ഭാഷകളുടെ ദേശാടനം; ഡോ.സന്തോഷ് അലക്‌സ്‌ അഭിമുഖം

ഭാഷകളുടെ ദേശാടനം; ഡോ.സന്തോഷ് അലക്‌സ്‌ അഭിമുഖം

ഭാഷാപരമായ അതിര്‍വരമ്പുകള്‍ മറികടന്ന് എഴുത്തിന്റെ വൈവിധ്യമായ അനുഭവലോകത്തെ ഉള്‍ക്കൊള്ളാന്‍ നമ്മെ പ്രാപ്തരാക്കുന്നത്‌ വിവര്‍ത്തകരാണ്. എഴുത്തുകാരനും വായനക്കാരനുമിടയിലെ ഈ അദൃശ്യ സാന്നിധ്യം അംഗീകരിക്കപ്പെടാനും പുറം ചട്ടകളിലെക്ക് ഇറങ്ങിവരാനും തുടങ്ങിയിട്ട് വളരെക്കാലമായിട്ടില്ല. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 30 അന്താരാഷ്‌ട്ര വിവര്‍ത്തന ദിനമായി ആചരിക്കുന്നത് ഇതിനായി ജീവിതം മാറ്റിവെച്ച ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കൂടിയാണ്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി അഞ്ച് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുന്ന മലയാളിയായാണ് ഡോ. സന്തോഷ് അലെക്സ്. ഹിന്ദി, തെലുങ്ക് , തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ എഴുത്തുകാരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള അദ്ദേഹം കൊച്ചിന്‍ ലിറ്റ് ഫെസ്റ്റിന്റെ സ്ഥാപകന്‍ കൂടിയാണ്.

Q

വിവർത്തന മേഖലയിൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന താങ്കളുടെ എഴുത്തിലേക്കുള്ള കടന്നുവരവ്‌ എങ്ങനെയായിരുന്നു?

A

1992-94 കാലത്താണ് ഞാൻ കൊച്ചി സർവകലാശാലയിലെ ഹിന്ദി വിഭാഗത്തിൽ നിന്നും എം.എ. ഹിന്ദി പഠിക്കുകയും, ഒപ്പം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ എന്ന കോഴ്സ് ചെയ്യുകയും ചെയ്തത്. ആ സമയത്ത് എം.എ. അവസാന വർഷ പരീക്ഷകൾ കഴിഞ്ഞ് 6 മാസം കൂടി ട്രാൻസ്‌ലേഷൻ കോഴ്സ് പൂര്‍ത്തിയാക്കാന്‍ എനിക്ക് സർവകലാശാലാ ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നു. കോഴ്സ് പൊതുവേ രാവിലെ 8 മണി മുതൽ 10 മണി വരെയാണ്, അത് കഴിഞ്ഞാൽ ബാക്കി സമയം ഒഴിവും. അങ്ങിനെയിരിക്കുമ്പോൾ കോഴ്സിൽ പഠിച്ച തിയറി എങ്ങിനെ പ്രാക്ടിക്കൽ ആക്കാം എന്ന ചിന്തയിൽ നിന്നാണ് ഞാൻ ട്രാൻസ്‌ലേറ്റ് ചെയ്തു തുടങ്ങുന്നത്. എൻ.എസ്. മാധവന്റെ "തിരുത്ത്" എന്ന കഥയാണ് ആദ്യം വിവര്‍ത്തനം ചെയ്തത്. അന്നെനിക്ക് ആ കഥയുടെ മേന്മയെ പറ്റിയോ, പ്രാധാന്യത്തെ പറ്റിയോ അറിവില്ലായിരുന്നു. എങ്കിലും ആ വിവര്‍ത്തനം എന്റെ ഗുരുനാഥൻ ശ്രീ. എ. അരവിന്ദാക്ഷൻ സാറിനെ കാണിച്ചു. അദ്ദേഹം അത് കറക്റ്റ് ചെയ്തു തരാം എന്ന് പറഞ്ഞ് കുറേ നാളുകൾക്ക് ശേഷം എന്നോട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. തൃക്കാക്കരയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു ഞായറാഴ്ച ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോള്‍ ആ ട്രാൻസ്‌ലേഷൻ അതേ പടി എനിക്ക് തിരിച്ച് തരികയും മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് ചെയ്ത ട്രാൻസ്‌ലേഷൻ ശരിയായില്ല, അതുകൊണ്ട് അത് വീണ്ടും ചെയ്യേണ്ടി വരും എന്നും പറഞ്ഞു. അദ്ദേഹമാണ് തുടക്കത്തിൽ എങ്ങിനെയാണ് വിവർത്തനം ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നത്. അതിനുശേഷം ഞാൻ ചെറുകഥകൾ ട്രാൻസ്‌ലേറ്റ് ചെയ്യാന്‍ തുടങ്ങി. മാധവിക്കുട്ടിയുടെ "കോലാട്" എന്ന കഥയാണ് പിന്നീട് വിവര്‍ത്തനം ചെയ്തത്. ആ കഥ വളരെ ഭംഗിയാവുകയും, അരവിന്ദാക്ഷന്‍ സാറിനെ കാണിച്ചപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ഞാൻ കൊച്ചിയിൽ രവിപുരത്തുള്ള മാധവിക്കുട്ടിയുടെ ഫ്ലാറ്റിൽ മുൻകൂട്ടി അനുവാദം വാങ്ങി അവരെ ചെന്ന് കണ്ട് കഥയുടെ വിവര്‍ത്തനം വായിച്ചു കേൾപ്പിച്ചു. വിവര്‍ത്തനം അവര്‍ക്ക് ഇഷ്ടപ്പെടുകയും അതിന് അനുവാദം തരികയും ചെയ്തു. അങ്ങിനെയാണ് ഞാൻ ട്രാൻസ്‌ലേഷൻ തുടങ്ങുന്നത്.

Q

വിശാഖപ്പട്ടണത്തും കൊച്ചിയിലുമായി പടര്‍ന്നുകിടക്കുന്ന എഴുത്തുജീവിതം ഭാഷാപരമായി എങ്ങനെയാണ് താങ്കളെ രൂപപ്പെടുത്തിയത്?

