ജയമോഹന്റെ (രാമന്റെയും) മായപ്പൊന്ന്: ഭാഷയെ അനുഭവമാക്കുന്ന രാസായന വിദ്യ

ജയമോഹന്റെ (രാമന്റെയും) മായപ്പൊന്ന്: ഭാഷയെ അനുഭവമാക്കുന്ന രാസായന വിദ്യ
Summary

ജയമോഹന്റെ 'മായപ്പൊന്ന്' എന്ന കഥാസമാഹാരത്തിലെ പത്തു കഥകൾ. ജോണി.എം.എല്‍ എഴുതുന്നു

ഭാഷകൾ തമ്മിൽ കലരുന്ന പ്രദേശങ്ങളിൽ ഭാഷ സംഗീതവും അമൂർത്തചിത്രങ്ങളോളം എത്തുന്ന ആവിഷ്കാരങ്ങളുമാകുന്നു. മാനഭാഷയുടെ കൊത്തളങ്ങളിൽ നിന്ന് താഴേയ്ക്ക് നോക്കുമ്പോൾ മറ്റൊരു വിതാനത്തിലേയ്ക്ക് അകന്നകന്നു സ്വത്വം തേടി പോകുന്ന ഭാഷകൾ, കടൽക്കരയിലെ നനവ് തിരയ്‌ക്കൊപ്പം ഇറങ്ങിപ്പോകുന്നത് പോലെ തോന്നുന്നു. അത്തരം ഭാഷകളിൽ സ്വയം ആവിഷ്കരിക്കുന്ന മനുഷ്യരിൽ രണ്ടു ചരിത്രങ്ങളും രണ്ടു ഭാഷകളുടെ സംഗീതവും കലർന്ന് കിടക്കുന്നു. വൃത്തഭംഗം വന്നതെന്ന് തോന്നിയ്ക്കുന്ന കവിതാശീലുകളിൽ അർത്ഥം ഗുപ്തമായിരിക്കുന്നത് പോലെ ഈ ഭാഷയിൽ അനുഭവങ്ങൾ ഒളിഞ്ഞു കിടക്കുന്നു. അതിനെ പിടിച്ചു പുറത്തെടുക്കുന്നതാണ് ജയമോഹന്റെ 'മായപ്പൊന്ന്' എന്ന കഥാസമാഹാരത്തിലെ പത്തു കഥകൾ.

തെക്കൻ തിരുവിതാകൂർ പണ്ട് തമിഴകത്ത് അലിഞ്ഞു ചേർന്നിടത്ത് നിന്നുള്ള മനുഷ്യാനുഭവങ്ങളെയും ചരിത്രത്തെയും ഓർത്തെടുത്തെഴുതുകയാണ് ജയമോഹൻ. അവ അതിയാഥാർഥ്യസ്വഭാവം പേറുന്ന കഥകളായി നമ്മുടെ മുന്നിൽ വിതുർത്തിടപ്പെടുന്നു. കൊറോണക്കാലത്ത് അടച്ചിരുന്നപ്പോൾ ഓരോദിവസവും ഓരോ കഥകളെഴുതൂ എന്ന് സഹകഥാകാരന്മാരോട് ആവാശ്യപ്പെട്ട ശേഷം അതിനെ സ്വയം പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായി എഴുതിയ കഥകളിൽ നിന്ന് പത്തു കഥകളാണ് കവി പി രാമൻ സ്വയം തമിഴ് പഠിച്ചെടുത്ത് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. മിശ്രഭാഷയുടെ താളം ഒട്ടുമേ ചോരാതെ തമിഴ്-മലയാള അനുഭവങ്ങളെ അതിന്റെ ഭൂമിശാസ്ത്ര സവിശേഷതകൾ അതേപടി നിലനിർത്തി മൊഴിമാറ്റം ചെയ്യുന്നതിൽ പി രാമൻ വിജയിച്ചിരിക്കുന്നുവെന്നത് വായനയിലുടനീളം അറിയാനാകും. ജയമോഹൻ മലയാളത്തിലും എഴുതുന്നൊരാളാണ്. എന്നാൽ തമിഴെന്ന മുക്കാൽത്തായ്മൊഴിയിൽ എഴുതിയതിനെ സ്വയം മലയാളമാക്കാതെ മറ്റൊരാൾക്ക് വിട്ടുകൊടുക്കുന്നത് വഴി, സ്വയം മൊഴിമാറ്റം ചെയ്തിരുന്നെങ്കിൽ തെളിഞ്ഞുവരാൻ അമാന്തിച്ചു പോയ മലയാളഭാഷാനുഭവങ്ങളെ, പൂർണ്ണമാക്കാൻ അനുവദിക്കുകയാണ് ചെയ്തത്.

