ഇതിഹാസത്തിന്റെ സമകാലികവിവക്ഷകൾ

ഇതിഹാസത്തിന്റെ സമകാലികവിവക്ഷകൾ
Summary

സുനില്‍ പി ഇളയിടം എഴുതിയ മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന കൃതിയെക്കുറിച്ച് എഴുത്തുകാരന്‍ മനോജ് കുറൂര്‍

ഇതിഹാസങ്ങൾ നമുക്കു പല തരത്തിൽ വായിക്കാം. അതിലെ കഥകളിലൂടെ ഉരുത്തിരിയുന്ന മനുഷ്യാവസ്ഥയുടെ സങ്കീർണ്ണതകളിൽ അവരവരെത്തന്നെ പ്രതിഷ്ഠിക്കുകയും അത്തരം സന്ദർഭങ്ങളുമായി താദാത്മ്യപ്പെടുകയും ചെയ്യാം; മുമ്പു പലരും ചെയ്തിട്ടുള്ളതുപോലെ കഥാപാത്രങ്ങളെ നൈതികമായ വിചാരണയ്ക്കു വിധേയമാക്കാം; ധർമ്മാധർമ്മവിചിന്തനം ചെയ്യാം; കഥകളുടെ ദാർശനികമായ ആഴങ്ങൾ വെളിപ്പെടുത്താം; ഒരു സാഹിത്യകൃതിയെന്ന നിലയിൽ ആഖ്യാനത്തിന്റെയും കാവ്യകല്പനകളുടെയും കലയിൽ അഭിരമിക്കാം. പക്ഷേ, ഇതൊക്കെ സാധ്യമാകണമെങ്കിൽ വായനയുടെ സ്വാതന്ത്ര്യം എന്നൊരു സംഗതികൂടി വേണം. ഓരോ എഴുത്തും വായനയും പലതരം അധികാരബന്ധങ്ങളുടെയും മൗലികവാദങ്ങളുടെയും ചുഴികളിൽപ്പെട്ടു തിരിയുന്ന സമകാലികാവസ്ഥയിൽ എഴുത്തിന്റെയും വായനയുടെയും സ്വാതന്ത്ര്യം വീണ്ടെടുക്കുക എന്നതാണ് പ്രാഥമികമായ രാഷ്ട്രീയദൗത്യം. സുനിൽ പി. ഇളയിടത്തിന്റെ 'മഹാഭാരതം: സാംസ്കാരികചരിത്രം' എന്ന കൃതി ആദ്യം ഊന്നുന്നതും അവിടെത്തന്നെയാണ്.

മഹാഭാരതം പോലൊരു കൃതിയെപ്പറ്റി എന്തെങ്കിലും പറയുന്നതുപോലും സുസാധ്യമല്ലാത്ത ഒരു കാലമാണിത്. ഏകകർത്തൃകവും ഏകശിലാത്മകവും ശുദ്ധവും മതാത്മകവുമായ ഒരു സ്ഥലത്തു പ്രതിഷ്ഠിച്ചുകൊണ്ട് അതിനെ വിമർശനാതീതമായി കാണുന്ന പ്രവണത ഒരു വശത്ത്. ഏതു കാഴ്ചപ്പാടിൽ എന്തു പറയുന്നു എന്നു പോലും പരിഗണിക്കാതെ ആ കൃതിയെപ്പറ്റി സംസാരിക്കുന്നതുതന്നെ അധികാരരാഷ്ട്രീയത്തിനുള്ള പിന്തുണയായി വ്യാഖ്യാനിക്കുന്ന ഒരു വിഭാഗം മറുവശത്ത്. മഹാഭാരതത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന്റെ കാലത്തുതന്നെ സംഭവിച്ച ഇത്തരം വിമർശനങ്ങൾക്ക് സുനിൽ പി. ഇളയിടം ഈ പുസ്തകത്തിന്റെ ആമുഖത്തിൽ മറുപടി പറയുന്നുണ്ട്; ആ വിമർശനങ്ങൾ എങ്ങനെ സത്താവാദപരമാകുന്നുവെന്നും അത്തരം സമീപനങ്ങളിൽനിന്നു വ്യത്യസ്തമായ തന്റെ നിലപാടെന്തെന്നും ഈ പഠനത്തിന്റെ രീതിശാസ്ത്രമെന്തെന്നും ഇതിന്റെ സാധ്യതകളും പരിമിതികളുമെന്തെന്നും വിശദീകരിക്കുന്നുണ്ട്. ഈ ആമുഖപ്രസ്താവനകളോടു പൂർണമായും നീതി പുലർത്തുന്നതാണ് ഈ കൃതിയുടെ തുടർന്നുള്ള ഭാഗങ്ങൾ എന്നാണ് എന്റെ വായനാനുഭവം.

