മഴ നനഞ്ഞു നിന്ന പെൺകുട്ടി

മഴ നനഞ്ഞു നിന്ന പെൺകുട്ടി

സുഗതകുമാരി ടീച്ചർ കടന്നു പോയ ദുഖഭാരം അടക്കിക്കൊണ്ടാണ് ഞാൻ ഈ വാക്കുകൾ എഴുതുന്നത്. കൈരളീവിപിനത്തിലെ ഒരു മഹാമേരു ജീവിതചക്രം പൂർത്തിയാക്കി പ്രകൃതിയിലേക്ക് മടങ്ങി. ഈ തണലില്ലാതെ നമ്മൾ ഇനി ഉഴറണം.

‘മഴയത്ത് ചെറിയ കുട്ടി’ എന്നൊരു കവിത സുഗതകുമാരി ടീച്ചറുടേതായുണ്ട്. ടീച്ചറുടെ കുട്ടിക്കാലത്ത് എഴുതിയതാണ് എന്നാണ് എന്നോടൊരിക്കൽ പറഞ്ഞത്. ടീച്ചറുടെ ആത്മകഥാംശമുള്ള കവിതയാണ് ഇത്. ടീച്ചറെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ ഈ കവിതയാണെനിക്ക് ഓർമ വരിക, അതിലെ ബിംബങ്ങളും.

ഇറയപ്പടിയിൽ മഴ വരുന്നതും കാത്തിരിക്കുന്ന , അത് പെയ്യുന്നത് കണ്ടിരിക്കുന്ന കുട്ടി, തൻറെ അരുമ പുസ്തകത്തിൻറെ താളൊന്നു ചീന്തി കടലാസു വഞ്ചിയുണ്ടാക്കി കയ്യിലെ ചോന്ന പെൻസിലും വിട്ടിട്ടവൾ കൈകൊട്ടിച്ചിരിക്കുന്നു. അപ്പോൾ,

മഴയൊഴുക്കിന്‍ നെടും ചാലിലൂടെ

മുങ്ങിപ്പൊങ്ങിയൊലിച്ചു വരുന്നൂ

കുഞ്ഞുറുമ്പൊന്നു, പാവമേ പാവം!

ചെറിയ കുട്ടി തന്‍ പൂവിരല്ത്തുരമ്പാ-

ലതിനെ മെല്ലെയെടുത്തുയര്ത്തുുന്നു

"ഇനിനീയെന്നെക്കടിച്ചുപോകൊല്ലെ"-

ന്നവനെശ്ശാസിച്ചു വിട്ടയയ്ക്കുന്നു

വരികയാണതാ വീണ്ടുമുറുമ്പൊ-

ന്നതിനെയുമവള്‍ കേറ്റിവിടുന്നു

ഒഴുകിയെത്തുന്നതാവീണ്ടുമഞ്ചെ-

ട്ടതിനു പിന്പേത,യിനിയെന്തുവേണ്ടൂ?

ചെറിയകുട്ടി മഴയത്തിറങ്ങി

ഒരു പിലാവിലചെന്നെടുക്കുന്നു

അവയെയെല്ലാമെടുത്തുകേറ്റുന്നു

മഴകനക്കുന്നു, കാറ്റിരമ്പുന്നൂ

തെരുതെരെയതാ വീണ്ടും വരുന്നൂ

ഒരു നൂറെണ്ണം! കരച്ചില്‍ വരുന്നു

മഴനനഞ്ഞുടുപ്പാകെ നനഞ്ഞു

തലമുടിക്കൊച്ചുപിന്നല്‍ നനഞ്ഞു

കണ്ണീരും മഴനീരുമൊലിക്കും

പൊന്മുഖം കുനിച്ചെന്തുവേഗത്തില്‍

മുങ്ങിച്ചാകുമുറുമ്പുകള്ക്കാതയി

കുഞ്ഞിക്കൈകള്‍ പണിയെടുക്കുന്നു!

എഴുപതുമേഴുമാണ്ടു കഴിഞ്ഞു

മഴയൊരായിരം പെയ്തുമറഞ്ഞു

വരിവരിയായുറുമ്പുകളെന്നും

കടലാഴത്തിലേയ്ക്കാഞ്ഞൊലിക്കുന്നു

ചെറിയകുട്ടി മഴ നനഞ്ഞുംകൊ-

ണ്ടവിടെത്തന്നെ പകച്ചു നില്ക്കു ന്നൂ...