A

ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം 1996ൽ ഞാന്‍ വിശാഖപട്ടണത്ത് സി.ഐ.എഫ്.ടി. എന്ന കേന്ദ്ര സർക്കാര്‍ സ്ഥാപനത്തിൽ ജോലിയില്‍ പ്രവേശിച്ചു. എന്റെ കുട്ടിക്കാലം വിശാഖപട്ടണത്ത് തന്നെ ആയിരുന്നു. അച്ഛന്‍ കേന്ദ്രീയ വിദ്യാലയത്തിലെ ജീവനക്കാരൻ ആയതുകൊണ്ട് കുടുംബം വിശാഖപട്ടണത്താണ് താമസിച്ചിരുന്നത്. എന്റെ എൽ. കെ. ജി, യൂ.കെ. ജി എന്നിവയെല്ലാം വിശാഖപട്ടണത്ത് ആയിരുന്നു. അതിനു ശേഷം ആന്ധ്രയില്‍തന്നെ മറ്റൊരു സ്ഥലത്തേക്ക് അച്ഛന് സ്ഥലംമാറ്റം കിട്ടുകയും അവിടെ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ ഞാൻ പഠിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ജോലിയിൽ പ്രവേശിക്കുന്നതിന് വളരെ മുൻപേ തന്നെ എനിക്ക് തെലുങ്ക് നന്നായി സംസാരിക്കാൻ അറിയുമായിരുന്നു. പക്ഷെ 1996ൽ ജോലിക്കായി വീണ്ടും വിശാഖപട്ടണത്ത് എത്തുന്നതോടു കൂടിയാണ് എന്റെ ശരിക്കുള്ള എഴുത്ത് ജീവിതം തുടങ്ങുന്നത്. അന്ന് ഞാൻ വിവാഹിതനല്ല, അതുകൊണ്ടുതന്നെ കിട്ടിയ സമയം മുഴുവന്‍ എഴുത്ത് , വായന, വിവർത്തനം എന്നിവ തുടർന്നു പോന്നു. അക്കാലത്ത് കഥകളും, കവിതകളും വിവർത്തനം ചെയ്തു. മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കാണ് കൂടുതലും വിവർത്തനം ചെയ്തുകൊണ്ടിരുന്നത്. അതിനു ശേഷം ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും, തെലുങ്കിൽ നിന്ന് ഹിന്ദിയിലേക്കും വിവർത്തനം ചെയ്തു. പിന്നീടോരിക്കല്‍ തിരുവനന്തപുരത്ത് വച്ച് അഭിനയ തീയേറ്റർ റിസർച്ച് സെന്റർ സംഘടിപ്പിച്ച ഹെർമൻ ഹെസ്സെയുടെ ‘സിദ്ധാർത്ഥ’ എന്ന നോവലിന്റെ നാടകരൂപ്പം കാണുകയും ആ നാടകത്തിന്റെ തിരക്കഥ വാങ്ങിച്ച് അത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഭാഷ രൂപപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞാല്‍, ഞാൻ കുഞ്ഞായിരുന്നപ്പോൾ തെലുങ്ക് സംസാരിക്കാൻ പഠിച്ചതും, ജോലിയിൽ പ്രവേശിച്ച ശേഷം ഉണ്ടാവുന്ന അറിവും രണ്ടു രണ്ടാണല്ലോ. വിശാഖപട്ടണത്തെ ജീവിതം എന്ന് പറയുമ്പോള്‍, അവിടെ സുഹൃത്തുക്കളായി ഒരുപാട് എഴുത്തുകാര്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ച് തെലുങ്ക് എഴുത്തുകാരുമായി നല്ല സൗഹൃദവും സാഹിത്യ സംഘടനകളുമായി നല്ല അടുപ്പവും ഉണ്ടായിരുന്നു. കൂടാതെ, ഈ സംഘടനകൾ സംഘടിപ്പിക്കുന്ന വിവിധ തരത്തിലുള്ള സാഹിത്യ പരിപാടികളില്‍ ക്ഷണിക്കപ്പെടുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. തെലുങ്കിൽ നിന്നുള്ള എഴുത്തുകാരുടെ കൃതികള്‍ ആസ്വദിക്കുവാനും പല പ്രോഗ്രാമുകളിൽ പങ്കെടുക്കുവാനും സാധിച്ചതിനാല്‍ പിൽക്കാലത്ത് വിവർത്തനങ്ങൾ ചെയ്യുമ്പോൾ അത് കുറച്ചുകൂടി ഉൾക്കൊണ്ട് ചെയ്യാൻ സാധിച്ചു.

Q

അഞ്ച് ഭാഷകളില്‍ എഴുതുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നുണ്ടെന്നു പറഞ്ഞല്ലോ. വ്യത്യസ്ത ഭാഷകളില്‍ സാഹിത്യ ഇടപെടലുകള്‍ നടത്തുബോള്‍ ഏറ്റവുമധികം സംതൃപ്തി നല്‍കുന്നത് ഏതാണ്, എന്തുകൊണ്ട് ?

