'പത്ത് തലയുള്ള പെൺകുട്ടി', ദിവിക്കൊപ്പം ഞാനും മുതിർന്നു വരികയായിരുന്നു

'പത്ത് തലയുള്ള പെൺകുട്ടി', ദിവിക്കൊപ്പം ഞാനും മുതിർന്നു വരികയായിരുന്നു

ഫാന്റസികൾ ഇഷ്ടപ്പെടുന്ന, മുതിർന്നു പുര നിറഞ്ഞു കവിഞ്ഞിട്ടും ഫാന്റസികൾ ഇപ്പോഴുമുള്ള ഒരാളെന്ന നിലയിൽ 'മലയാളത്തിലെ ആദ്യത്തെ ഫാന്റസി ഫിക്ഷൻ സീരീസ്‌' എന്ന കുറിപ്പ് കൊണ്ടും പേരു കൊണ്ടും വായിക്കാൻ തീർച്ചപ്പെടുത്തിയതായിരുന്നു വിമീഷ് മണിയൂരിന്റെ 'പത്ത് തലയുള്ള പെൺകുട്ടി'. കുട്ടികൾക്ക് മാത്രമുള്ള പുസ്തകം എന്നായിരുന്നു വായിച്ചു തുടങ്ങുമ്പോഴും ആദ്യത്തെ പേജുകൾ പിന്നിട്ടപ്പോഴും കരുതിയിരുന്നത്. ചെറുപ്പത്തിൽ ബാലസാഹിത്യങ്ങൾ വായിക്കാൻ പ്രിവിലേജ് ഇല്ലാതായി പോയ ആളായത് കൊണ്ട് എല്ലാ കുട്ടിത്തത്തോടെയുമാണ് വായന പുരോഗമിച്ചതും. പക്ഷേ, പോകെ പോകെ കഥാപാത്രമായ ദിവിക്കൊപ്പം ഞാനും മുതിർന്നു വരികയായിരുന്നു. രാജാവിന്റെയും കർഷകന്റെയും കഥകളിൽ നിന്ന് ആഭ്യന്തര യുദ്ധങ്ങളെ പറ്റിയും വേർപാടുകളുടെ വേദനകളെ പറ്റിയുമുള്ള കഥകളിലേക്കുള്ള ദിവിയുടെയും നമ്മുടെയും വളർച്ച ഈ 264 പേജുകളിൽ കാണാം.

'പത്ത് തലയുള്ള പെൺകുട്ടി', ദിവിക്കൊപ്പം ഞാനും മുതിർന്നു വരികയായിരുന്നു
വിമീഷ് മണിയൂർ അഭിമുഖം: മൗലികതയെക്കുറിച്ചാണെങ്കിൽ കവിതയും ഭാഷയും മനുഷ്യനും എല്ലാം കലർപ്പാണ്

ആദ്യത്തെ ഭാഗങ്ങളിലൂടെയുള്ള യാത്ര വളരെ രസകരമായിരുന്നു. ദിവിയുടെ ദൈനംദിന ജീവിതത്തിലൂടെ നടക്കുമ്പോൾ എവിടെ നിന്നെല്ലില്ലാതെ ഭംഗിയുള്ള കുഞ്ഞു കഥകൾ പൊങ്ങി വരികയാണ്. അപ്രതീക്ഷിതമായി വരുന്ന ആ കഥകൾ നോവലിനൊപ്പം ചെറുകഥകൾ വായിക്കുന്ന സുഖവും വായനക്കാർക്ക് സമ്മാനിക്കുന്നു. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പഴമക്കാർ പറയുന്നത് പോലെ. ആ ഭാഗങ്ങൾക്ക് ശേഷം വീട്ടിൽ നിന്നിറങ്ങി കാട്ടിലേക്ക് പോകുന്ന ദിവിക്കൊപ്പം കഥയുടെ ഗതി തന്നെ മാറുകയാണ്. കാട്ടിലും കടലിലുമുള്ള പ്രശ്നങ്ങളും പരിഹാരങ്ങളുമാണ് പിന്നീടങ്ങോട്ടുള്ള യാത്ര. താനാരെന്നോ എന്തെന്നോ അറിയാതെ, വാലി അമ്മായിയുടെ കൂടെ ഉണ്ടും ഉറങ്ങിയും കഥകൾ കേട്ടും കാട്ടിൽ നിന്നും എത്തി നോക്കുന്ന തിളക്കമുള്ള കണ്ണുകളെ പേടിച്ചും കഴിഞ്ഞ ദിവി അവൾ പോലുമറിയാതെ അവളെ കണ്ടെത്തുകയാണ് ആ യാത്രയിൽ. പുതിയ അറിവുകളെക്കാൾ പലപ്പോഴും ഉൾക്കിടിലമുണ്ടാക്കുന്നത് പഴയ അറിവുകൾ തെറ്റായിരുന്നെന്ന തിരിച്ചറിവുകളാണല്ലോ. സ്വത്വമന്വേഷിച്ചുള്ള യാത്രകളിൽ ഇത്തരം മാനസികമായ ഉത്കണ്ഠകളിലൂടെയും ദിവിയും നമ്മളും കടന്ന് പോകുന്നു.

