ഗാന്ധിജിയെ നമ്മള്‍ തോല്‍പ്പിച്ചുകളഞ്ഞല്ലോ എന്ന വേദന ബാക്കിയാകുന്നു

ഗാന്ധിജിയെ നമ്മള്‍ തോല്‍പ്പിച്ചുകളഞ്ഞല്ലോ എന്ന വേദന ബാക്കിയാകുന്നു

“പ്രിയ സുഹൃത്തേ, വെറുമൊരു ഔപചാരികതക്ക് വേണ്ടിയല്ല ഞാന്‍ താങ്കളെ സുഹൃത്ത് എന്ന് വിളിക്കുന്നത്‌. എനിക്ക് ശത്രുക്കളില്ല. കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷങ്ങളിലെ എന്റെ ജീവിതസമീപനം തന്നെ വംശ,വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഇല്ലാതെ മുഴുവന്‍ മാനവരാശിയോടും സൗഹൃദം വളര്‍ത്തിയെടുക്കുക എന്നുള്ളതായിരുന്നു”.

മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധിയെന്ന ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും സമാധാനപ്രിയനായ മനുഷ്യന്‍, 1940ലെ ക്രിസ്മസ് ദിനത്തില്‍ ഇങ്ങനെയൊരു ഹൃദയസ്പര്‍ശിയായ എഴുത്ത് എഴുതിയത് അതേ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മനുഷ്യവിരുദ്ധനായ ഒരു ഭരണാധികാരിക്കായിരുന്നു: അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക്.

അതായിരുന്നു ഗാന്ധി.ഹിറ്റ്‌ലറുടെ പ്രവൃത്തിയെയും വംശീയതയുടെ തേര്‍വാഴ്ചയേയും, ‘രാക്ഷസീയം’ എന്നും ‘മനുഷ്യവിരുദ്ധം’ എന്നും ശക്തമായി അപലപിക്കുമ്പോഴും അദ്ദേഹത്തിനു ഹിറ്റ്‌ലര്‍ ശത്രു ആയിരുന്നില്ല. ഉപാധികള്‍ ഇല്ലാത്ത സ്നേഹത്തിന്റെയും, പരസ്പരസംവാദത്തിന്റെയും അനന്തസാധ്യതകള്‍ തേടിയുള്ള അന്വേഷണം ആയിരുന്നു എല്ലായ്പ്പോഴും മഹാത്മാഗാന്ധി.

അര്‍ദ്ധനഗ്നനായ ആ ഫക്കീറിന്റെ ആശയങ്ങൾ തിരികെപിടിക്കാൻ ആയിരിക്കണം. ഗാന്ധിജിയുടെ ആത്മബലിയോട് അങ്ങനെ മാത്രമേ നമുക്ക് നീതി കാണിക്കാൻ കഴിയൂ.

ആ ഗാന്ധിയെ എഴുപത്തിമൂന്നു വർഷം മുമ്പ് ഇല്ലാതാക്കുമ്പോള്‍, ഭൂരിപക്ഷവര്‍ഗീയത ലക്ഷ്യമിട്ടത് ഗാന്ധിജി ഉണ്ടാക്കിയെടുത്ത മതസൌഹാര്‍ദ്ദത്തിന്റെയും, മാനവികതയുടെയും ആധാരശില തന്നെ ഇളക്കിയെടുക്കുക എന്നുള്ളതായിരുന്നു. വാസ്തവത്തില്‍, ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ കാരണം ഇന്ത്യാ വിഭജനമോ, വര്‍ഗീയകലാപങ്ങളോ ഒന്നുമല്ല. ഗാന്ധി വധത്തിന്റെ നാള്‍വഴികള്‍ തുടങ്ങുന്നത് അതിനും എത്രയോ മുന്‍പാണ്. 1934 ജൂണ്‍ മാസം 25 നാണ് ഗാന്ധിജിക്ക് എതിരെ ആദ്യത്തെ വധശ്രമം നടന്നത്. പൂനയിലെ കോര്‍പറേഷന്‍ ഓഡിറ്റോറിയത്തില്‍ പ്രസംഗിക്കാന്‍ എത്തിയ ഗാന്ധിജിയും കസ്തൂര്‍ബയും സഞ്ചരിച്ച കാര്‍ ഭാഗ്യവശാല്‍, അടുത്തുള്ള റെയില്‍വേക്രോസ്സിങ്ങില്‍ കുടുങ്ങിയപ്പോള്‍, അതുപോലുള്ള മറ്റൊരു കാര്‍ കൃത്യസമയത്ത് തന്നെ ഓഡിറ്റോറിയത്തില്‍ എത്തിയിരുന്നു. അതില്‍ ഗാന്ധിജി ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ആ കാറിനു നേര്‍ക്ക്‌ ബോംബെറിഞ്ഞു. മൂന്നു മിനുട്ടിന്റെ വ്യത്യാസത്തില്‍ ആണ് ഗാന്ധിജി അന്ന് രക്ഷപ്പെട്ടത്. അന്ന്, ഹിന്ദുവര്‍ഗീയവാദികളെ പ്രകോപിപ്പിച്ചത് ‘പാകിസ്ഥാന്‍’ ആയിരുന്നില്ല.അന്ന് വര്‍ഗീയകലാപങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ഗാന്ധിജിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനു കാരണം ക്ഷേത്രപ്രവേശനവും, അയിത്തത്തിനു എതിരായ ഗാന്ധിജിയുടെ നിരന്തരമായ സമരവും, ഹിന്ദു മതത്തെ നവീകരിക്കാനുള്ള ശ്രമങ്ങളും ആയിരുന്നു. 'ആചാരസംരക്ഷകരായ ഹിന്ദുക്കൾ' ആയിരുന്നു ആക്രമിക്കാന്‍ ശ്രമിച്ചത് എന്ന് പിറ്റേന്നത്തെ പത്രസമ്മേളനത്തില്‍ ഗാന്ധിജി തന്നെ പറയുന്നുണ്ട്. 'Mahathma Gandhi: The Last Phase' എന്ന പ്യാരേലാലിന്റെ പുസ്തകത്തില്‍ ഈ സംഭവത്തില്‍ തീവ്രഹിന്ദുപ്രസ്ഥാനങ്ങളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നുമുണ്ട്. പിന്നീട്, പലതവണയായി ശ്രമിച്ചിട്ടാണ്, അവസാനം അഞ്ചാം വട്ടം, 1948ൽ ഗാന്ധിയുടെ മാറിലേക്ക്‌ വെടിയുണ്ട പായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്.

