അലക്‌സി ഹോംസല്ല, വാട്‌സണുമല്ല, ഇത് ഒരു കെ എസ് ആർ ടി സി കണ്ടക്ടർ മലയാളത്തിൽ പറയുന്ന ത്രില്ലടിപ്പിക്കുന്ന അന്വേഷണങ്ങളുടെ കഥ

അലക്‌സി ഹോംസല്ല, വാട്‌സണുമല്ല, ഇത് ഒരു കെ എസ് ആർ ടി സി കണ്ടക്ടർ മലയാളത്തിൽ പറയുന്ന ത്രില്ലടിപ്പിക്കുന്ന അന്വേഷണങ്ങളുടെ കഥ

ലോകമെങ്ങുമുള്ള വായനക്കാരില്‍ ആകാംക്ഷയുടെ വിത്തുകള്‍ നിരന്തരം പാകിക്കൊണ്ട് മുന്നോട്ട് പോയ അന്വേഷകനായിരുന്നു ഷെര്‍ലക് ഹോംസ്. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ആ സാങ്കല്‍പ്പിക കഥാപാത്രം ചുരുളഴിച്ച കെണികള്‍ എണ്ണിയാല്‍ തീരില്ല. അതേ ആകാംക്ഷയോടെ വായനക്കാരെ ത്രില്ലടിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ ലോകമെങ്ങുമുള്ള പ്രാദേശിക ഭാഷകളില്‍ കാലാന്തരത്തില്‍ പുനരവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കുറ്റാന്വേഷകന്റെ കൃത്യതയോടും ശാസ്ത്രീയ നിഗമന പാടവത്തോടും കുറ്റകൃത്യങ്ങളുടെ ചുരുളുകളഴിച്ച പ്രഗല്‍ഭ എഴുത്തുകാരുടെ സൃഷ്ടികള്‍.

കുറ്റാന്വേഷണ കഥകളുടെ പുതിയ തരംഗത്തിലാണ് മലയാള സാഹിത്യം. സമീപകാലത്തുണ്ടായ മികച്ച കുറ്റാന്വേഷണ കഥകളുടെ ശ്രേണിയില്‍ ഇടംകൊടുക്കാവുന്ന അത്തരം അഞ്ച് കഥകളുടെ സമാഹാരമാണ് രഞ്ജുകിളിമാനൂരിന്റെ അലക്‌സികഥകള്‍.

ഹോംസിന്റെ വഴിയേ അലക്‌സി

ഇങ്ങ് കേരളത്തില്‍, കോട്ടയം കേന്ദ്രമാക്കി സൃഷ്ടിക്കപ്പെട്ട അലക്‌സി എന്ന കുറ്റാന്വേഷകനും അയാളുടെ സുഹൃത്തായ ജോണ്‍ എന്ന എഴുത്തുകാരനും പിന്തുടര്‍ന്ന കേസുകളുടെ കഥ. ആരംഭം മുതല്‍ അവസാനം വരെ വായനക്കാരനെ പിടിച്ചിരുത്തുന്ന വിവരണങ്ങളും കഥാവതരണവും ചരിത്രസംഭവങ്ങളില്‍ വരെ നടന്നെത്തുന്ന കഥാബീജത്തിന്റെ വികാസവും നമ്മെ അല്‍ഭുതപ്പെടുത്തും. ഒരു പക്ഷേ ഷെര്‍ലക് ഹോംസിനെയും ജെയിംസ് വാട്‌സനെയും ഓര്‍മിപ്പിക്കും അലക്‌സിയും അയാളുടെ സുഹൃത്ത് ജോണും. ഷെര്‍ലക് ഹോംസ് കഥാപാത്രമായ നാല് നോവലുകളും 56 ചെറുകഥകളും നോക്കിയാല്‍ നാലുചെറുകഥകളൊഴികെ ബാക്കിയെല്ലാ സൃഷ്ടികളും ജെയിംസ് വാട്‌സണിന്റെ ആഖ്യാനമായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ ശൈലി സ്വീകരിച്ചുകൊണ്ടാണ് രഞ്ജുകിളിമാനൂര്‍ അലക്‌സി കഥകള്‍ അവതരിപ്പിക്കുന്നത്. എല്ലാ കഥകളും അലക്‌സിയ്‌ക്കൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരനായ ജോണിന്റെ ആഖ്യാനമാണ്.