A

ഞാൻ അഞ്ച് ഭാഷകൾ സംസാരിക്കുകയും, കഴിഞ്ഞ ഇരുപത്തിയെട്ട് വർഷമായി ഈ അഞ്ച് ഭാഷകളിൽ വിവർത്തനം ചെയ്തു പോരുകയും ചെയ്യുന്നു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ നേരിട്ടാണ് വിവർത്തനം ചെയ്യുന്നത്. തെലുങ്കില്‍ നിന്നും തമിഴിൽ നിന്നും ലൈവ് ട്രാന്‍സ്ലേഷന്‍ ആണ് ചെയ്തു പോരുന്നത്. എല്ലാ ഭാഷകൾക്കും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. എല്ലാ ഭാഷയിലും വളരെ നല്ല എഴുത്തുകാരും ഉണ്ട്. ഈ അഞ്ചു ഭാഷകളിൽ ഏതാണ് മികച്ചത് എന്ന് പറയുന്നതിനേക്കാള്‍ നല്ലത് ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറയുന്നതാണ്. കാരണം മിക്ക ഭാരതീയ ഭാഷകളിലും സംസ്കൃതത്തിന്റെ ഒരു സ്വാധീനം ഉണ്ട്. അതുകൊണ്ട് തന്നെ ഭാരതീയ ഭാഷകളിൽ പലതും അങ്ങോട്ടും ഇങ്ങോട്ടും വിവർത്തനം ചെയ്യുമ്പോൾ ഒരു ഏകരൂപത നമുക്ക് കിട്ടും. മറ്റൊരർത്ഥത്തിൽ, നമ്മുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പറയുവാൻ സാധിക്കും. പക്ഷേ നമ്മൾ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോൾ വളരെയേറെ പ്രയാസങ്ങൾ നേരിടേണ്ടി വരും, കാരണം ഇംഗ്ലീഷ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും ഭാരതീയ ഭാഷകളിൽ നിന്നുള്ള കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തണം ചെയ്യുമ്പോൾ നമുക്ക് മൂല കൃതിയുടെ നിന്ന് പതിനഞ്ച് ശതമാനമെങ്കിലും നഷ്ടപ്പെടും. നമ്മൾ ഒരുപാട് സ്വാതന്ത്ര്യം എടുത്താണ് ഇംഗ്ലീഷിലേക്ക് വിവർത്തം ചെയ്യുന്നത്. വീണ്ടും ആ ഇംഗ്ലീഷ് വിവർത്തനത്തിൽ നിന്ന് മറ്റൊരു ഭാരതീയ ഭാഷയിലേക്ക് പോകുമ്പോൾ വീണ്ടും ഒരു പതിനഞ്ച് ശതമാനം കൂടി നഷ്ടപ്പെടുന്നു. അതായത് യഥാർത്ഥ കൃതിയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് എത്തുമ്പോൾ മുപ്പതു ശതമാനം അവിടെ നഷ്ടപ്പെടുന്നു എന്നുള്ളതാണ്. അതുകൊണ്ട് രണ്ടു ഭാഷകൾ അറിയാമെങ്കിൽ ലൈവ് ആയി എഴുത്തുകാരനും വിവർത്തകനും ഒന്നിച്ചിരുന്ന് വിവർത്തനം ചെയ്യുമ്പോൾ ഈ മുപ്പത് എന്നുള്ളത് ഒരു ഇരുപത്തിയഞ്ചു ശതമാനമായി ലാഭിക്കാമെന്ന് ഞാൻ പലപ്പോഴും ക്ലാസ്സ് എടുക്കുമ്പോൾ കുട്ടികളോട് പറയാറുണ്ട്. മുൻപ് പറഞ്ഞതു പോലെ പലപ്പോഴും ഇംഗ്ലീഷ് ഭാഷയുടെ ഭംഗി നമുക്ക് മലയാളത്തിൽ കൊണ്ട് വരാൻ പറ്റില്ല. അതേപോലെ മലയാളത്തിന്റെ ഭംഗി ഇംഗ്ലീഷിലേക്കും. ഇതെല്ലാം ഒരു ശ്രമത്തിന്റെ ഭാഗമാണ്. വിവർത്തകർ ഇല്ലാതെ ഈ ലോകത്തിലെ ബഹുഭൂരിപക്ഷം എഴുത്തുകാരെ നമ്മൾക്ക് അറിയാനോ, അവരുടെ കൃതികൾ വായിക്കാനോ സാധിക്കുകയില്ല. വിവർത്തനവും വിവർത്ത കരും ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. പുതിയ സാങ്കേതിക വിദ്യയുടെ ഈ യുഗത്തിൽ വിവർത്തനം അത്യാവശ്യമായ ഒരു ഘടകം കൂടിയാണ്.

Q

എഴുത്തുകാരൻ, വിവർത്തകൻ എന്നീ നിലകളിൽ ഏതെങ്കിലും ഭാഷയോട് പ്രത്യേക മമത പുലര്‍ത്തിയിട്ടുണ്ടോ?

A

ഏതെങ്കിലും ഭാഷയോട് പ്രത്യേക മമത തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ, എന്റെ തട്ടകം ഹിന്ദി ആയതുകൊണ്ട് ഹിന്ദി ഭാഷയോടാണ് എന്ന് ഒരർത്ഥത്തിൽ പറയാം. മറ്റുള്ള ഭാഷകളെ പോലെ ഹിന്ദിയും നമ്മുടെ ദേശീയ ഭാഷയാണ്. പലർക്കും ഹിന്ദി മാത്രമാണ് നമ്മുടെ ദേശീയ ഭാഷ എന്ന തെറ്റിദ്ധാരണ ഉണ്ട്, എന്നാൽ അങ്ങിനെയല്ല, എല്ലാ ഭാരതീയ ഭാഷകളും ദേശീയ ഭാഷ തന്നെയാണ്. എന്നാൽ ഇന്ത്യയിൽ കൂടുതല്‍ ആളുകള്‍ സംസാരിക്കുകയും പറയുകയും ചെയ്യുന്ന ഭാഷ ഹിന്ദിയാണ്. അതുകൊണ്ട് തന്നെ എന്റെ ഒരു ലക്ഷ്യം എന്ന് പറയുന്നത് എനിക്കറിയാവുന്ന ഭാരതീയ ഭാഷകളിൽ നിന്ന് എഴുത്തുകാരെ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു ഹിന്ദിയിൽ പരിചയപ്പെടുത്തുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഹിന്ദിയിലെ എഴുത്തുകാരെയും ഞാൻ ഇംഗ്ലീഷിലേക്കും, മലയാളത്തിലേക്കും വിവർത്തനം ചെയ്തു പരിചയപ്പെടുത്തുന്നുണ്ട്. നമ്മുടെ ഭാരതീയ ഭാഷകളിൽ വളരെ നല്ല കൃതികളുണ്ടെന്നത് തന്നെയാണ് അതിനു കാരണം. അത് മറ്റ് ഭാരതീയ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പോണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മുൻപ് പറഞ്ഞതു പോലെ ഇംഗ്ലീഷിൽ നിന്നാണ് ആ വിവർത്തനം പോകുന്നതെങ്കിൽ നമുക്ക് ഒരുപാട് ഒറിജിനലിൽ നിന്ന് നഷ്ടപ്പെടും. അതുകൊണ്ട് തന്നെ എപ്പോഴും ഒരു തെലുങ്ക് എഴുത്തുകാരനോ, തമിഴ് എഴുത്തുകാരനോ, ബംഗാളി എഴുത്തുകാരനോ, മലയാളി എഴുത്തുകാരനോ ആയിക്കോട്ടെ അവരെല്ലാം അവരുടെ കൃതികൾ ഇംഗ്ലീഷിൽ വരണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ ഉപരി അവർ ആഗ്രഹിക്കുന്നത് അത് ഹിന്ദിയിൽ വരണം എന്നുള്ളതാണ്. എന്തെന്നാല്‍ ഹിന്ദിയില്‍ വിവര്‍ത്തനം വന്നു കഴിഞ്ഞാൽ അതില്‍നിന്ന് വീണ്ടും മറ്റ് ഭാരതീയ ഭാഷകളിലേക്ക് വളരെ എളുപ്പത്തിൽ വിവർത്തനം ചെയ്തു പോവുകയും അത് ഒറിജിനലിൽ നിന്ന് ഒരുപാട് നഷ്ടപ്പെടാതെയായിരിക്കുകയും ചെയ്യും. അതുകൊണ്ട് തീർച്ചയായും എനിക്ക് താത്പര്യം ഹിന്ദിയാണ്, ഇംഗ്ലീഷിലേക്കും ചെയ്യാറുണ്ട് എന്നുള്ളത് മറ്റൊരു വസ്തുതയാണ്.

