ഉദ്വേഗത്തിൻ്റെ തിളനില
അൾട്ടിമേറ്റ് ജസ്റ്റിസ്

ഉദ്വേഗത്തിൻ്റെ തിളനില

മലയാളത്തിൽ അപസർപ്പക നോവലുകളുടെ നല്ല കാലം തിരികെ വരുന്നുവോ?

അങ്ങനെതന്നെ കരുതേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങൾ  മലയാളകഥാസാഹിത്യത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ  പോലെ  അപസർപ്പക സാഹിത്യത്തിലും പുതു ചലനങ്ങൾ ദൃശ്യമായി തുടങ്ങിയിട്ട് നാളേറെയായി. ഈയിടെ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ അജിത് ഗംഗാധരൻ്റെ ''ദി അൾട്ടിമേറ്റ് ജസ്റ്റീസ്'' എന്ന ക്രൈം ത്രില്ലർ വായിച്ചപ്പോൾ മനസിൽ തോന്നിയ   ചിന്തയാണത്. 

സാധാരണ കഥകൾ പോലും തുടക്കത്തിലും ഒടുക്കവും വായനക്കാരെ ഞെട്ടിക്കുന്നതാവണമെന്ന മുൻധാരണയോടെ കഥകളും നോവലും  എഴുതപ്പെടുന്ന നവ കാലത്തെ ചിന്താപദ്ധതിക്ക് വിപരീതമായി പതിഞ്ഞ താളത്തിലാണ് ഈ  നോവലിൻ്റെ തുടക്കം.

തുടക്കത്തിലും ഒടുക്കവും കാണിക്കുന്ന ഇത്തരം കസർത്തു കണ്ട് മടുത്തിട്ടാണല്ലോ  പല കഥകളുടെയും തുടക്കവും ഒടുക്കവും വെട്ടിമാറ്റിയാൽ ഏറെയും മനോഹര കഥകളാവുമെന്ന്  ചെക്കോവ് അഭിപ്രായപ്പെട്ടത്.

എസ്.ഹരീഷ്, ഉണ്ണി ആർ, സക്കറിയറിയ തുടങ്ങിയ മധ്യതിരുവിതാംകൂർ കഥാകാരൻമാരുടെ ശൈലിയിൽ നേരിയ നർമ്മം ചേർത്ത് നായക കഥാപാത്രമായ പശുപതി വിശ്വനാഥനെ തുടക്കത്തിൽ  അവതരിപ്പിക്കുന്ന ശൈലിയിൽ തന്നെ പുതുമയുണ്ട്.

''അൾട്ടിമേറ്റ് ജസ്റ്റീസി''ൽ  ആദ്യ അധ്യായം വരാനിരിക്കുന്ന കൊടുങ്കാറ്റുകളെ ഗർഭം ധരിക്കുന്ന ഒന്നാണ്. രണ്ടാം അധ്യായം മുതൽ തിളനിലയിലേക്കെത്തുന്ന ജലം പോലെ കഥ ചൂടുപിടിച്ചു തുടങ്ങുന്നതോടെ മറ്റു പ്രധാന കഥാപാത്രങ്ങളും രംഗത്തെത്തുന്നു. ഒപ്പം  വായനക്കാരനും ജാഗരൂഗനാകുന്നു.

മലയാളത്തിലെ ത്രില്ലർ സാഹിത്യം ഏറെക്കാലവും  പഴയ വിവരണാത്മക ആശയങ്ങളിൽ കുടുങ്ങി കിടപ്പായിരുന്നല്ലോ. അപ്പൻ തമ്പുരാൻ്റ ''ഭാസ്ക്കരമേനോനി''ൽ തുടങ്ങിയ (1904)  മലയാള അപസർപ്പക സാഹിത്യം എഴുപതുകൾ വരെ നീലകണ്ഠൻ പരമാരയിലൂടെയും എന്‍.കെ.കൃഷ്ണപിള്ള, (വലിയ കോയിക്കലെ കൊലപാതകം ) ഓ.എം.ചെറിയാന്‍, (കാലൻ്റെ കൊലയറ) ഇസെഡ് എം.പാറെട്ട് (നിലവറയിലെ അസ്ഥിപഞ്ജരം) സി.മാധവൻ പിള്ള (പത്മ സുന്ദരൻ) തുടങ്ങി നാം മറന്നുപോയ  ചില എഴുത്തുകാരിലൂടെയും എങ്ങനെയൊക്കെയോ ജീവൻ നിലനിർത്തിവന്നു.

