അവര്‍ക്ക് വേണ്ടത് അംബാനിയെയും ബിര്‍ളയെയുമാണ്

അവര്‍ക്ക് വേണ്ടത് അംബാനിയെയും ബിര്‍ളയെയുമാണ്
Summary

ഗവേഷണ രംഗത്തും അനുചിതമായ മാറ്റം എൻ. ഇ. പി കൊണ്ടുവരും. ഗവേഷണ പ്രവർത്തനങ്ങളെ ഏകീകരിക്കാൻ കൊണ്ടുവരുന്ന നാഷണൽ റിസർച് ഫൗണ്ടേഷൻ സംസ്ഥാനങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും നോക്കുകുത്തിയാക്കി നേരിട്ട് വിദ്യാർത്ഥികളെ നിയന്ത്രിക്കും.

സംസ്ഥാനങ്ങളുടെ മതിയായ പിന്തുണയില്ലാതെ, പാർലമെന്റ് ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുൻപ് കോർപ്പറേറ്റു താല്പര്യങ്ങളെപ്പറ്റി അറിയേണ്ടതുണ്ട്. യഥാർത്ഥത്തിൽ ഈ സർക്കാരിന്റെ സൃഷ്ടി മാത്രമല്ല പുത്തൻ വിദ്യാഭ്യാസ നയം അതിന് രണ്ട് ദശാബ്ദങ്ങളുടെ ചരിത്രം പറയാനുണ്ട്.

"വൈരുധ്യങ്ങളിലൂടെയും ആശയസംഘർഷങ്ങളിലൂടെയും മുന്നേറുന്ന ഒരു ആവാസ വ്യവസ്ഥയാണ് സർവകലാശാല. അവിടെ അറിവ് ഒരു ഉപകാരണമോ അല്ലെങ്കിൽ സർവകലാശാല ഒരു പരിശീലന കേന്ദ്രമോ അല്ല. സമൂഹത്തിന്റെ പുനഃസൃഷ്ടിക്കുവേണ്ട ജ്ഞാനനിർമിതിയാണ് അവിടെ നടക്കേണ്ടത്. കമ്പോളവൽക്കരണ കാലത്ത് ഈ ആവാസവ്യവസ്ഥയിൽ ജനാധിപത്യ അവകാശങ്ങളും സംഘടന സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുമെന്നത് തീർച്ചയാണ്. അത്തരത്തിൽ അധികാരികൾ പ്രയോഗിക്കുന്ന സമ്പൂർണ അധികാരം സമ്പൂർണമായും നശിപ്പിക്കും എന്ന് ടി. വി മധു "ഒരു സർവകലാശാലക്ക് എത്ര അടി മണ്ണ് വേണം" എന്ന തന്റെ ലേഖനത്തിൽ പറയുന്നുണ്ട്.

ദേശീയ വിദ്യാഭ്യാസ നയം 2020 ചർച്ച ചെയ്യുമ്പോൾ അതിൽ ഏറ്റവും പ്രാധാന്യമേറിയത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളാണ്. ഗുണകരമായ പല നിർദ്ദേശങ്ങളും ഉണ്ടെന്ന് തോന്നുമെങ്കിലും ഗ്രൗണ്ട് റിയാലിറ്റി അത്ര ഭംഗി ഉള്ളതല്ല. ആത്യന്തിത്തികമായി സർവകലാശാല എന്ന സങ്കൽപ്പത്തെ അപ്രസക്തമാക്കുന്ന ഒന്നാണ് പുത്തൻ വിദ്യാഭ്യാസ നയം. ഓരോ കോളേജുകളും സർവകലാശാലയുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിലേക്ക് മാറ്റപ്പെടും. കോളജുകൾക്ക് സ്വയംഭരണധികാരവും മറ്റും നൽകപ്പെടും. അങ്ങനെ നിലനിൽക്കുന്ന ഘടനയെ സമ്പൂർണമായും പൊളിച്ചെഴുതുന്ന മാതൃകയാണ് വരാൻ പോകുന്നത്.

അന്തിമമായ ലക്ഷ്യം വിദ്യാഭ്യാസത്തിന്റെ കോർപറേറ്റ്വൽക്കരണമാണ്. വിദ്യാർത്ഥിയുടെയോ സമൂഹത്തിന്റെയോ പരിവർത്തനത്തിലുപരി കമ്പോള താല്പര്യങ്ങൾ സംരക്ഷിക്കാനും അവിടേക്ക് പണിയെടുക്കാനുള്ള യന്ത്ര മനുഷ്യരെ സൃഷ്ടിക്കാനുമുള്ള പദ്ധതിയാണിത്. മുതലാളിത്വ വ്യവസ്ഥിതി ഒരു ലെനിനെ ആവശ്യപ്പെടുന്നില്ല അവർക്ക് വേണ്ടത് അംബാനിയെയും ബിർളമാരെയുമാണ്. ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളുടെ രാഷ്ട്രീയ അസ്തിത്വത്തെ അസ്ഥിരപ്പെടുത്തി അവിടങ്ങളിലെ മനുഷ്യ വിഭവ ശേഷിയെ കൊള്ളയടിക്കുക എന്നത് ഒരു ആഗോള തന്ത്രമാണ്. അത് പലരൂപത്തിൽ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.