Q

മലയാളത്തിലും ഹിന്ദിയിലും താങ്കളെ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാര്‍ ആരൊക്കെയാണ്?

A

മലയാളത്തിലും ഹിന്ദിയിലും ഒരുപാട് നല്ല എഴുത്തുകാരുണ്ട്. ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ എന്റെ മേഖല ഹിന്ദിയാണ്. അതുകൊണ്ടുതന്നെ തീർച്ചയായും ഹിന്ദി എഴുത്തുകാരോടാണ് മലയാളം എഴുത്തുകാരെക്കാൾ ഒരു പടി താത്പര്യം കൂടുതല്‍ ഉള്ളത്. ഹിന്ദി എഴുത്തുകാരിൽ പ്രത്യേകിച്ച് കവികളിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട കവിയാണ് ജ്ഞാനപീഠം ജേതാവായ കേദാർനാഥ് സിംഗ്. അത് കൂടാതെ ഇഷ്ടപ്പെട്ട ഒരുപാട് നല്ല കവികൾ ഹിന്ദിയിൽ ഉണ്ട്. ആലോക് ധന്വാ, നരേഷ് സക്സേന, ബോധിസത്വ തുടങ്ങിയവരുടെ എഴുത്തുകള്‍ ഇഷ്ട്ടമാണ്. കേദാർനാഥ് സിംഗിനെ കവിതകളോടാണ് എനിക്ക് കൂടുതൽ താല്പര്യം. ഒരുതരത്തില്‍ അദ്ദേഹത്തിന്റെ കവിതകൾ എന്നെ സ്വാധീനിച്ചു എന്നു പറയുന്നതിൽ തെറ്റില്ല. അതുകൊണ്ട് തന്നെയാണ് എന്റെ പീ.എച്ച്.ഡീയുടെ വിഷയം മലയാളത്തിൽ നിന്ന് സച്ചിദാനന്ദൻ മാഷിന്റെയും ഹിന്ദിയിൽ നിന്ന് കേദാർനാഥ് സിംഗിന്റെയും കവിതകളിലെ മാനവീയ മൂല്യങ്ങൾ ആയി തിരഞ്ഞെടുത്ത്. കാഠ്പാടിയിലെ വീ. ഐ.ടീ. സർവകലാശാലയില്‍ നിന്നാണ് ആ വിഷയത്തില്‍ പീ.എച്ച്.ഡീ അവാർഡ് ചെയ്തത്.

Q

ദൂരം, ഞാൻ നിനക്ക് ഒരു ഗസൽ എന്നീ കവിതാസമാഹാരങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. കവിതയാണോ എഴുത്തില്‍ താല്പര്യം?

A

ഞാന്‍ മലയാളത്തിൽ രണ്ടു കവിതാസമാഹാരങ്ങളും, ഹിന്ദിയിൽ മൂന്ന് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ എന്റെ ആദ്യത്തെ കവിതാസമാഹാരം "ദൂരം" തിരുവനന്തപുരത്തുള്ള പരിധി പബ്ലിക്കേഷൻ 2008ൽ ആണ് പ്രസിദ്ധീകരിച്ചത്. 2013ൽ "ഞാൻ നിനക്കൊരു ഗസൽ" എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്‌ കണ്ണൂരിലെ പായൽ ബുക്ക്സും. ഹിന്ദിയിലെ എന്റെ ആദ്യത്തെ കവിതാസമാഹാരം "പാവ് തലേ കീ മിട്ടി" 2008ൽ ജാഗദൽപ്പൂരിൽ ആണ് പ്രസിദ്ധീകരിച്ചത്. ഹിന്ദിയിലെ എന്റെ രണ്ടാമത്തെ കവിതാസമാഹാരം "ഹമാരെ ബീച്ച് കാ മൗൻ" 2017ൽ ഓത്ഥേഴ്സ് പ്രസ്സ്‌ പ്രസിദ്ധീകരിച്ചു. മൂന്നാമത്തെ കവിതാസമാഹാരം "പിതാ മേരേ" കഴിഞ്ഞ ആഴ്ചയാണ് ഡൽഹിയിൽ പ്രസിദ്ധീകരിച്ചത്, അത് ഒരു ലമ്പകവിതയാണ്. എനിക്ക് കൂടുതലും കവിതകളോടാണ് താത്‌പര്യം. സ്കൂൾ കാലത്ത് ഒരിക്കൽ ഒരു മത്സരത്തിൽ ഇംഗ്ലീഷ് കഥക്ക് അഖിലേന്ത്യാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. അതല്ലാതെ ഞാൻ വേറെ കഥകൾ എഴുതിയിട്ടില്ല, എഴുതാൻ ശ്രമിച്ചിട്ടുമില്ല. ഹിന്ദിയിലും ഇംഗ്ലീഷിലും ലേഘനങ്ങൾ എഴുതാറുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കവിതകളോട് തന്നെയാണ് താത്പര്യം. വിവർത്തനങ്ങൾ കൂടുതൽ ചെയ്തതും, ചെയ്യാൻ ആഗ്രഹിക്കുന്നതും കവിതകൾ തന്നെയാണ്.

