കവിതയുടെ കാര്‍ബണ്‍ ഡേറ്റിങ്

കവിതയുടെ കാര്‍ബണ്‍ ഡേറ്റിങ്

ആളില്ലാതെ അനുഭവം ഉണ്ടാകുമോ എന്ന ഞെട്ടലിനേയും അനുഭവത്തിന്റെ ഭാരം താങ്ങാനാകാതെ കഥ പറയാന്‍ തുടങ്ങുന്ന ആധുനികരായ ആളുകളെയും ഇറക്കി വിട്ടാല്‍പിന്നെ എന്ത് ശേഷിക്കുമോ അതാണ് ഈ കവിതാ സമാഹാരം. ഭാഷയുടെ ഓര്‍മ്മയിലാണത് പണിയെടുക്കുന്നത്. ഓര്‍മ്മയുടെ ഭാഷയിലല്ല. അനുഭവമാകുന്നതിന് തൊട്ടു മുന്‍പുള്ള ഭവപരമായ എന്തോ ഒന്നിനെയാണ് ഈ കവിതകള്‍ തൊടുന്നത്. അതിന്റെ perceptual economy മലയാള കവിതയ്ക്ക് അത്ര പരിചിതമല്ല. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ പിന്‍വാങ്ങി നില്‍ക്കുന്ന ഈ കവിതകളുടെ ഇന്ദ്രിയതീവ്രത പതുക്കെയാണ് വായിക്കുന്നയാളിലേക്ക് എത്തുക. ഇറങ്ങിപോകാന്‍ കാലങ്ങള്‍ എടുക്കും. ചിലപ്പോള്‍ ഇറങ്ങി പോകുകയും ഇല്ല.

ഇതില്‍ ഉടല്‍ എന്ന സമഗ്രത ഒരൊറ്റ കവിതയിലെ ഉള്ളൂ; 'പുരാണന്‍' എന്ന കവിതയില്‍. 'ആയിരം വര്‍ഷം മതിക്കുന്ന' ഒരു ഉടല്‍ ഉണ്ട് ആ കവിതയില്‍. ബാക്കി കവിതകള്‍ മുഴുവന്‍ ഈ ഉടലിനെ കാഴ്ച , കേള്‍വി, സ്പര്‍ശം , ഗന്ധം, രുചി എന്നും, ചങ്ക്, ഹൃദയം, കരള്‍, പല്ല്്്്്, കണ്ണ്, വിരല്‍, നഖം, നഖമുന, മുടി എന്നും ഇന്ദ്രിയങ്ങളായും അവയവങ്ങളായും അടുക്കി പെറുക്കി വെക്കുന്നു. ഉടലിനെ ഇത്ര ശ്രദ്ധയോടെ ഉടയ്ക്കുന്ന കവിതകള്‍ മലയാളത്തില്‍ കുറവാണ്. അന്തരാവയവങ്ങളോടൊക്കെ ഇത്ര സ്‌നേഹത്തോടെ ആര് സംസാരിച്ചിട്ടുണ്ട്! ആ പേരില്‍ കവിതയെഴുതിയിട്ടുണ്ട്! ഉടല്‍ തന്നെയാണ് അതിന്റെ മീഡിയം എന്ന ഉറപ്പില്‍ നിന്നാണ് അതിനു ഈ സ്‌നേഹവും വരുന്നത്. (അത് വൈരാഗിയുടെ ഉടല്‍ ആകാതിരിക്കുന്നത് ഈ സ്‌നേഹത്തില്‍ നിന്നുമാണ്.) ഈ ഉറപ്പു കൊണ്ടും ഈ ഉറപ്പിന് പിന്നാലെ അറപ്പില്ലാതെ പോകാന്‍ കഴിയുന്ന കാവ്യവൈഖരി കൊണ്ടും അനുഗ്രഹിക്കപ്പെട്ട ഈ കവിതകള്‍ക്കു സ്വന്തം ആത്മശേഷിയെ പറ്റി ഇല്ല സംശയം. കപട വിനയത്തിലും എന്ത് കൊണ്ടും നല്ലതു ഒള്ളത് പറയുകയാണെന്ന് തീരുമാനിച്ചിട്ടുള്ളതുകൊണ്ട് ഈ കവിതകള്‍ പലപ്പോഴും മഹോദ്യമത്തിനു ഒരുങ്ങുന്നു. ചിലപ്പോഴെങ്കിലും 'തെങ്ങില്‍ ശിഖരം സങ്കല്‍പ്പിക്കുന്നു'.