ഗാന്ധി സ്വപ്‍നം കണ്ടതിന് നേർ വിപരീതമാണ് ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്നത്.

ചുരുക്കത്തില്‍, ഇന്ത്യയിലെ ഹൈന്ദവ വര്‍ഗീയവാദികളുടെ എക്കാലത്തെയും ‘ആദ്യശത്രു’ ഒരിക്കലും ‘മതവിരുദ്ധനും, ആധുനികനു’മായ ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നില്ല. മറിച്ച്, ഹിന്ദുമതവുമായി നിരന്തരം സംവദിച്ചുകൊണ്ട്, അതിനെ നവീകരിക്കാനും ഹൈന്ദവതയുടെ മാനവികമൂല്യങ്ങളെ പ്രകാശമാനമാക്കുവാനും എപ്പോഴും ശ്രമിച്ച മതവിശ്വാസി ആയ മഹാത്മാഗാന്ധി ആയിരുന്നു. ഹിന്ദുദേശിയതയുടെ വളര്‍ച്ചക്ക് മുന്നില്‍ അദ്ദേഹം ഒരു വൻഹിമാലയം പോലെ തടസ്സം നിന്നു. തിലകനെ പോലെ ദേശിയതയെ ഹിന്ദുബിംബങ്ങളിൽ അഭിരമിപ്പിക്കാൻ അദ്ദേഹം അനുവദിച്ചില്ല. ഗാന്ധിജി, അഹിംസയും മത സൗഹാർദവും അടിസ്ഥാനമാക്കി ഒരു മതേതര ജനകീയപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ശ്രമിച്ചപ്പോൾ ആണ് ഹെഡ്ഗേവാറും, ബി. എസ്. മൂന്ജെ യും കോണ്‍ഗ്രസ് വിട്ടുപോയത്. ഹെഡ്ഗേവാർ പിന്നീട്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിനു തുടക്കമിട്ടുവെങ്കില്‍ മൂന്ജെ ഹിന്ദു മഹാസഭയുടെ പ്രസിഡണ്ട് ആയി. ഗാന്ധിജി അവരുടെയും ഹിന്ദുവർഗ്ഗീയതയുടെയും പൊതുശത്രുവും!

അതുകൊണ്ടാണ്, വിഭജനത്തിനു ശേഷം പുറത്തിറങ്ങിയ ഓർഗനൈസറില്‍ 'ഹിന്ദുക്കളെ മുഴുവൻ സംഘടിപ്പിച്ചു, ഒന്നിപ്പിച്ചു നിർത്തി ലോകത്തിലെ ഒരു രാഷ്ട്രത്തിനും പരാജയപ്പെടുത്താൻ പറ്റാത്ത അതിശക്തമായ ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റാൻ പറ്റിയ അനിതരസാധാരണമായ ചരിത്രാവസരമാണ് മോഹൻദാസ് കരം ചന്ദ് ഗാന്ധിയെന്ന മനുഷ്യൻ പാടെ നശിപ്പിച്ചു കളഞ്ഞതെന്നു അവർ എഴുതിയത്(Raghu, ‘Whither Mahatma Gandhi?’, Organiser, September 11, 1947).

ഇന്ന്, സ്വതന്ത്രഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കിയ ജനുവരി മുപ്പത് ഒരിക്കൽ കൂടി കടന്നുപോകുമ്പോൾ ഒടുവിൽ ഗാന്ധിജിയെ നമ്മൾ തോൽപ്പിച്ചുകളഞ്ഞല്ലോ എന്ന വേദന മാത്രമാണ് ബാക്കിയാകുന്നത്. കാരണം, ഗാന്ധി സ്വപ്‍നം കണ്ടതിന് നേർ വിപരീതമാണ് ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്നത്.

ബഹുസ്വരവും മതനിരപേക്ഷവുമായ ഇന്ത്യൻദേശീയതയിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ശ്രമിക്കേണ്ടത് നവഖാലിയിലും, ദില്ലിയിലും, അതിര്‍ത്തിയിലെ കലാപമേഖലയിലും ഒക്കെ സാധുമനുഷ്യർക്ക് കനവും, അഭയവും വിളക്കുമായി നിന്ന അര്‍ദ്ധനഗ്നനായ ആ ഫക്കീറിന്റെ ആശയങ്ങൾ തിരികെപിടിക്കാൻ ആയിരിക്കണം. ഗാന്ധിജിയുടെ ആത്മബലിയോട് അങ്ങനെ മാത്രമേ നമുക്ക് നീതി കാണിക്കാൻ കഴിയൂ.

Related Stories

No stories found.
logo
The Cue
www.thecue.in