Q

എം.ടി., ടി. പത്മനാഭന്‍, ഓ.എന്‍.വി., മാധവിക്കുട്ടി, സച്ചിദാനന്ദന്‍, സക്കറിയ, സേതു, സാറ ജോസഫ്, പുനത്തില്‍, എന്‍.എസ്. മാധവന്‍, ചുള്ളിക്കാട് തുടങ്ങി നൂറ്റിയന്‍പതോളം എഴുത്തുകാരുടെ കൃതികള്‍ താങ്കൾ ഇതുവരെ വിവർത്തനം ചെയ്തു. വിവര്‍ത്തന സമയത്തെ ഏറ്റവും നല്ല അനുഭവങ്ങള്‍

A

കഴിഞ്ഞ 28 വർഷമായി ഏകദേശം 160 നു മുകളിൽ എഴുത്തുകാരെ 12 ഭാരതീയ ഭാഷകളിലെ വിവർത്തനങ്ങളിലൂടെ പരിചയപ്പെടുത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. കഥകൾ, കവിതകൾ, നാടകങ്ങൾ, ബാല സാഹിത്യം, ശാസ്ത്ര പുസ്തങ്ങള്‍ എന്നിവ ഞാൻ ഹിന്ദിയിലേക്കും മറ്റ് ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ഇതില്‍ എനിക്ക് ഏറ്റവും പ്രയാസം തോന്നിയത് കവിതകളുടെ വിവർത്തനം തന്നെയാണ്. കാരണം കവി ഉദ്ദേശിക്കുന്ന ഭാവമാണ് ഞാൻ മറ്റ് ഭാരതീയ ഭാഷകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഒരു കുഴപ്പം എന്ന് പറയുന്നത്, ഞാൻ വായിച്ചിട്ടുള്ള കവിതകളിൽ ഇതുപോലെ ഒതുക്കി കവിതകൾ പറഞ്ഞിട്ടുള്ള മറ്റൊരു ഭാരതീയ ഭാഷയും ഇല്ല. അതുകൊണ്ടുതന്നെ അവ വിവർത്തനം ചെയ്യാൻ പ്രയാസം ഉള്ളതാണ്. ഇന്നത്തെ കാലത്ത് എല്ലാ ഭാരതീയ ഭാഷകളിലും ഫ്രീ വേഴ്‌സിൽ തന്നെയാണ് കവിതകൾ എഴുതുന്നത്. പ്രാസത്തിലോ, ഛന്ദസ്സിലോ വളരെ കുറച്ച് കവികൾ മാത്രമേ എഴുതാറൊള്ളു. അത് വിവർത്തനം ചെയ്യാൻ ബുദ്ധിമുട്ടാണുതാനും. ഞാൻ വായിച്ചിട്ടുള്ള പല വിവർത്തന കവിതകളിലും സാധാരണ ഉപയോഗിക്കാത്ത വാക്കുകൾ ഉപയോഗിക്കാനും, കാഠിന്യമേറിയ പദങ്ങൾ പ്രയോഗിക്കാനും പലരും ശ്രമിക്കുന്നതായി കണ്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ അത്തരത്തിലുള്ള വിവർത്തനങ്ങൾക്ക് പൂര്‍ണ്ണമായ ആശയവിനിമയം നടത്താൻ സാധിക്കാറില്ല. കാരണം, വിവര്‍ത്തനത്തിന്റെ ആത്യന്തിക ലക്ഷ്യം ആശയവിനിമയം തന്നെയാണ്. കവിത നേരെച്ചൊവ്വെ ആശയവിനിമയം നടത്തപ്പെടാതെ വരുമ്പോൾ, അത് വിവർത്തനം ചെയ്യാൻ പ്രയാസമുള്ളതാണ് എന്നുള്ളതാണ് അതിനെ അർത്ഥം. മിക്കവാറും ഫ്രീ വേഴ്‌സിലുള്ള കവിതകള്‍ നമ്മുക്ക് ചെയ്യാൻ പറ്റും. പക്ഷേ അതിനെ ഭംഗിയായി, കവി ഉദ്ദേശിച്ച രീതിയിൽ മൂലഭാഷയിൽ നിന്ന് ലക്ഷ്യഭാഷയിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിക്കണം. അപ്പൊൾ മാത്രമാണ് ആ വിവർത്തനം കുറച്ചുകൂടി ജീവസ്സുറ്റതും, മൂലകൃതിയോടു ചെര്‍ന്നുനില്‍ക്കുന്നതും ആവുന്നത്. അപ്പോള്‍ മാത്രമാണ് മൂല ഭാഷയോട് നീതി പുലർത്തി എന്ന് ഒരാള്‍ക്ക്‌ പറയാനാവുക.

Q

സാധാരണഗതിയില്‍ വിവര്‍ത്തനത്തിനു പിടികൊടുക്കാത്ത ബഷീറിന്‍റെ കൃതികളില്‍ ചിലത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തത് എങ്ങനെയാണ്?

