അനനുകരണീയമായ, കോമഡി ഷോക്കാർ തൊടാൻ പേടിക്കുന്ന ആ നടനമട്ട്

അനനുകരണീയമായ, കോമഡി ഷോക്കാർ തൊടാൻ പേടിക്കുന്ന ആ നടനമട്ട്

ബാലേട്ടൻ എന്നുതന്നെയാണ് വിളിക്കാറ്.നേരിട്ടുള്ള പരിചയം തുടങ്ങിയതിൻ്റെ സ്ഥലകാലങ്ങൾ ഓർമ്മയില്ല. പരിചയപ്പെടും മുൻപേ പരിചിതരായിരുന്നു.സ്കൂൾ ഓഫ് ഡ്രാമയുടെ ഒരു ജൈവ പ്രതീകമായി അന്ന് കണ്ടു. സാത്വികമായ ഹാസ്യബോധം അടുപ്പത്തെ ഉദാരമാക്കി.ചില കത്തിടപാടുകൾ ഉണ്ടായി.'കേളു ' നാടകം പങ്കെടുത്ത മത്സരത്തിലെ ജഡ്ജിമാരിൽ ഒരാളായിരുന്നു.

ഒരു തിരക്കഥയെഴുത്ത് എന്ന ആവശ്യവുമായി ബാലേട്ടൻ ഒരിക്കൽ ഇവിടെ വീട്ടിൽ വന്നു.രണ്ടു ദിവസം താമസിച്ചു. ഒരു വൈകുന്നേരം പുറത്തിറങ്ങി. മാണിയാട്ട് ബസ് സ്റ്റോപ്പിൽ ആളുകൾ തന്നെ തിരിച്ചറിഞ്ഞപ്പോൾ അലൗകികനാവാതെ, സെലിബ്രിറ്റിമട്ട് വരുത്താതെ സന്തോഷിച്ചു .ബസ്സിലാണ് സവാരി ചെയ്തത്. ബസ്സിറങ്ങി, കുറേ കാഞ്ഞങ്ങാട്ടും വെള്ളിക്കോത്തും നടന്നുകണ്ടു.വെള്ളിക്കോത്തെ വിജനവഴിയിലൂടെ ഒരു നവരാത്രിവേഷം ഒറ്റയായി വരുന്നതുകണ്ടിട്ട് ഷൂട്ടിംഗ് മട്ടിൽ നടത്തം നിർത്തി നോക്കി നിന്നു.ഹൈസ്കൂൾ കെട്ടിടം തുറപ്പിച്ച് കേളുനായർ മരിച്ചുകിടന്ന സ്ഥലം നോക്കി നിന്നു.റോഡല്ലാത്ത ഒരു ഇടവഴികാണാൻ ഞങ്ങൾ കുറച്ചലഞ്ഞു; ഒടുവിൽ കണ്ടു.വെള്ളിക്കോത്തെ കവിയുടെ മoത്തിലാൾപ്പ് എന്ന വീട് പോയി കണ്ടു. മൂകതയുടെ വീടായിരുന്നു .കിഴക്കുംകര വഴി തിരിച്ചുനടന്ന്കോട്ടച്ചേരി ഗണേശ് ഭവനിൽ ചായയ്ക്ക് കേറിയപ്പോൾ " എന്താണ് ഇവിടത്തെ സ്പെഷ്യാലിറ്റി , അത് പറയൂ " എന്ന് സംവിധായകനെപ്പോലെ നിർദ്ദേശിച്ചു . ഗോളിബജ, പാവ് ബാജി എന്നിവ കിട്ടി. നീർദോശയും.

"പാവം ഉസ്മാൻ " മനസ്സിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. "നമ്മുടെയൊകെ തലയ്ക്കു മുകളിൽ ഒരു അധോലോകം ഉണ്ടായിരിക്കുന്നു" എന്ന വിദഗ്ദ്ധഭാഷണം മറ്റൊരു നാടകത്തിൽ നിന്ന് കേൾക്കുന്നു. അനനുകരണീയമായ, കോമഡി ഷോക്കാർ തൊടാൻ പേടിക്കുന്ന ആ നടനമട്ട് മറക്കാതെ ബാക്കിയാണ്.