ഇന്ദ്രിയങ്ങളെ അഴിച്ചു പരത്തിയിടുന്ന പണി ചെയ്ത ശേഷം 'തുമ്പികള്‍ക്കു മാത്രം എടുക്കാന്‍ പറ്റുന്ന കല്ലാണത്' എന്നൊരു ക്ലൂവും തരുന്നുണ്ട് കവി . ഇന്ദ്രിയങ്ങളില്‍ ഈ കവിതകള്‍ക്ക് പഥ്യം കേള്‍വി തന്നെ. കണ്ടു തീരാത്ത ആധുനികതയുടെയും കണ്ടതല്ലാതെ ഞാന്‍ കേട്ടതേയില്ല എന്ന് വിനയാന്വിതമായ ആധുനികാനന്തരതയുടെയും അടുത്ത് കേള്‍വിയെക്കാളിമ്പത്തോടെ കൊണ്ട് വക്കുന്നു ഈ സമാഹാരത്തിലെ ആദ്യ കവിത. കവിതയെ അത് കേള്‍ക്കാന്‍ വിളിക്കുന്നു. കേള്‍വിയെ കവിതയാകാന്‍ വിളിക്കുന്നു. ബൈജുവിന്റെ പല കവിതകളും വരാനിരിക്കുന്ന സോണിക് ആര്‍ട്ടിനെ മുന്‍കൂട്ടി കേള്‍പ്പിക്കുന്നുണ്ട്. 'Echolocating ഔഷധി' എന്ന കവിത ഈ ദിശയില്‍ ശബ്ദത്തോട് വഴി ചോദിച്ചു പോകുന്ന വാവല്‍ ആണ്. അമ്പത്തൊന്നു അക്ഷരമുണ്ടായിട്ടും ഖരവും അതിഖരവും മൃദുവും ഘോഷവും ഉണ്ടായിട്ടും ചൊല്‍ക്കാഴ്ചയില്‍ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാത്ത ശബ്ദ പരിശ്രമങ്ങളോട് പരിഭവമൊന്നുമില്ലാതെ സറൗണ്ടില്‍ മിക്‌സ് ചെയ്ത ട്രാക്കുമായി നില്‍ക്കുകയാണ് ഇതിലെ പല കവിതകളും.നിങ്ങളുടെ കേള്‍വിയൊക്കെ കാലിബ്രേറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് കൊള്ളാം എന്ന നിസ്സംഗതയോടെ നിലയെടുത്തു നില്‍ക്കുന്ന മലയാള കവിതയാണിത്.

