'സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും അഴുകിയ വ്രണങ്ങളാണ് പൊട്ടിയൊഴുകുന്നത്'

'സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും അഴുകിയ വ്രണങ്ങളാണ് പൊട്ടിയൊഴുകുന്നത്'
Summary

വാസ്തവത്തില്‍ ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തെ കൂടുതല്‍ സമരോത്സുകമാക്കാന്‍ സഹായിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പ്രമോദ് പുഴങ്കര എഴുതുന്നു

സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യവിരുദ്ധതയുടെയും അഴുകിയ വ്രണങ്ങളാണ് കോണ്‍ഗ്രസ് കേരളം പ്രദേശ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ പൊട്ടിയൊഴുകുന്നത്. നിപ രാജകുമാരി, കോവിഡ് റാണി എന്നൊക്കെയാണ് മുല്ലപ്പള്ളി ടീച്ചറെ ആക്ഷേപിച്ചത്. പുരുഷന്മാര്‍ക്കാണെങ്കില്‍ സ്വാഭാവികവും സ്ത്രീകള്‍ക്കാണെങ്കില്‍ മീഡിയ മാനിയയുമാകുന്ന മാധ്യമശ്രദ്ധയെക്കുറിച്ചുള്ള അസ്വസ്ഥത നേരത്തെ പ്രതിപക്ഷ നേതാവിനുമുണ്ടായി. അധികാരരാഹിത്യത്തിന്റെ കൊടുംനൈരാശ്യം മാത്രമല്ല രാഷ്ട്രീയ നിലപാടുകളിലെ വിഷമിശ്രണം കൂടിയാണിത്.

ഒരു സ്ത്രീ പ്രത്യേകമായി പുരുഷ രക്ഷാകര്‍ത്താക്കളും ആഢ്യ കുടുംബ മഹിമയും അച്ഛനപ്പൂപ്പന്മാരുടെയും ഭര്‍ത്താവിന്റെയുമൊന്നും രാഷ്ട്രീയ, സാമൂഹ്യ മേല്‍വിലാസമഹിമയുമില്ലാതെ താന്‍ പങ്കെടുക്കുന്ന രാഷ്ട്രീയ സമരങ്ങളുടെയുംജനാധിപത്യ രാഷ്ട്രീയത്തിലെ ജനാധിപത്യപരമായ ഇടപെടലുകള്‍ക്കൊണ്ടും കൃത്യമായി തന്നെ സമൂഹത്തിലും ഒരു പക്ഷെ കേരളത്തിന്റെ തന്നെ ചരിത്രത്തിലേക്കും അടയാളപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസിനെപ്പോലൊരു അളിഞ്ഞുചീഞ്ഞ രാഷ്ട്രീയഘടനയ്ക്ക് അങ്കലാപ്പും അമര്‍ഷവുമുണ്ടാകും.

അടിമുടി സ്ത്രീവിരുദ്ധവും ആധുനിക സമൂഹത്തിനും ജനാധിപത്യ സംവിധാനത്തിനും നാഗരികതയുടെ വ്യവഹാരഭാഷയ്ക്കും പ്രതിരൂപവും പ്രതിഭാഷയുമുണ്ടാക്കിയ ശബരിമല സ്ത്രീപ്രവാസനത്തിനെതിരായ ലഹള പോലൊന്നില്‍ ആര്‍പ്പുവിളിച്ച കോണ്‍ഗ്രസുകാരില്‍ നിന്നും ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കാ വയ്യ. പക്ഷെ കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയവ്യവഹാഹാരങ്ങളില്‍ ഗതികേടാണെങ്കിലും നിറഞ്ഞുനില്‍ക്കുന്ന മുല്ലപ്പള്ളിയെപ്പോലുള്ള അല്പന്മാര്‍ ഉണ്ടാക്കുന്ന പൊതുസാമൂഹ്യാന്തരീക്ഷത്തോട് കര്‍ക്കശമായി രാഷ്ട്രീയപ്രതികരണത്തിനു ഒരു സമൂഹം എന്ന നിലയില്‍ നാം ഉത്തരവാദപ്പെട്ടിരിക്കുന്നു.