അലക്‌സികഥകള്‍ എന്ന സമാഹാരത്തില്‍ മൂന്നുചിത്രങ്ങളുടെ രഹസ്യം എന്ന ആദ്യകഥയുടെ ആരംഭത്തില്‍ തന്നെ ഈ സാഹചര്യം വിശദീകരിക്കുന്നു. ജോണിന്റെയും അലക്‌സിയുടെയും നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സംഗമമാണ്. ആ നിമിഷത്തില്‍ തന്നെ ആരാണ് അലക്‌സി, ആരാണ് ജോണ്‍ എന്ന കഥാപാത്രചിത്രണം എഴുത്തുകാരന്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു.

ജോണ്‍ ചോദിക്കുന്നു

''' അലക്‌സി കുറേ നാളായല്ലോ കണ്ടിട്ട്, നിങ്ങളെവിടെയാണ്?''

അലക്‌സിയുടെ മറുപടി

''അതൊന്നും പറയണ്ട, ജോണ്‍, ഇപ്പോള്‍ കോട്ടയത്താണ് താമസം. ഒരു ഡിക്ടറ്റീവ് ഏജന്‍സി തുടങ്ങണം എന്നായിരുന്നല്ലോ എന്റെ സ്വപ്നം. ആഗ്രഹം പോലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഓഫീസ് തുടങ്ങിയിട്ട് ഒരുവര്‍ഷത്തോളമായി. പക്ഷേ കിട്ടുന്ന കേസുകളെല്ലാം അവിഹിതം കണ്ടുപിടിക്കലും ചെറിയ മോഷണവുമൊക്കെയാണ്. എല്ലാം നിര്‍ത്തിപ്പോകണമെന്ന് കരുതിയിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം ഒരു കേസ് വന്നു. നല്ലൊരു കേസ്. അപ്പോഴാണ് ഞാന്‍ നിങ്ങളെ ഓര്‍ത്തത്. കോളേജ് മാഗസിനില്‍ നിങ്ങളെഴുതിയ ഒരു കഥയുണ്ടല്ലോ, ഒറ്റക്കണ്ണന്‍ ബ്രൂണോ എന്ന പേരില്‍. ''

തന്റെ കൈയില്‍ കിട്ടിയ നിഗൂഢത നിറഞ്ഞ കേസ് തെളിയിക്കാന്‍ ഒറ്റക്കണ്ണന്‍ ബ്രൂണോ എഴുതിയ ജോണിന്റെ കൂട്ടുതേടുകയാണ് അലക്‌സി. പിന്നീടങ്ങോട്ട് അന്വേഷണത്തിന്റെയും ആകാംക്ഷകളുടെയും നാടകീയ നിമിഷങ്ങളാണ്. ഓരോ ഘട്ടത്തിലും നാടകീയ നിമിഷങ്ങള്‍ നിറച്ച് വായനക്കാരനെ കണ്ണെടുപ്പിക്കാതെ കഥയില്‍ തന്നെ ഇരുത്തുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു.

കൊലപാതകം, അന്വേഷണം, കണ്ടെത്തല്‍...