അക്കൂട്ടത്തിൽ ഇന്ന് നാം കുറച്ചെങ്കിലും ഓർക്കുന്നത് പരമാരയെ മാത്രം.സാഹിത്യത്തിലെ പുറമ്പോക്കുവാസികളായിരുന്നു ത്രില്ലർ എഴുത്തുകാർ. എന്നാൽ അപസർപ്പക നോവൽ ശാഖ  കോട്ടയം പുഷ്പനാഥിൻ്റെ വരവോടെ ഏറെ ജനകീയമായി. ഷെർലോക് ഹോംസിൻ്റെയും അഗതാ ക്രിസ്റ്റിയുടെയും ബുദ്ധിപരമായ വ്യായാമങ്ങളുടെ നിലവാരമില്ലാത്ത പരിഭാഷകളേക്കാൾ പുഷ്പനാഥ് കഥകൾ നടക്കുന്ന കെ.കെ.റോഡും, കറുത്ത അംബാസിഡർ കാറും, ഹാഫ് എ കൊറോണ സിഗരറ്റുമെല്ലാം സാധാരണക്കാരായ  അനുവാചകരെ ഏറെ ആകർഷിച്ചു.

ഇത്രയും പറഞ്ഞുവന്നത് അപസർപ്പക സാഹിത്യത്തിൽ ഉദ്വേഗജനകമായ സംഭവങ്ങൾ പോലെത്തന്നെ പ്രധാനമാണ് കഥാപരിസരം എന്ന കാര്യം വ്യക്തമാക്കുന്നതിനാണ്.

കേരളീയമായ ഒരു പശ്ചാത്തലം വേണമെന്നല്ല. ഏത് കഥകൾക്കും യോജിച്ച പശ്ചാത്തലം ഇല്ലെങ്കിൽ എത്ര ഭംഗിയായ ആഖ്യാനമുണ്ടെങ്കിലും വായനക്കാരന് വൈകാരികമായി വായന ഉൾക്കൊള്ളാൻ തടസമുണ്ടാകും.

ദി അൾട്ടിമേറ്റ് ജസ്റ്റീസ്
ദി അൾട്ടിമേറ്റ് ജസ്റ്റീസ്

ഉദാഹരണമായി അനൂപ് ശശികുമാറിൻ്റെ ''എട്ടാമത്തെ വെളിപാടി''ൽ മിത്തും ചരിത്രവും ഇടകലർത്തി കഥ പറയുമ്പോൾ പഴയ മട്ടാഞ്ചേരിയുടെ പശ്ചാത്തലം കഥാസന്ദർഭത്തിന് യോജിക്കുന്നതായി കാണാം. കഥാപരിസരവും കഥാപാത്രങ്ങളും തമ്മിൽ ഇഴുകിച്ചേരാത്ത ഏതു കഥപറച്ചിലും വായനക്കാരനെ സ്പർശിക്കാതെപോകും. പാശ്ചാത്യ കൃതികൾ വായിച്ച് അവ അതേ രൂപത്തിൽ മലയാളത്തിലേക്ക് പറിച്ചുനടുമ്പോൾ പല ത്രില്ലറുകളും ദുർബലവും വികൃതവുമായ അനുകരണങ്ങൾ മാത്രമാകുന്നു. മൺമറഞ്ഞുപോയ ലോകോത്തര എഴുത്തുകാരുടെ ആത്മാക്കൾ തങ്ങളുടെ കൃതികളുടെ വികൃതാനുകരണങ്ങൾ കണ്ട് മറുലോകത്തിരുന്ന് ഞെട്ടിത്തരിക്കുന്നുണ്ടാവും.

അജിത് അവതരിപ്പിക്കുന്നത് പുതു തലമുറ ത്രില്ലർ തന്നെയാണ്. ആധുനിക സാങ്കേതികവിദ്യയാണ് നോവലിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര മാനങ്ങളുള്ള കഥയിൽ സൗത്ത് ആഫ്രിക്കയും തായ്ലണ്ടും യു.എസും ഒപ്പംതന്നെ തൃപ്പൂണിത്തുറയും പരാമർശിക്കപ്പെടുന്നു.

