പ്രിയ മുഖ്യമന്ത്രി, ഓരോ തടസവാദങ്ങളിലും അരക്ഷിതരാണ് ഞങ്ങള്‍ പ്രവാസികള്‍

പ്രിയ മുഖ്യമന്ത്രി, ഓരോ തടസവാദങ്ങളിലും അരക്ഷിതരാണ് ഞങ്ങള്‍ പ്രവാസികള്‍
Summary

ഉന്നയിക്കുന്ന തടസ്സവാദങ്ങള് മാറ്റിയും പിന്നോട്ട് പോകുകയും ചെയ്യുമ്പോഴും അടുത്ത തടസ്സവാദത്തിന്റെ അരക്ഷിതാവസ്ഥയിലാകുന്നു ഓരോ പ്രവാസിയും. മുഖ്യമന്ത്രിക്കൊരു ദുബായ് കത്ത്

പ്രിയപ്പെട്ട മുഖ്യമന്ത്രീ,

മറ്റ് സംസ്ഥാനക്കാര്‍ക്കും മറ്റ് രാജ്യക്കാര്‍ക്കുമൊപ്പം ജീവിക്കുന്നവരാണ് ഞങ്ങള് പ്രവാസികള്‍. രാജ്യത്ത് ഏറ്റവും നന്നായി ദുരന്തത്തെ നേരിടുന്ന സംസ്ഥാനം നമ്മുടേതാണ് എന്നത് അഭിമാനത്തോടെയാണ് ഞങ്ങളിവിടെ കഴിഞ്ഞിരുന്നത്. ലോകത്ത് കൊവിഡ് നേരിടുന്ന മികച്ച ഭരണകര്‍ത്താക്കളില്‍ ശൈലജ ടീച്ചറും പിണറായി വിജയനും തലയുയര്‍ത്തി നിന്നപ്പോള് പ്രവാസികളായ സിപിഎമ്മുകാരനും കോണ്ഗ്രസുകാരനും ലീഗുകാരനും മാത്രമല്ല , കക്ഷിരാഷ്ട്രീയമില്ലാത്ത മലയാളിയും പുളകം കൊണ്ടു. ദിനേനെയുളള വാര്‍ത്താസമ്മേളനം നാട്ടിലിരിക്കുന്നവരേക്കാള്‍ പ്രവാസികള്‍ ടിവിയിലും മൊബൈലിലും കണ്ട് ആശ്വസിച്ചു. ടീച്ചറമ്മയില് നിന്ന് ക്രെഡിറ്റ് തട്ടിയെടുക്കാനാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത് എന്ന് ദോഷൈക ദൃക്കുകള് ആരോപിച്ചപ്പോള് ആരോഗ്യമന്ത്രി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല വിഷയമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തേണ്ട ദുരന്തനിവാരണ പ്രവര്‍ത്തനമാണെന്നും വാദിച്ചു. പ്രവാസികള് നാടിന്റെ നട്ടെല്ലാണെന്ന് പ്രഖ്യാപിച്ചപ്പോള് പുളകം കൊണ്ടു. നാട്ടില്‍ അവധിക്ക് വന്ന് തിരിച്ച് പോകാനാകാതെ ബുദ്ധിമുട്ടുന്നവര്‍ ഇപ്പോഴും പ്രതീക്ഷയോടെ ആ അയ്യായിരം രൂപക്കായി കാത്തിരിക്കുന്നത് അങ്ങ് നല്കിയ ആത്മവിശ്വാസത്തിലാണ്.