ആദ്യം തന്നെ മുഖ്യസംഭവം അവതരിപ്പിക്കുക എന്ന ശൈലിയാണ് എഴുത്തുകാരന്‍ മുഴുവന്‍ കഥകളിലും സ്വീകരിക്കുന്നത്. വ്യാപകമായി സ്വീകരിക്കപ്പെട്ട കുറ്റാന്വേഷണ കഥകളുടെ ശൈലി. മുഖ്യസംഭവത്തിന്റെ ചുരുളഴിക്കാന്‍ അന്വേഷകന്‍ എത്തുകയും തുടര്‍ന്നങ്ങോട്ട് അപ്രതീക്ഷിതമായ സന്ധികളിലൂടെ കടന്നുപോകുകയും ചെയ്യുന്നു കഥ. വായനക്കാരന്‍ ഊഹിക്കുന്നതിനപ്പുറത്തേക്ക് കഥയെ ഉയര്‍ത്തുക, ഒരേ അന്വേഷണത്തിനിടെ ഒന്നിലധികം കഥകള്‍ കൂട്ടിക്കെട്ടുക, അന്തിമമായി ഒരു പോയിന്റില്‍ എത്തിച്ച് വായനക്കാരന് തൃപ്തികരവും അതിശയകരവുമായ ഒരു നിമിഷം സമ്മാനിക്കുക ഇതാണ് രഞ്ജുകിളിമാനൂരിന്റെ ശൈലി.

മൂന്ന്ചിത്രങ്ങളുടെ രഹസ്യവും ഒരു കൊലപാതകത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. കൊല്ലപ്പെട്ടയാള്‍ കൊല്ലപ്പെടും മുമ്പ് അലക്‌സിക്ക് നല്‍കിയ മൂന്ന് ഫോട്ടോകളില്‍ നിന്നാരംഭിക്കുന്ന അന്വേഷണം ന്യൂസിലാന്റിലെ ഓക്ലാന്റിലേക്കും അതുകഴിഞ്ഞ് മലബാര്‍ കലാപത്തിലേക്കും അവിടെ നിന്ന് പൊട്ടിമുളച്ച പകയിലേക്കും വരെ വിശ്വസനീയമായ വിവരണങ്ങളിലൂടെയും കഥകളുടെ കൂട്ടിയിണക്കലുകലിലൂടെയും എത്തിക്കുന്നുണ്ട് രഞ്ജു കിളിമാനൂര്‍. ഒടുവില്‍ എല്ലാംകഴിഞ്ഞ് കുറ്റകൃത്യം തെളിഞ്ഞുവരുമ്പോള്‍ ഒരുവമ്പന്‍ കുറ്റാന്വേഷണം നേരിട്ടനുഭവിച്ച പ്രതീതി വായനക്കാരനില്‍ ജനിപ്പിക്കുന്നു.

കഥപറച്ചില്‍ ശൈലിയില്‍ എഴുത്തുകാരന്‍ സ്വീകരിക്കുന്ന സൂക്ഷ്മവിശകലനം ശ്രദ്ധേയമാണ്. ദൃശ്യപരത കൂടുതല്‍ പ്രകടമാകുന്ന ഭാഷയാണ് രഞ്ജുവിന്റേത്. ഒരു തിരക്കഥയിലെന്നതുപോലെ വ്യക്തമായാണ് കഥ കടന്നുപോകുന്ന നിമിഷങ്ങളിലെ ചുറ്റുപാടുകളുടെ വിവരണം. മനസ്സില്‍ ഒരു സിനിമ ഭാവന ചെയ്യാവുന്ന വിധത്തിലുള്ള വൈദഗ്ദ്യം അക്കാര്യത്തില്‍ എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്നു. സങ്കേതബദ്ധമായ ഭാഷയോ, ഉപമകളോ, പ്രയോഗങ്ങളോ ഇല്ലാത്ത, ഏതൊരു വായനക്കാരനും ലളിതമായി സ്വായത്തമാക്കാവുന്ന ഭാഷാശൈലി. സംഭവങ്ങളെ യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിന് കഥാപാത്രങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും ചുറ്റുപാടുകളുടെയും വിശദീകരണങ്ങള്‍ ആധികാരികമായി നല്‍കാന്‍ എഴുത്തുകാരന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

