അടിമകളായത് കൊണ്ടാണ് തോട്ടം തൊഴിലാളിക്ക് 5 ലക്ഷം വിലയിട്ടത്; ജീവനെല്ലാം ഒരേ വിലയല്ലേ: പെമ്പിളൈ ഒരുമ നേതാവ് ഗോമതി

അടിമകളായത് കൊണ്ടാണ് തോട്ടം തൊഴിലാളിക്ക് 5 ലക്ഷം വിലയിട്ടത്; ജീവനെല്ലാം ഒരേ വിലയല്ലേ: പെമ്പിളൈ ഒരുമ നേതാവ് ഗോമതി
Summary

മൂന്നാറിലെ തമിഴ്‌വംശജരായ തോട്ടം തൊഴിലാളികള്‍ നേരിടുന്ന കടുത്ത അവഗണന പെട്ടിമല ദുരന്തത്തിലൂടെ സജീവ ചര്‍ച്ചയാകുകയാണ്. തോട്ടം തൊഴിലാളി സ്ത്രീകള്‍ 2015 സെപ്റ്റംബറില്‍ മാനേജ്‌മെന്റിന്റെ ചൂഷണത്തിനും വിവേചനത്തിനും എതിരെ സമരത്തിനിറങ്ങുകയായിരുന്നു. അതിലെ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ഈ ദുരന്തം ഓര്‍പ്പിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ദുരന്തമുഖമായി തോട്ടം മേഖല മാറുമ്പോള്‍ അന്നത്തെ പെമ്പിളൈ ഒരുമ സമര നേതാവ് ഗോമതി അഗസ്റ്റിന്‍ സംസാരിക്കുന്നു.

Q

പെട്ടിമല ദുരന്തത്തോടെ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വീണ്ടും മുഖ്യധാരയുടെ ശ്രദ്ധയിലേക്ക് വരികയാണ്. പെമ്പിളൈ ഒരുമ സമയം കാലം മുതല്‍ ഗോമതിയെ പോലുള്ളവര്‍ ഇക്കാര്യങ്ങള്‍ പറയുന്നതാണ്. ഇത്ര കാലമായിട്ടും ഇതിന് പരിഹാരം ഇല്ലാത്തത് എന്തുകൊണ്ടാണ്

A

അടിമപ്പണിക്ക് എത്തിയ തോട്ടം തൊഴിലാളികളായത് കൊണ്ടാണ് ഈ അവഗണന.ഞങ്ങള്‍ തമിഴരായത് കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്. ഇത് മലയാളികളുടെ നാടാണ്. തോട്ടം തൊഴിലാളികളെ അടിമകളാക്കി വെച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കൃഷിയും അടിമപ്പണിയും ചെയ്തവരാണ്. തോട്ടം തൊഴിലിനായി വന്നവരാണ് ഇവിടെയുള്ളത്. വീടിനല്ല കൂലിക്കാണ് വന്നത്. നാല് തലമുറയായി ഇവിടെ ജീവിക്കുന്നവരാണ്. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇവിടെയാണ്. വോട്ട് ചെയ്യുന്നത് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കാണ്. പിന്നെയെങ്ങനെയാണ് തമിഴരാകുന്നത്. ഭൂമി കൊടുക്കാത്തതെന്താണ്. 58 വയസ്സില്‍ പിരിയുമ്പോള്‍ വീട് പൂട്ടി കമ്പനിക്ക് കീ തിരികെ കൊടുത്താലേ ഗ്രാറ്റിവിറ്റി കിട്ടുകയുള്ളു. അതിന് ശേഷം എവിടെ പോകും.

ഭൂമി കയ്യേറാമെന്ന് തോട്ടം തൊഴിലാളികളോട് പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരും മന്ത്രിമാരും എംപിമാരും ഇടുക്കിയില്‍ ഭൂമി കയ്യേറി സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തമായി ഭൂമിയും വീടും ഉണ്ടായിരുന്നെങ്കില്‍ മരിച്ച 20 പേരുള്ള കുടുംബത്തിലെ 10 പേരെങ്കിലും അവിടെ താമസിക്കുമായിരുന്നില്ലേ. അവരെങ്കിലും രക്ഷപ്പെടുമായിരുന്നില്ലേ. 500 കൂലി നല്‍കണമെന്ന് ഇപ്പോളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാറില്‍ വന്ന് പറഞ്ഞു. അവരത് മറന്നു. ഞങ്ങള്‍ മറക്കില്ല. 10 സെന്റ് വീതം തോട്ടം തൊഴിലാളികള്‍ക്ക് നല്‍കാമെനന്് രാജേന്ദ്രന്‍ എംഎല്‍എയും ഉറപ്പ് നല്‍കി. ഒരു സെന്റ് പോലും തന്നില്ല. ടാറ്റയുടെ ഭൂമിയാണ് റവന്യുഭൂമിയില്ലെന്നും പറഞ്ഞാണ് ഈ ഉറപ്പില്‍ നിന്നും അവര്‍ പിന്‍മാറിയത്.