വിമാന യാത്ര നിര്‍ത്തിവച്ച കാലത്താണിതെല്ലാം എന്ന് ഞങ്ങളോര്‍ക്കുന്നു. മാര്‍ച്ച് 22 മുന്പ് നാട്ടിലെത്തിയതില് കൂടുതലും കാസര്‍ഗോഡുകാര്‍ എന്നതില് തന്നെ ഭരണ കേന്ദ്രങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ അങ്ങോട്ടായി. കര്‍ണാടക അതിര്‍ത്തിയടച്ചതിന്റെ പേരില്‍ ജില്ലയില്‍ രക്തസാക്ഷികള്‍ കൂടിയപ്പോഴും ഉക്കിനടുക്കയില്‍ കേരളാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തുറന്നല്ലോ എന്നാശ്വസിച്ചു. രാജ്യം മുഴുവന്‍ സഞ്ചരിച്ച് കാസര്‍ഗോഡെത്തിയ പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് , കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് ഉറച്ച പിന്തുണ നല്കുന്ന ജനത എന്ന് സാക്ഷ്യപ്പെടുത്തി. രാജ്യത്തെ 137 കോടി ജനങ്ങളില് മൂന്നരക്കോടി പേര്‍ മാത്രം ജീവിക്കുന്ന ഒരു കൊച്ചു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുയെയും ആരോഗ്യമന്ത്രിയുയെയും ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള് മാത്രമല്ല, ബദ്ധവൈരികളായ ബിജെപി പോലും വാഴ്ത്തി. മറ്റ് സംസ്ഥാനങ്ങള് മാതൃക അന്വേഷിച്ചെത്തി. ആരോഗ്യപ്രവര്‍ത്തകരെ കടം ചോദിച്ചു. ദിനം പ്രതിയുളള രോഗികളുടെ എണ്ണം പൂജ്യത്തിലെത്തി. ആകെ ചികിത്സയിലുളളവര്‍ 20നു താഴെയായി.

പതിപക്ഷാരോപണങ്ങളേയും കേന്ദ്രഅവഗണനയേയും പക്വതയോടെ നേരിടുന്ന , കടക്ക് പുറത്ത് സ്വഭാവത്തില്‍് നിന്ന് പുറത്ത് കടന്നൊരു മുഖ്യമന്ത്രിയെ ആണ് അന്ന് ഞങ്ങള്‍ ഈ കാലയളവില്‍ ഉടനീളം കണ്ടത്. ദുരന്തം പോലും വംശീയവത്കരിച്ച സംഘ്പിവാറിന്റെ തബ് ലീഗ് കോവിഡിനെ എത്ര സുന്ദരമായാണ് അങ്ങ് നേരിട്ടത്.

രോഗികള് കുറഞ്ഞതും ആശുപത്രികള്‍ കാലിയായതുമായ വാര്‍ത്തകള്‍ വന്ന് തുടങ്ങി. മലയാളികളുടെ മരണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് ഉയര്‍ന്ന് തുടങ്ങിയപ്പോള് നാട്ടിലെത്താനുള്ള പ്രവാസിയുടെ നൊമ്പരത്തേക്കാള് ഉയര്‍ന്ന തോതിലാണ് ഇവരെ നാട്ടിലെത്തിക്കാന്‍ കേരളത്തിലെ ഭരണാധികാരികളുടെയും മറ്റ് രാഷ്ട്രീയക്കാരുടെയും സംഘടനകളുടയും വെമ്പല്‍ എന്ന് തോന്നിപ്പോയിരുന്നു. പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും കിടക്കകളുടെ കണക്ക്. സ്ഥാപനങ്ങളുടെ വാഹനം വിട്ടുകൊടുക്കുന്നവരും സംഘടനകളും സംവിധാനങ്ങളും. കേന്ദ്രത്തിന്റെ കണക്കില് വിമാനം സ്വീകരിക്കാന് തയ്യാറായി കേരളം മാത്രമായിരുന്നു ആദ്യം രംഗത്തെത്തിയത്. വിമാനസര്‍വീസ് കത്തുകള് തുരുതുരാ വടക്കോട്ട് പോയി. ഓരോ കത്തിലെയും വരികളുടെ എണ്ണമടക്കം വൈകുന്നേരത്തോടെ നാട്ടുകാരറിഞ്ഞു.

എന്നാല്‍ ചിത്രം മാറി മറിയുന്നത് വേദനയോടെയാണു ഞങ്ങളറിയുന്നത്. ലക്ഷകണക്കായുളള കിടക്കകളുടെയും കട്ടിലുകളുടെയും പേരില്‍ തന്നെ തര്‍ക്കം തുടങ്ങി. രോഗവ്യാപനത്തിന്റെ തോത് കഠിനമായ മറ്റ് ഇന്ത്യന്‍ മേഖലകളില്‍ നിന്ന് , വിശിഷ്യാ മുംബൈയില് നിന്നും ചെന്നൈയില്‍ നിന്നും വരുന്നവര്‍ക്കില്ലാത്ത കടുത്ത നിയന്ത്രണങ്ങളാണ് വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തിനകത്ത് നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിച്ചപ്പോള് മറ്റുള്ളവര്‍ക്ക് അത് പോരാ. എന്നാല് ജോലി നഷ്ടപ്പെട്ടും ജോലി അന്വേഷിച്ച് കിട്ടാതെയും മടങ്ങുന്നവനോട് താമസത്തിന് പണമടക്കണം എന്ന് പറഞ്ഞപ്പോള് ചങ്ക് കത്തിത്തുടങ്ങി. കടം വാങ്ങിയും സംഘടനകളുടെ സഹായത്തിലും ടിക്കറ്റെടുക്കുന്നവരോടാണ് പിന്നീട് പിന്‍വലിക്കപ്പെട്ട ഈ നിര്‍ദേശമുണ്ടായത്.