ഭയപ്പെടുത്തുന്ന വിവരണങ്ങളോ സാധാരണ അപസർപ്പക നോവലിൽ കാണുന്ന ക്ളീഷേ പ്രയോഗങ്ങളോ ഇല്ലാതെ സ്വതസിദ്ധമായ രീതിയിലാണ് പശുപതി വിശ്വനാഥൻ്റെയും, മാധവൻ്റെയും, എബി അഗസ്റ്റിൻ്റെയുമെല്ലാം കഥ അജിത് പറഞ്ഞു പോകുന്നത്. മുൻ കാലങ്ങളിലെ അപസർപ്പക കഥാകാരൻമാരായ മെഴുവേലിബാബുജി, കോട്ടയം പുഷ്പനാഥ്, തോമസ്.ടി.അമ്പാട്ട്, ബാറ്റണ്‍ബോസ് തുടങ്ങിയവരുടെ രീതിയിലല്ല ആഖ്യാനരീതി.

മലയാള സാഹിത്യത്തിൽ അടുത്തയിടെ ത്രില്ലർ വിഭാഗത്തെ സാഹിത്യ തറവാട്ടിൻ്റെ പൂമുഖത്തേക്ക് അൽഭുതപ്പെടുത്തുന്ന ഒരു കൂട്ടം ത്രില്ലർകൃതികളിലൂടെ കൈപിടിച്ച് ആനയിച്ച ജി.ആർ.ഇന്ദുഗോപൻ, ബെന്യാമിൻ (മഞ്ഞവെയിൽ മരണങ്ങൾ)ടി.ഡി.രാമകൃഷ്ണൻ (ഫ്രാൻസിസ് ഇട്ടിക്കോര) എന്നിവർക്കും ഇവരെ പിൻപറ്റിവന്ന ലാജോ ജോസ്, മരിയ റോസ്, അൻവർ അബ്ദുള്ള, അനൂപ് ശശികുമാർ, ലാജോ ജോസ്, ശ്രീ പാർവതി, അരുൺ ആർഷ, റിഹാൻ റാഷിദ്, നിഖിലേഷ് മേനോൻ, രജത് തുടങ്ങിയവർക്കും അവരവരുടേതായ ആഖ്യാനരീതിയുണ്ടല്ലോ.

അത്തരം ആഖ്യാനരീതികളുടെ ആസ്വാദനം വ്യക്തിനിഷ്ഠമാണെന്നിരിക്കിലും, സൂക്ഷ്മനിരീക്ഷണത്തിൽ ഓരോരുത്തരും ഓരോ ശൈലി തുടരുന്നതായി കാണാം.അജിത് ഉപയോഗിക്കുന്നത് മധ്യമാർഗമാണ്. അതീവ ലളിതമായ ഭാഷയ്ക്കും സാഹിത്യത്തിനും ഇടയ്ക്കുള്ള മേഖലയാണ് ആഖ്യാനരീതി. സംഭാഷണങ്ങൾ ഏറെ കടന്നുവരുന്ന ഇംഗ്ളീഷ് വാക്കുകൾ ഒരേ സമയം നോവലിൻ്റെ ശക്തിയും ദൗർബല്യവുമാകുന്നു. കൃത്യമായി ഒരു വിഭാഗം യുവ വായനക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള എഴുത്താവാം.

ഇന്ദുഗോപൻ കഥകളിലെന്നപോലെ കഥയെ മുന്നോട്ട് നയിക്കുന്നത് സംഭാഷണങ്ങളാണെങ്കിലും, പലയിടത്തും സംഭാഷണത്തിൻ്റെ ദൈർഘ്യം കുറച്ചെങ്കിലും ചുരുക്കാമായിരുന്നുവെന്ന് തോന്നി. ആദ്യകൃതിയെന്ന നിലയിൽ ഒരെഴുത്തുകാരനുണ്ടാവുന്നതും ക്ഷമിക്കാവുന്നതുമായ കൈകുറ്റപ്പാടുകളാണവ.