കോർപ്പറേറ്റ് വിദ്യാഭ്യാസത്തിന്റെ ആദ്യരൂപങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2002 ൽ അന്നത്തെ ബിജെപി സഖ്യ സർക്കാർ നിയോഗിച്ച കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലാണ്. ആ റിപ്പോര്ട്ട് തയ്യാറാക്കിയതാവട്ടെ അംബാനിയും കുമാരമംഗലം ബിർളയും ചേർന്നാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായ സ്ഥാപനങ്ങളും താല്പര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും അവിടെയുള്ള തൊഴിൽ വിപണി സാധ്യതകളനുസരിച്ചു കോഴ്‌സുകളും ബിരുദപഠന പദ്ധതികളും തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങളുമാണ് അതിൽ ഉണ്ടായിരുന്നത്.

2005 ലെ യു പി എ സർക്കാർ നിയോഗിച്ച സാംപിത്രോഡ വിജ്ഞാന കമ്മീഷൻ റിപ്പോർട്ട്‌ കൂടുതൽ കോർപ്പറേറ്റ് വാതിലുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് തുറന്നു വെക്കുന്നതായിരുന്നു. നിലവിലെ റിപ്പോർട്ട്‌ പറയുന്ന കോഴ്‌സുകളുടെ വൈവിധ്യവത്കരണം, വിദ്യാർത്ഥി പ്രവേശനം ഇരട്ടിയാക്കൽ, സ്വകാര്യ സർവകലാശാലകളുടെ വർദ്ധനവ്, വിദേശ നിക്ഷേപം തുടങ്ങിയ നിരവധിയായ ശുപാർശകൾ സാംപിത്രോഡയുടെ റിപ്പോർട്ടിലുമുണ്ട്.

പുത്തൻ വിദ്യാഭ്യാസ കച്ചവട മാർക്കറ്റിൽ നിന്നും ദളിതരും ആദിവാസികളും സാമ്പത്തികമായി പിന്നോക്കം നിൽകുന്നവരും നിഷ്കരുണം പുറന്തള്ളപ്പെടും.

2012 ൽ ഇൻഫോസിസ് ചെയർമാൻ നാരായണ മൂർത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടും സമാനമായ ചിന്താഗതിയെ ഒരു പടികൂടി മുന്നോട്ടു വയ്ക്കുന്നതായിരുന്നു.. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോർപറേറ്റ് മൂലധനം വിന്യസിക്കേണ്ടതിന്റെ ആവശ്യകതയെ അത് ഊന്നി പറഞ്ഞു. സ്ഥാപനങ്ങൾ ഉണ്ടാക്കുവാനും അതിനുള്ള ഭൂമി കണ്ടെത്താനും സ്വകാര്യ പങ്കാളിത്വത്തോടെ പശ്ചാത്തലം ഒരുക്കുവാനും സർക്കാർ തന്നെ മുന്നിൽ വേണം എന്നാൽ കോഴ്‌സുകളും കരിക്കുലവും നിർമിക്കുന്നത് കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിച്ചാവണം എന്നും വ്യവസ്ഥ ചെയ്യപ്പെട്ടു.

മേൽപ്പറഞ്ഞ കമ്മിറ്റി റിപ്പോർട്ട്‌കൾ പെട്ടന്നൊരു ആശയത്തിന്റെ ഭാഗമായി ഉണ്ടായതല്ല, വളരെ കാലമായുള്ള ചർച്ചകളും മുന്നൊരുക്കങ്ങളും ഇതിനായി അണിയറയിൽ നടന്നിരുന്നു. ഇന്ത്യ തൊണ്ണൂറുകളിൽ LPG മോഡൽ സാമ്പത്തിക നയങ്ങളിലേക്ക് മാറേണ്ടതുണ്ടെന്ന് തൊള്ളായിരത്തി എൺപതുകൾ മുതൽ തീരുമാനിക്കപ്പെട്ടിരുന്നു എന്നു പറയും പോലെ ആണിത്. ഇന്ന് സർക്കാർ അംഗീകരിച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഇത്തരത്തിൽ ദീർഘമായ ചരിത്രം പേറുന്ന ഒന്നാണ്.

എന്നാൽ ലോകത്തിന്റെ ഇത്തര ഭാഗങ്ങളിൽ ഇത്തരം നിലപാടുകൾ സ്വീകരിച്ചതുമൂലം വിദ്യാർത്ഥികൾ വൻ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പഠന ഭാരം, ലോൺ, കടം, അമിത വിദ്യാഭ്യാസ ചെലവ്, പിന്നോക്ക വിഭാഗങ്ങളുടെ പുറന്തള്ളൽ, ഗുണനിലവാര തകർച്ച തുടങ്ങി നിരവധിയായ പ്രശ്നങ്ങൾ അവരെ പിന്തുടരുന്നുണ്ട്.

