ഭക്ഷണം നിരന്തരമായ രാഷ്ട്രീയ അര്‍ഥങ്ങൾ കൈവരിക്കുന്നു : ഫാബിയോ പരാസെകൊളി അഭിമുഖം

ഭക്ഷണം നിരന്തരമായ രാഷ്ട്രീയ അര്‍ഥങ്ങൾ കൈവരിക്കുന്നു : ഫാബിയോ പരാസെകൊളി അഭിമുഖം

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാതെ പോയ ഒരു വിഷയമായിരുന്നു ഭക്ഷ്യസംസ്കാരം. ലോകമെമ്പാടും അടച്ചുപൂട്ടലുകളും നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വന്നപ്പോൾ അത് ആദ്യം പ്രതിഫലിച്ചത് നമ്മുടെ ഭക്ഷണ രീതികളിലാണ്. കൊവിഡ് കാലത്തും കൊവിഡാനന്തര ജീവിതക്രമത്തിലും ഭക്ഷ്യ മേഖലയുടെ സാമ്പത്തിക-സാംസ്കാരിക-രാഷ്ടീയ മാനങ്ങൾ ചര്‍ച്ചചെയ്യുകയാണ്‌ ന്യൂയോക്ക് സര്‍വ്വകലാശാലാ ഫുഡ്‌ സ്റ്റഡീസ് വിഭാഗം പ്രൊഫസറായ ഫാബിയോ പരാസെകൊളി.

Q

കോവിഡ് മഹാമാരി ആഗോള ഭക്ഷ്യ സംസ്കാരത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത്? അടച്ചുപൂട്ടലുകളുടെ / കർശനനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷണ രീതികളിൽ വന്ന കാതലായ മാറ്റങ്ങൾ എന്തെല്ലാമാണ്?

A

കോവിഡ് 19 മഹാമാരി ആഗോള ഭക്ഷ്യസംസ്കാരത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ കഴിവുള്ള എല്ലാ ഉപഭോക്താക്കളും കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും കാലിയാക്കുകയും അവരുടെ കലവറ നിറയ്ക്കുകയുംചെയ്തു. എന്നിരുന്നാലും കടകളിൽ പിന്നെയും സ്റ്റോക്കുകൾ നിറഞ്ഞു ഒപ്പം ഭക്ഷണം ഇപ്പോഴും ലഭ്യമാവുന്നുമുണ്ട്. പക്ഷെ, പൊതുസഹായംകൊണ്ട് ജീവിക്കുന്നവർ, വീടില്ലാത്തവർ, കോവിഡ് കാരണം ജോലിനഷ്ട്ടപ്പെടുന്നവർ തുടങ്ങിയവരിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വ്യക്തമല്ല. ഫ്രിഡ്ജ് നിറയെ ഭക്ഷണസാധനങ്ങൾ കുത്തിനിറച്ചവര്‍ക്ക് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു പുതിയ അറിവുതന്നെ നേടാൻ ഈ സാഹചര്യം സഹായകമായിട്ടുണ്ട്. അതുപോലെ പരമാവധി വീട്ടില്‍ത്തന്നെ ഇരിക്കാൻ നിര്‍ബന്ധിതരായവര്‍ക്കാകട്ടെ ബോറടിമാറ്റാനും, കുടുംബത്തോടൊപ്പം സമയം ചിലവിടാനും, സാധാരണജീവിതമെന്ന് തോന്നിക്കാനുമായി പാചകത്തിൽ ഏര്‍പ്പെട്ടു. അവരൊക്കെ അവരുണ്ടാക്കിയ ഭക്ഷണം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യുകയും പരസ്പരം രസക്കൂട്ടുകൾ കൈമാറുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തി. പോഷകാഹാരങ്ങളുടെ കാഴ്ച്ചപ്പാടില്‍നിന്നു നോക്കുമ്പോൾ ഏറ്റവും നല്ല ആഹാരരീതിയൊന്നുമല്ലെങ്കിലും പരമ്പരാഗത വീട്ടുഭക്ഷണത്തെക്കുറിച്ച് ആളുകള്‍ക്കിടയിൽ ഒരു പുനര്‍വിചിന്തനം ഉണ്ടായിട്ടുണ്ട്. ഒപ്പംതന്നെ ചില സാധനങ്ങളുടെ ലഭ്യതക്കുറവും വീട്ടില്‍നിന്നുതന്നെ ഭക്ഷണം കഴിക്കേണ്ടിവരുന്ന അവസ്ഥയും പലര്‍ക്കും സ്വന്തം കലവറയിൽ ഉള്ളത് വിലകുറഞ്ഞതാണെങ്കിലും അതുവച്ച് പാചകം ചെയ്യേണ്ട അവസ്ഥയുണ്ടായി. അതേസമയം ആഗോള വടക്കുനിന്നുള്ള പല ഉപഭോക്താക്കള്‍ക്കും മഞ്ഞുവീഴ്ചയിലും ചുഴലിക്കാറ്റിലും ജോലി സമരംകൊണ്ടും പലപ്പോഴും ഭക്ഷണ വിതരണം ലഭ്യത എന്നിവയിൽ തടസ്സം നേരിടാറുണ്ടെങ്കിലും ഇത്ര നീണ്ടുനിന്ന തടസ്സം നേരിടുന്നത് ആദ്യമായി ഈ മഹാമാരിയുടെ കാലത്താണ്. അതുകൊണ്ടുതന്നെ ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങൾ എന്താവുമെന്ന് കണക്കുകൂട്ടാൻ പ്രയാസമാണ്.