വിമാനങ്ങളുടെ എണ്ണം കുറയുന്നതില്‍ കേന്ദ്രത്തോട് പരിഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ കാര്യങ്ങള്‍ മാത്രമന്വേഷിക്കുന്ന കേന്ദ്രമന്ത്രി പറയുന്നത്, സംസ്ഥാന സര്‍ക്കാര്‍ അനുമതി തരുന്നില്ലാ എന്ന്. അടിയും തടയുമായി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മുന്നോട്ട് പോകുമ്പോള് കൈകാല്‍ വിറച്ചത് പ്രവാസിക്കാണ്. ഒടുവില്‍് പ്രവാസി സംഘടനകള് ചാര്‍ട്ടേഡ് വിമാനങ്ങളുമായി വന്നപ്പോള് ഞങ്ങള്‍ കണ്ടത് അങ്ങയിലെ രാഷ്ട്രീയക്കാരനെയാണ്. വന്ദേഭാരതിനനുസരിച്ചുളള തുകക്ക് ആളുകളെ കൊണ്ട് വരാന്‍ സ്വന്തമായി വിമാനമില്ലാത്ത സംഘടനകള്‍ക്ക് കഴിയില്ല എന്ന് താങ്കള്‍ക്ക് നന്നായറിയാം എന്ന് ഞങ്ങള്‍ക്കും അറിയാം. ഈ വിമാനങ്ങളില് സൗജന്യമായി സീറ്റ് ലഭിക്കുന്നത് നൂറ് കണക്കിന് പേരുണ്ടാകും എന്ന് മേല്‍സംഘടനകളുടെ പൂര്‍വ്വകാല ചരിത്രമറിയുന്ന അങ്ങേക്കും ഉറപ്പാണ്. എന്നിട്ടും ഈ തീരുമാനങ്ങള്‍ അന്നെടുത്തത് പ്രവാസികളെ സഹായിക്കാനാണെന്ന് സൈബര്‍പോരാളികള്‍ എത്ര ഉച്ചത്തില് വിളിച്ച് കൂവിയാലും വിശ്വസിക്കാന്‍ ആളുകള് തയ്യാറാകില്ല എന്നുറപ്പുളളത് കൊണ്ട് തന്നെയാണു സാര്‍ പിന്നീടതില്‍ അധികം കടിച്ചുതൂങ്ങാതിരുന്നത്. ഉന്നയിക്കുന്ന തടസ്സവാദങ്ങള് മാറ്റിയും പിന്നോട്ട് പോകുകയും ചെയ്യുമ്പോഴും അടുത്ത തടസ്സവാദത്തിന്റെ അരക്ഷിതാവസ്ഥയിലാകുന്നു ഓരോ പ്രവാസിയും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും വിദേശത്ത് നിന്ന് വരുന്നവരും തമ്മില് എന്താണ് വ്യത്യാസം. അതിര്‍ത്തി കടക്കണമെങ്കില്‍ ടെസ്റ്റ് വേണമെന്ന് പറയാനാകുമോ?. വിമാനത്തില്‍ വച്ച് പകരുന്നതാണെങ്കില്‍,ആഭ്യന്തര വിമാന യാത്രികര്‍ക്ക് ഈ നിബന്ധന വയ്ക്കുമോ.

