ഓണ്‍ലൈൻ ചൂതാട്ടം ആളെ കൊല്ലുമ്പോള്‍, നമുക്ക്‌ ചെയ്യാനുള്ളത്

ഓണ്‍ലൈൻ ചൂതാട്ടം ആളെ കൊല്ലുമ്പോള്‍, നമുക്ക്‌ 
ചെയ്യാനുള്ളത്

ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പുകളും ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകളും ഇന്ത്യമുഴുവന്‍ പെരുകുകയാണ് . ഇവമൂലമുള്ള ആത്മഹത്യകളും. കേരളത്തിലും ഇവ തുടങ്ങിയിരിയ്ക്കുന്നുവെന്ന് ഇന്നലെവന്ന ഓണ്‍ലൈന്‍ റമ്മി കളിച്ച് കടക്കെണിയിലായ ആളുടെ ആത്മഹത്യാവാര്‍ത്ത കാണിയ്ക്കുന്നു.

കൊവിഡ് മൂലം പെട്ടെന്നു ഡിജിറ്റലാവാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണ് നമ്മള്‍. ടെലിഡെന്‍സിറ്റിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമായിരുന്നെങ്കിലും സ്മാര്‍ട്ട് ഫോണ്‍ സാന്ദ്രതയിലെ വലിയ രീതിയിലുള്ള മുന്നേറ്റം ഈ കൊവിഡ് കാലത്തോടെയാണ് ഉണ്ടാകുന്നത്. ഇന്റര്‍നെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ചെവെങ്കിലും ഡിജിറ്റല്‍ സാക്ഷരതാരംഗത്ത് നാം വേണ്ടത്ര മുന്നോട്ടുപോയില്ല (സാക്ഷരതാമിഷനുമായി ചേര്‍ന്ന് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പ്രവര്‍ത്തകര്‍ ഒരു പാഠ്യപദ്ധതിയൊക്കെ 2019 അവസാനം ഉണ്ടാക്കിയെങ്കിലും കൊവിഡുമൂലം അത് നടപ്പാക്കല്‍ ഉണ്ടായില്ല).

ഈ സാഹചര്യത്തില്‍ തന്നെയാണ് അതിവേഗം വളരുന്ന ഇന്ത്യന്‍ ഇന്റര്‍നെറ്റ് എന്ന മാര്‍ക്കറ്റില്‍ ഫേക്കും അംഗീകൃതവുമൊക്കെയായ ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പുകളും ഒപ്പം ഗൂഗിള്‍ പ്ലേസ്റ്റോര്‍ പോലും ലിസ്റ്റിങ് അനുവദിക്കാത്ത റമ്മി പോക്കര്‍ ക്രിക്കറ്റ് ചൂതാട്ട ആപ്പുകളും സജീവമാകുന്നത്. തമിഴ്‌നാട്ടിലും തെലങ്കാനയില്‍ നിന്നുമെല്ലാം ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പുകള്‍ മൂലമുള്ള ആത്മഹത്യകളെക്കുറിച്ച് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പുകളുടെ ചൂഷണം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ മുഖ്യമന്ത്രിയ്ക്ക് കത്തുനല്‍കിയെന്ന റിപ്പോര്‍ട്ടുകളും കണ്ടിരുന്നു. ഇപ്പോള്‍ കേരളത്തില്‍ നിന്നും ആത്മഹത്യകള്‍ തുടങ്ങിയിരിയ്ക്കുന്നു.

ഇവയില്‍ വലിയ ഒരു പങ്ക് ആപ്പുകളും നിയമപ്രാബല്യമില്ലാത്തതും ലോണ്‍ നല്‍കാന്‍ അധികാരമുള്ള NBFC (Non Banking Financial Companies ) പിന്തുണ ഇല്ലാത്തതുമായ ആപ്പുകളാണ്. അലിബാബ ക്ലൗഡില്‍ ഓപ്പറേറ്റ് ചെയ്യുന്ന വൈറ്റ്ലേബല്‍ ചെയ്ത ടെക്‌നോളജി സൊല്യൂഷനുകള്‍ പഴയ വട്ടിപ്പലിശക്കാര്‍ ആപ്പാക്കിമാറ്റുന്നതാണ് വലിയ ഒരു പങ്ക് ആപ്പുകള്‍. ഉടമയെ തപ്പിപ്പോയാല്‍ MCA ഡാറ്റാബേസ് അനുസരിച്ച് ഓതറൈസ്ഡ് കാപ്പിറ്റല്‍ ആയി ചെറിയ ഒരു തുക മാത്രമുള്ളവയാവും ഇവ മിക്കതും.

