സംശയാതീതമായി തെളിയിച്ചാല്‍ ചരിത്രമാകും, സമാനകേസുകളില്‍ റഫറന്‍സും


സംശയാതീതമായി തെളിയിച്ചാല്‍ ചരിത്രമാകും, സമാനകേസുകളില്‍ റഫറന്‍സും
ഉത്ര വധക്കേസിന്റെ പശ്ചാത്തലത്തില്‍ സമാന സ്വഭാവമുള്ള കൊലപാതക കേസുകളുടെ ചരിത്രവും, പാമ്പിനെ ഉപയോഗിച്ചുള്ള കൊലക്കേസുകള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിലെ സങ്കീര്‍ണതകളും വിശകലനം ചെയ്യുകയാണ് ആശിഷ് ജോസ് അമ്പാട്ട്

കാലിഫോർണിയിൽ അവസാനമായി തൂക്കിലേറ്റപ്പെട്ട കുറ്റവാളിയാണ് റോബർട്ട് എസ് ജെയിംസ്. 1935യിലാണ് രണ്ടു റാറ്റിൽസ്നേക് പാമ്പുകളെ (ഒരുതരം അണലി) ഒരു പാമ്പ് പിടുത്തക്കാരനിൽ നിന്നും നൂറു ഡോളറിന് വാടകയ്ക്കെടുത്തു തന്റെ ഭാര്യയെ കടിപ്പിച്ചു കൊല്ലാൻ റോബർട്ട് ശ്രമിക്കുന്നത്. അന്ന് പതിനായിരം ഡോളറിന് ഭാര്യയുടെ പേരിലെടുത്ത ഇൻഷുറൻസ് തുക കൈയ്യിൽ ആക്കാനായിരുന്നു ഈ കൊലപാതകം പ്ലാൻ ചെയ്തത്. രണ്ടു വിഷപാമ്പുകളെ കൊണ്ട് കടിപ്പിച്ചതിനു ശേഷം ഭാര്യയുടെ ശരീരം വീട്ടിലെ നീന്തൽക്കുളത്തിൽ മുക്കിയിട്ടുകയായിരുന്നു. വളരെ വിദ്ഗമായി പ്ലാനിൽ ചെയ്ത കൊലപാതകം ആയിരുന്നുവെങ്കിലും റോബോർട്ടിന്റെ മുൻപുള്ള ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മുൻപ് മരിച്ചിരുന്നുവെന്നതും അവർക്കുവേണ്ടിയും ഇൻഷുറൻസ് തുക ക്ലെയിം ചെയ്തിരുന്നുവെന്നതും ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനു സംശയം ജനിപ്പിക്കുകയും അതിന്റെ ഭാഗമായി നടന്ന പോലീസ് അന്വേഷണമാണ്‌ റോബോർട്ടിനെ കേസിൽ കുടുക്കിയത്. കൊലപാതകത്തിൽ സഹായി ആയിട്ടും പാമ്പിനെ എത്തിക്കാനും കൂടെ നിന്ന ചാൾസ് ഹോപ്പ് എന്നൊരു കൂട്ടുപ്രതി ഈ കാര്യങ്ങളിൽ ചിലത് മദ്യലഹരിയിൽ ഒരു ബാറിൽ വെച്ചു വിളിച്ചു പറഞ്ഞതും കേസിൽ വഴിത്തിരിവായി.

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ 1996യിലാണ് രേവത എന്ന സ്ത്രീ ഭർത്താവിന്റെ വീട്ടിൽ വെച്ചു പാമ്പ് കടിയേറ്റു മരിച്ചു എന്ന വാർത്ത വരുന്നത്. തന്റെ മകളെ 25000 രൂപ കൂടി സ്ത്രീധനമായി നല്കണമെന്നു പറഞ്ഞു ഭർത്താവും അയാളുടെ മാതാപിതാക്കളും പലവിധം ഗാർഹിക പീഡനത്തിന് വിധേയം ആക്കിയിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും രേവതയുടെ മാതാപിതാക്കൾ പരാതി നൽകിയതിനു ശേഷം നടന്ന അന്വേഷണത്തിൽ മരണം പാമ്പ് കടിയേറ്റു അല്ല കഴുത്തുഞെരിച്ചു കൊല്ലുക ആയിരുന്നുവെന്നു തെളിക്കപ്പെപ്പെട്ടു. സ്ത്രീധനമായി കൂടുതൽ ‌‍പണം വേണമെന്ന് ആവശ്യപ്പെട്ടു ഭർത്താവിന്റെ വീട്ടുകാർ തന്നെ ഭീക്ഷണിപ്പെടുത്തുന്നതായി അവൾ സ്വന്തം മാതാപിതാക്കളെ മുൻപ് അറിയിച്ചിരുന്നുവെങ്കിലും ഗാർഹിക പീഡനം നോർമൈലയ്സ് ചെയ്യപ്പെട്ട സാമൂഹിക സാഹചര്യത്തിൽ അത് വേണ്ടവിധം സീരിയസ്സായി പരിഗണിക്കപ്പെട്ടില്ല. ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു.