രാത്രി നാടകാനുഭവങ്ങളുടെ ആഖ്യാനവേളയായി.വനജ മഞ്ഞൾപ്പൊടിയിട്ട അവൽ വറുത്തതുമായി അരങ്ങേറിയപ്പോൾ "ബീജെപ്പിഅവിൽ" എന്ന് പേരിട്ടു. പിൽക്കാലഫോൺവിളികളിൽ മഞ്ഞയവൽ ഇങ്ങനെ ഓർമ്മിക്കപ്പെട്ടു.

നാട്ടിലെ ഒരു കലാസമിതിയുടെ ജൂബിലി സ്മരണികയിലേക്ക് നാടകാഭിനയത്തിൻ്റെ ഒരു ഓർമ്മ എഴുതിത്തരാൻ പറഞ്ഞപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നു. തൻ്റെ സദ്ഗുരുവായ ജി.ശങ്കരപ്പിള്ള സാറിൻ്റെ ഒരു നാടകത്തിൽ ഉറങ്ങിക്കിടക്കുന്ന കഥാപാത്രമായി നടിച്ചപ്പോഴുള്ള അനുഭവമായിരുന്നു ആത്മവിശകലന മൂർച്ചയോടെ എഴുതിയത്.ആ സ്മരണികയിൽ ചേർക്കാൻ ഒരു ചെറുനാടകവും തന്നു.

ഡി സി ബുക്സ് ബാലേട്ടൻ്റെ 'മായാസീതാങ്കം ' നാടകം പുസ്തകമാക്കിയപ്പോൾ ഞാൻ മലയാളം വാരികയിൽ എസ്.ജയചന്ദ്രൻ നായർ സാർ പറഞ്ഞ് റിവ്യു ചെയ്തു. ഡയലോഗിൻ്റെ മട്ടിലായിരുന്നു അത് എഴുതിയത്. നാടകകൃത്ത് സന്തുഷ്ടനായിപ്പോയി.

സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ചില പരിപാടികളിൽ പങ്കുചേരാനായി വിളിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഡി.വിനയചന്ദ്രൻ മാഷുമായി ഞങ്ങൾ ചിലേടത്തൊക്കെ കറങ്ങി. ബാറിലടക്കം -- ബാർ എനിക്ക് പരിചയമില്ലാത്ത തിയേറ്റർ.

ബാലേട്ടൻ്റെ നാടകാഭിനയം കണ്ടിട്ടില്ല. സിനിമാഭിനയത്തിൽ സ്വന്തം ശൈലികൾ ഉണ്ടായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത 'കടൽ കടന്നൊരു മാത്തുക്കുട്ടി ' യിലെ ഒരേസമയം അഭിമാനിയുംനിസ്സഹായനും ധീരനും ഭീരുവുമായ അളിയൻ കഥാപാത്രമാണ് ഏറ്റവും മികച്ചത് എന്ന് തോന്നാറുണ്ട്. അതേപ്പറ്റി ഫോണിൽ പറഞ്ഞിരുന്നു. അഭിനയശാസ്ത്രത്തിൻ്റെ സങ്കേതങ്ങൾ ഓർമ്മിച്ചുകൊണ്ടുള്ള ഒരു അക്കാദമിക മറുപടി കിട്ടി.

അസുഖം എന്നറിഞ്ഞപ്പോൾ വിളിച്ചെങ്കിലും കാര്യമുണ്ടായില്ല. മിനിഞ്ഞാന്ന് ഒരു സിനിമയിൽ (' ഇപ്പുറം തിരുവിതാംകൂർ ' ) വൃദ്ധവേഷത്തിൽ കണ്ടു. മരിച്ചു കിടക്കുന്ന രംഗവും അതിൽ ഉണ്ട്.

"പാവം ഉസ്മാൻ " മനസ്സിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. "നമ്മുടെയൊകെ തലയ്ക്കു മുകളിൽ ഒരു അധോലോകം ഉണ്ടായിരിക്കുന്നു" എന്ന വിദഗ്ദ്ധഭാഷണം മറ്റൊരു നാടകത്തിൽ നിന്ന് കേൾക്കുന്നു.അനനുകരണീയമായ, കോമഡി ഷോക്കാർ തൊടാൻ പേടിക്കുന്ന ആ നടനമട്ട് മറക്കാതെ ബാക്കിയാണ്.

ബാലേട്ടന് ആദരാഞ്ജലികൾ.

No stories found.
The Cue
www.thecue.in