ആത്മബന്ധത്തിന്റെ അപൂർവ സമവാക്യം

ആത്മബന്ധത്തിന്റെ അപൂർവ സമവാക്യം

റോഹന ഗെര സംവിധാനം ചെയ്ത "ഈസ് ലവ് ഇനഫ് -സർ" എന്ന സിനിമയിൽ ഇടയ്ക്കിടെ നമുക്ക് മുന്നിൽ വരുന്നൊരു ബിംബമുണ്ട്: തുറന്ന ആകാശം. സിനിമയിലെ പ്രധാന കഥാപാത്രമായ രത്ന (തിലോത്തമ ഷൊമെ ) പലപ്പോഴും ആ വെളിച്ചത്തിനു (ഇരുട്ടിനു) മുന്നിൽ ഉയർന്നു നിൽക്കുന്നുണ്ട്. തുന്നൽ പഠിക്കാൻ പുറത്തു പോകുമ്പോഴും തൊട്ടടുത്ത ഫ്ളാറ്റിലെ കൂട്ടുകാരിക്കൊപ്പം ടെറസിനു മുകളിൽ നിൽക്കുമ്പോഴും രത്ന ഈ വെളിച്ചത്തിനു താഴെ സന്തുഷ്ടയാണ്.

വിവാഹം മുടങ്ങിയ അശ്വിൻ ( വിവേക് ഗൊമ്പർ) എന്ന പണക്കാരനായ ബിൽഡറുടെ ഫ്ലാറ്റിലേക്ക് അവധി വെട്ടിക്കുറച്ചു കൊണ്ട് വീട്ടുജോലിക്കായി വരുന്ന രത്നയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അവധി നഷ്ടമായതിന്റെ ദുഃഖം രത്നക്കുണ്ട്. പക്ഷെ അതിനേക്കാൾ ഉപരി ഇത്ര വലിയൊരു നഗരത്തിൽ നിന്ന് തുന്നൽ പഠിക്കാനും വലിയൊരു ഫാഷൻ ഡിസൈനർ ആകാനും ഉള്ള ആഗ്രഹം രത്നയെ മുന്നോട്ട് നയിക്കുന്നു. വിധവയാണ് രത്ന. അശ്വിനുമായുള്ള സംസാരത്തിനിടെ ഒരിക്കൽ രത്ന പറയുന്നുണ്ട്: എന്നെ എന്തിനാണ് ഇവിടേക്ക് വിട്ടത് എന്നറിയാമോ സർ ? കുടുംബത്തിൽ ഒരാൾക്ക് പിന്നെ ചിലവിനു കൊടുക്കേണ്ടല്ലോ. അത് കൊണ്ടാണ്. പിന്നെ ഞാൻ ഒരു വിധവയും.

ഇടയ്ക്കിടെ വന്നു പോകുന്ന അമ്മയും ചില സുഹൃത്തുക്കളും ഒഴിച്ചാൽ അശ്വിനും ആ ഫ്ലാറ്റിൽ ഒറ്റക്കാണ്. എന്നും ഒരേ വാർപ്പുമാതൃകയിൽ ആണ് അശ്വിന്റെ ജീവിതം. ഇരിക്കുന്ന ഇടത്തേക്ക് ഭക്ഷണം കൊണ്ടു കൊടുക്കുകയും രാത്രി സോഫയിൽ കിടന്നുറങ്ങുമ്പോൾ പുതപ്പെടുത്ത്‌ പുതപ്പിക്കുകയും ചെയ്യുന്ന രത്ന മാത്രമാണ് അവിടെ ഉള്ളത്. അവർക്കിടയിൽ അപൂർവ്വമായൊരു ബന്ധം ഉടലെടുക്കുന്നു. ഇവിടെയാണ് റോഹന നമുക്കിടയിലെ ജാതി- സമുദായ- വർഗ സമവാക്യങ്ങളുടെ നിലനിൽപ്പിനെ സൂക്ഷ്മമായി കാണിച്ചു തരുന്നത്.