തർജ്ജമയ്ക്ക് ക്രമേണ അന്തസ്സുണ്ടായി വരുന്ന കാലമാണിത്. കർത്താവിനൊപ്പം വിവർത്തകന്റെയും പേര് കൃതിപ്പുറത്ത്പ്രത്യക്ഷമാകുന്ന രസായനവിദ്യ കാലം മുന്നോട്ടു വെച്ചതെത്ര ഭാഗ്യം. ആ രസായനവിദ്യ സൃഷ്ടിയുടെ പങ്കാളിത്തമാണ്. എന്നാൽ സൃഷ്ടിയുടെ അനന്യതയിൽ വിശ്വസിക്കുന്ന നേശയ്യൻ എന്ന വാറ്റുകാരൻ താൻ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന ആ അന്യത്രദുർലഭമായ രസത്തെ ഒരു രാത്രി നേടിയെടുക്കുമ്പോൾ അത് പങ്കു വെയ്ക്കാനാകാതെ സ്വയം ഭുജിച്ചു പെരുംപുലി മുൻപാകെ കീഴടങ്ങി സായൂജ്യമടയുന്നൊരു കഥയാണ് മായപ്പൊന്ന് എന്ന് പേരുള്ള കഥയിൽ ജയമോഹൻ പറയുന്നത്. പെരുംപുലി ആരാണ്; സർഗ്ഗശക്തിയുള്ളവനെ സംബന്ധിച്ചിടത്തോളം അത് കാലം തന്നെയാണ്. ഇരുളാ വിഴുങ് എന്ന് കാലത്തിനെ നോക്കി അലറിയവന്റെ അതെ ഭൂമികയിൽ നിന്ന് രാജാധികാരവും കുടുംബവും നാടുമില്ലാതൊരുവൻ കാലപ്പെരുംപുലിയ്ക്ക് കീഴടങ്ങുകയാണ്. എഴുത്തുകാരൻ കാലത്തിനു മുന്നിൽ മാത്രം അടിയറവെയ്ക്കുന്നതാണ്, വെയ്‌ക്കേണ്ടതാണ് തന്റെ രസായനവിദ്യയെന്നു ജയമോഹൻ പരോക്ഷമായി സൂചിപ്പിക്കുന്നു.

കല കൊണ്ട് കലികൊണ്ടവരുടെ സുവിശേഷമോ കലാപാഹ്വാനമോ ആയി ഈ കഥകളെ കാണാം. തന്നെ തച്ചൊതുക്കി അച്ചിൽ കയറ്റി വാർത്തെടുക്കാൻ പണിപ്പെടുന്ന സമൂഹത്തിനെ നോക്കി ഇപ്പോഴും പുച്ഛിയ്ക്കാൻ പോരുന്ന കഥാപാത്രങ്ങളെ ജയമോഹൻ സൃഷ്ടിക്കുന്നത് അത്ഭുതത്തോടെ മാത്രമേ കാണാൻ കഴിയൂ, പ്രത്യേകിച്ചും സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു സാഹിത്യകാരന്മാർ ദീപസ്തംഭം മഹാശ്ചര്യം എന്നോതിക്കൊണ്ടു മാനംകെട്ടു നടക്കുന്നൊരീ കാലത്തിൽ. ദേവൻ എന്ന ആദ്യകഥയിൽത്തന്നെ വെച്ചുറപ്പുള്ള തറവാട്ടിൽ മുടിപ്പുരയിൽ മാഞ്ഞുപോയ ദേവീചിത്രം തെളിച്ചു വരയ്ക്കാൻ വന്നെത്തുന്ന മാണിക്കം എന്ന ആശാരിപ്പയ്യനെ പിന്തുടരുന്ന ഇശക്കിയമ്മ എന്ന വയസ്സിത്തള്ളയെ വരച്ചിടുന്ന ഇക്കഥ ശിവ-ശക്തികളുടെ ജീവിത വൃത്താന്തം തന്നെ. ദേവിയെ വിളിച്ചു വരുത്താൻ ശേഷിയുള്ള ദേവനാണ് മാണിക്കം. ഇശക്കിയമ്മയുടെ പണ്ടെങ്ങോ മരിച്ചു പോയ മകളെ തിരിച്ചു കൊണ്ടുവരും എന്ന മാണിക്കത്തിന്റെ വാഗ്ദാനമാണ് കഥയുടെ കാതൽ. ഇശക്കിയമ്മ ശൈവസങ്കല്പത്തിലെ യക്ഷിയും ആശാരി മാടനും അല്ലെങ്കിൽ മറ്റെന്ത്?