Q

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഭക്ഷ്യ സംസ്കാരം ഏത്തരത്തിലായിരിക്കും?

A

ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ വീടുകള്‍ക്കപ്പുറത്തെ ലോകത്തേക്ക് ശ്രദ്ധതിരിക്കുകയാണെങ്കിൽ എന്താണ് വരാന്‍പോകുന്നതെന്ന് മുന്‍കൂട്ടി പറയാൻ പ്രയാസമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൌണ്‍ ഭക്ഷണശാലകളെ ഇപ്പോള്‍തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണം വീടുകളിലെത്തിക്കാൻ സംവിധാനങ്ങൾ നിലനില്‍ക്കുന്ന സ്ഥലങ്ങളിൽ ഇത്തരം ഭക്ഷണശാലകൾ കുറച്ചൊക്കെ നഷ്ട്ടം സഹിച്ചാണെങ്കിലും നിലനില്‍ക്കാൻ സാധ്യതയുണ്ട്. അല്ലാത്തിടങ്ങളിൽ പിടിച്ചുനില്‍ക്കാനോ കരകയറാനോ സാധിക്കാതെ ചെറുകിട സംരംഭകര്‍ക്ക് ജോലി നഷ്ട്ടപ്പെടുന്നു. പലപ്പോഴും മറ്റൊരു ജോലിപോലും കണ്ടെത്താന്‍ സാധിക്കാത്തവരാണ് ഇക്കൂട്ടർ. അതുപോലെതന്നെ ഭക്ഷണം എത്തിക്കുന്ന ജോലിചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്. സമീപ ഭാവിയിൽ വീടുകളിൽ ഭക്ഷണശാലകളുടെ അനുഭവം കൊണ്ടുവരുന്ന സ്റ്റാര്‍ട്ടപ്പുകൾ ഉയര്‍ന്നുവന്നേക്കാം. അതേസമയം ഒന്നിലേക്കും എത്തിപ്പെടാനാവാത്ത സമൂഹത്തിലെ അശരണരായ ജനവിഭാഗത്തിലേക്കാവണം ഗവണ്മെന്റുകൾ ശ്രദ്ധ ചെലുത്തേണ്ടത്.