മനോജ് കുറൂര്‍
മനോജ് കുറൂര്‍

മഹാഭാരതത്തിന്റെ സാംസ്കാരികചരിത്രമാണ് ഈ കൃതി വിശകലനം ചെയ്യുന്നതെന്ന് തലക്കെട്ടിൽത്തന്നെയുണ്ട്. അത്തരമൊരു പഠനം നിർവഹിക്കുന്നതിന് നിരവധി ഉപാദാനങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. ഈ പുസ്തകത്തിന്റെ വലിയൊരു പ്രാധാന്യം അവിടെയാണ്. മഹാഭാരതത്തെക്കുറിച്ച് ഇന്നോളമുണ്ടായിട്ടുള്ള പഠനങ്ങളുടെ വിപുലമായ ഒരു ശേഖരം സുനിൽ ഉപയോഗിക്കുന്നുണ്ട്; മാത്രമല്ല, വ്യത്യസ്തമായ സമീപനരീതികളിൽ നിർവഹിക്കപ്പെട്ട അത്തരം പഠനങ്ങളിലെ പ്രധാനനിരീക്ഷണങ്ങൾ എന്തെല്ലാമാണെന്നു സൂചിപ്പിക്കുകയും അവയെ അടിസ്ഥാനപ്പെടുത്തി തന്റെ കാഴ്ചപ്പാട് എന്താണെന്നു വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ഈ ഉപാദാനങ്ങളുടെ പ്രാധാന്യം ഒന്നുകൂടി ഊന്നിപ്പറയേണ്ടതുണ്ട്. മഹാഭാരതത്തെക്കുറിച്ച് ഉണ്ടായിട്ടുള്ള രൂപകാത്മകമായ കല്പനകളിൽ തുടങ്ങാം. മഹാഭാരതം സ്വയം ഒരു വൃക്ഷമായി സ്വയം കല്പിക്കുന്നുണ്ട്. (മഹാഭാരതം: സാംസ്കാരികചരിത്രം, പു. 58) ആ ഗ്രന്ഥത്തിന്റെ ഓരോ പർവ്വത്തെയും വൃക്ഷത്തിന്റെ ഓരോ ഭാഗങ്ങളായി കാണുകയാണ് അവിടെ. പ്രത്യക്ഷത്തിൽ ഇതിനു സദൃശമെങ്കിലും വിശദാംശങ്ങളിൽ വ്യത്യാസമുള്ള ഒന്നാണ് മഹാഭാരതത്തെ നെടുകെയും കുറുകെയും പടരുന്ന ശാഖകളും തായ്ത്തടിയോളം വളർന്നു വലുതാവുന്ന വേടുകളുമായി, തായ്ത്തടി നിലംപൊത്തുമ്പോഴും ഒരു പ്രദേശമാകെ ഒറ്റമരക്കാടായി പടർന്നു നില്ക്കുന്ന പേരാലായിക്കാണുന്ന സൂക്തങ്കറുടെ കല്പന. ഒരു ഉദ്ഗ്രഥിതപാഠം എന്നതിനെക്കാൾ ഉയർന്നും താണും ചിതറിയും പരന്നും നിലകൊള്ളുന്ന പെരുംപടർച്ചയുടെ അവ്യാകൃതത്വം സൂചിപ്പിക്കുന്ന ഈ കല്പനയുടെ ഔചിത്യം ഗ്രന്ഥകർത്താവ് എടുത്തു