പ്രിയ കെ.നായർ അഭിമുഖം: വിവർത്തനമേഖല സർഗാത്മക ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു

പ്രിയ കെ.നായർ അഭിമുഖം: വിവർത്തനമേഖല സർഗാത്മക ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു

ഒരു ഭാഷയിൽനിന്നു മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ട്രാൻസ്‌ലേഷനും അഡാപ്റ്റേഷനും ചേർന്ന് ട്രഡാപ്റ്റേഷൻ ആയി മാറാറുണ്ടെന്ന് ഞാൻ കരുതുന്നു. ഇതെല്ലാം സിനിമയിൽ പണ്ടേ ഉള്ളതാണ്
Summary

മലയാളസാഹിത്യത്തിലെ ഏറ്റവും പുതിയ ചലനങ്ങളെ ആഗോള വായനാസമൂഹത്തിലേക്ക് എത്തിക്കുകയാണ് തന്റെ വിവർത്തനങ്ങളിലൂടെ ഡോ. പ്രിയ കെ. നായർ. ടി. ഡി. രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’, ‘ആൽഫ’, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ തുടങ്ങിയ കൃതികൾ ഇതിനോടകം ഇംഗ്ലീഷിലേയ്ക്ക് തർജ്ജമചെയ്ത പ്രിയ കെ. നായർ എറണാകുളം സെന്റ് തെരേസാസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയും മഹാത്മാഗാന്ധി സർവ്വകലാശാലക്കുകീഴിലെ ഗവേഷണ ഗൈഡും കൂടിയാണ്. ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യുടെ ഇംഗ്ലീഷ് വിവർത്തനം 2019 ലെ ഡി. എസ്. സി. സൗത്ത് ഏഷ്യൻ ലിറ്ററേച്ചറിലേക്ക് ലോങ്ങ് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വിവർത്തകയും അദ്ധ്യാപികയുമായ പ്രിയ കെ. നായരോട് സംസാരിക്കുകയാണ് രാജേഷ് പഞ്ഞത്തൊടിയും അശ്വിൻ പ്രശാന്തും.

Q

ടി. ഡി. രാമകൃഷ്ണന്റെ മൂന്ന് നോവലുകൾ ഇതിനോടകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തല്ലോ; താങ്കളുടെ എഴുത്തുവഴി വിവർത്തനമാണെന്ന് തിരിച്ചറിഞ്ഞത് ഏത് ഘട്ടത്തിലാണ്?

A

ഞാൻ ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് എന്റെ ഒരു സുഹൃത്ത് എഴുതിയ കവിതകൾ മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തുകൊടുത്തിരുന്നു. പിന്നീട് നടൻ കമൽ ഹാസനുമായി അടുപ്പമുള്ള മറ്റൊരു സുഹൃത്ത് അദ്ദേഹവുമായി നടത്തിയ അഭിമുഖങ്ങൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ എന്നോട് ആവശ്യപ്പെടുകയുണ്ടായി. അഭിമുഖത്തിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ തെല്ലും അർത്ഥവ്യത്യാസമില്ലാതെ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടിയായിരുന്നു അത്. ഇത്രയുമാണ് വിവർത്തക എന്ന നിലയിൽ എൻറെ ആദ്യകാല അനുഭവങ്ങൾ.

Q

ഏറെ ചർച്ചകൾക്കും പുരസ്കാരങ്ങൾക്കും വഴിതുറന്നിട്ട മൂന്ന് നോവലുകളാണ്‌ ഇതുവരെ വിവർത്തനം ചെയ്തത്; വിവർത്തകയെന്ന നിലയിൽ അതൊരു വെല്ലുവിളിയായിരുന്നോ?