കാര്‍ഷിക വിപണന മേഖലയിൽ എന്തുസംഭവിക്കുമെന്നതിനെക്കുറിച്ച് അനുമാനിക്കാൻ മാത്രമേ സാധിക്കുകയോള്ളൂ. കാരണം കൃഷിയിൽ തോളോടുതോൾചേര്‍ന്ന് ചെയ്യേണ്ട വിളവെടുപ്പിനെയും മറ്റും സാമൂഹിക അകലം പാലിക്കണമെന്ന പ്രശ്നം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമുണ്ട്, കാരണം അവിടെയുള്ള ആളുകളുടെ എണ്ണവും ജോലിഘടനയും നിയന്ത്രണങ്ങള്‍ക്ക് അനുകൂലമാണ്. എന്നാൽ സ്വന്തം കൃഷിയിടത്തിൽ ജോലിചെയ്യുന്നവരിൽ വലിയൊരുശതമാനം ആളുകളും പഴയതലമുറയിൽ പെട്ടവരാണ്, അതുകൊണ്ടുതന്നെ ഈ വൈറസ് ഇത്തരക്കാരെ കാര്യമായി ബാധിച്ചേക്കാം. അവര്‍ക്ക് ബദലാവാൻ പുതുതലമുറ തയ്യാറാണോ? ജോലിയന്വേഷിച്ച് പട്ടണങ്ങളിലേക്കു കുടിയേറിയ യുവ കര്‍ഷകർ നാട്ടിന്‍പുറങ്ങളിലേക്ക് മടങ്ങിവരാൻ തയ്യാറാവുമോ? വളര്‍ത്തുമൃഗങ്ങളുടെയും മീനിന്റെയും കാര്യത്തിലും ആളുകൾ മുന്നിട്ടിറങ്ങിയില്ലെങ്കിൽ ഈ മേഖലയില്‍നിന്നും ക്ഷാമം നേരിടാം. ചരക്കുനീക്കവും തൊഴില്‍മേഖലയും അനുസരിച്ച് ഈ മഹാമാരി കാലത്തും ചിലരാജ്യങ്ങൾ മിച്ചവരവും ചിലത് ക്ഷാമവും നേരിടുന്നുണ്ട്. എങ്കിലും ഈ മഹാമാരിയുടെ പ്രത്യാഘാതങ്ങൾ അന്താരാഷ്‌ട്ര ഭക്ഷ്യവിപണിയിൽ ഇപ്പോള്‍തന്നെ പ്രതിഫലിക്കാൻ തുടങ്ങിയിട്ടുണ്ട്.

Q

ഗാർഹിക-പൊതു മണ്ഡലങ്ങളുടെ അതിര്‍വരമ്പുകൾ ഇല്ലാതാവുന്നത്തിനു മുൻപ് പരമ്പരാഗതമായി ഗാർഹിക ഇടങ്ങളിലേക്ക് ഒതുങ്ങിയിരുന്ന ഒന്നാണ് ഭക്ഷണകല. ഇത് ഒട്ടേറെ ചർച്ചകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഭക്ഷണ സംസ്കാരത്തെ ഗാർഹിക-പൊതു മണ്ഡലങ്ങളിൽ വേര്‍തിരിക്കുന്നതിനെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്?

A

പൗരൻ എന്ന നിലയിൽ ഉപഭോക്താവ് നയപരമായ രാഷ്ട്രീയ പ്രക്രിയകളുടെ ഭാഗമാകുന്നു. എന്നാൽ അവർ ഗാര്‍ഹിക ഇടങ്ങളിൽ എന്ത് തിരഞ്ഞെടുക്കുന്നു, എന്ത് വാങ്ങുന്നു എന്നത് മാത്രമല്ല എന്താണ് ഉദ്പാദിപ്പിക്കപ്പെടുന്നത് അതിൽ എന്തെല്ലാമാണ് തീൻമേശയിൽ എത്തുന്നത് എന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. വ്യക്തിപരമായ തീരുമാനങ്ങൾ മാത്രം സ്വാധീനിക്കാവുന്നതിനപ്പുറം സങ്കീർണവും ദൂരവ്യാപകവുമായ ഇത്തരം കാര്യങ്ങളിൽ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്‌. അതേസമയം ഉപയോക്താക്കൾ വീട്ടിലെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതും പൗരന്മാർ പൊതുനന്മ ആഗ്രഹിക്കുന്നതും തമ്മിലുള്ള അതിരുകൾ കൂടെക്കൂടെ മങ്ങിക്കൊണ്ടിരിക്കുന്നതായി കാണാം.

Q

ഭക്ഷണം, ആഖ്യാനം, സ്വത്വരൂപീകരണം എന്നിവ തമ്മിൽ പലപ്പോഴും ബന്ധമുണ്ടാകാറുണ്ട്. ഭക്ഷണത്തോട്‌ ചേര്‍ത്തുവെച്ചുള്ള സാംസ്കാരിക സ്വത്വരൂപീകരണത്തെ എങ്ങനെയാണ് താങ്കൾ നോക്കിക്കാണുന്നത്?