പറയുന്നു. ഹിമാലയപ്രദേശങ്ങളിൽ ഒരു തെളിനീരുറവയായി ആരംഭിച്ച് പല പ്രയാണപഥങ്ങൾ പിന്നിട്ട് മഹാപ്രവാഹമായി ഒഴുകുന്ന ഗംഗയായി മഹാഭാരതത്തെ കാണുന്ന സി ആർ ദേശ്പാണ്ഡേയുടെ ആധുനികമായ പ്രതീകകല്പന എങ്ങനെ കൂടുതൽ പ്രസക്തമാകുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബഖ്തിൻ നോവലിനെക്കുറിച്ചു പറഞ്ഞ, അടച്ചുപൂട്ടാനാവാത്തത് എന്ന നിരീക്ഷണം മഹാഭാരതത്തിനാവും ഇണങ്ങുക എന്നും ഒപ്പം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇനിയും നീളുന്ന നിരവധി കല്പനകളിൽച്ചിലത് എങ്ങനെ മതാത്മകമാകുന്നുവെന്നും മറ്റു ചിലത് എന്തുകൊണ്ട് ആധുനികമാകുന്നുവെന്നും ചിലത് ലംബവും കേന്ദ്രീകൃതവുമായ അധികാരരൂപത്തെയും മറ്റു ചിലത് തിരശ്ചീനമായ വികേന്ദ്രീകൃതത്വത്തെയും എങ്ങനെ പ്രതിനിധീകരിക്കുന്നുവെന്നും സൂചിപ്പിക്കുന്നതിലൂടെ പല പാഠങ്ങളിലേക്കു പടരാനുള്ള സാധ്യതകളുടെ വലിയൊരു തുറസ്സാണ് വായനക്കാർക്കു മുന്നിൽ വെളിപ്പെടുന്നത്. ലംബമായ വൃക്ഷത്തിന്റെ അധികാരരൂപവും തിരശ്ചീനമായി പല മുളകൾ കിളിർക്കുന്ന ഇഞ്ചിയുടെ പടർപ്പും രൂപകങ്ങളാക്കുന്ന തരം പ്രസിദ്ധമായ സങ്കല്പനങ്ങൾ അവർ ഓർമ്മിക്കുകയും ചെയ്യും. ഇത്തരത്തിൽ മഹാഭാരതത്തിന്റെ കാര്യത്തിലെന്നപോലെ ഈ പുസ്തകത്തിന്റെ വായനയിലും സമാനവും വ്യത്യസ്തവുമായ പാഠനിർമ്മിതികൾക്ക് സാധ്യതകൾ അനവധിയാണ്. വായനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട് അത്തരം വായനകളുടെ സ്വാതന്ത്ര്യം അവശേഷിപ്പിച്ചില്ലെങ്കിൽ ഈ കൃതി മുന്നോട്ടുവയ്ക്കുന്ന സാംസ്കാരികരാഷ്ട്രീയത്തിന് എന്തർത്ഥമാണുള്ളത്? ഈ പുസ്തകത്തിലുടനീളം പിന്തുടരുന്ന രചനാപദ്ധതിയുടെ ഒരു മാതൃകയാണ് ഇവിടെ സൂചിപ്പിച്ചത്.