A

തീർച്ചയായും. അതൊരു വെല്ലുവിളി തന്നെയായിരുന്നു. ടി. ഡി. ആറിന്റെ ഗദ്യരചനകൾ സങ്കീർണ്ണമായിരുന്നു; വാക്യങ്ങൾക്ക് പ്രത്യേക നീട്ടവും ഈണവുമുണ്ടായിരുന്നു. അവ തർജ്ജമ ചെയ്യുകയെന്നത് ശ്രമകരവുമായിരുന്നു. വാക്യങ്ങളെ അതേപടി പുനരാവിഷ്കരിക്കാൻ ബുദ്ധിമുട്ടായിരുന്നതുകൊണ്ട് എഡിറ്റർ പലപ്പോഴും ചുരുക്കിയെഴുതാൻ ആവശ്യപ്പെടുമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം ആവശ്യങ്ങൾ കടന്നുവരുന്ന സന്ദർഭങ്ങളിൽ കൂടിയാലോചനകളിലൂടെയാണ് ഞാൻ മുന്നോട്ടുപോയത്.

Q

‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യുടെ ഇംഗ്ലീഷ് വിവർത്തനം ഡി. എസ്. സി. സൗത്ത് ഏഷ്യൻ ലിറ്ററേച്ചർ ലോങ്ങ് ലിസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

A

‘സുഗന്ധി’ കേരളത്തിന് പുറത്തും വായിക്കപ്പെടണം എന്ന ഉദ്ദേശത്തിലാണ് ഞാൻ ആ നോവൽ വിവർത്തനം ചെയ്തത്. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വായനക്കാരുടെ മനസ്സിൽ ഈ നോവൽ ഇടം നേടുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ വിവർത്തനത്തിലൂടെ മാത്രമേ സാര്‍വ്വലൗകികമായ വായന ഉറപ്പുവരുത്താൻ സാധിക്കുമായിരുന്നുള്ളു. പലരുടേയും പ്രിയപ്പെട്ട പുസ്തകമായി അത് മാറി എന്നുള്ളതിലും ലോങ്ങ് ലിസ്റ്റ് ചെയ്യപ്പെട്ടതിലും ഞാൻ ഏറെ സന്തുഷ്ടയാണ്.

Q

‘ആല്‍ഫ’, ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്നിവയിൽ നിന്ന് ‘സുഗന്ധി’യിലേക്ക് എത്തുമ്പോൾ വിവർത്തനത്തെക്കുറിച്ചുള്ള ധാരണകൾക്ക് മാറ്റമുണ്ടായിട്ടുണ്ടോ?

A

‘ഇട്ടിക്കോര’യാണ് ഞാൻ ആദ്യമായി തർജ്ജമ ചെയ്തത്, പിന്നീട് ‘ആൽഫ’. ഓരോ നോവലും ഓരോ രീതിയിലുള്ള തർജ്ജമ ആവശ്യപ്പെടുന്നുണ്ടെന്ന് ഇതിലൂടെ ഞാൻ മനസിലാക്കി. ഉദാഹരണത്തിന് ‘ഇട്ടിക്കോര’യിൽ ഒരുപാട് ഭൂപ്രദേശങ്ങളുണ്ട്, അതിൽ ഏറെ പ്രാധാന്യത്തോടെ പരാമർശിച്ചിട്ടുള്ളത് കേരളത്തിലെ ഭൂപ്രകൃതിയാണ്. ‘ആൽഫ’യിലേക്ക് വരുമ്പോൾ ഭാഷയെ നിരാകരിക്കുകയും ഒരു അജ്ഞാതദ്വീപിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. ‘സുഗന്ധി’യാകട്ടെ തമിഴ്നാടിന്റെയും ശ്രീലങ്കയുടെയും പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ വിവർത്തനങ്ങളും എന്നിലെ വിവർത്തകയെ നവീകരിക്കുകയാണ് ചെയ്തത്.

Q

വിവർത്തനഘട്ടത്തിൽ പ്രതിസന്ധി നേരിട്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ?