A

തീര്‍ച്ചയായും. നമ്മൾ ആരാണ്, എങ്ങിനെ ജീവിക്കുന്നു എന്നിവയിലെല്ലാം ഭക്ഷണത്തിന് നേരിട്ടും ഒഴിച്ചുകൂടാനാവാത്തതുമായ പങ്കുണ്ട്. ഇത് സര്‍വ്വവ്യാപകമാണ്, കാരണം വ്രതമെടുക്കുമ്പോഴും പ്രതിഷേധിക്കുമ്പോഴും ഒരാൾ കഴിക്കുന്നതിൽ നിന്ന് എന്തെല്ലാം ഒഴിവാക്കുന്നു എന്ന് ആലോചിച്ചാൽ മതി. കഴിക്കുക, സംയോജനം ചെയ്യുക എന്നിവ യാഥാര്‍ത്ഥ്യത്തിലേക്കും ശരീരത്തിനപ്പുറത്തേക്കുള്ള ലോകത്തിലേക്കുള്ളമുള്ള ബന്ധം സ്ഥാപിക്കുനത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ഏറ്റവും വ്യക്തിപരമായതും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ അര്‍ത്ഥതലങ്ങളുടെ ഇടനിലമായി ഭക്ഷണം മാറാറുണ്ട്. അതിലുപരി പ്രത്യക്ഷത്തിൽ കാണാവുന്ന അധികാര അടയാളമായും, സാംസ്കാരിക മൂലധനമായും, ലിങ്ക-വര്‍ഗ്ഗ-മത സ്വത്വമായും നമ്മുടെ ജീവിതത്തെ ഭക്ഷണം സ്വാധീനിക്കുന്നുണ്ട്. ഒപ്പം സമകാലിക സ്വത്വനിര്‍മാണവുമായി ബന്ധപ്പെട്ട പുതിയ ആഖ്യാനങ്ങൾ, മാറുന്ന സ്വത്വങ്ങൾ, സാധ്യമായ പ്രക്രിയകൾ എന്നിവയ്ക്കെല്ലാം ഭക്ഷണം ഇടം നല്‍കുന്നുമുണ്ട്. അതുകൊണ്ടുതന്നെ പ്രജനനം, വൃത്തി, ഭക്ഷണ സുരക്ഷ തുടങ്ങിയ ജനങ്ങളുടെ ശാരീരികമായ ജീവിതത്തിലേക്കുള്ള കടന്നുകയറ്റത്തിലൂടെ ജനത്തെ നിയന്ത്രിക്കാനുള്ള മേലാളന്‍മാരുടെയും ഗവണ്മെന്റുകളുടെയുംശ്രമത്തെ ബയോപോളിറ്റിക്സ്‌ എന്ന് വിശേഷിപ്പിച്ച മിഷേൽ ഫൂക്കോ സാമൂഹിക ജീവിതത്തിലെ പ്രധാനപ്പെട്ട ഘടകമായി പരിഗണിച്ചിരുന്ന ഒന്ന് ഭക്ഷണമായിരുന്നു. (ഫൂക്കോ 2008)

Q

ഡയസ്പോറ എങ്ങനെയാണ് ഭക്ഷണ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നത്? ഭക്ഷണ സങ്കലനം ഏതെല്ലാം രീതിയിലാണ് ഇവരുടെ സ്വതരൂപീകരണത്തിൽ പങ്കുവഹിക്കുന്നത്?