ലോകാനുരാഗിയായ കവിയാണ് സുഗതകുമാരിയെന്ന് പറഞ്ഞത് ബാലചന്ദ്രൻ ചുള്ളിക്കാടാണ്. ഈ ലോകാനുരാഗി ഇന്ന് കേരളത്തിൻറെ മുന്നിൽ മഴയും നനഞ്ഞു നിന്ന ഈ ലോകാനുരാഗി ഇന്ന് നമ്മുടെ ഹൃദയങ്ങളെ പിളർന്നുകൊണ്ടു കടന്നു പോയിരിക്കുന്നു.

കവിയുടെ ദന്തഗോപുരം ഒഴിഞ്ഞു തന്നെ കിടന്നു. അനാഥർക്കൊപ്പം തെരുവിലായിരുന്നു ഈ കവി. കയറ്റി വിട്ട കുഞ്ഞുങ്ങൾക്ക് പിന്നാലെ തെരുതെരുയതാ വരുന്നൂ ഒരു നൂറെണ്ണം വീണ്ടും എങ്കിലും കരഞ്ഞുകൊണ്ടാണെങ്കിലും ഈ പെൺകുട്ടി മഴ നനഞ്ഞു നിന്നു. അതെ, കവിയുടെ സിംഹാസനം ഒഴിഞ്ഞു കിടക്കവെ, തെരുവിൽ. കാടിനും പുഴയ്ക്കും കടലിനും തണ്ണീർത്തടത്തിനും പച്ചപ്പിനും കാവലാളായിരുന്നു ഈ കവി. എൺപതുമാറുമാണ്ടു കഴിഞ്ഞിട്ടും മഴയൊരായിരം പെയ്തുമറഞ്ഞിട്ടും.

“ഒരു താരകയെക്കാണുമ്പോളതു

രാവു മറക്കും, പുതുമഴ കാൺകെ

വരൾച്ച മറക്കും, പാൽച്ചിരി കണ്ടതു

മൃതിയെ മറന്നു സുഖിച്ചേ പോകും.”

- പാവം മാനവഹൃദയം

ദന്തഗോപുരത്തിൽ നിന്ന് ഇറങ്ങി വന്ന കവിഒരു കവിയുടെ ജീവിതത്തെ ഒറ്റയും തെറ്റയുമായ അഭിപ്രായങ്ങളാൽ വ്യാഖ്യാനിക്കരുത്; അതിൻറെ സാകല്യത്തിൽ കാണണം എന്ന് സുഗതകുമാരി ടീച്ചറെക്കുറിച്ച് ഞാൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ടീച്ചറോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം. പക്ഷേ, തെരുവിലേക്കിറങ്ങി നില്ക്കുന്ന കവികൾ ഇല്ലാതായി വരുന്ന കാലത്താണ് ഈ കവി ഇവിടെ നിന്നത്.. “ശ്യാമയാം നിശ്ശബ്ദകാനനമേ, നിന്നെ-യാനന്ദബാഷ്പം നിറഞ്ഞ മിഴികളാൽഞാനൊന്നുഴിഞ്ഞുകൊള്ളട്ടേ, കരം കൂപ്പിഞാനൊന്നു കണ്ടു നിന്നോട്ടേ മതിവരെ? ” (സൈലൻറ് വാലി.)

എന്നാണ് ടീച്ചർ സൈലൻറ് വാലിയെക്കുറിച്ച് എഴുതിയത്. സൈലൻറ് വാലിയെ സംരക്ഷിക്കാനുള്ള സമരത്തിൻറെ മുഖങ്ങളിലൊന്നായിരുന്നു ടീച്ചർ.