കോർപ്പറേറ്റ് കളികൾ മുതൽ പോൺ ഇൻഡസ്ട്രിവരെ പരാമർശിക്കപ്പെടുന്ന അന്താരാഷ്ട്ര മാനമുള്ള വിഷയത്തിൽ പതിവ് ക്രൈം നോവലുകൾ പോലെ ചതിക്കും വഞ്ചനക്കുമെതിരെയുള്ള പ്രതികാരമാണ് കഥാതന്തു. വളരെയധികം അടരുകളുള്ള ഒരു ശൃംഖലയിൽ നുഴഞ്ഞു കയറുന്ന പശുപതിയും ,എ ബിയും അലക്സുമെല്ലാം എതിരാളികളായ മാധവനെയും എതിരിടുമ്പോൾ ചില വഴിത്തിരിവുകളിൽ യഥാർത്ഥ കുറ്റവാളിയാര് എന്ന് വിവേചിച്ചറിയാനാവാതെ വായനക്കാരൻ കുഴങ്ങുകയും ഇനിയെന്ത് എന്നറിയാനുള്ള ആകാംക്ഷയിൽ താളുകൾ മറിക്കുകയും ചെയ്യും. സാഹിത്യാംശം ഏറെയുള്ള കൃതികൾ വായിക്കുന്നതു പോലെ കണ്ണടച്ച് ആസ്വദിച്ച് നുണഞ്ഞിറക്കുന്ന മധുരമിഠായി പോലെ വായിക്കേണ്ട ഒന്നല്ലല്ലോ അപസർപ്പകകഥകൾ. അവ വായനക്കാരനെ മുൾമുനയിൽ നിർത്തി തൊട്ടടുത്ത താൾ വായിപ്പിക്കത്തക്ക ആഖ്യാനരീതിയുള്ളവയാകണം. അക്കാര്യത്തിൽ നോവൽ വിജയിച്ചിട്ടുണ്ട്.

പറയുന്ന വിഷയത്തിലെ നവീനത വായനക്കാരെ ആകർഷിക്കുന്ന ഘടകമാണ്. പ്രഭാകരൻ സീരീസിലൂടെ ഇന്ദുഗോപൻ ഒരു തനി നാടൻ അപസർപ്പകനെ അവതരിപ്പിച്ച രീതി പോലെ തന്നെ പ്രധാനമാണത്. പല ത്രില്ലർ കഥകളും കുറ്റിയിൽ കെട്ടിയിട്ട പശുവിനെ പോലെ ഒരു നിശ്ചിത വൃത്തത്തിൽ വലം വയ്ക്കുമ്പോൾ അൽപ്പം ആനന്ദത്തിനായി പണം കൊടുത്ത് ത്രില്ലർ വാങ്ങുന്ന വായനക്കാരൻ വായനതന്നെ ഉപേക്ഷിച്ച് കടന്നുകളയും. അന്താരാഷ്ട്രമാനമുള്ള ഒരു വിഷയം കഥയുടെ കേന്ദ്രബിന്ദുവാക്കി നോവലിസ്റ്റ് ഇത്തരം പരിമിതികളെ മറികടന്നിട്ടുണ്ട്. ഇതേ രീതിയിൽ നല്ലൊരു ശ്രമമായി തോന്നിയത്

ഈയിടെ ഇറങ്ങിയ ശിവൻ എടമനയുടെ ''ന്യൂറോ ഏരിയ'' എന്ന നോവലാണ്. പതിവു സമ്പ്രദായങ്ങളിൽ നിന്നൊരു മാറി നടത്തമാണത്.

നീതിമാൻ ദയാലുവായിരിക്കണമോ?

നോവലിൻ്റെ തുടക്കത്തിൽ ഉയർത്തുന്ന പ്രസക്തമായ ഒരു ചോദ്യമാണത്.

പഴയ മുത്തശ്ശിക്കഥയിൽ വേർപിരിഞ്ഞ ദമ്പതികൾക്ക് ഓരോ കുട്ടിയേയും പങ്കിട്ടു കഴിഞ്ഞ് മൂന്നാമത്തെ കുട്ടിയെ രണ്ടായി കീറി പങ്കിട്ട ന്യായാധിപൻ്റ തീരുമാനം ദയയില്ലാത്ത നീതിയാണ്. ഒരു കൊടും കുറ്റവാളി ദയാപൂർവ്വമായ നീതി അർഹിക്കുന്നുണ്ടോ? നോവലിലെ ഒരു സംഭാഷണ ശകലം ഇങ്ങനെയാണ്.

''നീതി നടപ്പാക്കാൻ വേണ്ടിയുള്ളതാണ്. നീതി നടപ്പാക്കുമ്പോൾ അവിടെ പലപ്പോഴും ദയ എന്ന വാക്കിന് തരിമ്പും സ്ഥാനമില്ലാതെയാവും.''