കോർപ്പറേറ്റ് വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയാണ് സ്വയംഭരണ സ്ഥാപനങ്ങൾ. നിലവിലെ ദേശീയ വിദ്യാഭ്യാസ നയവും സ്വയംഭരണത്തിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ സാദാരണക്കാരായ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വന്നത് നാം ഇവിടെ വിതരണം ചെയ്ത സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ എല്ലാവർക്കും താങ്ങാനാവുന്ന വിദ്യാഭ്യാസ ചിലവിന്റെ ഭാഗമായാണ്. എന്നാൽ സ്വയം ഭരണ കോളജുകളായി നാട്ടിലെ കലാലയങ്ങൾ മാറിയാൽ അത് നേരിട്ട് ബാധിക്കുക ഏറ്റവും സാദാരണക്കാരായ വിദ്യാർത്ഥികളെയാകും. പുത്തൻ വിദ്യാഭ്യാസ കച്ചവട മാർക്കറ്റിൽ നിന്നും ദളിതരും ആദിവാസികളും സാമ്പത്തികമായി പിന്നോക്കം നിൽകുന്നവരും നിഷ്കരുണം പുറന്തള്ളപ്പെടും.

മുതലാളിത്തത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അവ എല്ലാത്തിനെയും ഒരു വില്പന ചരക്കായി മാറ്റുന്നു എന്നതാണ്. വിദ്യാഭ്യാസം ഇന്ന് നല്ലൊരു വില്പന ചരക്കാണ്

കോളേജു മാനേജ്മെന്റ്കൾ പരീക്ഷ നടത്തുകയും, സർട്ടിഫിക്കേറ്റ് നൽകുകയും അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന നില വിദ്യാർത്ഥികളുടെ മേലുള്ള അമിത അധികാര പ്രയോഗത്തിലേക്കും ഭീമമായ ഫീസ് വർദ്ധനവിലേക്കും കാര്യങ്ങളെ നയിക്കും. യൂറോപ്പിലൊക്കെ നാം അതിന്റെ പ്രത്യാഖ്യാതങ്ങൾ കണ്ടതാണ്. എന്തിനേറെ പറയുന്നു നമ്മുടെ നാട്ടിലെ സ്വാശ്രയ മാനേജ്മെന്റ്കൾ നടത്തിയ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ തന്നെ നമ്മുടെ മുന്നിലുണ്ടല്ലോ.

ഗവേഷണ രംഗത്തും അനുചിതമായ മാറ്റം എൻ. ഇ. പി കൊണ്ടുവരും. ഗവേഷണ പ്രവർത്തനങ്ങളെ ഏകീകരിക്കാൻ കൊണ്ടുവരുന്ന നാഷണൽ റിസർച് ഫൗണ്ടേഷൻ സംസ്ഥാനങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും നോക്കുകുത്തിയാക്കി നേരിട്ട് വിദ്യാർത്ഥികളെ നിയന്ത്രിക്കും. ഗവേഷണ പ്രമേയങ്ങൾ കൂടുതൽ കമ്പോള- വാണിജ്യ താല്പര്യങ്ങളിലേക്ക് ചുരുക്കാൻ നിർബന്ധിതമാകും. 'രാജ്യവിരുദ്ധ' ലേബലിൽ ക്രിട്ടിക്കൽ തിങ്കിങ്ങിന്റെ കടക്കൽ കത്തി വെക്കും. വിമർശനാത്മക പഠനങ്ങളെ ചുരുക്കുന്നത് ഗവേഷണത്തിന്റെ സമന്യ സ്വഭാവത്തെ ഗണ്യമായി സ്വാധീനിക്കും അവ ഗുണമേന്മയില്ലാത്ത അറിവ് നിർമാണത്തെ സ്ഥപനാവത്കരിക്കും.

മുതലാളിത്തത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അവ എല്ലാത്തിനെയും ഒരു വില്പന ചരക്കായി മാറ്റുന്നു എന്നതാണ്. വിദ്യാഭ്യാസം ഇന്ന് നല്ലൊരു വില്പന ചരക്കാണ്. ഇന്ത്യയിലെ വ്യാവസായിക മൂലധനം ആവശ്യപ്പെട്ടതും ആഗ്രഹിച്ചതുമായ വിദ്യാഭ്യാസ പദ്ധതിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാക്കാൻ പോകുന്നത്. സോഷ്യൽ എക്സ്ക്ലൂഷൻ, സാദാരണക്കാർക്ക് പ്രാപ്യമല്ലാത്ത ചിലവേറിയ വിദ്യാഭ്യാസം, ജാതീയത, വർഗീയത, സംവരണ വിരുദ്ധത, അശാസ്ത്രീയത തുടങ്ങിയ സംഘപരിവാറിന്റെ മുഖമുദ്രയായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള ചിന്താ പദ്ധതിയായി കൂടി വേണം ദേശീയ വിദ്യാഭ്യാസ നയത്തെ കാണുവാൻ.

Related Stories

No stories found.
logo
The Cue
www.thecue.in