ഇനി NBFC ബാക്കിങ് ഉള്ളവ എടുത്താലും ഇവയുടെ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റമൊന്നും ഇല്ല. മിക്കവയും ബാംഗ്ലൂരിലോ മുംബൈയിലോ രജിസ്റ്റര്‍ ചെയ്ത കമ്പനികളാവും. വന്‍തോതില്‍ ഇവ ലോണ്‍ തുകയില്‍ നിന്നു പിടിക്കുന്ന ജി.എസ്.ടി പോലും കേരള സര്‍ക്കാരിലോട്ടല്ല ഈ കമ്പനികള്‍ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാനങ്ങളിലേയ്ക്കാണ് പോകുന്നത് .

ചുരുക്കത്തില്‍ പണ്ട് അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ സൃഷ്ടിച്ച അതേ സ്ഥിതിവിശേഷമാണ് ഈ ഡിജിറ്റല്‍ ലെന്‍ഡിങ് ഓണ്‍ ലൈന്‍ ചൂതാട്ട ആപ്പുകളെക്കൊണ്ടുണ്ടാവുന്നത്. ചൂതാട്ടകമ്പനികള്‍ തന്നെ ലോണ്‍ നല്‍കുകയും കൂടി ചെയ്യുക എന്ന ഇരട്ട ചൂഷണം കൂടി ഇതിനോടൊപ്പം നടക്കുന്നുമുണ്ട്

ഈയിടെ ഗൂഗിള്‍ ഇത്തരം പല ആപ്പുകളും കാഷ്ലസ് കണ്‍സ്യൂമര്‍ എന്ന ഞാന്‍ കൂടി അംഗമായ നെറ്റ്വര്‍ക്ക് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് എടുത്ത് മാറ്റിയിരുന്നു. ആത്മഹത്യകളെത്തുടര്‍ന്ന് തെലങ്കാന പോലിസ് ഒരാഴ്ച മുമ്പ് റെയ്ഡ് നടത്തി വലിയ ഒരു നെറ്റ്വര്‍ക്കിനെ പിടികൂടിയിരുന്നു.ഒരു ഫേക്ക് ആപ്പ് കമ്പനി സി.ഇ.ഒയും ചൈനീസ് പൗരന്മാരുമടക്കം നിരവധി പേര്‍ അറസ്റ്റിലാവുകയും 700 ലധികം ലാപ്ടോപ്പുകള്‍ പിടിച്ചെടുക്കുകയും ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിയ്ക്കുകയും ചെയ്തിരുന്നു. 118A ഓര്‍ഡിനന്‍സിനു മൂന്നു നാലു ദിവസം മുമ്പ് ഓണ്‍ലൈന്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരികയും ചെയ്തിരുന്നു.

ഇന്റര്‍നെറ്റ് ഇന്ന് പ്രത്യേകം ഒരു വിഷയമല്ല ഐടി വിഷയവുമല്ല. അത് എല്ലാ ജീവിതമേഖലകളെയും തൊട്ടുനില്‍ക്കുന്ന ഒന്നാണെന്നതിനാല്‍ ഇന്റര്‍നെറ്റ് സാന്ദ്രത കൂടിയ സംസ്ഥാനമായ കേരളം ജനങ്ങളെ ഇത്തരം ആപ്പുകള്‍ ചൂഷണം ചെയ്യുന്നതൊഴിവാക്കാനുള്ള നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ട് .പിന്നീടു പിന്‍വലിച്ച 118A കൊണ്ടുവന്നപ്പോള്‍ ഉയര്‍ന്നുകേട്ട കാരണവും ഇന്റര്‍നെറ്റിലെ ജനങ്ങളുടെ സുരക്ഷ എന്നതായിരുന്നു. ഞാന്‍ നവംബറില്‍ ചൂണ്ടിക്കാണിച്ചതാണെങ്കിലും കൂടുതല്‍ കൂടുതല്‍ മാധ്യമങ്ങള്‍ ഇത്തരം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതും ഈയിടെയാണ്.

എന്താണ് പരിഹാരം

ഈ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനായി സംസ്ഥാനം അടിയന്തരമായി ചെയ്യേണ്ടതെന്നു തോന്നുന്ന കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. കേരള മണി ലെന്‍ഡേര്‍സ് ആക്റ്റ് 1958 ല്‍ ഡിജിറ്റല്‍ ലെന്‍ഡര്‍മാരെയും കേരളത്തിലെ താമസക്കാരെ ഡിജിറ്റല്‍ ലെന്‍ഡേര്‍സിന്റെ കൊള്ളപ്പലിശയില്‍ നിന്ന് സംരക്ഷിയ്ക്കാനുമായി നിയമഭേദഗതി കൊണ്ടുവരിക.