നോവൽ മുഴുവൻ വായിച്ചുകഴിയുമ്പോൾ നിങ്ങളുടെ തുടക്കത്തിലുണ്ടായിരുന്ന അഭിപ്രായം മാറ്റിമറിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞുവെങ്കിൽ അത് എഴുത്തുകാരൻ്റെ വിജയമാണ്.

അപസർപ്പക കഥകൾ വായനയിലേക്കുള്ള ഗോപുരവാതിലുകളാണ്. ദൃശ്യമാധ്യമങ്ങൾക്ക് പ്രാധാന്യമേറുകയും, വായനയിൽനിന്ന് പുതു തലമുറ അകന്നു നിൽക്കുകയും ചെയ്യുന്ന ഒരു സന്ദർഭത്തിൽ പലരേയും വായനയിലേക്ക് കൊണ്ടുവരാൻ ഇത്തരം കൃതികൾക്ക് കഴിയും. കുറേപ്പേരെങ്കിലും വായനയിൽ തുടരുകയും കാലക്രമത്തിൽ അതൊരു ശീലമായി മാറുകയും ചെയ്യും.

മൂന്നാംകിട എഴുത്തുകാരെന്ന് തള്ളിക്കളഞ്ഞിരുന്ന ക്രൈം ഫിക്ഷൻ എഴുത്തുകാർക്ക് ക്രമേണ വായനയിൽ പുതിയൊരു സ്ഥാനം കൈവരുന്നതായി കാണുന്നു. പാശ്ചാത്യ സാഹിത്യത്തിലെന്നതുപോലെ ലിറ്റററി ക്രൈം ഫിക്ഷൻ എന്നൊരു ഴോണർ (Genre) മലയാളത്തിൽ ഉരുത്തിരിഞ്ഞു വന്നു തുടങ്ങിയെന്നുതന്നെ കരുതാം. പലർക്കും എതിർപ്പുണ്ടാവാമെങ്കിലും മുൻപറഞ്ഞ ഇന്ദുഗോപൻ, ബെന്യാമിൻ, രാമകൃഷ്ണൻ എന്നിവരുടെ ഇല്ലത്തുനിന്ന് പുറപ്പെട്ട് അമ്മാത്തെത്താത്ത, വി.കെ.എൻ.ഭാഷയിൽ ''മധ്യധരണ്യാഴി''കൃതികളെന്ന് വിശേഷിപ്പിക്കാവുന്ന നോവലുകളെ അത്തരമൊരു ഗണത്തിൽ ഉൾപ്പെടുത്തിയതും മന:പൂർവ്വമാണ്.

ഉത്തമവായനയിലേക്കുള്ള എത്രാമത്തേതെന്ന് തീർച്ചയില്ലാത്ത ചവിട്ടുപടികളാണവ. നിങ്ങൾക്ക് മുകളിലേക്ക് കയറാതിരിക്കാം. അവിടെ നിൽക്കുകയോ തിരിച്ചിറങ്ങുകയോ ചെയ്യാം. തീരുമാനം നിങ്ങളുടേതു മാത്രമാണ്.

ആദ്യ കൃതിയാണെങ്കിലും നിങ്ങളുടെ അപസർപ്പകാഖ്യാനശേഖരത്തിലേക്ക് ധൈര്യപൂർവ്വം എടുത്തുവയ്ക്കാവുന്ന ഒന്നാണ് ദി അൾട്ടിമേറ്റ് ജസ്റ്റീസ്. ക്രമാനുഗതമായ ഏണിപ്പടികളിൽ മധ്യമാർഗത്തിലാണ് ഈ കൃതിക്ക് സ്ഥാനം. വായിച്ചുനിർത്തുമ്പോൾ നോവലിൻ്റെ തുടർച്ചയായി മറ്റൊരു ഭാഗത്തിൻ്റെ വാതിലുകൾ തുറന്നിട്ടുതന്നെയാണ് കഥ അവസാനിപ്പിക്കുന്നത്.

അപസർപ്പക സാഹിത്യത്തിലേക്ക് ധൈര്യപൂർവ്വം കടന്നുവന്ന പുതുതലമുറ എഴുത്തുകാരുടെ നിരയിലേക്ക് ധൈര്യപൂർവ്വം എഴുതിച്ചേർക്കാവുന്ന ഒരു പേരാണ് അജിത് ഗംഗാധരൻ.

Related Stories

No stories found.
The Cue
www.thecue.in