A

സാംസ്കാരിക തനിമയുള്ള പദങ്ങൾ തർജ്ജമ ചെയ്യുമ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ട്. ‘ഇട്ടിക്കോര’യും ‘സുഗന്ധി’യുമൊക്കെ കേരളത്തിൽ നടക്കുന്ന കഥാസന്ദർഭങ്ങളിൽ ബന്ധങ്ങൾ അടയാളപ്പെടുത്തുമ്പോഴും തനതായ സംസ്കാരത്തിലെ ആചാരങ്ങളും ആഘോഷങ്ങളും അടയാളപ്പെടുത്തുമ്പോഴും ഈ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. പലപ്പോഴും നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ പറയുമ്പോൾ മലയാളത്തിൽ പറയുന്നതാണ് അതിൻറെ ഭംഗി. ഇത്തരം വെല്ലുവിളികൾ നിലനിൽക്കത്തന്നെ അത് പുനരാവിഷ്‌ക്കരിക്കുകയായിരുന്നു; മറ്റൊരു രീതിയിൽ നോക്കിയാൽ ട്രാൻസ്ക്രിയേറ്റ് ചെയ്യുകയായിരുന്നു. അതായിരുന്നു ഒന്നാമത്തെ വഴി. രണ്ടാമതായി, പ്രത്യേക ഭാഷാ ശൈലികൾ ‘ഡയലെക്ട് ട്രാൻസ്ലേഷൻ’ ചെയ്യുകയെന്നതായിരുന്നു. ‘ഇട്ടിക്കോര’യിലാണ് ഇത് ഏറ്റവുമധികം വെല്ലുവിളി ഉയർത്തിയത്. അതിൽ ബെന്നി എന്ന കഥാപാത്രം കുന്നംകുളം ശൈലിയിലാണ് സംസാരിക്കുന്നത്. ഒരവസരത്തിൽ ഈ കഥാപാത്രത്തെ ഒഴിവാക്കിക്കൂടെ എന്നുപോലും ടി. ഡി. രാമകൃഷ്ണനോട് ഞാൻ ചോദിച്ചിട്ടുണ്ട്. കാരണം, എങ്ങനെയാണ് ഈയൊരു ശൈലി റീക്രിയേറ്റ് ചെയ്യുക? കുന്നംകുളംകാരുടെ കച്ചവട ശൈലിയാണ് ബെന്നിയുടെ ഭാഷയിൽപോലും; അധികം വാക്കുകൾ ഉപയോഗിക്കില്ല, അതിനുപോലും പിശുക്കാണെന്ന് പറഞ്ഞുവെക്കുന്നുണ്ട് ടി. ഡി. ആർ. ഇതിനെ മറികടക്കാൻ ബെന്നി സംസാരിക്കുമ്പോൾ അധികം ഉപസര്‍ഗ്ഗങ്ങളോ വിശേഷണങ്ങളോ ഉപയോഗിക്കാതെയാണ് ഞാൻ തർജ്ജമചെയ്തത്.

Q

സമകാലിക യാഥാർഥ്യങ്ങളിലേക്ക് കൈചൂണ്ടുന്ന ‘സുഗന്ധി’യിൽ വിവർത്തനത്തിന്റ രാഷ്ട്രീയം പ്രതിഫലിക്കുന്നുണ്ടോ?

A

മലയാളമെന്ന പ്രാദേശികഭാഷയിൽനിന്നും ഹെജിമോണിക്ക് എന്ന് കരുതുന്ന ഇംഗ്ലീഷ് ഭാഷയിലേക്കുള്ള തർജ്ജമയാണിത്. ‘സുഗന്ധി’യിൽ നടക്കുന്ന കാര്യത്തിന് ഒരു ശ്രീലങ്കൻ-തമിഴ് പശ്ചാത്തലമുണ്ട്.അതിനപ്പുറം വംശഹത്യ ഒരു അന്താരാഷ്ട്രപ്രശ്നമായി മാറിയിട്ടുള്ള സമയവുമാണ്. മലയാളത്തിൽ എഴുതുമ്പോൾ മലയാളമറിയാവുന്നവരിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്നതുകൊണ്ടാണ് ഇംഗ്ലീഷുപോലൊരു ആഗോളഭാഷയിലേക്ക് ഈ കൃതി തർജ്ജമചെയ്യപ്പെടുന്നത്. അതിലൂടെ വിശാലമായ വായനാലോകത്തേക്കും ചർച്ചകളിലേക്കും ഈ കൃതി എത്തണമെന്ന ഉദ്ദേശത്തോടെയാണ് ചെയ്തത്. ഇത്തരത്തിലുള്ള വംശഹത്യകൾ അനുവദിച്ചുകൂടാ എന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇതിലൂടെ നൽകുന്നത്. ജനാധിപത്യം വളരെ ദുർബലമായ വ്യവസ്ഥയായി മാറുമ്പോൾ ഇത്തരം ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണെന്ന് തോന്നി.