Q

ഒറ്റമുറിയില്‍ 24 പേര്‍ വരെ താമസിക്കേണ്ടി വരുന്നു. ഈ സ്ഥിതി മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ

A

സമരസമയത്ത് ഞങ്ങള്‍ ഇതൊക്കെ അധികൃതരോട് പറഞ്ഞതാണ്. ഒറ്റമുറി വീട്ടില്‍ ഒരു കുടുംബത്തിലെ 20 പേര്‍ വരെ താമസിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു.ഒരു പുതപ്പിനുള്ളില്‍ മൂന്ന് പേരാണ് കിടക്കുന്നത്. കട്ടിലില്‍ നാല് പേര് കിടക്കും. താഴെ നിലത്ത് അഞ്ചും ആറും പേര്. ഒന്നിച്ച് കിടക്കണം. വേറെ മുറി രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ഉണ്ടാകുകയുള്ളു.

ഞങ്ങള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കമ്പനിയോ സര്‍ക്കാറോ നടപടിയെടുത്തില്ല. ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ് തോട്ടം തൊഴിലാളി നേരിടുന്ന ബുദ്ധിമുട്ടുകള്‍ പുറത്ത് അറിയുന്നത്. കുറവ് കൂലി,അടിമപ്പണി, വീടോ സ്ഥലമോ ഇല്ല, നല്ല വിദ്യാഭ്യാസം കിട്ടുന്നില്ല, ആശുപത്രിയില്ല എന്നൊക്കെ ഞങ്ങള്‍ പറയുമ്പോളാണ് സര്‍ക്കാരും അധികൃതരും അറിയുന്നത്. ഞങ്ങളുടെ ജീവിതം ആര്‍ക്കും അറിയില്ലല്ലോ.

അപകടമുണ്ടായാല്‍ പോലും പരസ്പരം അറിയിക്കാനാവുന്നില്ല. പിറ്റേദിവസം രാത്രിയാണ് പെട്ടിമലയില്‍ അപകടമുണ്ടായ കാര്യം അറിയുന്നത്. ശക്തമായ കാറ്റും മഴയും ആയിരുന്നു. വൈദ്യുതിയുണ്ടായില്ല. രാത്രി കറന്റ് വന്ന് ഫോണ്‍ ചാര്‍ജ്ജ് ചെയ്തപ്പോളാണ് അപകടം അറിയുന്നത്. പിന്നെ ഉറങ്ങാന്‍ പോലും പറ്റിയില്ല. ഇന്നലെ നേരിട്ട് പോയി കണ്ടു. ഈ അവസ്ഥയാണ് ഞങ്ങള്‍ നിരന്തരം പറയുന്നത്. മഴയത്ത് ഞങ്ങള്‍ എവിടെ പോകും. ഈ ലയത്തില്‍ തന്നെ താമസിക്കേണ്ടേ. പോകാനോ താമസിക്കാനോ വേറെ ഭൂമിയില്ലല്ലോ. കൂലിപ്പണിക്കായി തമിഴ്‌നാട്ടില്‍ നിന്നും വന്നവരായിരിക്കാം. ഇപ്പോള്‍ ഇതല്ലേ ഞങ്ങളുടെ നാട്. എന്നിട്ടും സര്‍ക്കാര്‍ ഞങ്ങളെ പരിഗണിക്കാത്തതെന്താണ്. ലൈഫ് പദ്ധതിയില്‍ കുറച്ച് പേര്‍ക്ക് വീട് കൊടുക്കുന്നുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ മൂന്നാറിനെ തമിഴ്‌നാടിനോട് കൊണ്ടുപോയി ചേര്‍ക്കാന്‍ പണം വാങ്ങിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിക്കും. മാവോയിസ്റ്റ് ബന്ധം ആരോപിക്കും.

Q

പെട്ടിമലയില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതില്‍ വിമര്‍ശനം ഉയരുന്നുണ്ട്