വേണ്ടത്ര ആലോചനയില്ലാതെ പലരും നടത്തിപ്പോരുന്ന ചില ലളിതവത്കരണങ്ങളെ വിശദാംശങ്ങളിലൂടെ തിരുത്താനും ഈ രീതി സഹാകമാകുന്നുണ്ട്. ഉദാഹരണത്തിന് മഹാഭാരതം ഏകകർതൃകമല്ല എന്ന നിരീക്ഷണത്തിനു പലരും ഉന്നയിക്കുന്ന ഒരു മറുവാദം നോക്കുക. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എന്ന കവി കുറഞ്ഞ സമയത്തിനുള്ളില്‍ മഹാഭാരതം മലയാളത്തിലേക്കു വിവർത്തനം ചെയ്തെങ്കില്‍ ഈ കൃതി ഒരാള്‍തന്നെ എഴുതിയതാണ് എന്നു വിശ്വസിക്കുന്നില്‍ എന്താണ് അസാംഗത്യം എന്ന മട്ടിലാണ് അതിന്റെ യുക്തി. എന്നാല്‍ മഹാഭാരതത്തിന്റെ വലിപ്പമല്ല, അതിനെ ബഹുകർതൃകമാണെന്നു കരുതാനുള്ള കാരണമെന്ന് നിരവധി പഠിതാക്കളുടെ വാദങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് ഈ കൃതി വ്യക്തമാക്കുന്നു. മഹാഭാരതത്തിന്റെ ലഭ്യമായ പാഠങ്ങളില്‍ ശ്ലോകങ്ങളുടെ സംഖ്യയിലുള്ള വ്യത്യാസം, അവയിലെ പ്രമേയപരമായ പൊരുത്തക്കേടുകള്‍, മഹാഭാരതത്തില്‍ത്തന്നെയുള്ള പർവ്വസംഗ്രഹവും ലഭ്യമായ പാഠങ്ങളും തമ്മില്‍ ശ്ലോകസംഖ്യയിലുള്ള വൈരുദ്ധ്യം, കൃതിയുടെ ആദ്യരൂപത്തിന്റെയും പില്ക്കാലത്തു ക്രോഡീകരിക്കപ്പെട്ട പ്രബലപാഠങ്ങളുടെയും ക്രമീകരണപദ്ധതിയില്‍ വന്ന വ്യത്യാസം, പില്ക്കാലപാഠങ്ങളെ നിർണ്ണയിച്ച പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങള്‍, കൃതിയുടെ ഉള്ളടക്കത്തില്‍ കാണുന്ന പല ചരിത്രസാഹചര്യങ്ങളുടെ സാന്നിദ്ധ്യം, ആഖ്യാനപരവും പ്രബോധനപരവുമായ ഭാഗങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍, പ്രബോധനപരമായ ഭഗവത്ഗീതയില്‍ത്തന്നെ കാണാവുന്ന പരസ്പരവിരുദ്ധമായ ആശയങ്ങളുടെ ബഹുത്വം എന്നിങ്ങനെ നിരവധി ഘടകങ്ങളെക്കുറിച്ചു പ്രധാനപഠിതാക്കളുടെയെല്ലാം നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് മഹാഭാരതം കടന്നുപോന്ന നിരവധി ചരിത്രഘട്ടങ്ങളെ ഈ പുസ്തകം വെളിപ്പെടുത്തുന്നു. മഹാഭാരതകർത്താവ് ഒരാളല്ലെന്നും വേദവ്യാസന്‍ എന്നത് ഒരു വ്യക്തിനാമമെന്നതിലുപരി വിപുലവും വ്യത്യസ്തവുമായ നിരവധി കർതൃത്വങ്ങളുടെ ഒരു സമാഹാരത്തെയാണ് അതു കുറിക്കുന്നതെന്നും ബോധ്യപ്പെടാന്‍ ഈ വിശകലനം ധാരാളമാണ്. പ്രസിദ്ധമായ ഐതിഹ്യമനുസരിച്ച് വേദങ്ങളെ വ്യസിച്ചതിന്റെ കർതൃത്വം പേറുന്ന വ്യാസന്‍തന്നെ, രചയിതാവും കഥാസന്ധികളില്‍ വന്നുപെടുന്ന കുരുക്കഴിച്ചു കഥയെ നയിക്കുന്ന കഥാപാത്രവുമായി മഹാഭാരതത്തിന്റെ കർതൃത്വവും വഹിക്കുന്നതിനെപ്പറ്റിയുള്ള കൌതുകകരമായ ആലോചനയിലും, ദിവ്യപുരുഷനായ അങ്ങനെയൊരാളുടെ ആധികാരികത ആ കൃതിയിലെ ആന്തരികവും ബാഹ്യവുമായ വൈരുദ്ധ്യങ്ങളെയും ഒപ്പം പ്രത്യയശാസ്ത്രവിവക്ഷകളെയും മറച്ചുപിടിക്കാന്‍ സഹായകമാകുന്നുണ്ടെന്ന തിരിച്ചറിവിലും ചെന്നുചേരുന്ന വായനക്കാർക്ക് സ്വന്തം നിരീക്ഷണങ്ങളെ വികസിപ്പിക്കാനുള്ള ധാരാളം ഇടങ്ങളും ഈ പുസ്തകം കരുതിവയ്ക്കുന്നു.