പ്രിയ കെ.നായർ അഭിമുഖം: വിവർത്തനമേഖല സർഗാത്മക ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു
പി എഫ് മാത്യൂസ് അഭിമുഖം: മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്
Q

വിവർത്തകയെന്ന നിലയിൽ എഴുത്തുഘട്ടത്തിൽ താങ്കൾ അനുഭവിക്കുന്ന സർഗ്ഗാത്മകവും ഭൗതികവുമായ സംഘർഷങ്ങൾ എന്തെല്ലാമാണ്?

A

ടി. ഡി. രാമകൃഷ്ണൻ എന്ന എഴുത്തുകാരൻ എന്നും വളരെ പോസിറ്റീവായി മാത്രമേ വിവർത്തനത്തെ സമീപിച്ചിട്ടുള്ളു. അതിൽ വരുന്ന കുറവുളൾ അദ്ദേഹത്തിന് നന്നായിട്ടറിയാം. കാരണം, തമിഴിൽനിന്ന് മലയാളത്തിലേക്കും തിരിച്ചുമൊക്കെ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു സംഘർഷം അനുഭവിക്കേണ്ടിവന്നിട്ടില്ല. എങ്കിലും, വിവർത്തനപ്രക്രിയയിൽ ശൈലികളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. എഴുത്തുകാരന്റെ ശക്തമായ പിന്തുണയും ചർച്ചയിലൂടെ ധാരണയിലെത്തുന്നതും സംഘർഷങ്ങളില്ലാതെ മുന്നോട്ടുനീങ്ങാൻ സഹായിച്ചു.

പ്രിയ കെ.നായർ അഭിമുഖം: വിവർത്തനമേഖല സർഗാത്മക ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു
‘ഏതോ ഒരു സ്ത്രീ വിമര്‍ശിക്കുക എന്നുവെച്ചാല്‍’; നിരൂപണം നിര്‍ത്താന്‍ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെന്ന് ഡോ. എം ലീലാവതി
Q

ഓരോ പരിഭാഷയും ഓരോ വായനയാണ്; എങ്കിൽ കലാത്മകമായ ആവിഷ്കാരസാധ്യതയായി വിവർത്തനം മാറ്റപ്പെടേണ്ടതാണ് എന്ന് തോന്നിയിട്ടുണ്ടോ?