2. മലയാളമറിയുന്നവരും ഇന്ത്യയില്‍ താമസിയ്ക്കുന്നവരുമായ ഒരു നോഡല്‍ ഓഫീസര്‍ കണ്‍സ്യൂമര്‍ പരാതികള്‍ പരിഹരിക്കാനായി എല്ലാ ഡിജിറ്റല്‍ ലെന്‍ഡര്‍മാര്‍ക്കും നിര്‍ബന്ധിതമാക്കുക.

3. ആപ്പ് ലോക്കലൈസേഷനും കസ്റ്റമര്‍ കെയറും ഉള്‍പ്പെടെ മലയാളത്തില്‍ക്കൂടി സേവനങ്ങള്‍ നല്‍കല്‍ ഡിജിറ്റല്‍ ലെന്‍ഡിങിനു നിര്‍ബന്ധമാക്കുക.

4. ഏത് ഡിജിറ്റല്‍ ലെന്‍ഡറും കേരളത്തിലെ ഒരു റസിഡന്റിനു GST ഇന്‍വോയ്‌സ് നല്‍കുമ്പോള്‍ SGST സംസ്ഥാനത്തിനു നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുക. ( അഡ്രസ് പ്രൂഫ് ലെന്‍ഡിങ് ആക്റ്റിവിറ്റിയുടെ ഭാഗമായതിനാല്‍ അതുപയോഗിച്ച് ഇതുറപ്പുവരുത്താവുന്നതാണ് ). സ്റ്റേറ്റ് ജി.എസ്.ടി രജിസ്‌റ്റ്രേഷന്‍ മര്‍ച്ചന്റ് ഓണ്‍ബോര്‍ഡിങില്‍ പേയ്‌മെന്റ് ഗേറ്റ്വേയുടെ ചുമതലയായിക്കൂടി ഉറപ്പുവരുത്തുക പോലുള്ള സാധ്യതകള്‍ പരിശോധിച്ചാല്‍ ഫേക്ക് ആപ്പുകളെ ഒരു പരിധി വരെ നിയന്ത്രിക്കാനുമാവും

5. ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്താനുള്ള കാര്യപരിപാടി ജനകീയപങ്കാളിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകുക.

GST in Digital ഈ വിഷയത്തിന്റെ മാത്രം കാര്യമല്ല.

ഡിജിറ്റല്‍ വ്യവസായങ്ങളില്‍ എങ്ങനെ സംസ്ഥാനത്തിന്റെ വരുമാനം ഉറപ്പുവരുത്താമെന്നത് ഒരു പുതിയ ടോപ്പിക്കാണ്. ജി.എസ്.ടിയിലെ OIDAR (Online Information Database Access and Retrieval services) റിവ്യൂ ചെയ്ത് ഡാറ്റയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സര്‍വ്വീസുകളില്‍ സ്റ്റേറ്റുകള്‍ക്ക്കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇപ്പോള്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നവര്‍ OIDAR കാറ്റഗറിയില്‍ ആണ് സേവനങ്ങള്‍ നല്‍കുന്നത്. ഒരു പോസ്റ്റ് പാന്‍ഡമിക് കാലഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഡിജിറ്റലായിമാറുമ്പോള്‍ സ്റ്റേറ്റുകള്‍ ഇവയെ റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെടേണ്ടതുണ്ട് . ഇപ്പോഴത്തെ IGST അധിഷ്ടിത സംവിധാനം സ്റ്റേറ്റുകള്‍ക്ക് അവിടത്തെ താമസക്കാരില്‍ നിന്നുള്ള റവന്യൂ വരുമാനം ഡിജിറ്റല്‍ സര്‍വ്വീസുകളാകുന്നതോടെ ഇല്ലാതാക്കുക മാത്രമല്ല ജനങ്ങളെ ബാധിക്കുന്ന ഓണ്‍ലൈന്‍ ഗാംബ്ലിങ് പോലുള്ള ഉപവിഭാഗങ്ങള്‍ എത്രത്തോളം സംസ്ഥാനത്ത് സജീവമാണെന്ന് അറിയാനും മനസ്സിലാക്കാനുമുള്ള കഴിവിനെയും അവയ്ക്കുമുകളിലുള്ള ഒരു ഇന്‍ഫോംഡ് നിയമനിര്‍മ്മാണ/നിയന്ത്രണ സാധ്യതയെക്കൂടി ഇല്ലാതാക്കുകയാണ്.

Anivar Aravind About Online Gambling Apps

Related Stories

No stories found.
logo
The Cue
www.thecue.in