ജോസഫൈൻ തുടരുന്നത് കേരളത്തിലെ പൊതുസമൂഹത്തിനോടും സ്ത്രീകളോടുമുള്ള വെല്ലുവിളി

ജോസഫൈൻ തുടരുന്നത് കേരളത്തിലെ പൊതുസമൂഹത്തിനോടും സ്ത്രീകളോടുമുള്ള വെല്ലുവിളി

എം.സി .ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്യണം. ഇത്രയും ദുരധികാര പ്രമത്തയായ മട്ടിൽ പെരുമാറുന്ന ഒരാൾ സമൂഹത്തിൽ ഏറ്റവുമധികം പീഡനങ്ങൾ നേരിടുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ഇരിക്കുന്നത് എന്നതൊരു വിരോധാഭാസമാണ്. ഇതാദ്യത്തെ തവണയല്ല അവർ ഇത്തരത്തിൽ സംസാരിക്കുന്നത്. അധികാര സ്ഥാനങ്ങളിലെത്തിയാൽ ജനം അടിമകളാണെന്നു കരുതുന്ന ജനാധിപത്യവിരുദ്ധമായ പൊതു അധികാരിവർഗ ബോധത്തിന്റെ ഏറ്റവും ജീർണ്ണമായ നാക്കാണ് ജോസഫൈനിന്റേത്. നമ്മുടെ ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വത്തിന്റെ പൊതുസ്വഭാവം പറയുന്നതും പറയാത്തതുമായി ഇതൊക്കെത്തന്നെയാണ് എന്നത് മറ്റൊരു കാര്യം. എന്നാൽ ലോകം മുഴുവൻ നന്നാകുന്നതുവരെ ജോസഫൈനെ പോലൊരു ദുരധികാര രൂപത്തെ സഹിക്കേണ്ട ബാധ്യത ജനത്തിനില്ല. പുരുഷാധിപത്യ സമൂഹത്തിന്റെ അതേ ആണധികാര ഭാഷയിൽ സംസാരിക്കുന്ന ഈ സ്ത്രീ വനിതാ കമ്മീഷൻ അധ്യക്ഷയാണ് എന്നത് നമ്മുടെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള വക്രീകരിച്ച പൊതുധാരണയുടെ പ്രതിഫലനം കൂടിയാണ്.

ജോസഫൈൻ തുടരുന്നത് കേരളത്തിലെ പൊതുസമൂഹത്തിനോടും സ്ത്രീകളോടുമുള്ള വെല്ലുവിളി
'പിണറായി ഡാ' എന്ന് പോസ്റ്റിടാൻ വേണ്ടി മുൻകൂട്ടി കളമൊരുക്കുകയാണീ അഭിനവ വിമർശകർ: വി.ടി.ബല്‍റാം

ഏതു പോലീസ് സ്റ്റേഷനിലും ധൈര്യമായി കേറിച്ചെന്ന് പരാതി പറഞ്ഞ് ആത്മാഭിമാനത്തോടെ തിരിച്ചുപോരാൻ ഒരു പൗരന് ആത്മവിശ്വാസമില്ലാത്ത നാട്ടിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ത്രീധന പീഡന പരാതി പോലീസിൽ നൽകിയില്ലെങ്കിൽ 'എന്നാ അനുഭവിച്ചോ' എന്ന് ഒരു സ്ത്രീയെ പുച്ഛിക്കുന്നത്. പീഡന പരാതി പറയുന്ന ഒരു സ്ത്രീയുടെ പേര് പരസ്യമായി ടെലിവിഷനിൽ ചോദിച്ച് അത് വിളിച്ചു പറയുന്നതിലെ സുരക്ഷ, സ്വകാര്യത പ്രശ്നങ്ങളൊന്നും വനിതാ കമ്മീഷൻ അധ്യക്ഷക്ക് അറിയില്ലേ? ഈ ദുഷ്പ്രഭ്വി രാജിവെച്ചു പോകുന്നു എന്ന് സർക്കാർ ഉറപ്പാക്കണം. പോലീസ് സ്റ്റേഷനിൽ സ്ത്രീകൾ ഇത്തരത്തിലുള്ള വിഷയങ്ങളിൽ പരാതിയുമായി ചെന്നാലുള്ള അവസ്ഥ അദ്ധ്യക്ഷ മഹോദയക്ക് അറിയാഞ്ഞിട്ടാവില്ല.