A

ജെനറലൈസ് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഒന്നാമതായി, ഓരോ പരിഭാഷയും ആവശ്യപ്പെടുന്നത് വ്യത്യസ്തമായ സമീപനങ്ങളാണ്. രണ്ടാമതായി, വ്യത്യസ്തമായ പുസ്തകങ്ങളുടെ പരിഭാഷയും വ്യത്യസ്തമാണ്. അതുപോലെതന്നെ, ടാർഗറ്റ് ഓഡിയൻസ് ഒരു പ്രധാന ഘടകമാണ്. ഇങ്ങനെ പലതരത്തിലുള്ള കാര്യങ്ങളാണ് ഒരു വിവർത്തനം ഏറ്റെടുക്കുമ്പോൾ നമ്മൾ ആലോചിക്കുന്നത്. നോവലിന്റെ കാര്യം പറയുകയാണെങ്കിൽ, അത് മലയാളം വായിക്കാൻ ഇടയില്ലാത്ത ഒരു സമൂഹത്തിനുവേണ്ടിയാണ്‌ ഞാൻ ചെയ്തത്. നമ്മുടെ സമൂഹത്തിൽ ട്രാൻസ്‌ലേഷൻ പോലീസ് എന്നൊരു വിഭാഗം ഉണ്ട്. അതായത്, ഒരു വിവർത്തനം ഇറങ്ങിയാലുടൻ അവർ തർജ്ജമയും ഒറിജിനൽ പുസ്തകവും വായിച്ചുനോക്കി താരതമ്യവും വിമർശനവും തുടങ്ങും. വ്യക്തിപരമായി ഞാൻ ഇവർക്കുവേണ്ടിയല്ല പരിഭാഷചെയ്യുന്നത്. സ്വാതന്ത്ര്യം എടുത്തുകൊണ്ടുള്ള തർജ്ജമയാണ് ഞാൻ ഉദ്ദേശിക്കുന്നത്. കാരണം, വായനക്കാരെയോ വായനയുടെ സൗകര്യത്തെയോ മൗലികതക്കുവേണ്ടി ബലികൊടുക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. എല്ലാം പുനഃസൃഷ്ടിക്കുകയെന്നത് സർഗാത്മകമായ പരിഭാഷയുടെ ഭാഗമല്ല; അത് കേവലം അക്കാദമിക പരിഭാഷയാണ്. ഈ പുസ്തകങ്ങൾ മലയാളഭാഷയിൽ വായിച്ച് ആസ്വദിച്ച അതേയളവിൽ മറ്റൊരുഭാഷയിൽ ആസ്വാദനം സാധ്യമാവണം. അതിനു വിവർത്തനത്തിൽ സർഗാത്മകമായ ഇടപെടൽ ആവശ്യമാണ്. വ്യക്തിപരമായി പറയുകയാണെങ്കിൽ ഭാഷകൊണ്ടുള്ള ക്രിയേറ്റിവിറ്റി അല്ലാതെ ചിന്തകൊണ്ടുള്ള ക്രിയേറ്റിവിറ്റി സാധ്യമാക്കുന്നതിൽ ബുദ്ധിമുട്ടുള്ള ഒരാളാണ് ഞാൻ. അതുകൊണ്ടാണ് വിവർത്തനമെന്ന മേഖലതന്നെ തിരഞ്ഞെടുക്കാൻ കാരണം. ഈ രണ്ട് ഭാഷകളും അത്യാവശ്യം തെറ്റില്ലാതെ കൈകാര്യം ചെയ്യാൻ എനിക്ക് സാധിക്കും. എങ്കിൽതന്നെയും ഓരോ തർജ്ജമയും ഓരോ സമീപനങ്ങളാണ് ആവശ്യപ്പെടുന്നത്. അത് എന്താണെന്ന് നമുക്ക് മുൻകൂട്ടി പറയാൻ പറ്റില്ല.

പ്രിയ കെ.നായർ അഭിമുഖം: വിവർത്തനമേഖല സർഗാത്മക ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു
‘എഴുത്തുകാരന്റെ ഇടപെടല്‍ എഴുത്തില്‍, പ്രതിബദ്ധതയും സാംസ്‌കാരിക നായകസ്ഥാനവും ആരോപിക്കണോ എന്നതില്‍ സംശയം’: വി.ജെ ജയിംസ് അഭിമുഖം 
Q

അദ്ധ്യാപനം വിവർത്തനത്തെയും വിവർത്തനം അദ്ധ്യാപനത്തെയും സ്വാധീനിച്ചിട്ടുണ്ടോ?

