രവേശിച്ചു. ചെറിയാൻ്റ " India's film society movement - The journey and it's impact , Sage 2017 ) ഇന്ത്യൻ ഫിലീം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ച് പുറത്തിറങ്ങിയ ഏറ്റവും ആധികാരിക ഗ്രന്ഥങളിൽ ഒന്നാണ്. അതിലെ പ്രധാന വിവരങ്ങൾ മലയാളത്തിനായി ചുരുക്കി പങ്കു വയ്ക്കുന്നുണ്ട് " ചലച്ചിത്ര വിചാരം" . ദില്ലി ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനിലും ബെർലിനിലെ ഇൻ്റർനാഷണൽ ജേർണ്ണലിസം ഇൻസ്റ്റിറ്റൂട്ടിലും പരിശീലവും സിനിമയുടെ ആഗോള ചലനങ്ങൾ നിരീക്ഷിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയിട്ടുണ്ട്. അതിവിപുലമായി നടത്തിയ ലോക സഞ്ചാരങ്ങൾ ലോകസിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ഗഹനമാക്കിയിട്ടുമുണ്ട്. എന്നാൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്ള ആരാധന കൊണ്ടു കൂടിയാവാം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇന്ദിരാഗാന്ധിയെ പ്രതിഷ്ഠിക്കാനുള്ള അമിത വ്യഗ്രത അദ്ദേഹം ഗ്രന്ഥത്തിൽ ഉടനീളം പ്രദർശിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യൻ സിനിമയെ മാത്രമല്ല ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യത്തെ തന്നെ കുഴിച്ചുമൂടിയ ഇന്ദിരാഗാന്ധിയെ സൗകര്യപൂർവ്വം കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുന്നു. അധികാരത്തിനൊപ്പം നിന്ന് ചരിത്രത്തെ മെനയാൻ നോക്കുമ്പോഴുള്ള ഒരു പരിമിതിയാണിത് . ഒരു പക്ഷേ ദില്ലി ജീവിതമാവാം ചെറിയാൻ്റെ കാഴ്ചപ്പാടിൽ ഈ അപഭ്രംശം വിതച്ചത്. എന്നാലും അദ്ദേഹം വേരുകൾ മറക്കുന്നില്ല . ഇന്ദിരാഗാന്ധിക്കല്ല പുസ്തകം സമർപ്പിച്ചത്. അത് ജോൺ എബ്രഹാമിനും ചെലവൂർ വേണുവിനും എം.എഫ്.തോമസിനുമാണ്.ഫിലീം സൊസൈറ്റി പ്രസ്ഥാനത്തെ ഇവിടെ നിലനിർത്തിയ വഴികാട്ടികളായ മുന്ന് നക്ഷത്രങ്ങളാണവർ. ആ അർത്ഥത്തിൽ ഈ കടപ്പാട് രേഖപ്പെടുത്തൽ അർത്ഥപൂർണ്ണമാണ്. സാർത്ഥകമാണ് .