അശ്വിൻ നമ്മൾ കണ്ടു മറന്ന നായക സങ്കൽപ്പങ്ങളിൽ നിന്ന് പലപ്പോഴും വ്യത്യസ്തനാണ്. താങ്ക് യൂ എന്നും പ്ലീസ് എന്നും വീട്ടിലെ ജോലിക്കാരിയോട് പറയാൻ മടിക്കാത്ത മനുഷ്യനാണു. രത്ന ഭക്ഷണം കഴിച്ച് പാത്രം എടുത്തു കൊണ്ട് പോകുമ്പോഴും, ചായ കൊണ്ട് കൊടുക്കുമ്പോഴും അയാൾ ഈ മര്യാദ കാണിക്കുന്നുണ്ട്. വീട്ടിൽ പാർട്ടി നടക്കുമ്പോൾ രത്നക്ക് അറിയാതെ സംഭവിച്ച പിഴവിനെ കൂട്ടുകാർ കുറ്റക്കാരിയാക്കുമ്പോൾ ന്യായത്തിന്റെ ഭാഗത്ത് നിൽക്കാനും അശ്വിന് സാധിക്കുന്നുണ്ട്.
വിവാഹം മുടങ്ങി ഇരിക്കുന്ന അശ്വിനോട് "ജീവിതം അവസാനിക്കുന്നില്ല" എന്ന് രത്നയും ഗ്രാമത്തിൽ നിന്ന് ജോലിക്ക് വേണ്ടി വൻ നഗരത്തിൽ എത്തിയ രത്നയോട് "താങ്കൾ ധൈര്യമുള്ളവളാണ് " എന്ന് അശ്വിനും
പറയുമ്പോൾ അവർക്കിടയിലെ ആത്മബന്ധത്തിനു പുതിയൊരു മാനം കൈ വരുന്നു. .

നിശബ്ദതയെ മനോഹരമായാണ് ഈ സിനിമയിൽ ഉടനീളം സംവിധായിക പ്ലെയ്സ് ചെയ്തിരിക്കുന്നത്. അനിയത്തിയുടെ വിവാഹത്തിന് നാട്ടിൽ പോയ രത്നയെ അശ്വിൻ വിവരമറിയാൻ ഫോണിൽ വിളിക്കുമ്പോൾ അവർ സംസാരിക്കുന്നത് നിശബ്ദമായാണ്. സിനിമയിലുടനീളം ഉള്ള ആ നിശബ്ദതയ്ക്കു കൂട്ടായി നിൽക്കുന്നത് പിയറി അവിയത് ന്റെ മാസ്മരിക സംഗീതവും.

സിനിമയിൽ കാണിച്ചിരിക്കുന്ന ഓരോ വസ്തുവിനും കഥയുമായി അഭേദ്യമായി ബന്ധിപ്പിക്കാൻ റോഹന എന്ന എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. കടലിനു അഭിമുഖമായുള്ള വലിയ അംബരചുംബിയായ ഫ്ലാറ്റിൽ താമസിക്കുന്ന അശ്വിനും അതെ വീട്ടിലെ അടുക്കളയുടെ ചായ്പ്പിൽ താമസിക്കുന്ന രത്നയും അപരിചിതത്വത്തിന്റെ വേലിക്കെട്ടിൽ നിന്ന് (സമൂഹത്തിൽ നിഷിദ്ധമായ) അടുപ്പത്തിലേക്ക് നീങ്ങുന്നതിൽ ഒരു താളമുണ്ട്. ആ താളം തന്നെയാണ് ആദ്യം മുതൽ അവസാനം വരെ ഈ സിനിമയുടെ ശക്തി.

തന്റെ ചുറ്റുപാടിനെ കുറിച്ചും അതിൽ താൻ എവിടെയാണ് നിൽക്കുന്നത് എന്നും കൃത്യമായ ധാരണ രത്നക്കുണ്ട്. സാറിനും തനിക്കുമിടയിൽ തിരയിളക്കങ്ങൾ ഉണ്ടാവുമ്പോൾ മറ്റുള്ളവർ എന്ത് പറയും എന്ന നിസ്സഹായമായ ചോദ്യം തന്നെയാണ് രത്ന ആദ്യം ചോദിക്കുന്നത്. അത് കേൾക്കുന്ന അശ്വിൻ തനിക്ക് പ്രശ്നമില്ല എന്നാണു പറയുന്നത്. എന്നാൽ അത് എന്റെ ജീവിതത്തിന്റെ താളം തെറ്റിക്കും എന്ന് രത്ന പറയുമ്പോൾ ആ മറുപടിയിൽ നിഴലിക്കുന്ന ദൈന്യതയും വ്യക്തിത്വവും കാഴ്ചക്കാരിലേക്കും പടരുന്നു.

അടുത്ത കാലത്ത് കണ്ട മികച്ച എൻഡിങ്ങുകളിൽ ഒന്ന് എന്നാണ് ഒരു സിനിമാപ്രേമി സുഹൃത്ത് ഈ സിനിമയെ കുറിച്ച് പറഞ്ഞത്. അതിനെ ശരി വെക്കും വിധം വിശാലമായ ഒരു ആകാശം നമുക്ക് മുന്നിൽ തുറന്നിട്ട് കൊണ്ട് ഈ ചിത്രം അവസാനിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in