വിഷപ്രയോഗങ്ങള്‍

13 ബിയിലെ കൊലതാപകം നാം വാര്‍ത്തകളില്‍ കാണാറുള്ള ഒരു സാധാരണ കുടുംബ ആത്മഹത്യ(കൊലപാതകം)യില്‍ നിന്നാണ് ആരംഭിക്കുന്നത്. ഒരുസ്ത്രീയും രണ്ടുമക്കളും ഭര്‍ത്താവും അടങ്ങിയ കുടുംബം ആലപ്പുഴയില്‍ വിനോദ സഞ്ചാരത്തിന് പോയതായിരുന്നു. ഹോട്ടല്‍ മുറിയില്‍ ഭാര്യയും രണ്ട് മക്കളും മരിക്കുന്നു. ഹോട്ടലിലെ ജോലിക്കാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ ഭര്‍ത്താവ് അകത്ത് ജീവനോടെ. അപ്പോള്‍ തന്നെ ഭര്‍ത്താവ് രാജേഷാണ് കൊലപാതകത്തിനുത്തരവാദിയെന്ന് കണ്ടെത്തി പോലീസ് പിടികൂടുകയാണ്. എന്നാല്‍ ഈ കേസന്വേഷണത്തിനെത്തുന്ന അലക്‌സി കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ വായനക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തും. അസാധാരണമായ പൂര്‍വ്വകഥകളുടെയും വിശ്വസനീയമാംവിധത്തിലുള്ള അവതരണത്തിലൂടെയും വായനക്കാരനെ സംഭ്രമിപ്പിക്കുന്ന കഥാന്ത്യത്തിലേക്കെത്തിക്കാന്‍ എഴുത്തുകാരന് കഴിയുന്നുണ്ട്.

കൊലപാതകത്തിന്റെ വഴികള്‍ തെരഞ്ഞെടുക്കുന്നതിലും അത് നടപ്പാക്കുന്നതിലും കുറ്റവാളി കാണിക്കുന്ന സൂക്ഷ്മത, എഴുത്തുകാരന്റെ ഇതുംസബന്ധിച്ച ഗവേഷണങ്ങളെ കൂടി വെളിപ്പെടുത്തുന്നതാണ്്. ഒരുപക്ഷേ ആര്‍തര്‍ കോനന്‍ ഡോയലിന് രസതന്ത്രത്തിലുണ്ടായ വിപുലമായ അറിവിനെ ഓര്‍മിപ്പിക്കുന്ന പാടവം രഞ്ജുകിളിമാനൂരും പ്രകടിപ്പിക്കുന്നു. മൂന്നാമത്തെ തുന്നിക്കെട്ട് എന്ന കഥയില്‍ കൊലപാതകത്തിന് തെരഞ്ഞെടുത്ത വിഷപ്രയോഗം തന്നെ ഉദാഹരണം. ആ വിഷത്തിന്റെ ശാത്രീയ വിവരണവും കൊലപാതകി അതിനായി നടത്തുന്ന അന്വേഷണങ്ങളും അതുപ്രയോഗിക്കുന്നതിലെ സൂക്ഷ്മതയുമെല്ലാം ശ്രദ്ധേയമാണ്.