വിജയകൃഷ്ണനാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. കേരളത്തിൽ ഫിലീം സൊസൈറ്റി പ്രസ്ഥാനം വികാസമാർജ്ജിച്ച എഴുപതുകളുടെ അന്ത്യത്തിൽ അതോടൊപ്പം നടന്ന കർമ്മവ്യഗ്രരായ ചെറുപ്പക്കാരിൽ ചെറിയാനുമുണ്ടായിരുന്നു എന്ന് വിജയകൃഷ്ണൻ ഓർത്തെടുക്കുന്നുണ്ട് . സ്നേഹപൂർണ്ണമായ ഇത്തരം ഓർമ്മകളുടെ അഭാവം കൊണ്ട് കൂടിയാണ് ചരിത്രം ഏതാനും വ്യക്തികളിലേക്ക് ചുരുക്കിക്കെട്ടപ്പെടുന്നത്. ഏത് പ്രസ്ഥാനവും ഒട്ടേറെപ്പേരുടെ സ്വപ്നത്തിൻ്റെ മണ്ണിലാണ് കിളിർക്കുന്നത് . എന്നാൽ പിൽക്കാലത്ത് അത് ഏതാനും വ്യക്തികളിലേക്ക് മാത്രമായി ചുരുക്കി എഴുതപ്പെടുന്നത് കാണാം. ചിത്രലേഖക്കും ഒഡേസ്സക്കും ഒക്കെ ഇത് ബാധകമാണ് . ചിത്രലേഖ എന്ന് പറയുമ്പോൾ അടൂർ ഗോപാലകൃഷ്ണൻ മാത്രമായി . കുളത്തൂർ ഭാസ്കരൻ നായർ പോലും ബാഷ്പീകരിക്കപ്പെട്ടു . ഒഡേസ്സ എന്ന് പറയുമ്പോൾ ജോൺ എബ്രഹാം മാത്രമാണ് . താജ്മഹാൾ നിർമ്മിച്ചത് ഷാജഹാനാണെന്ന് പറയുന്നത് പോലെ അസംബന്ധമാണത്. ഒറ്റ നായകൻ ഒരശ്ലീലമാണ് , ചരിത്രത്തെ അങ്ങിനെ ഒറ്റ നായകരിലേക്ക് ചുരുക്കുന്ന അധികാരദർശനം നിരാകരിച്ച് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. അതാണ് ജനാധിപത്യത്തിൻ്റെ സർഗ്ഗാത്മകമായ വഴി. അക്കാര്യത്തിൽ ചെറിയാൻ്റെ പുസ്തകം ഒരു പടി മുന്നോട്ട് കൊണ്ടു പോകുന്നു. അവിടുന്ന് ഈ ഊർജ്ജം ഇനിയും മുന്നോട്ട് കൊണ്ട് പോവുക എന്നതാണ് വരും കാലം ഏറ്റെടുക്കേണ്ട ദൗത്യം. അബോധത്തിൻ്റെ കാണാക്കത്തികൾ ചരിത്രത്തെ ചുരുക്കിക്കെട്ടുന്നതിനെ അതിജീവിക്കുക എന്നത് തന്നെയാണ് കാര്യം.

അടൂർ , അരവിന്ദൻ , ജോൺ - ഇതാണ് ചെറിയാൻ്റെ അടിസ്ഥാന ലോകം. അതൊരു പഴയ അധികാരശ്രണിയാണ്. അതൊരു ശ്രേണി മാത്രം. എന്നാൽ മലയാള സിനിമക്ക് അത്തരം വ്യത്യസ്തമായ പല ധാരകളുണ്ട് എന്നും അവയെല്ലാം ചേർന്നതാണ് മലയാള സിനിമ എന്ന ബഹുസ്വരധാര എന്നതും ഓരോ ധാരയിൽ മാത്രം വിശ്വസിക്കുന്നവർ അംഗീകരിച്ചു തരില്ല. ചെറിയാനും . ഓരോ ധാരയിൽ വിശ്വസിക്കുന്നവരും കുരുടന്മാർ ആനയെ കണ്ടത് പോലുള്ള ഒരു ആനവായന ചരിത്രത്തിൽ എന്നും നടത്തിപ്പോന്നിട്ടുണ്ട്. റാഷമോൺ പോലെ !

വീസീ ബുക്സ് ആണ് ചലച്ചിത്ര വിചാരത്തിൻ്റെ പ്രസാധകർ. ഡീസി ബുക്സ് അല്ല , പേരിലെ സാദൃശ്യം കൊണ്ടാണിത് എടുത്ത് പറയുന്നത്. 200 പേജുള്ള പുസ്തകത്തിൻ്റെ വില 299 രൂപ. മനോഹരമായാണ് പുസ്തകം ഒരുക്കിയത്. ചരിത്രപരമായ ചിത്രങ്ങൾ ധാരാളം ഉപയോഗിച്ചത് അതീവ ശ്രദ്ധയോടെയാണ്. കൂടാതെ നല്ലൊരു ഗ്രന്ഥസൂചികയും ഫോട്ടോ ലിസ്റ്റും പദസൂചിയും അനുബന്ധമായുണ്ട്. ലേഖനങ്ങൾ തുന്നിക്കുട്ടുകയല്ല ചെയ്തത്. മൃണാൾ സെൻ, ശ്യാം ബെനഗൽ , അപർണാ സെൻ, സമിക് ബന്ദോപാദ്ധ്യായ എന്നിവരുമായി ലേഖകൻ നടത്തിയ അഭിമുഖങ്ങൾ പുസ്തകത്തിൻ്റെ മികവിന് മാറ്റുകൂട്ടുന്നവയാണ്. ചലച്ചിത്ര പഠിതാക്കൾക്ക് എന്തുകൊണ്ടും മികച്ച ഒരു വഴികാട്ടിയാണ് പുസ്തകം. മറവി ബാധിക്കാത്ത ഒന്ന്.

Related Stories

No stories found.
logo
The Cue
www.thecue.in