പൊതുസമൂഹത്തോട് അല്ലെങ്കില്‍ രാഷ്ട്രീയാധികാരത്തിന്റെ പ്രത്യക്ഷ രൂപങ്ങളായവരില്‍ നിന്നും വ്യത്യസ്തമായി, വോട്ടുചെയ്യുക എന്നതില്‍ക്കവിഞ്ഞൊരു രാഷ്ട്രീയപങ്കാളിത്തവും സാധാരണയായി ലഭിക്കാത്ത ജനങ്ങളോട് പരസ്പരബഹുമാനത്തോടും ജനാധിപത്യമര്യാദയോടും കൂടി ആശയവിനിമയം നടത്തി എന്നതാണ് ശൈലജ ടീച്ചര്‍ നടത്തിയ ഒട്ടും നിസ്സാരമല്ലാത്ത ജനാധിപത്യ രാഷ്ട്രീയ സംഭാവന എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് കേരളം സമൂഹത്തില്‍ അവര്‍ക്ക് ഇത്രയേറെ സ്വീകാര്യത നേടാനായതും. ആദര്‍ശമെന്നാല്‍ എണ്ണം പറഞ്ഞ ചുളിവുകളിട്ട ശ്രദ്ധാപൂര്‍വമുള്ള വിലകൂടിയ ലാളിത്യപ്രകടനമായിക്കൊണ്ടുനടക്കുന്നവര്‍ക്ക് അതത്ര ദഹിക്കണമെന്നില്ല. ഒന്നുകില്‍ ഔദ്ധത്യം അല്ലെങ്കില്‍ ജന്മിയുടെ ദയ എന്ന ദ്വന്ദങ്ങളില്‍ മാത്രം പെരുമാറുന്നവര്‍ക്കും.

തുന്നല്‍ ടീച്ചറെന്നു ഗോപാലകൃഷ്ണന്‍പോലൊരു സംഘപരിവാര്‍ ദുര്‍ഗന്ധദ്വാരം ആക്ഷേപമെന്നവണ്ണം വിളിച്ചതും ചെന്നിത്തലയും മുല്ലപ്പള്ളിയും ആക്ഷേപിക്കുന്നതുമെല്ലാം കടുത്ത സ്ത്രീവിരുദ്ധത കൊണ്ട് മാത്രമല്ല, ഒപ്പം പുരുഷ രാഷ്ട്രീയാധികാരത്തിന്റെ സങ്കല്‍പ്പവടിവുകളിലേക്ക് പാകമല്ലാത്ത ഒരു രാഷ്ട്രീയപ്രഖ്യാപനം കൂടിയുണ്ട് ശൈലജ ടീച്ചറില്‍ എന്നതുകൊണ്ടാണ്. ഇതുകൊണ്ടുതന്നെയാണ് സഖാവ് മേഴ്‌സിക്കുട്ടിയമ്മയെ അശ്ലീലാക്ഷേപം നടത്തുന്ന ഒരു രാഷ്ട്രീയം സംഘികള്‍ക്കും അവര്‍ക്കു മുമ്പേ രാജ്മോഹന്‍ ഉണ്ണിത്താനെന്ന കോണ്‍ഗ്രസ് വിട്ടക്കുഴി നിലയവിദ്വാനും ഒരുപോലെ പാകമായത്. ഇതേ രാഷ്ട്രീയമാണ് സഖാവ് അജിതയെ മേശയ്ക്ക് മുകളില്‍ കയറ്റി നിര്‍ത്തി കാഴ്ചവസ്തുവാക്കിയത്.

കരിവളയിട്ട കൈകളില്‍ കൊടി, മന്ത്രിത്തിരക്കിലും അമ്മയും അമ്മൂമ്മയും, സാന്ത്വനമായി ടീച്ചറമ്മ എന്നൊക്കെയുള്ള ആരെയും വേദനിപ്പിക്കാത്ത വിശേഷങ്ങള്‍ക്കായി ശൈലജ ടീച്ചറുടെ വീട്ടിലെത്തുന്ന മാധ്യമങ്ങള്‍ക്കും പോരാടുന്ന, സ്ത്രീപക്ഷത്തിന്റെ വര്‍ഗ്ഗരാഷ്ട്രീയം പറയുന്ന ഒരു സ്ത്രീയില്‍ നിന്നും അവരെ മോചിപ്പിച്ചെടുക്കാനുള്ള തിരക്കാണ്. ഇടതുപക്ഷ രാഷ്ട്രീയം പറയുന്ന സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലും, sexist abuse കളിലും മുഖ്യധാര മാധ്യമങ്ങള്‍ കൃത്യമായ മൗനം പാലിക്കും. സ്ത്രീകള്‍ക്ക് വേണ്ടി എന്ന് പറഞ്ഞാല്‍ ഉടനെ വീടെങ്ങനെ അലങ്കരിക്കാം, കടലാസുപൂവ് നിര്‍മ്മാണം തുടങ്ങിയവയിലെ വിദഗ്ധരെ അന്വേഷിക്കുന്ന മാധ്യമബോധം മാത്രമല്ല അതിനു കാരണം, കറകളഞ്ഞ ഇടതുരാഷ്ട്രീയ വിരുദ്ധതയുമാണ്.