സ്പര്‍ശം ആണ് ഈ കവിതകള്‍ പിന്നെ വിസ്തരിക്കുന്ന ഒരു ഇന്ദ്രിയം. ഇല്ലായ്മയായും ആകായ്മയായും അഭാവത്തിന്‍ പരകോടിയില്‍ ഭാവമാകുന്നു 'സ്പര്‍ശം കിട്ടായ്മ' എന്ന കവിതയില്‍ സ്പര്‍ശം. അത്രയ്ക്കും ഞെട്ടിക്കാതെ സാവധാനം സാധ്യതകള്‍ അന്വേഷിക്കുന്ന കവിതകളും ഉണ്ട്. നഖം വെട്ടും മുന്നേ വന്നാല്‍ ഉണ്ടാകാവുന്ന ക്ഷതമായും കൊഴിയുന്ന തൂവല്‍ പറന്നു പോകും മുന്‍പ് തന്നേക്കാവുന്ന സുഖമായും നടക്കാനിടയുള്ളതോ നടക്കാനേയിടയില്ലാത്തതോ ആയ സാധ്യതകളുടെ സംഘാതമായാണ് സ്പര്‍ശം മറ്റ് ചില കവിതകളില്‍ വരുന്നത്. രണ്ടും കല്‍പ്പിച്ച് സ്പര്‍ശിക്കുന്ന ആരും ഇല്ല ഈ കവിതകളില്‍. എന്നാലോ അസ്പൃശ്യതയും ഇല്ല. പുക എടുക്കുന്ന ചുണ്ടുകളുടെ സ്പര്‍ശവും മുറിവില്‍ മരുന്നു നല്‍കുന്ന നീറ്റലും ഒക്കെ ഇതില്‍ സ്പശം തന്നെ. 'ഇല്ലാത്തയാളുടെ ഇല്ലായ്മ മിന്നലായ് മേഘം പുതക്കുന്ന' ഒന്നായും 'പെയ്യാത്ത നീരിന്റെ പെയ്ത്താണ് ചൂടെന്ന് പയ്യെ കറങ്ങുന്ന പങ്ക'യായും സ്പര്‍ശത്തെ ചര്‍മ സാധ്യതയാക്കി അനുഭവത്തിന്റെ വക്കില്‍ കൊണ്ടുവന്നു നിര്‍ത്തുന്നു ഈ കവിതകള്‍.

കാഴ്ചയെ വീണ്ടും കാണാനാണു ഈ കവിതകള്‍ ശ്രമിക്കുന്നത്. 'ഘ്രാണപ്രകാശം' ,'കല ജീവിതം തന്നെ' തുടങ്ങിയ കവിതകളില്‍ ദൃശ്യകലയുടെ റഫറന്‍സുകള്‍ വരുമ്പോള്‍ പാതിരാ കോമ്പസിഷന്‍, അഴി , 'വിഡംബനം' പോലെ സ്വയം ദൃശ്യമാകുന്ന കവിതകളും ഇതിലുണ്ട്. 'അംഗാരം' പോലെ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും കണക്കു പറഞ്ഞു പണി കൊടുക്കുന്ന കവിതകളും ഉണ്ട് ഈ കൂട്ടത്തില്‍. (ഇങ്ങനെ പേരെടുത്തു പറഞ്ഞു തെളിവ് നിരത്തി വാദിച്ച് ജയിക്കേണ്ട കേസല്ല കവിതയെന്നതിനാല്‍ ഈ ശ്രമം ഇവിടെ നിര്‍ത്തുന്നു.)