A

അദ്ധ്യാപനം വിവർത്തനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാൻ സാധിക്കില്ല. ഒരുപക്ഷെ, സമയക്കുറവെന്ന ബുദ്ധിമുട്ടുണ്ടാക്കിയിട്ടേയുള്ളു. ഞാൻ ട്രാൻസ്‌ലേഷൻ തിയറി പഠിപ്പിക്കുന്ന ഒരാളാണ്. പക്ഷെ, ഒരിക്കലും ഈ തിയറിവച്ചുകൊണ്ടല്ല ഞാൻ വിവർത്തനം ചെയ്യുന്നത്. സത്യംപറഞ്ഞാൽ തിരിച്ചാണ്. ഓരോ പരിഭാഷയും പുതിയ തിയറികൾ മുന്നോട്ടുവെക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. തിരിച് ട്രാൻസ്‌ലേഷൻ എന്നെ ഒരുപാട് അദ്ധ്യാപനത്തിൽ സഹായിച്ചിട്ടുണ്ട്. രണ്ടുഭാഷയിലും പദസമ്പത്ത് വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ധ്യാപനം എളുപ്പമായി മാറിയിട്ടുണ്ട്. മറിച്, അദ്ധ്യാപനം വിവർത്തനത്തെ സഹായിക്കുന്നില്ല. അദ്ധ്യാപനം ഒരു പ്രത്യേക ഘട്ടത്തിൽ എത്തുമ്പോൾ നിഷ്ക്രിയമാകുന്നതുപോലെ തോന്നിയിട്ടുണ്ട്. എന്നും ഒരേ പുസ്തകങ്ങൾ, ഒരേ കാര്യം. ഞാൻ പഠിപ്പിക്കുന്നത് ഇംഗ്ലീഷ് സാഹിത്യമാണ്, കൂടുതലും ബ്രിട്ടീഷ് സാഹിത്യം. എന്നാൽ, ഇത് പ്രാധാന്യമർഹിക്കുന്നുണ്ടെന്ന തോന്നൽ എനിക്കില്ല. അതുകൊണ്ട് കൂടുതൽ സമയം വിവർത്തനത്തിലേക്കു മാറ്റിവെക്കണം എന്നേ തോന്നിയിട്ടുള്ളൂ. നമ്മുടെ സാമൂഹിക സാഹചര്യത്തിൽ പലപ്പോഴും അദ്ധ്യാപനത്തിൽ എത്തിച്ചേരുന്നവർക്ക് വളർച്ച മുരടിച്ചുപോകുന്ന അവസ്ഥയാണ്. മറ്റുരാജ്യങ്ങളിൽ അങ്ങനെ ആയിരിക്കില്ല. ഇവിടെ നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും അത്യാവശ്യം ഒന്നോ രണ്ടോ പേപ്പർ എവിടെയെങ്കിലും പബ്ലിഷ് ചെയ്‌താൽ മതി പ്രമോഷൻ കിട്ടാൻ. കാര്യങ്ങൾ ഒക്കെ എളുപ്പമാണ്. നമ്മൾ നമ്മളെത്തന്നെ ചാലഞ്ചുചെയ്യുകയെന്നത് അവിടെ സംഭവിക്കുന്നില്ല. വിവർത്തനം എന്ന മേഖലയിൽലാണ് നമ്മൾ നമ്മളെത്തന്നെ ചാലഞ്ചു ചെയ്യുന്നതും വീണ്ടും വീണ്ടും കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതും.

Q

വിവർത്തനത്തിൽ മൂലസൃഷ്ടിയുടെ കാവ്യാത്മകത നഷ്ട്ടപ്പെടുന്നെന്ന വാദത്തോട് യോജിപ്പുണ്ടോ?