A

അന്യരാജ്യത്തേക്ക് കുടിയേറുന്നവർ അവിടെ സ്വന്തം നാട്ടിലെ ഭക്ഷണം പാകംചെയ്യുകയും കഴിക്കുകയും ചെയ്യുന്നതിലൂടെ നാടിനെ പുനഃസൃഷ്ട്ടിക്കുകയും അതിനെ പുതിയ സ്ഥലത്തെ പ്രശ്നങ്ങളും അലട്ടലുകളും നേരിടുന്നതിനുള്ള മാര്‍ഗ്ഗമായി കാണാറുമുണ്ട്. ഒരുപക്ഷെ അവര്‍ക്ക് ചുറ്റും ഉയര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങൾ, ആദര്‍ശങ്ങൾ, മാതൃകകൾ എന്നിവയെല്ലാം ഉരുക്കിട്ടുറപ്പിക്കുന്നത് നിലനില്‍ക്കുന്ന രീതികളുടെ ഉപോല്‍പ്പന്നം എന്നനിലയിൽ മാത്രമല്ല, പകരം അവ ഉയര്‍ന്നുവരുന്ന രീതിയുടെകൂടി കാര്യമാണ്. ഓരോ ചേരുവകയും, ഭക്ഷണവും, ഭക്ഷണ രീതിയും, ഭക്ഷണ സംസ്കാരത്തിന്റെ ഘടകങ്ങളും പരസ്പര പൂരകങ്ങളാണ്. അവയെ സ്വാധീനിക്കുന്നത് പലപ്പോഴും പാരമ്പര്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂതകാലം മാത്രമല്ല, അത് ആന്തരികവും ബാഹ്യവുമായ കാര്യങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിലേക്ക് ചാര്‍ത്തപ്പെടുന്ന അര്‍ത്ഥതലങ്ങൾ എന്നേക്കുമായി വഴിയടഞ്ഞ ഒരു വ്യവഹാരമല്ല, പകരം ഇടതടവില്ലാതെ സന്ധിചെയ്യപ്പെടുന്നതും, പ്രവര്‍ത്തനങ്ങളിലൂടെയും, പ്രധിനിധീകരണത്തിലൂടെയും മാറ്റം സംഭവിക്കുന്നതുമായ ഒന്നാണ്. എന്നിരുനാലും ഇത്തരം മാറ്റങ്ങല്‍ക്കിടയിലും ഭക്ഷണ സംസ്കാരങ്ങളിൽ ആന്തരികമായ ഒരു പോരുതപ്പെടൽ കാണാൻ സാധിക്കുമെന്നത് ഏതെല്ലാം സ്വഭാവങ്ങളും വസ്തുക്കളും സ്വീകാര്യമാണ് ഏതെല്ലാം അല്ല എന്ന് തീരുമാനിക്കാനുള്ള അവരുടെ അളവുകോലായി മാറുന്നു.

Q

ഓർമ്മയുടെ ഏറ്റവും ശക്തമായ ഉത്തേജകശക്തികളിൽ ഒന്നാണ് ഭക്ഷണം. ഭക്ഷണം കേന്ദ്രീകരിച്ചുള്ള ഓർമ്മക്കുറിപ്പുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണ്?

A

പ്രൂസ്റ്റിന്‍റെ മാഡെലീൻ മുതൽ ഭക്ഷണം കേന്ദ്രീകരിച്ചുള്ള ഓർമ്മക്കുറിപ്പുകൾ ധൈഷണികമായ ഓര്‍മ്മയെക്കാളേറെ ഭൂതകാലസന്ദര്‍ഭങ്ങളെ വൈവിധ്യമായി തിരിച്ചുകൊണ്ടുവരുന്ന ആന്തരികവും വൈകാരികമായ ഓർമകളെയാണ്‌ മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ ഭാഷയെ പുതിയ രൂപത്തിൽ ചമയ്ക്കാനുള്ള ശ്രമത്തിൽ ഭാഷാസങ്കേതത്തെതന്നെ ഉപയുക്തമാക്കിക്കൊണ്ടാണ് ഇത് സംവേദനം ചെയ്യുന്നത്.

Q

പല ഭക്ഷണസംബന്ധിയായ ആഖ്യാനങ്ങളിലും കുറ്റകൃത്യവും ഭക്ഷണവും തമ്മിൽ ബന്ധമുണ്ടാവാറുണ്ട്. മനുഷ്യന്‍റെ സഹജമായ വാസന ഇതിൽ എത്രത്തോളം പ്രതിഫലിക്കുന്നുണ്ട്?