A

ബഷീറിന്റെ മൂന്നു നോവലുകളാണ് ഞാൻ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തത്. “ആനവാരിയും പൊൻകുരിശും”, “മതിലുകൾ”, “ജീവിതനിഴൽപാടുകൾ” എന്നിവ. അതിൽ മതിലുകൾ വിവർത്തനം ചെയ്തത് സാഹിത്യ അക്കാദമിക്ക് വേണ്ടിയായിരുന്നു. ബഷീറിന്റെ ജന്മശതാബ്ദി വർഷത്തില്‍ സാഹിത്യ അക്കാദമി ആവശ്യപ്പെട്ടിട്ടാണ് ആ നോവൽ ചെയ്തത്. അതുപോലെ ഉത്തരേന്ത്യയിലെ "LAU" എന്ന മാഗസിൻ ആവശ്യപ്പെട്ടാണ് ഞാൻ "ആനാവാരിയും പൊൻകുരിശും" ചെയ്തത്. പിന്നീട് അത് പുസ്തകരൂപത്തിൽ ആക്കിയപ്പോൾ മൂന്നും കൂടി ഒരു പുസ്തകത്തിൽ ഉൾക്കൊളിക്കുകയും കഴിഞ്ഞ വർഷം ന്യൂ ഡൽഹി ബുക്ക്‌ ഫെയറില്‍ അത് ഇറങ്ങുകയും ചെയ്തു. ബഷീറിന്റെ കൃതികൾ ഹിന്ദിയിലേക്കോ, മറ്റ് ഭാരതീയ ഭാഷകളിലേക്കോ അല്ലെങ്കില്‍ ഇംഗ്ലീഷിലേക്കോ വിവർത്തനം ചെയ്യാൻ ബുദ്ധിമുട്ടാണ്, കാരണം അദ്ദേഹത്തിന്റെ ഭാഷ അത്തരത്തിൽ ഉള്ളതാണെന്ന് ബഷീറിനെ വായിച്ചവർക്കെല്ലാം അറിയാം. ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തപ്പോൾ മതിലുകളും ജീവിതനിഴൽപ്പാടുകളും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്നാൽ, ആനവാരിയും പൊൻകുരിശും വിവർത്തനം ചെയ്തപ്പോൾ വളരെ അധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. കാരണം, "ആനയെ വാരുക" അല്ലെങ്കിൽ "ആനവാരി" എന്നതിന് "ഹാഥ്തി ബട്ടൂർ" എന്നാണ് ഞാൻ കൊടുത്തിരുന്നത്. ഇത് പെട്ടന്ന് പിടികിട്ടാത്ത ഹിന്ദിക്കാർക്ക് അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് അവർ അതിന്റെ വിവർത്തനം വായിച്ചു തുടങ്ങിയപ്പോള്‍ കാര്യം പിടികിട്ടുകയും ചെയ്തു. അതിന്റെ യഥാർത്ഥ കഥയിലുള്ള നർമ്മവും, സംഭാഷണ ശൈലിയും, കഥയുടെ ഒഴുക്കും വളരെ ഭംഗിയായി ഹിന്ദിയിൽ വന്നു എന്നുള്ളതാണ് ഏറ്റവും സന്തോഷത്തിന് വക നൽകിയത്. അതിനായി ഞാൻ ഡ്രാഫ്റ്റ് ഒരുപാട് പ്രാവശ്യം റീഡ്രാഫ്റ്റ് ചെയ്തു ശെരിയാക്കിയിരുന്നു. മറ്റ് നോവലുകളെ അപേക്ഷിച്ച് ഒരുപാട് കഠിനാധ്വാനം ചെയ്ത് വിവർത്തനം ചെയ്തത് കൊണ്ട് തന്നെ അതിന്റെ ഫലം അത്രതന്നെ വിജയകരമായിരുന്നു.

Q

ഭാരതീയ സാഹിത്യത്തിലെ അതികായന്മാരെ കണ്ടുമുട്ടുകയും അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്യുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാനുള്ള പ്രേരണാശക്തി എന്തായിരുന്നു?

A

ഭാരതീയ സാഹിത്യത്തിലെ അതികായൻമാരെ കണ്ടുമുട്ടി അവരുടെ കൃതികൾ വിവര്‍ത്തനം ചെയ്യാൻ ഞാന്‍ മനഃപ്പൂർവം ശ്രമിച്ചതല്ല. എന്റെ എഴുത്തുജീവിതത്തിന്റെ ഭാഗമായി സ്വാഭാവികമായി അത്തരം സന്ദര്‍‌ഭങ്ങള്‍ കടന്നു വരികയും അങ്ങനെ ഭാരതത്തിലെ വളരെ പ്രശസ്തരായ എഴുത്തുകാരെ നേരിട്ടറിയാനും, അവരെ പരിചയപ്പെടാനുമുള്ള സാഹചര്യം ഉണ്ടാവുകയുമാണ് ചെയ്തത്. പ്രത്യേകിച്ച് 2017 ല്‍ ഗോഹാട്ടിയിൽ നടന്ന സാഹിത്യ അക്കാദമിയുടെ ഒരു ദേശീയ മീറ്റിലേക്ക് എന്നെ ഹിന്ദി എഴുത്തുകാരനായി തിരഞ്ഞെടുതിരുന്നു. അവിടെ ഭാരതത്തിലെ 82 എഴുത്തുകാര്‍ മൂന്ന് ദിവസത്തെ വലിയൊരു മീറ്റിൽ പങ്കെടുക്കാൻ വന്നപ്പോള്‍ അതിൽ ഒരാളാകാൻ സാധിച്ചു. അവിടെവച്ചാണ് എനിക്ക് ഒരുപാട് പ്രഗല്‍ഭരായ ജ്ഞാനപീഠ ജേതാക്കളെയും അക്കാദമി അവാര്‍ഡ് കിട്ടിയ എഴുത്തുകാരെയും കാണുവാനും പരിചയപ്പെടുവാനും സാധിച്ചത്. ഇത്തരത്തില്‍ ഞാൻ ചെയ്തിട്ടുള്ള വർക്കുകളിൽ ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ലിവിംഗ് ലജൻഡ് ആംഗലേയ കവി ജയന്ത മഹാപത്ര സർ, ഈ വർഷത്തെ "സരസ്വതി സമ്മാൻ" ലഭിച്ച കെ. ശിവാ റെഡ്ഡി സാര്‍ എന്നിവരുടെ കവിതകളുടെ വിവർത്തനങ്ങളും ഉള്‍പ്പെടുന്നുണ്ട്. ജയന്ത മഹാപത്ര സാറിന്റെ കവിതകൾ ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും മലയാളത്തിലേക്കും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു അഭിമുഖം ഞാൻ ചെയ്തത് "ദേശാഭിമാനി" മലയാളത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. സച്ചിമാഷ്‌ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും അറിയപ്പെടുന്ന ഒരു കവിയാണ്. അദ്ദേഹത്തിന്റെ കവിതകൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു പുസ്തകരൂപത്തിൽ ആക്കിയിട്ടുണ്ട്. എന്റെ ആദ്യത്തെ പുസ്തകം അദ്ദേഹത്തിന്റെ കവിതകളുടെ വിവർത്തനമായ "ശുരുവാത്തേം" എന്നതാണ്. പിന്നെ നമ്മുടെ ഭാഷയിൽ തന്നെ എം. ടി. വാസുദേവൻ നായർ സാർ മുതൽ സന്തോഷ് ഏച്ചിക്കാനം വരെയുള്ള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച 18 എഴുത്തുകാരുടെ കഥകൾ "സമകാലീന്‍ മലയാളം കഹാനിയാം" എന്ന പേരില്‍ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യാൻ സാധിച്ചു. ഇതെല്ലാം കരുതിക്കൂട്ടി ചെയ്ത കാര്യങ്ങൾ ഒന്നും അല്ല. അത് ഒന്നിന് പുറകെ ഒന്നായി വന്നു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. പിന്നെ ചെയ്തിട്ടുള്ളത് ഹിന്ദിയിലെ കഴിഞ്ഞ വർഷത്തെ "സരസ്വതി സമ്മാൻ" ലഭിച്ച പദ്മശ്രീ ലീലാധർ ജഗുടിയുടെ കവിതകൾ ഞാൻ ഇപ്പൊൾ ഇംഗ്ലീഷിലേക്ക് വിവത്തനം ചെയ്തുകൊണ്ടിരിക്കുന്നു. ബാഗ്ലൂർ സാഹിത്യ അക്കാദമിക്ക് വേണ്ടി അദ്ദേഹത്തിന്റെ കേന്ദ്ര സാഹിത്യ അക്കാദമി പരസ്കാരം കിട്ടിയ കൃതി " അനുഭവ് കെ ആകാശ് മേം ചാന്ദ്" അത് "അനുഭവത്തിന്റെ ആകാശത്തിൽ ചന്ദ്രൻ" എന്ന പേരിൽ സാഹിത്യ അക്കാദമി ഉടൻ തന്നെ അത് ഇറക്കാൻ പോവുകയാണ്. അങ്ങനെ പല ഭാഷകളിൽ സാഹിത്യ അക്കാദമി പുരസ്കാരവും, ആ ഭാഷകളിൽ വളരെ പ്രശസ്തരായ എഴുത്തുകാരുടെ വിവർത്തനങ്ങൾ ചെയ്യാൻ സാധിച്ചു എന്നത് എന്റെ വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.