കുരുവി എന്ന കഥ ശ്രദ്ധേയം. നന്നായി സോൾഡറിങ് നടത്താൻ അറിയാവുന്ന മാടൻ പിള്ള (മാടൻ പിന്നെ ശിവ സങ്കൽപ്പമല്ലാതെന്ത്? നടരാജ നടനം സൃഷ്ടി നൃത്തമാണത്രെ) സ്വയം ആർട്ടിസ്റ്റെന്നാണ് പറയുന്നത്. വാറ്റ് തന്റെ സൃഷ്ടിയായി കരുതുന്ന നേശയ്യനെ ഓർക്കുമല്ലോ. മാടൻ പിള്ള സസ്‌പെൻഷനിലാണ്‌. കാരണം കുടി, ഇൻസബോർഡിനേഷൻ എന്നാൽ മേലുദ്യോഗസ്ഥനെ അനുസരിക്കായ്ക. ഒടുവിൽ കേന്ദ്രമന്ത്രി വരുമ്പോൾ ഫൈബർ വയറുകൾ സോൾഡർ ചെയ്യാൻ സസ്‌പെൻഷനിൽ ഇരിക്കുന്ന മാടൻ പിള്ള തന്നെ വരണം. അയാളൊരു കുരുവിക്കൂട് കണ്ടെത്തുന്നു. ഫൈബർ വയറുകൾ കൊണ്ട് കുരുവി ചമച്ച കൂടിനെ സൃഷ്ടികർമ്മത്തിന്റെ ഉദാഹരണമായി പ്രതിഷ്ഠിച്ചു കൊണ്ട് താനൊരു കുരുവി മാത്രമാണെന്ന് മാടൻ പിള്ള പ്രഖ്യാപിക്കുന്നു.

മാടൻ പിള്ള സ്വയം നിർവചിക്കുന്നത് കേൾക്കൂ: "ഡോ ..ഞാൻ മനുഷ്യനല്ല. ഞാൻ ആർട്ടിസ്റ്റ്. ഞാൻ മനുഷ്യനല്ലെന്നേ. ഞാൻ പാപി. ഞാൻ കെട്ടു നാറിയ കുടിയൻ നായി. ഞാൻ വൃത്തികെട്ട മൃഗം...പന്നി. ഞാൻ പുഴുവാ. തീട്ടത്തിൽ നോഴേയ്ക്കിണ പുഴു. ഞാൻ സാത്താനാ പിശാശാ. ചങ്കു കടിച്ചു ചോര കുടിക്കിണ മാടനാ.എന്ത് മൈരായാലും നിങ്ങടേം നിങ്ങാടാളുകളേം മാതിരി മണ്ണായിപ്പോണ മനുഷ്യനായി ഇരിക്കൂലാ ഞാൻ." ജയമോഹൻ കഥകളിൽ ഉടനീളം കഥാകാരന്മാരോട്/ കലാകാരന്മാരോട് സമൂഹത്തിന്റെ സമീപനവും അതിന്റെ വിമർശനവും ഉൾച്ചേർക്കുന്നുണ്ട്. കലാകാരൻ പാചകനായാലും പന്തൽപ്പണിക്കാരനായാലും പോയി ആദരിക്കണം എന്നത് കാട്ടിത്തരുന്ന കഥയാണ് നിറപൊലി. അതിൽ ഒരു പ്രദേശത്തിന്റെ രുചികൾ അപ്പാടെ ജയമോഹൻ പേരെടുത്ത് വിശദീകരിക്കുന്നുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരം വളരെ മികച്ച പാരായണാനുഭവം നൽകുന്നു എന്നതിൽ സംശയമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in