ടെസ്റ്റ് ചെയ്ത് നെഗറ്റീവായവരെ കൊണ്ട് വന്നാല് മതി എന്ന നിലപാട് കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് എന്ന് മനസ്സിലാക്കുക പ്രയാസമാണ്. ലോകം മുഴുവന്‍ പിടിപെട്ട മഹാമാരിയില് രാജ്യങ്ങള്‍ പരക്കം പായുമ്പോള് താങ്കള്‍ പറയുന്ന സമയത്ത് ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് കിട്ടാന് എവിടെ പോകണമായിരുന്നു. അതിനുളള കാശിനെവിടെ പോകും. ഈ മുറവിളി ഉയര്‍ന്നപ്പോഴും അയച്ചൂ, കേന്ദ്രത്തിനൊരു കത്ത്. എംബസികള്‍ വഴി ടെസ്റ്റിന് സംവിധാനം ഏര്‍പ്പെടുത്തണമെന്ന്. നടപ്പുളള കാര്യമാണോ അത്?. ഇനി ടെസ്റ്റ് ചെയ്തു എന്ന് കരുതുക. റിസല്‍ട്ട് കിട്ടുന്നത് വരെ ക്വാറന്റൈന്‍ ചെയ്യേണ്ടേ . എത്ര പേര്‍ക്ക് ഇങ്ങനെ സംവിധാനമൊരുക്കാനാകും. ക്വാറന്റൈന്‍ ചെയ്തില്ലെങ്കില്‍ പിന്നെ ടെസ്റ്റുകൊണ്ടെന്ത് ഗുണം. മുറവിളി കൂടിയപ്പോ നിലപാട് മാറ്റി. റാപ്പിഡ് ടെസ്റ്റ് മതിയെന്ന്. കഴിഞ്ഞയാഴ്ച അബൂദാബിയില് ഒരാള്‍ക്ക് യാത്ര മുടങ്ങിയത് റാപ്പിഡ് ടെസ്റ്റില് പോസിറ്റീവ് കാണിച്ചത് കൊണ്ടാണ്. പീന്നീട് രണ്ട് തവണ സ്വാബ് ടെസ്റ്റ് ചെയ്തപ്പോഴും ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവ്. യുഎഇയില് നിന്ന് വന്ദേഭാരത് വിമാനങ്ങള് ആരംഭിച്ചപ്പോള് തന്നെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് നടക്കുന്നുണ്ട്. എന്നിട്ടും യു എഇയില്‍ നിന്ന് വന്ന നിരവധി പേര്‍ക്ക് നാട്ടിലെത്തിയപ്പോള് കോവിഡ് പോസിറ്റീവായില്ലേ?. ഫലപ്രാപ്തിയില്‍ സംശയമുളളത് കൊണ്ട് തന്നെ പല രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റ് അംഗീകരിക്കുന്നുമില്ല. ഇനി ടെസ്റ്റ് ചെയ്യണമെന്കില്‍ തന്നെ സൌദി പോലുള്ള രാജ്യങ്ങളില് 600-700 കിലോ മീറ്റര്‍ യാത്ര ചെയ്യേണ്ടി വരും എന്ന് പറഞ്ഞത് തമാശയാണെന്ന് കരുതിയോ

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും വിദേശത്ത് നിന്ന് വരുന്നവരും തമ്മില് എന്താണ് വ്യത്യാസം. അതിര്‍ത്തി കടക്കണമെങ്കില്‍ ടെസ്റ്റ് വേണമെന്ന് പറയാനാകുമോ?. വിമാനത്തില്‍ വച്ച് പകരുന്നതാണെങ്കില്‍,ആഭ്യന്തര വിമാന യാത്രികര്‍ക്ക് ഈ നിബന്ധന വയ്ക്കുമോ. വിമാനത്തില്‍ വച്ച് പകരുമങ്കില്‍ നാട്ടിലെത്തിയ ഒരു ലക്ഷം പേരില്‍ എത്ര പേര്‍ക്ക് രോഗം പിടിപെട്ടു. ഈ സംശയങ്ങളും ഉത്തരങ്ങളും ഒക്കെ അങ്ങയുടെ കോവിഡ് വാര്‍ റുമിലും ഉണ്ടാകുമല്ലോ. ഇനിയും നിലപാട് മാറ്റങ്ങളും ഉരുണ്ട് കളികളും ഉണ്ടാകാം. പക്ഷേ അതൊക്കെ മനസ്സിലാക്കാനുള്ള സാഹചര്യം ഭൂരിഭാഗം വരുന്ന സാധാരണക്കാരും പാവങ്ങളുമായ പ്രവാസികള്‍ക്ക് ഉണ്ടാകണമെന്നില്ല.