Q

വുമൺ പോയറ്റ്സ് ഓഫ് കേരള എന്ന പേരിൽ മലയാളത്തിലെ യുവ കവയത്രികളുടെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടല്ലോ. മലയാളത്തിലെ വളര്‍ന്നുവരുന്ന തലമുറ വിവര്‍ത്തനത്തെ എങ്ങനെയാണ് സമീപിക്കുന്നത്?

A

‘വുമൺ പോയറ്സ് ഓഫ് കേരള’യില്‍ പതിനൊന്ന് കവയത്രികളുടെ കവിതകളാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ഞാൻ മനസ്സിലാക്കിയിടത്തോളം ആ പുസ്തകം വളരെ നന്നായി പോവുകയും അതിലുപരി മലയാള - ഇംഗ്ലീഷ് കവിതകൾ റിസർച്ച് ചെയ്യുന്നവർ ആ പുസ്തകം വായിച്ച് അത് അവരുടെ ഗവേഷണ ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്തു. മലയാളത്തിലെ പുതിയ തലമുറ വിവർത്തനത്തെ സ്വാഗതം ചെയ്യുക തന്നെയാണ് ചെയ്യുന്നത്. എല്ലാ എഴുത്തുകാർക്കും അവരുടെ കൃതികൾ മറ്റുള്ള ദേശീയ-അന്തര്‍ദേശീയ ഭാഷകളിലേക്ക് വിവർത്തനം ചെയ്താൽ കൊള്ളാമെന്ന് ആഗ്രഹം ഉണ്ടാകും. അതുകൊണ്ട് വിവർത്തനം എല്ലാവരും സ്വാഗതം ചെയ്യുന്ന വസ്തുത തന്നെയാണ്.

Q

കൊച്ചിൻ ലിറ്റ് ഫെസ്റ്റിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ അതിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

A

കൊച്ചിൻ ലിറ്റ് ഫെസ്റ്റ് ഇതിനകം മൂന്ന് എഡിഷൻ നടത്താൻ ഞങ്ങൾക്ക് സാധിച്ചു.

ഞങ്ങൾ എന്ന് പറയുമ്പോൾ ഞാനും എൻറെ കുടുംബവും അടുത്തുള്ള ഒന്നുരണ്ട് സുഹൃത്തുക്കളും ചേർന്നാണ് ഈ ഫെസ്റ്റ് തുടങ്ങിയത്. മൂന്നുവർഷവും വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽനിന്നുള്ള പല ഭാഷകളില്‍ എഴുതുന്ന കവികളും, എഴുത്തുകാരും, നോവലിസ്റ്റുകളും, വിവർത്തകരും ഇതിലെല്ലാം പങ്കുചേർന്നു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി മുപ്പത്തഞ്ചോളം വേദികളില്‍ കവിതകൾ ചൊല്ലുവാനും ഫെസ്റ്റുകളില്‍ പങ്കെടുക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അപ്പോൾ എൻറെ മനസ്സിൽ തോന്നിയ ഒരു കാര്യമാണ് നന്നായി എഴുതുന്ന ആൾക്കാർക്ക് വേദികൾ ലഭിക്കാതെ പോകുന്നുവെന്ന്. അതുകൊണ്ട് ഞാനും എൻറെ വൈഫും ആലോചിച്ച് തീരുമാനിച്ചതാണ് ഈ ലിറ്റ് ഫെസ്റ്റ്. എഴുതി തുടങ്ങുന്നവർക്കും എഴുതി എസ്റ്റാബ്ലിഷ് ആയവർക്കും ഒരേ പോലെ ഒരേ വേദിയിൽ പങ്കെടുക്കാനുള്ള അവസരം കൊടുക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. ആദ്യത്തെ മൂന്നു വർഷം വളരെ ഗംഭീരമായി നടത്തുവാൻ സാധിച്ചു. ഈ വർഷം കോവിഡ് കാരണം നടത്തുന്നില്ല. അടുത്തവർഷം എല്ലാം നന്നായി നടക്കുമെന്ന് പ്രത്യാശിക്കുന്നു.

Q

സാഹിത്യത്തില്‍ വിവർത്തകർക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നുണ്ടോ? വ്യക്തിപരമായ അനുഭവങ്ങള്‍ എന്താണ്?