“ഇവൾക്കു മാത്രമായ്, കടലോളം കണ്ണീർകുടിച്ചവൾ, ചിങ്ങവെയിലൊളിപോലെചിരിച്ചവൾ, ഉള്ളിൽ കൊടും തീയാളിടുംധരിത്രിയെപ്പോലെ തണുത്തിരുണ്ടവൾ.......ഇവൾക്കു മാത്രമായൊരു ഗാനം പാടാ-നെനിക്കു നിഷ്ഫലമൊരു മോഹം സഖീ...” (ഇവൾക്കു മാത്രമായ്)എന്നെഴുതിയ ടീച്ചർ കേരളത്തിലെ സ്ത്രീ അവകാശ സമരങ്ങളുടെ ഒരു മുഖമായിരുന്നു. വനിതാ കമ്മീഷൻറെ അധ്യക്ഷയായും സ്ത്രീ സമരമുഖങ്ങളിലെ നിത്യ സാന്നിധ്യമായും പിന്തുണയായും ടീച്ചർ ഇക്കാലമത്രയും ഉണ്ടായിരുന്നു.

“ഇരുട്ടിൽ, തിരുമുറ്റത്തുകൊണ്ടു വെയ്ക്കുകയാണു ഞാൻപിഴച്ചു പെറ്റൊരീക്കൊച്ചുപൈതലെ;ക്കാത്തു കൊള്ളുക” (പെൺകുഞ്ഞ് – ‘90)അഗതികളുടെ ആശ്വാസത്തിന് ജീവിതം നീക്കി വയ്ക്കുക അനായസമല്ല. ആ പ്രവൃത്തിയുടെ രാഷ്ട്രീയത്തോട് വിമർശനമുള്ളവരുമുണ്ട്. പക്ഷേ, ഹവാനയിലെ അഗതി മന്ദിരങ്ങൾ നടത്തുന്ന കന്യാസ്തച്രീകളോട് ഫിദൽ കാസ്ട്രോ പറഞ്ഞതു തന്നെയാണ് അതിൻറെ രാഷ്ട്രീയം- ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു.

കാവ്യദേവതസുഗതകുമാരി ടീച്ചറുടെ കവിതയെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാടിനെ തന്നെ ഉദ്ധരിക്കട്ടെ: “ദുഖനിവാരണത്തിനായി ദയാവധത്തിൻറെ മാർഗം തേടുന്ന മാതൃത്വത്തിൻറെ അഗാധപ്രേരണയും കരുണാമയമായ സ്നേഹമല്ലാതെ മറ്റെന്താണ്?”, “തപസ്സിലൂടെ മോക്ഷം എന്ന ഹൈന്ദവദർശനത്തോടൊപ്പം സഹനത്തിലൂടെ സാക്ഷാത്കാരം എന്ന ക്രൈസ്തവാദർശവും സഹനസമരത്തിലൂടെ വിമോചനം എന്ന ഗാന്ധിദർശനവും സുഗതകുമാരിയുടെ കവിതകളിൽ ലയിച്ചിരിക്കുന്നു.”, “പരിസ്ഥിതി നാശത്തിനെതിരെ മലയാളിയുടെ പ്രജ്ഞയെ ഉണർത്തിയ അഗ്രദൂതിയാണ് സുഗതകുമാരി. മനസ്സും വാക്കും പ്രവൃത്തിയും കൊണ്ട് അവർ പരിസ്ഥിതി സംരക്ഷണത്തിനായി പോരാടുന്നു,” “എവിടെ വാക്കുകൾ? എൻറെയുൾക്കാട്ടിലെ മുറിവു നീറിടും വ്യാഘ്രിതൻ ഗർജനം?അകിടുവിങ്ങിയോരമ്മ വാരിക്കുഴിക്കടിയിൽനിന്നും വിളിക്കും നെടുംവിളി.എന്നെഴുതിയ, ഉന്മാദിനിയായ ആ വിപിനദുർഗയാണ് എന്റെ കാവ്യദേവത.” എന്നു പറഞ്ഞാണ് ബാലചന്ദ്രൻ തൻറെ നിരീക്ഷണം അവസാനിപ്പിക്കുന്നത്.

ആയിരം പൂർണചന്ദ്രനെ കണ്ട ഈ സഫലയാത്രയ്ക്ക് എൻറെ വന്ദനം.“സ്വീകരിക്കുക, നിത്യ-കല്പകസുമങ്ങളാ-ലാരചിച്ചൊരീയന-ശ്വരമാം കിരീടം നീ.”(അത്രമേൽ സ്നേഹിക്കയാൽ

Related Stories

No stories found.
logo
The Cue
www.thecue.in