A

ഒരൊറ്റ ഉത്തരം നൽകാൻ സാധ്യമാണെന്ന് ഞാൻ കരുതുന്നില്ല. എം. ടി. വാസുദേവൻനായരുടെ കഥകൾ മലയാളത്തിലും ഇംഗ്ളീഷിലും വായിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇംഗ്ലീഷിലെ വായന വളരെയധികം ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. അത് ആര് തർജ്ജമ ചെയ്താലും. ഒരുതരത്തിൽ, വായനക്കാരി എന്ന നിലയിൽ സൗന്ദര്യപരമായ ഉദാത്തത പരിഭാഷയിൽ നഷ്ടപ്പെടുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ , വായനക്കാരി എന്ന നിലയിൽതന്നെ പറയട്ടെ, പാമുക്കും മാർക്വേസും തർജ്ജമയിലൂടെയാണ് ഞാൻ വായിച്ചത്. ഇവർ എഴുതിയ ഭാഷയിൽ വായിക്കാനുള്ള വിവരം എനിക്കില്ല. ഈ വിവർത്തനങ്ങൾ സംഭവിച്ചില്ലായിരുന്നെങ്കിൽ എന്നെപ്പോലെയുള്ള ഒരു വായനക്കാരി അവരുടെ കൃതികൾ വായിക്കാൻ ഇടയില്ല. അപ്പോൾ, ഇത് രണ്ടുതരത്തിലുള്ള സമീപനങ്ങളാണ്. ഇതിൽ രണ്ടിലും സത്യമുണ്ട്. രണ്ടാമതായി, തർജ്ജമയിൽ എന്തോ നഷ്ട്ടപ്പെടുമോയെന്നു പേടിച്ച് ഈ കൃതികൾ വിവര്‍ത്തനംചെയ്തില്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ കാണാൻ ഇടയില്ലാത്ത പല ലോകങ്ങളും ഉണ്ടായിരുന്നെന്ന തിരിച്ചറിവും ഇതിൽ ഉണ്ട്. ചിലപ്പോൾ ഒരു പരിഭാഷ മറ്റൊരു പുസ്തകമായി മാറുമെന്ന സാധ്യതകൂടി നമുക്ക് കാണാം.

Q

സാഹിത്യരൂപം എന്ന നിലയിൽ വിവർത്തനം കടന്നുചെല്ലേണ്ട മറ്റു മേഖലകൾ ഏതെല്ലാമാണ്?