ഹൗഡിനി എസ്‌കേപ്പ്

എഡ്വിന്‍ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റ്, സെന്റ് ജോണ്‍സ് ചര്‍ച്ചിലെ കോണ്‍വെന്റ് റൂം എന്നീ കഥകളില്‍ പ്രധാന സംഭവത്ത ചുറ്റിപ്പറ്റിയുടെ സാമൂഹ്യസാഹചര്യവിശകലനം രസകരമാണ്. എഡ്വിന്‍സെബാസ്റ്റിയന്റെ മാജിക് പ്ലാനെറ്റ് എന്നകഥ ചീട്ടുകളുടെ (പ്ലെയിംഗ് കാര്‍ഡ്‌സ്) ക്ലാസിഫിക്കേഷന്റെ അടിസ്ഥാനത്തിലാണ് വികസിക്കുന്നത്. കഥയുടെ ഓരോ ഘട്ടത്തിലും ചീട്ടുകളിയുടെ ക്രമാനുഗതമായ വികാസത്തിന്റെ ഓര്‍മയിലേക്ക് വായനക്കാരനെ കൊണ്ടുപോകും. അതോടൊപ്പം മാജികിന്റെ ലോകത്തെകുറിച്ച് ഒരു മാജിക്കുകാരനെ പോലെ വിശദീകരിക്കുന്നു.

ഒരു ഹൗഡിനി എസ്‌കേപ്പ് മാതൃകയിലുള്ള മാജി്ക് അവതരണത്തിനിടെ അവതാരകന്‍ കൊല്ലപ്പെടുന്നതും തീ കൊടുത്തയാളുടെ കുറ്റബോധവും തുടര്‍ന്നുള്ള അന്വേഷണവുമാണ് കഥ. അവിടേക്ക് അലക്‌സി ക്ഷണിക്കപ്പെടുകയാണ്. അലക്‌സിയുടെ അന്വേഷണം ചെന്നെത്തിയ നിഗൂഢതകളുടെ താഴ വരകള്‍ വായനക്കാരനെ ഞെട്ടിക്കും. പിന്നീട് ആ കൊലപാതകത്തിലേക്ക് നയിച്ച കാരണവും അതിനു കുറ്റവാളി തെരഞ്ഞെടുത്ത മാര്‍ഗ്ഗങ്ങളും ശ്രദ്ധേയമായി അവതരിപ്പിക്കുന്നു.

സെന്റ് ജോണ്‍സ് ചര്‍ച്ചിലെ കോണ്‍വെന്റ് റൂം എന്ന കഥയില്‍ ഒരുപക്ഷേ അതുവരെയുള്ള ആസ്വാദനരീതിയെ തകിടം മറിക്കുംവിധം പ്രേതവും ഓജോബോര്‍ഡുമെല്ലാം കടന്നുവരുന്നു. ക്രൈംത്രില്ലര്‍ വായനക്കാരുടെ ഏറ്റവും വലിയ പ്രത്യേകത, കഥാഗതിയുടെ യുക്തിഭദ്രതയില്‍ അവര്‍ വിശ്വസിക്കുന്നു എന്നതാണ്. കഥയുടെ ആകാംക്ഷാ നിര്‍ഭരമായ ഗതിവിഗതികള്‍ക്കിടെ പ്രേതവും അതീന്ദ്രിയ ശക്തികളുമൊക്കെ കടന്നുവരുന്നതോടെ അവരുടെ ആസ്വാദ്യത തടസ്സപ്പെടും. അതുകൊണ്ട് അത്തരത്തിലുള്ള ഹൈ റിസ്‌കുകള്‍ക്ക് ക്രൈം ത്രില്ലര്‍ കഥകളെഴുതുമ്പോള്‍ എഴുത്തുകാര്‍ പൊതുവേ മുതിരാറില്ല. എന്നാല്‍ സെന്റ് ജോണ്‍സ് ചര്‍ച്ചിലെ കോണ്‍വെന്റ് റൂം എന്ന കഥയുടെ തുടര്‍ച്ചയില്‍ പ്രേതവും ഓജോ ബോര്‍ഡും കടന്നുവരും. അലക്‌സി എന്ന അന്വേഷകന്‍ അയുക്തിക ചിന്തകളിലൂടെയാണോ മുന്നോട്ട് പോകുന്നത് എന്ന് നാം ശങ്കിക്കും. അതേ സമയം വായനക്കാരനെ ഒരുതരത്തിലും നിരാശപ്പെടുത്താത്ത വിധം അലക്‌സി കളിച്ച ആ കളി കൂടുതല്‍ ആസ്വാദ്യകരമായി തീരുകയാണ് ഒടുവില്‍.