സ്വന്തം നാട്ടുകാരുടെ വക സ്വീകരണം വീഡിയോ ആയി പുറത്ത് വരുന്നത് കാണുന്നുണ്ടാകുമല്ലോ. ദുബായില്‍ ഫല പ്രദമായ നടപടികള്‍ക്ക് ശേഷം ജനജീവിതം സാധാരണ നിലയിലായി. മാസ്‌കും സാമൂഹിക അകലവുമൊക്കെ നിലനിര്‍ത്തി പാര്‍ക്കുകളും മാളുകളുമൊക്കെ കുട്ടികളെ അടക്കം പ്രവേശിപ്പിച്ച് തുടങ്ങി. പുതുതായി രൂപപ്പെട്ട രോഗം എന്ന നിലയില് ആദ്യ സമയത്ത് ഉണ്ടായ ഭീതിയൊക്കെ മാറിത്തുടങ്ങി ലോകത്ത്. കോവിഡ് സ്ഥിരീകരിക്കപ്പെട്ടയാള്‍ക്ക് മറ്റ് ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ 14 ദിവസത്തിനു ശേഷം ടെസ്റ്റില്ലാതെ തന്നെ രോഗം മാറിയതായി കണക്കാക്കിത്തുടങ്ങി യുഎഇയിലും സൗദിയിലുമൊക്കെ. 21 ദിവസമാണ് സിംഗപ്പൂരില്‍. 10 ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാമെന്ന ഐസിഎംആര്‍ നിര്‍ദേശം കേരളത്തില് നടപ്പാക്കാത്തത് അതി ജാഗ്രത ആണെന്ന് ആശ്വസിക്കാം.

ഭയം വേണ്ട, ജാഗ്രത മതി എന്ന മുദ്രാവാക്യം എന്തേ ഇപ്പോഴില്ല. ഉണ്ടെങ്കില് രോഗവുമായി പ്രവാസികളെന്തിന് ഇങ്ങോട്ട് വരണം എന്ന പോതുബോധം ശുദ്ധ തോന്ന്യാസമാണെന്ന് വിളിച്ച് പറയണം സാര്‍. പ്രവാസികള്‍ സ്വന്തം വീട്ടില് തിരിച്ചെത്തിയാല്‍ അവരവിടെ കഴിഞ്ഞോളും , അങ്ങനെ കഴിയുന്നുണ്ടോന്ന് നോക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ട് എന്ന് അയല്‍ വാസികളെ ബോധ്യപ്പെടുത്തണം. പകരം പ്രവാസികളെ അപമാനിക്കുന്നത് തടയാന്‍ എന്ത് വഴി എന്നന്വേഷിക്കണം സാര്‍. ആളുകളെ ക്വാറന്റൈന്‍ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും മികച്ച സംവിധാനങ്ങള്‍ നമുക്കുണ്ട്. വേണ്ടത് പ്രവാസിക്ക് നീതിയാണ്. കാരുണ്യമാണ്. അവര്‍ ഉപദ്രവിച്ചിട്ടില്ല. ഉപകാരം ചെയ്തിട്ടേ ഉള്ളൂ. അവരവരുടെ ഗുണത്തിലല്ലേ നാടുവിട്ട് പോയത് എന്ന ആക്ഷേപവും ഇടക്ക് കേള്‍ക്കാം. അവര്‍ കുടുംബത്തിലേക്കയക്കുന്ന പണം നാടിന്റെ ഗുണത്തിനെങ്ങനെ എത്തുന്നു എന്ന സാമ്പത്തിക ശാസ്ത്രം മനുഷ്യരെ പഠിപ്പിക്കുക തന്നെ വേണം. കോവിഡിനൊപ്പം ജീവിക്കാന് ലോകം തയ്യാറെടുത്ത് തുടങ്ങിയ വിവരം നാട്ടുകാരെ അറിയിക്കണം. അപേക്ഷയാണ്. സങ്കടം സഹിക്കാന് വയ്യാതാകുമ്പോള് ഇനിയാരും പിരിവിനായി ഇങ്ങോട്ട് വരണ്ട എന്നൊക്കെ പ്രവാസികള്‍ ഫേസ്ബുക്ക് പോസ്റ്റിടും. എന്നാലും അവര്‍ പിരിവ് തരും. സ്വന്തം സമൂഹത്തില്‍ നിന്ന് ദൂരെ പോയി ജിവിക്കേണ്ടി വരുന്നതിന്റെ അപകര്‍ഷതായാലാകും. അവര്‍ ഇനിയും പിരിവ് തരും. പ്രളയ ഫണ്ട് കൊടുത്തയക്കും. അപ്പോഴും നിങ്ങള്‍ കക്ഷി രാഷ്ട്രീയക്കാര്‍ക്കായി ചേരിതിരിഞ്ഞ് വാദിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in