A

ഒരു ഭാഷയിൽനിന്നു മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ട്രാൻസ്‌ലേഷനും അഡാപ്റ്റേഷനും ചേർന്ന് ട്രഡാപ്റ്റേഷൻ ആയി മാറാറുണ്ടെന്ന് ഞാൻ കരുതുന്നു. ഇതെല്ലാം സിനിമയിൽ പണ്ടേ ഉള്ളതാണ്. ഇപ്പൊ ഗെയിംസിലേക്കും മാറുന്നുണ്ട്. ഇതിന്റെയൊക്കെ സാധ്യതകൾ നമ്മൾ വലുതായിട്ട് അന്വേഷിക്കാറില്ലെന്നു തോന്നുന്നു. വിവർത്തനം ഒരു ജോലികൂടിയാണ്. ഇന്ത്യൻ സമൂഹത്തിൽ അല്ലെങ്കിൽ കേരളീയ സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മളെല്ലാവരും വിവർത്തനപ്പെടുന്ന ജീവിതങ്ങളാണ്. ഒരു പോസ്റ്കൊളോണിയൽ സ്പേസിൽ നിലനിൽക്കുന്ന എല്ലാവരും വിവർത്തനപ്പെടുന്ന ജന്മങ്ങളാണ്. പലരും രണ്ടുഭാഷകളിൽ ചിന്തിക്കുന്ന, എഴുതുന്ന വ്യക്തികളാണ്. അപ്പോൾ, വിവർത്തനത്തിന്റെ ഒരു പ്രക്രിയയിലൂടെ നമ്മൾ സദാ കടന്നുപോകുന്നു. ക്രിയേറ്റീവ് ആയി അക്കാദമിക തലത്തിൽ പഠിപ്പിക്കേണ്ട ഒരു വിഷയമാണ് വിവർത്തനം. ഇപ്പോൾ ട്രാൻസ്‌ലേഷൻ ഒരു ഇലക്റ്റീവ് പേപ്പർ ആയി മാറുകയാണ്; പല ഡിപ്പാർട്മെന്റുകളിലും ട്രാൻസ്‌ലേഷൻ എടുത്തുകളയണം എന്നൊക്കെയാണ് പറയുന്നത്. ഇത് വലിയ മണ്ടത്തരമാണ്. കാരണം, സാഹിത്യം നമ്മുടെ സാഹചര്യത്തിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ അത് തർജ്ജമയിലൂടെതന്നെയാവണം. മലയാളസാഹിത്യത്തെക്കുറിച്ചല്ല, ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഇതിന്റെ വിരോധാഭാസം നോക്കൂ, കേരളത്തിൽ ഗവണ്മെന്റ് - എയിഡഡ് മേഖലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ എത്ര എണ്ണത്തിൽ മലയാള സാഹിത്യം പഠിപ്പിക്കുന്ന ഡിപ്പാർട്മെന്റുകൾ ഉണ്ടെന്നും എത്ര എണ്ണത്തിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റുകൾ ഉണ്ടെന്നും എണ്ണിനോക്കൂ. ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റുകളുടെ എണ്ണം തീർച്ചയായും വളരെ കൂടുതലാണ്. ഇതൊരു വിരോധാഭാസമല്ലേ? കേരളത്തിൽ ജീവിക്കുന്ന നമ്മൾ എന്തിനാണ് ഇത്രയധികം പ്രാധാന്യം ബ്രിട്ടീഷ് സാഹിത്യത്തിന് നൽകുന്നത്? ഒന്നാമതായി, ഇത്തരത്തിലുള്ള ഡിപ്പാർട്ടുമെന്റുകൾ ഉടച്ചുവാർക്കേണ്ട സമയം തീർന്നിരിക്കുന്നു. നമുക്ക് ലോകസാഹിത്യം പഠിപ്പിക്കണം, പഠിപ്പിച്ചേ തീരൂ. അതിലൂടെ നമ്മുടെ മനസിന്റെ വാതായനങ്ങൾ ലോകത്തിലേക്ക് തുറന്നുവെക്കുന്നു. പക്ഷെ, അത് ഒരു പ്രത്യേക വിഭാഗത്തിന്റെയോ ജോഗ്രഫിക്കൽ ഏരിയയുടെയോ സാഹിത്യത്തിലേക്ക് ചുരുങ്ങരുത്. ഒരുപക്ഷെ, ഷേക്‌സ്‌പിയർ എന്ന നാടകകൃത്തിനെ മാത്രമേ നമ്മുടെ കുട്ടികൾക്ക് അറിയൂ. എന്തുകൊണ്ട് നമ്മൾ അറബിക്ക് എഴുത്തു വിവർത്തനത്തിൽ പഠിപ്പിക്കുന്നില്ല? എന്തുകൊണ്ട് ജപ്പാനീസ് അല്ലെങ്കിൽ ചൈനീസ് വിവർത്തനങ്ങൾ പഠിപ്പിക്കുന്നില്ല? ഒരു കൊളോണിയൽ വിഭാഗം ആയതുകൊണ്ട് ബ്രിട്ടീഷ് സാഹിത്യത്തിന് ഇത്രേം പ്രാധാന്യം കൊടുക്കേണ്ടതില്ല. വിവർത്തനത്തിന്റെ കരുത്തിൽ താരതമ്യപഠനങ്ങളും ലോകസാഹിത്യവുമെല്ലാമാണ് നാം പഠിപ്പിക്കേണ്ടത്. അല്ലാതെ പടിഞ്ഞാറോട്ടുനോക്കി ഇരിക്കുന്ന വിദ്യാർത്ഥിസമൂഹത്തെ വാർത്തെടുക്കുകയല്ല നമ്മൾ ചെയ്യേണ്ടത്.

പ്രിയ കെ.നായർ അഭിമുഖം: വിവർത്തനമേഖല സർഗാത്മക ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു
പി എന്‍ ഗോപീകൃഷ്ണന്‍ അഭിമുഖം: ഒന്നിന്റെ പെരുക്കപ്പട്ടികയല്ല ലോകം
Q

പുതിയ വിവർത്തന പദ്ധതികളെക്കുറിച്ചു പറയാമോ?

A

‘ആൽഫ’ മാക്മില്ലൻ വാങ്ങിച്ചു. ‘മാമ ആഫ്രിക്ക’ എഡിറ്റിങ് നടക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in