A

1930-കളിൽ ഭക്ഷണം കുറ്റാന്വേഷണ കഥകളുടെ ഭാഗമായി രണ്ടു രീതികളിൽ അവതരിച്ചു: ഒരു വശത്ത് അഗത ക്രിസ്റ്റിയുടെ ഹെര്‍ക്യൂൾ പൊയ്റോട്ട്, റെക്സ്സ് സ്റ്റോട്ടിന്റെ നീരോ വുള്‍ഫ്, ജോര്‍ജ്ജ് സിമിനോന്റെ മേയ്ഗ്രേറ്റ് എന്നീ കഥാപാത്രങ്ങളെല്ലാം സ്വയംപ്രഖ്യാപിത തീറ്റക്കാരായിരുന്നു. അവരെല്ലാവരും നന്നായി ഭക്ഷണം ആസ്വദിച്ചിരുന്നവരുമാണ്. വുള്‍ഫ് തന്റെ സ്വന്തം അപ്പര്‍ട്ട്മെന്റിൽ അയാളുടെ സ്വിസ് പാചകക്കാരന്‍ ഉണ്ടാക്കിയിരുന്ന ഉയര്‍ന്ന വര്‍ഗ്ഗത്തിന്റെ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്, മേയ്ഗ്രേറ്റ് തന്റെ ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണത്തോടൊപ്പം മോശമല്ലാത്ത മധ്യവര്‍ഗ്ഗ, ഇടത്തരം ഭക്ഷണശാലകളിൽനിന്നും കഴിച്ചു. മറുവശത്ത് ഡാഷീൽ ഹാമെറ്റിന്റെ സാം സ്പേഡ്, റെയിമണ്ട് ചാണ്ട്ലറുടെ ഫിലിപ്പ് മാര്‍ലോ തുടങ്ങിയ കഴിവുള്ള പല കുറ്റാന്വേഷകരും അവർ എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. ആവിശ്യമെങ്കിൽ കയ്യാങ്കളിയിലൂടെ കുറ്റങ്ങൾ തെളിയിച്ചിരുന്ന ഇവർ പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണശീലവും മദ്യപാനവും പിന്തുടര്‍ന്നവരാണ്. എന്നാല്‍ 1980 കൾ മുതൽ പുതുതലമുറയിലെ മെഡിറ്ററേനിയൻ കുറ്റാന്വേഷകരിൽ മാനുവൽ മോന്റെല്‍ബാന്‍റെ കറ്റലാൻ കാര്‍വാലോ മുതൽ ആണ്ട്രിയ കാമിലേരിയുടെ സിസിലിയൻ മൊണ്ടേല്‍ബാനോ വരെ ഭക്ഷണത്തിന്റെ സുഖലോലുപതയിൽ അലിഞ്ഞവരാണ്, പലപ്പോഴും മറ്റുള്ളവരോട് പങ്കുവെക്കുന്നവരും. ഇവർ രണ്ടുപേരും ഭക്ഷണത്തെ അനുനയത്തിനുള്ള ഉപായമായും, വ്യക്തിപരമായ ഉല്ലാസത്തിനും, സാമൂഹിക സന്ധികള്‍ക്കും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും ഭക്ഷണം അവരുടെ അന്വേഷണത്തിന്റെ പാതയിൽ പങ്കുവഹിക്കുന്നത് വിഷം ഉപയോഗിച്ച കുറ്റങ്ങളിൽ മാത്രമാണ്. ഹൊറർ സാഹിത്യത്തിൽ ഇത്തരം കാര്യങ്ങള്‍ക്ക് കുറച്ചുകൂടി നല്ല ഉദാഹരണങ്ങൾ കാണാം. ഇതാണ് അസ് ഐ ബൈറ്റ് മി (As I Bite Me) എന്ന പുസ്തകത്തിൽ ഞാന്‍ പറയാൻ ശ്രമിക്കുന്നത്.

Q

അക്കാദമിക് പഠനമേഖല എന്ന നിലയിൽ ഫുഡ് സ്റ്റഡീസിന്‍റെ പ്രസക്തി എന്താണ്? ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ഫുഡ് സ്റ്റഡീസ് വകുപ്പിനെക്കുറിച്ചുകൂടി പറയാമോ?