ഹോംസും അലക്‌സിയും വാട്‌സണും ജോണും

ചുരുക്കത്തില്‍ ഷെര്‍ലക് ഹോംസും വാട്‌സണും അല്ലേ അലക്‌സിയും ജോണും എന്ന സംശയം വായനക്കാരനില്‍ സ്വാഭാവികമായും ഉണ്ടാകും. ഇക്കാര്യം എഴുത്താകാരനെയും ചിന്തിപ്പിച്ചിരുന്നു എന്നതാണ് വാസ്തവം. 'മൂന്നു ചിത്രങ്ങളുടെ രഹസ്യത്തി'ന്റെ ആരംഭത്തില്‍ ജോണിനെ കൂടെ വരാന്‍ ക്ഷണിക്കുന്ന വേളയില്‍ ആ പരാമര്‍ശം ഉണ്ട്. ആശങ്കയ്ക്കുള്ള ഉത്തരം അലക്‌സി തന്നെ ജോണിനോട് പറയുന്നുണ്ട്.

'' ജോണ്‍, സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ അതിമനോഹരമായ നരേഷന്‍ ഒന്ന് കൊണ്ട് മാത്രമല്ലേ ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രത്തെ പുറം ലോകം അറിഞ്ഞത്. അത്രയും പ്രശസ്തിയൊന്നും ഇനി ലോകത്താര്‍ക്കും കിട്ടാനൊന്നും പോകുന്നില്ല. എന്നാലും നമുക്കൊന്ന് ശ്രമിച്ചുകൂടെ ജോണ്‍. ഇതുപോലുള്ള നല്ല കേസുകള്‍ കിട്ടിയാല്‍ മാത്രം നിങ്ങളെഴുതിയാല്‍ മതി. ''

ആര്‍തര്‍ കോനന്‍ ഡോയലിനോടുള്ള അദമ്യമായ ആരാധന രഞ്ജുകിളിമാനൂരിന്റെ എഴുത്തിലാകെ ഉണ്ട്. ഡോയല്‍ ജൂനിയറിന്റെ അലക്‌സി കഥകള്‍ എന്നാണ് പുസ്തകത്തിന്റെ മുഴുവന്‍ പേരുതന്നെ. ശ്രദ്ധേയമായ കാര്യം രഞ്ജുകിളിമാനൂര്‍ തന്നെ പ്രസാധകനുമായിരിക്കുന്നു ഈ പുസ്തകത്തിലൂടെ.

കഥയെഴുത്തിന്റെ ശൈലിയില്‍ ഷെര്‍ലക് ഹോംസിന്റെ സ്വാധീനം കണ്ടെത്താമെങ്കിലും കേരളസാഹചര്യത്തില്‍ വ്യത്യസ്തമായ കുറ്റാന്വേഷണ കഥകളായി അലക്‌സി കഥകള്‍ മാറുന്നതും കെഎസ് ആര്‍ ടിസി കണ്ടക്ടര്‍ കൂടിയായ എഴുത്തുകാരന്‍ രഞ്ജുകിളിമാനൂര്‍ ഇക്കാര്യം മനസ്സിലാക്കിയിരുന്നു എന്നിടത്താണ്. അലക്‌സി ജോണിനോട് നമുക്കൊന്ന് ശ്രമിച്ചുനോക്കാമെന്നാണ് പറയുന്നത്. രഞ്ജുകിളിമാനൂര്‍ അലക്‌സിയിലൂടെ നടത്തിയ ഈ ശ്രമവും ഫലവത്തായി എന്ന് വായനക്കൊടുവില്‍ വായനക്കാരനും അനുഭവപ്പെടും.

Related Stories

No stories found.
The Cue
www.thecue.in