എന്റെ നാട്ടുകാരിയായ വിധവയായ ഒരു സ്ത്രീ അയൽപക്കത്തുള്ള ആഭാസന്റെ ശല്യം സഹിക്കാതെ പല തവണ പോലീസിൽ പരാതിപ്പെട്ടു. തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും പാതിരാക്ക് വീടിനു മുകളിലേക്ക് കല്ലെറിയുകയും വഴിയിൽ തടയുകയുമൊക്കെയായിരുന്നു അയാൾ ചെയ്തിരുന്നത്. പരാതി കേൾക്കാൻ ഇവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്ന് മാത്രമല്ല (അങ്ങനെയല്ല ചെയ്യേണ്ടത്, അവരുടെ വീട്ടിൽ ചെന്നാണ് പരാതി വിവരം അന്വേഷിക്കേണ്ടത്) പോലീസുകാർ അവരെ സ്റ്റേഷനിൽ വെച്ചുപദേശിച്ചത് അക്രമിയെ വിവാഹം കഴിക്കാനാണ്. അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കാൻ. കല്യാണമാണ് പോലീസിന്റെ സംരക്ഷണ പരിപാടി.

പാതിരാത്രി കല്ലേറും അക്രമവും ഉണ്ടായപ്പോൾ പോലീസിനെ വിളിച്ച് അവർ വന്നപ്പോൾ ആ പാതിരാത്രിയിലും പോലീസുകാർ ഉപദേശിച്ചത് മറ്റെവിടെയെങ്കിലും വീട് വെച്ച് മാറാനോ അല്ലെങ്കിൽ കല്യാണം കഴിക്കാനോ ആണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയായിരുന്നു വനിതാ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥ. ഒടുവിൽ പൊലീസുകാരെ നേരിട്ട് വിളിച്ച് ഇത്തരത്തിൽ അവരുടെ പരാതി കൈകാര്യം ചെയ്യുന്നത് ശരിയല്ല എന്ന് ഇടപെട്ട പ്രിയയോട്ഇത് നിങ്ങളുടെ വിഷയമല്ല, നിങ്ങളിടപെട്ടതുകൊണ്ടാണ് ആ സ്ത്രീ പരാതി പിന്വലിക്കാത്തത് എന്നാണ് വനിതാ സെൽ പറഞ്ഞത്. പിറ്റേന്ന് വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പരാതി പിൻവലിക്കാൻ പോലീസുകാർ ആവശ്യപ്പെട്ടെങ്കിലും നമ്മൾ ഇടപെട്ട് അത് തടയുകയായിരുന്നു.

ഇത്രയും വിശദമായി ഈ സംഭവം പറഞ്ഞത്, എന്തുകൊണ്ട് പരാതി നൽകിയില്ല എന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പുച്ഛം തെളിയുമ്പോഴാണ്. അന്യനായ ഒരാളുടെ ശല്യത്തെക്കുറിച്ചുള്ള പരാതിയിൽ ഇതാണ് അവസ്ഥയെങ്കിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ നൽകുന്ന പരാതിയിൽ പോലീസ് സ്റ്റേഷനുകളിലെ സദാചാര ഏമാന്മാരുടെ സമീപനം എന്താണെന്നതിനു നിരവധി അനുഭവങ്ങൾ വേറെയുണ്ട്.

ജോസഫൈനിനെ പോലെ ഒരു വസ്തിനും കൊള്ളാത്ത ഒരു ദുരധികാര പ്രമത്തയെ ചുമന്നുകൊണ്ട് അവരുടെ ശിഷ്ട ജീവിതത്തെ തൃപ്തിപ്പെടുത്തേണ്ട കാര്യം ജനത്തിനില്ല. അവർ സി പി ഐ (എം) കേന്ദ്ര സമിതി അംഗമാണ്. അവർക്ക് കമ്മ്യൂണിസ്റ്റുകാരി എന്നുള്ള സാമാന്യ രാഷ്ട്രീയധാരണയൊക്കെ നഷ്ടമായിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ ഈ അധികാരാശ്ലീലം. എം. സി. ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെക്കണം. അവരാ സ്ഥാനത്ത് തുടരുന്നത് കേരളത്തിലെ പൊതുസമൂഹത്തിനോടും വിശിഷ്യാ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in