ബാസില ഫാത്തിമ
ബാസില ഫാത്തിമ

കഥ പോലെ വായിച്ചു പോകാമെങ്കിലും പലയിടത്തും എനിക്ക് ചരിത്രപുസ്തകങ്ങൾ വായിക്കുന്നത് പോലെയോ ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് കേൾക്കുന്നത് പോലെയോ ഒക്കെ തോന്നിക്കൊണ്ടിരുന്നു. മനുഷ്യരല്ല, മൃഗങ്ങളാണ് പറയുന്നത് എന്ന തിരിച്ചറിവിൽ നിന്നാണ് യാഥാർത്യമല്ല, മിഥ്യയാണ് കയ്യിലിരിക്കുന്നത് എന്ന് പലയിടത്തും ഓർമിച്ചത്.

വിമീഷ് മണിയൂർ എന്ന എഴുത്തുകാരന്റെ ഞാൻ വായിക്കുന്ന ആദ്യത്തെ പുസ്തകമാണിത്. ഇത്രകണ്ട് കഥകൾ ഉണ്ടാക്കാൻ ഈ മനുഷ്യൻ എത്രകണ്ട് ആലോചിച്ചു കാണും? അതിനേക്കാൾ സർഗ്ഗാത്മകത ഇദ്ദേഹം കാണിച്ചത് ഇതിലെ കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളിലാണ്. കിതാറുകൾ, ലാമല്ല, ഇമാമി, ത്വരീയത്ത്, ധാർമിക എന്നിവ അവയിൽ ചിലതാണ്. അധികാരമുള്ളവരാൽ മുറിവേൽക്കപ്പെട്ടവരുടെ കൂട്ടത്തെ 'മുറിവുകൾ' എന്നും, പുതിയൊരു നല്ല മാറ്റത്തിന് കാരണമാകുന്ന മരത്തെ 'പിറവി' എന്നും എഴുത്തുകാരൻ വിളിച്ചത് ചിന്താനീയമാണ്.

"ഒരു നിമിഷത്തിൽ വഴി തീര്‍ന്നു പോയ സഞ്ചാരിയുടെ വേദന അവളെ വന്ന് തൊട്ടു" എന്നത് പോലുള്ള ചില പ്രയോഗങ്ങളും വളരെ മനോഹരമാണ്.

ലിറ്റാർട്ട് ബുക്സ് പ്രസിദ്ധീകരിക്കുന്ന പത്തു ഭാഗങ്ങളുള്ള നോവൽ സീരീസിന്റെ ആദ്യ ഭാഗമാണ് 'പത്തു തലയുള്ള പെൺകുട്ടി'. മലയാളത്തിൽ ഇങ്ങനൊരു ഫാന്റസി ഫിക്ഷൻ സീരീസ് ആദ്യമായാണ് ഇറങ്ങുന്നത്. തുടർക്കഥയെങ്കിലും ഓരോ കഥകളും സംഭവങ്ങളും ഒറ്റക്കൊറ്റക്ക് നിൽക്കുകയും തമ്മിൽ ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്ന കഥകളാണ്.

കടലിനു മുകളിലേക്ക് വന്ന ദിവിയുടെ തലയിൽ വന്നു വീണ പക്ഷി ആരാണെന്നും എന്താണെന്നും അറിയാനും അതിലൂടെ ദിവിയെ കൂടുതൽ അറിയാനും അടുത്ത പുസ്തകത്തിന് വേണ്ടി കാത്തിരിക്കുന്നു.

Related Stories

No stories found.
The Cue
www.thecue.in