A

അതില്‍ അനീതിയുണ്ട്. തോട്ടം തൊഴിലാളിയുടെ ജീവനും വിമാനപകടത്തില്‍ മരിച്ചവരുടെ ജീവനും ഒരുപോലെയല്ലേ. ഞങ്ങളുടെ ജീവന് വിലയില്ലേ. മണ്ണിന്റെ മക്കളാണ് ഞങ്ങള്‍. അതാണോ അഞ്ച് ലക്ഷം രൂപ വിലയിട്ടത്. തലമുറ തന്നെ അവിടെ തീര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയക്കാര്‍ എല്ലാം കാണാന്‍ പോകുന്നുണ്ട്. 15 കിലോ അരി തരുന്നത് പോലും വല്യ കാര്യമായി കാണുന്നവരാണ്. പിന്നെ അഞ്ച് ലക്ഷം രൂപയുടെ കാര്യം പറയേണ്ടല്ലോ. ആ പണം പ്രഖ്യാപിച്ച് തോട്ടം തൊഴിലാളികളുടെ വായ അടപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഡിഗ്രി വരെ മക്കളെ പഠിപ്പിച്ചവരാണ്. അവരുടെ സ്വപ്‌നമാണ് തകര്‍ന്നത്. റോഡില്ലെന്നൊക്കെ ഇപ്പോള്‍ എല്ലാവരും പറയുന്നു. ഈ ദുരിതമൊക്കെ അനുഭവിച്ചാണ് ഇത്ര കാലം ഇവരൊക്കെ ജീവിച്ചത്. സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായിരുന്നു ഇതൊക്കെ. വോട്ട് മാത്രം മതിയെന്നതാണ് രാഷ്ട്രീക്കാരുടെ ചിന്ത.

Q

അന്നത്തെ സമരത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടോ

A

സമരസമയത്ത് ഉന്നയിച്ച ഒന്നും അംഗീകരിക്കപ്പെട്ടില്ല. 350 രൂപയാക്കി കൂലി ഉയര്‍ത്തി തന്നു. ബോണസ് പിന്നെ കിട്ടിയില്ല. തോട്ടം തൊഴിലാളി സമരത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. അവരുടെ ജീവതത്തിന് ഒരുമാറ്റവും വന്നിട്ടില്ലായിരുന്നല്ലോ. ഒരു അറ്റാക്ക് വന്നാല്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും പറ്റില്ല. അതിന് മുമ്പ് ജീവന്‍ നഷ്ടപ്പെടും. പെട്ടിമുടി അങ്ങനെയൊരു സ്ഥലമാണ്.ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമായത് കൊണ്ട് ഇരവികുളം വരെ നല്ല റോഡുണ്ട്. കമ്പനിയുടെ സ്ഥലം തുടങ്ങുന്നിടത്ത് മുതല്‍ മോശം റോഡാണ്. സര്‍ക്കാരോ കമ്പനിയോ റോഡ് നന്നാക്കില്ല.

തൊഴിലാളികളുടെ പട്ടിക കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എത്ര തൊഴിലാളികളുണ്ടെന്നും ലയങ്ങളുടെ കണക്കും നല്‍കാനായിരുന്നു കമ്പനിയോട് ആവശ്യപ്പെട്ടത്. എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. കമ്പനി കണക്കെടുത്ത് കൊടുത്തില്ല. 130 വര്‍ഷം വരെ പഴക്കമുള്ള കെട്ടിടങ്ങളിലാണ് താമസിക്കുന്നത്.

Q

കമ്പനിയുടെ സമീപനത്തില്‍ മാറ്റം വരുത്താന്‍ സമരത്തിന് കഴിഞ്ഞോ

A

400 രൂപ കൂലി കൊടുത്ത് കമ്പനി ഉത്തരവാദിത്വം ഒഴിയുകയാണ്. വെള്ളത്തിനും വീടിനും മാത്രം പണം നല്‍കേണ്ടതില്ല. മൂന്ന് മാസത്തേക്ക് 75 കിലോ അരി തരുന്നതിന് പണം പിടിക്കുന്നുണ്ട്. 2800 രൂപ ഇതിലേക്കായി കമ്പനി പിടിക്കും. വൈദ്യുതിക്കും പണം കിട്ടും. വില കൂടിയ പുതുപ്പ് തരുന്നു. അതിനും ശമ്പളത്തില്‍ നിന്നും പണമെടുക്കുന്നു.

Q

സമരത്തിലെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് പറഞ്ഞല്ലോ. ഇപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണ്

A

വീടാണ് ഞങ്ങളുടെ പ്രധാന ആവശ്യം. കൂലിയും നല്ല അടിസ്ഥാന സൗകര്യങ്ങളും ആവശ്യപ്പെട്ടിരുന്നു. ഡോര്‍മെറ്ററി പോലെയാണ് ആ ഒറ്റമുറി വീട്ടില്‍ താമസിക്കുന്നത്. ബ്രിട്ടീഷുകാര്‍ പണിത ലയങ്ങളാണിത്. പ്രളയമോ കൊറോണയോ വന്നാലും രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രശ്‌നമില്ല. പാവപ്പെട്ടവരാണ് ദുരിതം അനുഭവിക്കുന്നത്. കൂലി 500 രൂപയാക്കി തരാന്‍ പോലും രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല. കമ്പനി തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. താമസിക്കാന്‍ വീട് മാത്രം നല്‍കി. അന്നത്തെ ആവശ്യങ്ങളൊക്കെ അതുപോലെ നില്‍ക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in