‘കള്ളക്കൃഷ്ണനെന്ന് വിളിച്ചുപോകരുത്’, കേസില്‍ പ്രഭാവര്‍മ്മ മാത്രമല്ല പ്രതിപട്ടികയില്‍ വരികയെന്നും അശോകന്‍ ചെരുവില്‍

‘കള്ളക്കൃഷ്ണനെന്ന് വിളിച്ചുപോകരുത്’, കേസില്‍ പ്രഭാവര്‍മ്മ മാത്രമല്ല പ്രതിപട്ടികയില്‍ വരികയെന്നും അശോകന്‍ ചെരുവില്‍

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക് നല്‍കുന്നതിനെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് അശോകന്‍ ചെരുവില്‍. കൃഷ്ണന്റെ അന്തര്‍ഗ്ഗതങ്ങളും മനോവ്യാപാരങ്ങളും ആത്മപരിശോധനയും ആവിഷ്‌ക്കരിക്കുന്നത് കുറ്റമാണെങ്കില്‍ ആ കേസില്‍ പ്രഭാവര്‍മ്മ മാത്രമല്ല പ്രതിപട്ടികയില്‍ വരിക. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കവികളും ആഖ്യായികാകാരന്മാരും അതിലുള്‍പ്പെടുമെന്നും അശോകന്‍ ചെരുവില്‍ എഴുതുന്നു.

ആത്മസംഘര്‍ഷം എന്ന കുറ്റം

കൃഷ്ണന്റെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്‌ക്കരിച്ചു എന്ന കുറ്റമാണത്രെ പ്രഭാവര്‍മ്മക്കും 'ശ്യാമമാധവ'ത്തിനും എതിരായി സംഘപരിവാര്‍ ആരോപിച്ചിരിക്കുന്നത്. ദൈവത്തിന് ആത്മസംഘര്‍ഷമുണ്ടാവുമോ എന്നാണ് 'നിഷ്‌ക്കളങ്കര്‍' ചോദിക്കുന്നത്. ശ്യാമമാധവം കോടതിയിലെത്തിയിരിക്കുന്നു. വര്‍മ്മക്ക് ജ്ഞാനപ്പാന പുരസ്‌കാരം നല്‍കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.

ആത്മസംഘര്‍ഷം എന്ന കുറ്റം തന്നെയാണ് 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങള്‍' എഴുതിയ കാസാന്ദ് സാക്കീസിനെതിരെ പണ്ട് മതയഥാസ്ഥിതികര്‍ ചാര്‍ത്തിയത്. കൃഷ്ണന്റെ അന്തര്‍ഗ്ഗതങ്ങളും മനോവ്യാപാരങ്ങളും ആത്മപരിശോധനയും ആവിഷ്‌ക്കരിക്കുന്നത് കുറ്റമാണെങ്കില്‍ ആ കേസില്‍ പ്രഭാവര്‍മ്മ മാത്രമല്ല പ്രതിപട്ടികയില്‍ വരിക. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കവികളും ആഖ്യായികാകാരന്മാരും അതിലുള്‍പ്പെടും. ഒന്നും രണ്ടും പ്രതികള്‍ നിശ്ചയമായും വ്യാസമഹര്‍ഷിയും വാത്മീകിയുമായിരിക്കും. രാമനെ സീതയാല്‍ വിചാരണ ചെയ്തു വിമര്‍ശിച്ച പ്രിയപ്പെട്ട കുമാരനാശാന്‍ അതിലുള്‍പ്പെടതിരിക്കുന്നതെങ്ങനെ? നമ്മുടെ എഴുത്തച്ഛന്‍ രക്ഷപ്പെടുമോ? സൂക്ഷ്മ വ്യാഖ്യാനത്തില്‍ പൂന്താനം? ജയദേവകവി? (വലിയ കുറ്റം. കഠിനശിക്ഷ ഉറപ്പ്) 'ഇനി ഞാനുറങ്ങട്ടെ' എഴുതിയ പി.കെ.ബാലകൃഷ്ണന്‍? 'രണ്ടാമൂഴ'ത്തിന് എം.ടി?

ഭക്തരായ അമ്മമാരോട് ഒരു വാക്ക്:

മനസ്സിന്‍ താലോലിച്ച് കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുത്. മണ്ണുവാരിത്തിന്നു, വെണ്ണകട്ടു, കുളക്കടവില്‍ ചെന്നു പെണ്ണുങ്ങളുടെ ഉടുചേല മോഷ്ടിച്ചു എന്നൊന്നും നാലാള്‍ കേള്‍ക്കേ പറയല്ലേ. രാസലീല എന്ന വാക്ക് മിണ്ടരുത്. കേസാവും. കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കേണ്ടി വരുന്നത് പോട്ടെ. പരിവാര്‍ ഭടന്‍മാര്‍ രാത്രിയില്‍ വാളുമായി വന്ന് വീട്ടുവാതില്‍ക്കല്‍ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്?. സൂക്ഷിക്കണം.

ജ്ഞാനപ്പാന പുരസ്‌ക്കാരം കവി പ്രഭാവര്‍മ്മയ്ക്ക് നല്‍കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ നല്‍കിയിരിക്കുകയാണ്. സന്യാസി കൂട്ടായ്മയായ മാര്‍ഗദര്‍ശക് മണ്ഡലും ഹിന്ദു ഐക്യവേദിയുമാണ് പുരസ്‌കാരത്തിനെതിരെ രംഗത്ത് വന്നത്. ശ്രീകൃഷ്ണനെ തെറ്റായ രീതിയില്‍ ചിത്രീകരിച്ച കൃതിക്ക് ദേവസ്വം ബോര്‍ഡ് അവാര്‍ഡ് നല്‍കുന്നത് നീതീകരിക്കാനാവില്ലെന്നതാണ് ഇവരുടെ നിലപാട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ പുരസ്‌ക്കാരങ്ങള്‍ നേടിയ കൃതിയാണ് ശ്യാമമാധവം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ഈ പുരസ്‌കാരം നല്‍കുന്നത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണെന്നും പരിവാര്‍ സംഘടനകളില്‍ നിന്ന് വിമര്‍ശനമുണ്ടായി. ശ്യാമമാധവം മഹത്തായ കാവ്യമാണെന്നും ചിലര്‍ വിവാദത്തിനായി കോടതിയെ കൂട്ടുപിടിച്ചതാണെന്നുമായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. പ്രഭാ വര്‍മ്മയെ തെരഞ്ഞെടുത്തതില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് തെറ്റിയിട്ടില്ലെന്നും കടകംപള്ളി സംരേന്ദ്രന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in