ബ്രാഹ്മണവത്കരണത്തെക്കുറിച്ച് സുനിൽ ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും ബ്രാഹ്മണ്യം എന്ന സങ്കല്പനത്തിന്റെ പ്രത്യയശാസ്ത്രവിവക്ഷകൾ അധികം വിശദീകരിക്കുന്നില്ല. ഒരു തരത്തിൽ ഈ സങ്കല്പനത്തിനും ഒരു പരിണാമചരിത്രമുണ്ടല്ലോ.

ഗോത്രസമൂഹങ്ങൾ, ഉത്തരഭാരതത്തിലെ മിയോ മുസ്ലീങ്ങൾ, ട്രാൻസ്ജെൻഡറുകൾ തുടങ്ങി ഇന്ത്യയിൽത്തന്നെയുള്ള വിവിധജനകീയപാരമ്പര്യങ്ങളിൽ മഹാഭാരതത്തിനുള്ള പാഠഭേദങ്ങൾ ചർച്ച ചെയ്യുന്ന ഭാഗവും വളരെ പ്രധാനമാണ്. കൂടാതെ വിവിധ ഇന്ത്യന്‍ ഭാഷകളിലും ജാതകകഥകള്‍ പോലുള്ള ഗ്രന്ഥങ്ങളിലും ഇന്ത്യയ്ക്കു പുറത്തുള്ള നാടുകളിലുമായി മഹാഭാരതത്തിനുണ്ടായ വിപുലമായ പ്രചാരവും വിശദമാക്കുന്നതിലൂടെ സംസ്കൃതകേന്ദ്രിതവും ബ്രാഹ്മണികവുമായ അധികാരപരിസരത്തെ പ്രശ്നവത്കരിക്കുകയും സുനിശ്ചിതപാഠമെന്നതിനെക്കാള്‍ ഒരു സംവാദമണ്ഡലമായി വികസിക്കുന്ന ആ കൃതിയുടെ ജീവിതത്തിനുമാണ് ഈ സാംസ്കാരികപഠനത്തില്‍ ഊന്നല്‍ നല്കുന്നത്. ഏകശിലാത്മകമായ അധികാരകേന്ദ്രിതത്വത്തെ യുക്തിയുക്തമായി ചോദ്യം ചെയ്യേണ്ടത് സമകാലികമായ രാഷ്ട്രീയസാഹചര്യത്തില്‍ പ്രധാനമാകുന്നു. നാഗവംശം, നിഷാദസമൂഹം എന്നിവയുടെ പ്രതിനിധാനങ്ങള്‍, ദായക്രമങ്ങളും ബഹുഭർതൃത്വവും പോലെ മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുന്ന സാമൂഹികവ്യവസ്ഥകള്‍ എന്നിവയെക്കുറിച്ചുള്ള വിപുലമായ വിചാരങ്ങളും നിഗമനങ്ങളും ഈ കൃതി അവതരിപ്പിക്കുന്നതും ഇന്നത്തെ പ്രത്യയശാസ്ത്രപരിസരത്തില്‍ പ്രസക്തമാകുന്നുണ്ട്.

ഇതിഹാസമെന്ന നിലയില്‍ മഹാഭാരതത്തിന്റെ രൂപത്തെ വിശകലനം ചെയ്യുക, രാമായണവുമായി അതിനെ താരതമ്യപ്പെടുത്തുക, അതിലെ സ്ഥലരാശിയെയും ഉദ്ഖനനങ്ങളെയും ബന്ധപ്പെടുത്തി നിഗമനങ്ങള്‍ അവതരിപ്പിക്കുക, ധർമ്മാധർമ്മവിചാരത്തെ കഥാസന്ദർഭങ്ങളുമായും വർണ്ണവ്യവസ്ഥയുമായും ചേർത്തുവെച്ചു പരിശോധിക്കുക, ബൌദ്ധധർമ്മവും ബ്രാഹ്മണധർമ്മവും തമ്മിലുള്ള സംഘർഷത്തിന്റെ സ്വഭാവം വിശദീകരിക്കുക, പ്രബലപാഠങ്ങളില്‍ കുരുവംശഗാഥയെന്ന കേന്ദ്രപ്രമേയവുമായി ചേർന്നുനില്ക്കുന്ന യദുവംശവും പാഞ്ചാലവംശവും പോലുള്ളരുടെ ഇടപെടലുകളിലെ രാഷ്ട്രീയമാനങ്ങള്‍ നിർണ്ണയിക്കുക എന്നിങ്ങനെ ബഹുമുഖമായ വിഷയങ്ങളാണ് മഹാഭാരതത്തിന്റെ സാംസ്കാരികചരിത്രത്തില്‍ കടന്നുവരുന്നത്. ഏതു വിഷയമായാലും ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ആശയങ്ങളെയും അനുഭൂതികളെയും ചരിത്രവത്കരിക്കുക എന്ന സാംസ്കാരികദൌത്യമാണ് ഈ കൃതി നിറവേറ്റുന്നത്. മഹാഭാരതത്തിന്റെ കേരളീയജീവിതവും ഈ കൃതിയിൽ സമഗ്രമായി അടയാളപ്പെട്ടിരിക്കുന്നു. ശാസനങ്ങൾ, സാഹിത്യകൃതികൾ, ദൃശ്യകലകൾ, ഫോക് കലകൾ, ചിത്രകല എന്നിങ്ങനെ പരമ്പരാഗതമായ ഇടങ്ങളെ വിശദമായി പരിശോധിക്കുന്നതിനൊപ്പം മഹാഭാരതത്തിന്റെ ആധുനികജീവിതത്തിനും ഇതിൽ പ്രാധാന്യം നല്കിയിരിക്കുന്നു.