A

നമുക്കു ചുറ്റുമുള്ള കാര്യങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ വിമർശനാത്മക ചിന്തയും പൊതു ചർച്ചകളിൽ പങ്കെടുന്നതിനുള്ള കഴിവും വളര്‍ത്തുന്നതിലൂടെ ലോകത്തെ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാനായി ഫുഡ് സ്റ്റഡീസ് നമ്മെ പ്രചോദിപ്പിക്കുന്നു. ഇക്കാലത്ത് ഭക്ഷണ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പൊതുശ്രദ്ധ കൂടിക്കൊണ്ടിരിക്കുകയാണ്, അതുപോലെ ഭക്ഷണ സംബന്ധിയായ വേദികൾ മാധ്യമങ്ങളിലും കൂടി കൊണ്ടിരിക്കുന്നു. കാർഷിക ശാസ്ത്രം, പരിസ്ഥിതി പഠനം, ജീവശാസ്ത്രം, സാമ്പത്തികശാസ്ത്രം, വാണിജ്യം, നിയമം, ഡിസൈൻ, കമ്പോളം, രാഷ്ട്രമീമാംസ തുടങ്ങിയ പല വൈജ്ഞാനിക സരണികളിൽ നിന്നും ഈ മേഖല കടം കൊള്ളുന്നുണ്ട്. അതുപോലെ ചരിത്ര പഠനം, അധിനിവേശാനന്തര പഠനം, സംജ്ഞാശാസ്ത്രം, മാധ്യമപഠനം തുടങ്ങിയ പഠനമേഖലകളിൽ നിന്ന് കടമെടുത്ത രീതികളും സമീപനങ്ങളും ഇതിൽ ഉപയുക്തമാക്കുന്നുണ്ട്. പ്രത്യേകിച്ച് ആന്ത്രപ്പോളജി, സോഷ്യോളജി തുടങ്ങിയ പഠനമെഖലകളിൽ ഫുഡ് സ്റ്റഡീസ് നടത്തുന്ന ഫലവത്തായ ചർച്ചകൾ എത്തനോഗ്രഫി ഗവേഷണമേഖലക്ക് നല്‍കുന്ന പുത്തൻ കാഴ്ചപ്പാടുകൾ പ്രധാനമാണ്. ഞാൻ പ്രൊഫസർ ആയി ജോലിചെയ്യുന്ന ന്യൂയോർക്ക് സര്‍വ്വകലാശാലയിലെ ഫുഡ് സ്റ്റഡീസ് വിഭാഗം 1990 കളിലാണ് സ്ഥാപിക്കപ്പെട്ടത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള വിദ്യാര്‍ഥികൾ ഈ വിഷയത്തിൽ ഡിഗ്രി, പിജി മുതൽ ഗവേഷണം വരെ അവിടെ ചെയ്യുന്നുണ്ട്. സെമിനാറുകൾ, ഗവേഷണ സംരംഭങ്ങൾ എന്നിവയോടൊപ്പം നഗര ഭക്ഷണം കേന്ദ്രീകരിച്ച് ‘ഫീസ്റ്റ് ആൻഡ് ഫാമിൻ’ എന്ന പേരിൽ കുട്ടികൾ സ്ഥിരമായി സംഭാഷണങ്ങൾ നടത്താറുണ്ട്.

Q

ഇൻഡർഡിസിപ്ലിനറി സ്വഭാവമുള്ള ഒരു പുതിയ പഠനശാഖയാണല്ലോ ഫുഡ് സ്റ്റഡീസ്. ഭക്ഷണത്തിൻറെ സംസ്കാരിക രാഷ്ട്രീയത്തെക്കുറിച്ച് പറയാമോ?