A

ഞാൻ 28 വർഷം മുൻപ് വിവർത്തനം തുടങ്ങുമ്പോൾ ഉണ്ടായിരുന്നു ഒരു സ്ഥിതിവിശേഷമല്ല ഇന്നുള്ളത്. അന്ന് വിവർത്തകരെ അധികം ആളുകള്‍ അറിയുകയോ അതിന് വലിയ സാധ്യതയോ ഇല്ലാത്ത ഒരു കാലഘട്ടവുമായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിക്ക് വലിയ വലിയ വ്യത്യാസം വന്നിട്ടുണ്ട്. ഇന്ന് ഒരുപാട് പബ്ലിഷിംഗ് ഹൌസുകൾ വിവർത്തനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഭാരതീയ ഭാഷകളിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും ഇംഗ്ലീഷിലേക്കുമെല്ലാം വളരെയധികം വിവര്‍ത്തനങ്ങള്‍ ഈയിടെയായി നടക്കുന്നുണ്ട്. ഒപ്പം വിവർത്തകർക്ക് തെറ്റില്ലാത്ത പ്രതിഫലം ലഭിക്കുന്നുമുണ്ട്. പക്ഷേ മറ്റു ഭാഷകളില്‍ നിന്നും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിന് പ്രതിഫലം വളരെ കുറവാണ്. പ്രത്യേകിച്ച് മാതൃഭൂമി ആണെങ്കിലും ഡിസി ബുക്സ് ആണെങ്കിലും ഗ്രീന്‍ ബുക്സ് ആണെങ്കിലും അവർ കൊടുക്കുന്ന പ്രതിഫലം വളരെ കുറവാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ തിരിച്ച് മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികൾക്ക് കുറച്ചുകൂടി നന്നായി പ്രതിഫലം ലഭിക്കുന്നതായിട്ടാണ് എൻറെ അറിവ്. ഇന്ന് വിവർത്തനം വലിയൊരു സാധ്യത തന്നെയാണ്. ഒട്ടുമിക്ക പബ്ലിഷിംഗ് ഹൗസുകളും ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പ്രത്യേകത പല വിദേശ ഭാഷാ എഴുത്തുകാരുടേയും പ്രത്യേകിച്ച് നോബൽ പ്രൈസ്, ബുക്കര്‍ പ്രൈസ്, പുലിറ്റ്സര്‍ പ്രൈസ് തുടങ്ങിയവ ലഭിക്കുന്ന എഴുത്തുകാരുടെ കൃതികൾ പല ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വരികയും ഉടൻതന്നെ കേരളത്തിലെ പല പ്രസാധകരും ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് വിപണിയിലിറക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം പുസ്തകങ്ങള്‍ നന്നായി വിറ്റുപോകുന്ന ഒരു സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. വിവര്‍ത്തനം ഇന്ന് വളരെയധികം സാധ്യതയുള്ള മേഖല തന്നെയാണ്.

Q

ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന പേരിൽ തുടങ്ങാന്‍ പോവുന്ന പ്രസ്ഥാനത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്?

A

ട്രാൻസ്ലേഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ ഇന്ത്യയിൽ വിവർത്തനം ചെയ്യുന്നവരുമായി ഡിസ്കസ് ചെയ്തു തുടങ്ങണം എന്ന് ആഗ്രഹിക്കുന്ന ഒരു ഓർഗനൈസേഷനാണ്. അതിൻറെ റൂൾസ് ആൻഡ് റെഗുലേഷൻസ് ബൈലോ എന്നിവ ഉണ്ടാക്കേണ്ടതുണ്ട്. അതിനുശേഷം രജിസ്ട്രേഷൻ ചെയ്യുകയും അതിനൊരു ബോര്‍ഡ് ഉണ്ടാക്കി ചർച്ചകൾ ചെയ്യേണ്ടതുമാണ്. ഇപ്പോൾ അതിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ ആവില്ല. അത്തരത്തിൽ ഒരു അസോസിയേഷൻ തുടങ്ങാന്‍ ചെയ്യാൻ പ്ലാൻ ചെയ്തിട്ടുണ്ട്. അധികം താമസമില്ലാതെ രജിസ്ട്രേഷനും മറ്റു കാര്യങ്ങളും ചെയ്യണം എന്ന് ആഗ്രഹിക്കുന്നു.

Q

താങ്കളുടെ എഴുത്തുരീതികള്‍ വിശദീകരിക്കാമോ? കുടുംബവും ചുറ്റുപാടും എഴുത്തിനെ എങ്ങിനെയാണ് സ്വാധീനിക്കുന്നത്?

A

ഞാൻ കൂടുതലും ഒഴിവുദിവസങ്ങളിൽ പകൽ ഇരുന്നായിരിക്കും എഴുത്തും വിവർത്തനങ്ങളും ചെയ്യുക. മറ്റുള്ള ദിവസങ്ങളിൽ ജോലി ഉള്ളതുകൊണ്ട് ഓഫീസിൽ നിന്ന് വന്നതിനുശേഷം മിക്കവാറും രാത്രി ഏറെ വൈകിയാണ് ഇരിക്കാറുള്ളത്. പന്ത്രണ്ടര ഒരു മണിവരെ ഇരിക്കാറുണ്ട്. ഒരു പത്ത് പത്തര ആവുമ്പോഴേക്കും കുട്ടികളെല്ലാം ഉറങ്ങി തുടങ്ങും അല്ലെങ്കിൽ അവർ അവരുടെ വർക്ക് ചെയ്യുമ്പോൾ ഞാനും അവരുടെ കൂടെ ഇരുന്ന് എൻറെ കാര്യങ്ങളെല്ലാം ചെയ്യും. അവർ കിടന്നതിനു ശേഷം ഞാൻ വർക്ക് അനുസരിച്ച് രണ്ടുമണിവരെ ഇരിക്കാറുണ്ട്. കൂടുതലും രാത്രി ഇരുന്നാണ് വർക്കുകൾ എല്ലാം ചെയ്യുന്നത്. സമയം എല്ലാവർക്കും ഒരുപോലെ ആണല്ലോ, എല്ലാവർക്കും 24മണിക്കൂർ അല്ലേ ഉള്ളൂ. കിട്ടുന്ന സമയം ഏറെയും എഴുത്തിനായി തന്നെയാണ് വിനിയോഗിക്കാറുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in