മഹാഭാരതത്തിന്റെ പ്രത്യയശാസ്ത്രമായി പലരും കരുതാറുള്ള ഭഗവദ്ഗീതയുടെ വികാസവും വ്യാപനവുമടങ്ങുന്ന ചരിത്രവും ഒരു സ്വതന്ത്രകൃതിയുടെകൂടി സ്വഭാവമുള്ള ആ ഭാഗത്ത് അടങ്ങിയിട്ടുള്ള ദാർശനികമായ വൈരുദ്ധ്യങ്ങളും വിശകലനം ചെയ്യാനായി ഒരു പ്രത്യേകഭാഗംതന്നെ നീക്കിവച്ചിരിക്കുന്നു. ഇതിനോടു ചേർത്ത് മതാത്മകദേശീയതയുമായി ബന്ധപ്പെട്ട ഗീതയുടെ ജീവിതത്തെ വിമർശനപരമായി സമീപിക്കുന്നതിന്റെ രാഷ്ട്രീയവിവക്ഷകൾ വ്യക്തമാണ്. സമകാലികമായ സാംസ്കാരികസന്ദർഭത്തിൽ അധികാരരാഷ്ട്രീയത്തെത്തന്നെ നിർണയിക്കുന്ന പ്രത്യയശാസ്ത്രമെന്ന നിലയിൽ വികസിക്കുന്ന ഗീതയെ/മഹാഭാരതത്തെ വിലയിരുത്തുന്ന ഈ ഭാഗം 'മഹാഭാരതം: സാംസ്കാരികചരിത്രം' എന്ന കൃതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. ചുരുക്കത്തിൽ, മഹാഭാരതത്തെക്കുറിച്ചു പറയാറുള്ള 'യദിഹാസ്തി തദന്യത്ര/ യന്നേഹാസ്തി ന തത് ക്വചിത്' എന്ന പ്രശംസ ഈ ബൃഹദ്പഠനത്തിനും യോജിക്കും. ഇതിൽ ആ മഹേതിഹാസത്തിന്റെ ധനാത്മകമായ ഘടകങ്ങൾക്കൊപ്പംതന്നെ സാംസ്കാരികാധികാരത്തെ സംബന്ധിച്ച ഋണാത്മകമായ വശങ്ങളുംകൂടി ഉൾപ്പെടുന്നു എന്നു മാത്രം.

ഏഴു ഭാഗങ്ങളിൽ, ഇരുപത്തിയഞ്ച് അധ്യായങ്ങളിൽ, 973 പുറങ്ങളിലായി നിർവഹിക്കപ്പെടുന്ന മഹാഭാരതത്തിന്റെ സാംസ്കാരികചരിത്രവിശകലനം വാചാലമല്ല. പ്രഭാഷണങ്ങളെ ആധാരമാക്കി രചിക്കപ്പെട്ടതെങ്കിലും പ്രഭാഷണപരതയല്ല, കാര്യമാത്രപ്രസക്തമായ അവതരണരീതിയാണ് ഈ പുസ്തകത്തിനുള്ളത് എന്നതാണൊരു പ്രധാനഗുണം. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മകചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഖണ്ഡവിഭജനത്തിൽ പരസ്പരം അതിവ്യാപിച്ചു നില്ക്കുന്ന പല മേഖലകളുണ്ടെങ്കിലും ആവർത്തനം പരമാവധി കുറയ്ക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. പുസ്തകത്തിന്റെ പാരായണക്ഷമതയാണ് എടുത്തു പറയേണ്ട മറ്റൊരു മികവ്.