A

ഭക്ഷണം നിരന്തരമായ രാഷ്ട്രീയ അർത്ഥങ്ങൾ കൈവരിക്കുന്ന ഒന്നാണ്. രാഷ്ട്രീയം (പോളിറ്റിക്സ്) അതിൻറെ പദോൽപ്പത്തിയുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ പൗരാണിക ഗ്രീസിലെ നഗരത്തെയും, പിന്നീട് അതിന്റെ പൊതുവായ ബോഡി പോളിറ്റിക്കിനേയും സംബന്ധിച്ചതുമാണെന്ന് വ്യവഹരിക്കാം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സമൂഹങ്ങളെ നിയന്ത്രിച്ച്, അതിൻറെ ഭൂതകാലത്തെ വിലയിരുത്തി, വർത്തമാനവുമായി പോരുത്തപ്പെടുത്തി, ഭാവിയെ വിഭാവനം ചെയ്യലാണ് രാഷ്ട്രീയമെന്ന് പറയാനാകും. എന്നാൽ രാഷ്ട്രീയ പ്രവർത്തനമാവട്ടെ പലപ്പോഴും സന്ധിചെയ്യലിന്റെയും മാക്സിമലിസത്തിന്‍റെയും, യാഥാര്‍ത്ഥ്യത്തിന്‍റെയും ആദര്‍ശവാദത്തിന്‍റെയും, അവശ്യങ്ങളുടെയും മൂല്യങ്ങളുടെയുമെല്ലാം ഇടയില്‍പ്പെട്ടു കിടക്കുകയാണ്. ഇതിൽ ഭക്ഷണം കൂടിക്കലരുകയെന്നത് മാറ്റിനിര്‍ത്താനാവാത്തതാണ്. ഭക്ഷണമെന്നത് ശരീരത്തിന്റെ ആവശ്യത്തിനുള്ള ഇന്ധനമായി മാത്രം കാണാൻ പറ്റില്ല, പ്രത്യേകിച്ച് വ്യക്തികളും സമൂഹവും കൂടുതലായി വാണിജ്യാനന്തര സമൂഹത്താൽ ചുറ്റപ്പെടുന്ന ഒരു ഉപഭോഗക്തൃ സംസ്കാരത്തിൽ. ഭക്ഷണം നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനെ നിത്യജീവിതത്തിലെ ജൈവിക ആവശ്യമായിമാത്രം കണ്ട് തള്ളിക്കളയാനാവില്ല. നമ്മൾ വാങ്ങുന്ന വസ്തുക്കൾ എവിടെനിന്ന് വരുന്നു, അത് എങ്ങനെ നമ്മുടെ കൈകളിൽ എത്തുന്നു, എന്തുകൊണ്ട് പകരം മറ്റൊന്ന് വരുന്നില്ല, നമ്മൾ വാങ്ങിക്കാതിരിക്കുമ്പോൾ അല്ലെങ്കിൽ വലിച്ചെറിയുമ്പോൾ അവ എവിടെ എത്തിച്ചേരുന്നു എന്നിവയെ രൂപപ്പെടുത്തുന്ന സാമ്പത്തിക ഡൈനാമിക്സ്, സാമൂഹിക ചട്ടക്കൂടുകൾ, അധികാര വടംവലികൾ തുടങ്ങിയവയുടെ കൂടി ഭാഗമാണ് ഭക്ഷണം.

Q

ഇന്ത്യ സന്ദർശിക്കുകയും ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തതിന്‍റെ വെളിച്ചത്തിൽ ഫുഡ് സ്റ്റഡീസിന്‍റെ ഇന്ത്യയിലുള്ള സാധ്യതകളെപ്പറ്റി പറയാമോ?

A

അമേരിക്കൻ, യൂറോപ്യൻ സർവകലാശാലകളിൽ ഫുഡ് സ്റ്റഡീസ് വകുപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഈ മേഖല വേണ്ടത്ര വികസിച്ചിട്ടില്ല. 2017- ൽ കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഈ മേഖലയെ പരിചയപ്പെടുത്തുകയും അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിക്കുകയും ചെയ്തുകൊണ്ട് ഞാൻ സംസാരിച്ചിരുന്നു. ഭക്ഷണ സംസ്കാരവും ഭക്ഷണ ഉത്പാദനത്തിന്റെ സാമ്പത്തിക പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ ഭക്ഷണത്തെ ഉത്പാദന കാഴ്ചപ്പാടിൽ മാത്രമല്ല മറിച്ച് സാംസ്കാരിക–സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ നിന്നുകൂടി വിലയിരുത്താനുള്ള അനുകൂലമായ സാഹചര്യമാണുള്ളത്.

കുറിപ്പ്: ഫാബിയോ പരാസെകൊളിയുടെ പുസ്തങ്ങളെക്കുറിച്ച് കൂടുതലറിയാൻ https://fabioparasecoli.com/

Related Stories

No stories found.
logo
The Cue
www.thecue.in