ആളൊഴിഞ്ഞ പറമ്പുകളിലൂടെ ആധിയില്ലാതെ നടക്കാനിറങ്ങുന്ന ഒരു ഞാനും നീയും കൂടിയുണ്ട് ഇതില്‍ ഇടക്കെങ്കിലും. വെറും പറമ്പല്ല അത്. നെയ്തല്‍ ആണ് അതിന്റെ ഭൂ പ്രദേശം. തരിമണലും വെള്ളാമ്പല്‍ വിരിയുന്ന കായലോരങ്ങളും ഉള്ള വിസ്തൃതവും വിസ്മൃതവുമായ ഭൂപ്രദേശം. ഇത്തരമൊരു സ്ഥലത്തു കവി കുട്ടിക്കാലം ചെലവഴിച്ചിരുന്നു എന്ന അധിക അറിവ് അപ്രസ്‌ക്തമാകുന്ന രീതിയിലാണ് കാവ്യപ്രേരണ ഇതില്‍ പ്രവര്‍ത്തിക്കുന്നത്. പറയാനേറെയുള്ളൊരു ആത്മം കൊരക്കിനു പിടിച്ച് എഴുതിച്ചവയേയല്ല ഈ കവിതകള്‍ എന്നത് കൊണ്ട് കാവ്യപ്രേരണയെക്കുറിച്ചുള്ള ചര്‍ച്ച എവിടെയും എത്താന്‍ പോകുന്നില്ല. എത്തിയ ചരിത്രവും ഇല്ല. അങ്ങനെ നോക്കുമ്പോള്‍ ആധുനിക പൂര്‍വമായ കാവ്യാനുശീലനം കൊണ്ട് ആധുനികതയുടെ മറുകണ്ടം ചാടുന്ന കാവ്യവൃത്തിയാണിത്. മാറ്റൊലി തന്നെ ഒലി എന്ന് മാറ്റൊലിയെ മാറ്റം ചുരികയാകുന്ന ഈ കടത്തനാടന്‍ പ്രയോഗത്തില്‍ കവിയ്ക്ക് കൂട്ട് ലീലാതിലകവും ഭാഷാഭൂഷണവും ആശാനും ഉണ്ണായി വാര്യരും. മാറ്റൊലിയുടെ ഒലി മുഴുവന്‍ എടുത്തു മാറ്റിയാലും ചെഷയര്‍ പൂച്ചയുടെ ചിരി പോലെ ഇതിലെ കവിത നില്‍ക്കുകയും ചെയ്യും. ആ ചിരിയുടെ ഒളിയില്‍ കാണി നേരം കാണാന്‍ കിട്ടുന്ന ഒരാളുണ്ട് ഈ കവിതകളില്‍. 'പല്ലിന്റെ വെളിച്ച'ത്തിലും 'കണ്ണിന്റെ തിളക്ക'ത്തിലും മാത്രമേ അയാളെ കാണാന്‍ കിട്ടൂ. അയാള്‍ക്കാണെങ്കിലോ നളനായാലും കൊള്ളാം നളിനിയായാലും കൊള്ളാം ഇത്രയും ബിംബ സമൃദ്ധി കൊണ്ട് ഇപ്പൊ എന്ത് ചെയ്യാനാണ് എന്നൊരു മട്ടാണ്. ശ്രീ ബുദ്ധനും ശ്രീ നാരായണ ഗുരുവും ശ്രീയേശുവും ഒക്കെ അര്‍ഥം ഭേദിക്കാനായുള്ള ഒരേ അക്ഷരക്കൂട്ടത്തിന്റെ പാച്ചിലാണ്. തുണിയുടെ ഭാരമില്ലാതെ കാശിക്കു പോകുന്ന അലക്കുകാരന്റെ കൂടെ ആദരാല്‍ വരുന്ന കഴുതയുടെ ജീവശരീരത്തില്‍ ഉള്ള ചരിത്ര മുഹൂര്‍ത്തങ്ങളാണ്. അയാളുടെ കയ്യില്‍ ഭാഷയുടെ ഏതു നൂലും മാലയാകും ഏതു മാലയും നൂലാകും - നൂലാമാലയാകും!

'അക'ത്തില്‍ നിന്നും ഈ സമാഹാരത്തില്‍ എത്തുമ്പോഴേക്കും അകവും പുറവുമല്ല രാത്രിയും പകലുമല്ല എന്ന് ഉമ്മറപ്പടിമേല്‍ ഇരുപ്പാണ് ഈ കവിതകള്‍. സമകാലികമല്ലെന്ന ഉറപ്പാണ് ഇതിന്റെ ഉറപ്പ്. ചുരുക്കി പറഞ്ഞാല്‍, ഇന്ദ്രിയ ബദ്ധവും ശരീര സ്ഥിതവുമായ ഒന്നിനെ ഭാഷയില്‍ ആവാഹിക്കുകയും അനുഭവത്തിന്റെ ഭാരത്തെ ഉച്ചാടനം ചെയ്യുകയും ചെയ്യുന്നവയാണീ കവിതകള്‍. എളുപ്പമല്ല ആ രണ്ടു പണികളും ഒരുമിച്ചു ചെയ്യല്‍. 'മല്പിടിക്കാന്‍ ഒരാള്‍ വേണം ബലിഷ്ഠന്‍' എന്ന് തന്നെ സ്വയം കരുതുന്നു അത്. അത് ഒറ്റയ്ക്കു തെങ്ങില്‍ ശിഖരങ്ങള്‍ സങ്കല്‍പ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

(വയലാറ്റ പ്രസിദ്ധീകരിക്കുന്ന ബൈജു നടരാജന്റെ 'ഒന്നുമൊന്നുമൊന്നല്ല' എന്ന പുസ്തകത്തില്‍ നിന്ന്)

Related Stories

No stories found.
logo
The Cue
www.thecue.in