മഹാഭാരതം എന്ന കൃതിയുടെ പാഠവൈവിധ്യങ്ങൾ, അതിന്റെ സാംസ്കാരികമായ പരിണാമചരിത്രം, ഗ്രന്ഥസ്വരൂപത്തിന്റെ സവിശേഷതകൾ, കർത്തൃത്വത്തിന്റെ പ്രശ്നങ്ങൾ, വിമർശനാത്മകപാഠത്തിന്റെ സ്വഭാവം, വരേണ്യവും ജനകീയവുമായി ഭിന്നമാർഗ്ഗങ്ങളിലൂടെയുള്ള പ്രചാരം, ഓരോ കാലത്തും രൂപത്തെയും ഉള്ളടക്കത്തെയും നിർണയിച്ച പ്രത്യയശാസ്ത്രങ്ങൾ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പല പാഠങ്ങളിലായി സംഭവിച്ച വിടർച്ചകൾ, ഗീതാവ്യാഖ്യാനങ്ങളുടെ വൈവിധ്യം, അതിന്റെ രാഷ്ട്രീയവിവക്ഷകൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ കൃതി സാംസ്കാരികമായ ഒരീടുവയ്പാണ് എന്നു പറയാതിരിക്കാനാവില്ല.

ഈ കൃതിയിൽ അവശ്യം വേണ്ടതെന്നു ഞാൻ കരുതുന്ന ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. മഹാഭാരതത്തിന്റെ ഭൗതികമായ സാംസ്കാരികചരിത്രമാണിത് എന്നതു മറക്കുന്നില്ല. എങ്കിലും ഈ ഭൗതികപരിസരത്തെ, അതിന്റെ പ്രത്യയശാസ്ത്രവൈവിധ്യങ്ങളെ, മേല്ക്കോയ്മ നേടുന്ന വ്യവസ്ഥാപരതയെ ഒക്കെ നിർണയിക്കുന്നതിൽ ഇന്ത്യൻ തത്ത്വശാസ്ത്രങ്ങളും സാമൂഹികാവസ്ഥകളും തമ്മിലുള്ള ബന്ധം കൂടി വിശകലനം ചെയ്യേണ്ടത് അനിവാര്യമാകുന്നു. ഉദാഹരണത്തിന് മഹാഭാരതത്തിനു പല തരത്തിൽ സംഭവിച്ച ബ്രാഹ്മണവത്കരണത്തെക്കുറിച്ച് സുനിൽ ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും ബ്രാഹ്മണ്യം എന്ന സങ്കല്പനത്തിന്റെ പ്രത്യയശാസ്ത്രവിവക്ഷകൾ അധികം വിശദീകരിക്കുന്നില്ല. ഒരു തരത്തിൽ ഈ സങ്കല്പനത്തിനും ഒരു പരിണാമചരിത്രമുണ്ടല്ലോ. വൈദികമായ പൂർവ്വോത്തരമീമാംസകൾ, ഗീതയിൽ വരുന്ന സാംഖ്യ-കർമ്മയോഗസിദ്ധാന്തങ്ങൾ എന്നിങ്ങനെ വൈവിധ്യമോ വൈരുധ്യം പോലുമോ ഉള്ള പല തത്ത്വചിന്താപദ്ധതികൾ ഈ ഒരൊറ്റ സങ്കല്പനത്തിന്റെ കുടക്കീഴിൽ വരുന്ന സ്ഥിതിക്ക്, പല കാലത്തെയും ഇന്ത്യയിലെ അധികാരപരിസരത്തെ നിർണയിച്ച താക്കോൽവാക്ക് എന്ന നിലയ്ക്ക് അതിന്റെ സാംസ്കാരികമായ വിശകലനം കൂടിയുണ്ടായിരുന്നെങ്കിൽ ഈ പുസ്തകം കുറേക്കൂടി സമഗ്രമായേനെ എന്നു തോന്നുന്നു. ഇനിയും പല നിലയ്ക്കു വികസിക്കാവുന്ന സാംസ്കാരികപഠനങ്ങൾക്കുള്ള ഈടുറ്റ അടിത്തറയാണ് ഈ കൃതിയെന്ന് ഊന്നിപ്പറയട്ടെ.

No stories found.
The Cue
www.thecue.in