നിലവിലെ വ്യവസ്ഥിതിയെ, അധികാരത്തിന്റെ പ്രതിനിധാനങ്ങളെ ഏറ്റവും ലളിതമായി വെല്ലുവിളിക്കുമ്പോഴാണ് നിങ്ങള്‍ ഏറ്റവും തീക്ഷ്ണമായി അവഹേളിക്കപ്പെടുക. നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ശരി നിങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നതും അവിടെയാണ്. അതുകൊണ്ടാണ് ഒറ്റമുണ്ടും ഒരു ചെറിയ മേല്മുണ്ടും കയ്യിലൊരു മുളവടിയുമായി നിങ്ങളുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയുള്ള എന്റെ ആയുധമിതാണ് എന്ന് പറഞ്ഞ ഗാന്ധിയെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ എന്ന് വിളിച്ചത്. അത് പരിഹാസമല്ല, മറിച്ച് ആ രാഷ്ട്രീയ വെല്ലുവിളിയുടെ സമരതീക്ഷ്ണതയോടുള്ള പകപ്പാണെന്ന് ചരിത്രം നമുക്ക് മനസിലാക്കിത്തരുന്നുണ്ട്. ഇതേ പകപ്പാണ് ആര്‍ജവമുള്ള, ചേട്ടന്റെ നിഴലുകളിലല്ലാത്ത, പുരുഷ രക്ഷധികാരത്തിനപ്പുറമുള്ള രാഷ്ട്രീയസ്ഥലികളില്‍ കാലുറപ്പിക്കുന്ന തലയുയര്‍ത്തുന്ന സ്ത്രീകളോട് മുല്ലപ്പള്ളിയും ചെന്നിത്തലയും പോലുള്ളവര്‍ നടത്തുന്ന ആക്ഷേപങ്ങളിലുള്ളത്.

സംസാരിക്കുമ്പോള്‍ വായ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്, നിങ്ങളുടെ ബോധാബോധ മണ്ഡലങ്ങള്‍ കൂടിയാണ്. അത് നിരന്തരമായി പുതുക്കുകയും സംസ്‌കരിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെ രാഷ്ട്രീയ, സാമൂഹ്യ വ്യവഹാരങ്ങളെ കൂടുതല്‍ ജനാധിപത്യപരമാക്കുന്നത്. അത്തരമൊരു പ്രക്രിയ നടന്നില്ലെങ്കില്‍ ഏതോ ജീര്‍ണകാലത്തില്‍കുടുങ്ങിനില്‍ക്കുന്ന വൈകൃതഭാവനകള്‍ക്ക് അധോദ്വാരം വഴി പോകേണ്ട ദുര്‍ഗന്ധം നിറഞ്ഞ വായുവാണ് ശബ്ദരൂപത്തില്‍ വായുവിലൂടെ പോവുക. മുല്ലപ്പളിയുടെ ആക്ഷേപങ്ങള്‍ അത്തരത്തിലുള്ളതാണ്.

വാസ്തവത്തില്‍ ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തെ കൂടുതല്‍ സമരോത്സുകമാക്കാന്‍ സഹായിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പുരുഷാധിപത്യ രാഷ്ട്രീയത്തിന്റെ മഴനിഴല്‍പ്രദേശങ്ങളിലേക്ക് തള്ളിമാറ്റിയിരിക്കുന്ന സ്ത്രീകളുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പുതിയ ഭൂമിയും പുതിയ ആകാശവും മാത്രമല്ല, പുതിയ കാറ്റും മഴയും ഇടിയും മിന്നലുമാണ് വേണ്ടതെന്ന് ഒന്നുകൂടി ഉറപ്പാക്കും ഇത്തരം വെല്ലുവിളികള്‍.

'നിഴലിന്‍വഴി പൈതല്‍ പോലെ, പോയുഴലാ ഭോഗമിരന്നു ഞാനിനി ' എന്ന് സീത (കുമാരനാശാന്‍) പറയുന്നത് പുരുഷനിര്‍മ്മിതമായ സകലഭോഗങ്ങളുടെയും വഴിയിലെ നിഴലുകളായി മാറിയ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. മുല്ലപ്പള്ളിയുടെ രാജകുമാരി, റാണി ആക്ഷേപം സ്വാതന്ത്ര്യത്തിലേക്കുള്ള സമരം ദുര്‍ബലമെങ്കിലും എത്ര ശക്തമാണെന്നുകൂടി സൂചിപ്പിക്കുന്നു. രക്ഷകനായ രാജകുമാരനെ കാത്തിരിക്കുന്ന രാജകുമാരിയുടെ കഥ മാത്രം പഠിച്ച ആണുങ്ങള്‍ക്കെല്ലാം പെണ്ണുങ്ങളെ പേടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in