ഭാര്യയെ കൊല്ലാനായി പതിമൂന്ന് ശംഖുവരയൻ പാമ്പുകളെ വാങ്ങി അതിൽ നിന്നും വിഷം ശേഖരിച്ചു കുത്തിവെച്ച ഒരാളുടെ കേസ് റിപ്പോർട്ട് ഉണ്ട്. ശംഖുവരയനിൽ നിന്നുള്ള പ്രധാനപ്പെട്ട വിഷമായ നാഡീവ്യൂഹത്തെ തളർത്തുന്ന bungarotoxin ആ സ്ത്രീയെ ഉടനടി കൊന്നു കളഞ്ഞു.

1892യിൽ പ്രസിദ്ധീകരിക്കപ്പെട്ട "The Adventure of the Speckled Band" എന്ന ഷെർലോക് ഹോംസ് കഥയിൽ രണ്ടാനച്ഛൻ മരണപ്പെട്ട ഭാര്യയുടെ പേരിലുള്ള സ്വത്തുക്കൾ അവരുടെ രണ്ടു പെണ്മക്കളുടെ വിവാഹശേഷം തന്റെ നിയന്ത്രണത്തിന് നിന്നും നഷ്ടം ആകാതെ ഇരിക്കാൻ പെണ്മക്കളെ വധിക്കാൻ ശ്രമിക്കുന്നതാണ് ഇതിവൃത്തം. ഇന്ത്യയിൽ വന്നു മെഡിസിൻ പ്രാക്ടീസ് ചെയ്തുട്ടുള്ള ഡോക്ടർ റോയൽട്ടു മൂത്തമകളെ ഇന്ത്യയിൽ നിന്ന്‌ കൊണ്ടുവന്ന ഒരു പാമ്പിനെ കൊണ്ടു കടുപ്പിച്ച് കൊല്ലുന്നു. മരണ വെപ്രാളമൊഴിയിൽ അവൾ പറഞ്ഞത് "speckled band" അതായത് പുള്ളിത്തലക്കെട്ട് എന്നായിരുന്നു. കടിച്ച പാമ്പിന്റെ ഡിസൈൻ അനുസരിച്ചു ഉള്ള വിവരണമായിരുന്നു അത്. രണ്ടാമത്തെ മകളെയും സമാനമായ രീതിയിൽ കൊല്ലാൻ നോക്കുന്നതിൽ നിന്നും ഹോംസ് കുറ്റവാളിയായ രണ്ടാനച്ഛനെ തടയുന്നുണ്ട് ഇതിന്റെ ഇടയിൽ ആ പാമ്പിന്റെ തന്നെ കടിയേറ്റു ഡോക്ടർ റോയൽട്ടു മരണപ്പെടുന്നതാണ് കഥയുടെ പര്യവസാനം.

വിഷജന്തുക്കൾ കാരണമുള്ള മരണങ്ങളെപ്പറ്റി ചൈനയിൽ നിന്നുള്ള ഒരു ഫോറൻസിക് റിവ്യൂ ആയിട്ടുള്ള ജേണൽ പേപ്പറിൽ (Chen et.al 2013) തന്റെ ഭാര്യയെ കൊല്ലാനായി പതിമൂന്ന് ശംഖുവരയൻ പാമ്പുകളെ വാങ്ങി അതിൽ നിന്നും വിഷം ശേഖരിച്ചു കുത്തിവെച്ച ഒരാളുടെ കേസ് റിപ്പോർട്ട് ഉണ്ട്. ശംഖുവരയനിൽ നിന്നുള്ള പ്രധാനപ്പെട്ട വിഷമായ നാഡീവ്യൂഹത്തെ തളർത്തുന്ന bungarotoxin ആ സ്ത്രീയെ ഉടനടി കൊന്നു കളഞ്ഞു. സ്വാഭാവികമായ പാമ്പുകടിയെന്നാണ് കരുതിയതെങ്കിലും ഒട്ടോപ്സി റിപ്പോർട്ടിൽ puncture wound പാമ്പിന്റെ പല്ലുകളിൽ നിന്നല്ല സിറിഞ്ചിൽ നിന്നാണെന്നു മനസ്സിൽ ആകുകയും തുടർ അന്വേഷണത്തിൽ കൊലപാതകം തെളിയുകയും ചെയ്തു.

അമേരിക്കയിൽ നിന്നുള്ള ടെലിവിഷൻ പ്രോഗ്രാമായ " Bizarre Murders"യിന്റെ ഒരു എപ്പിസോഡിൽ 1970യ്ക്കളിൽ ടെക്സാസിൽ വെച്ചു പ്രതിയായ ഭർത്താവ് ഭാര്യയെ കൊല്ലുന്നത് റാറ്റിൽസ്നേക് കൊണ്ടു കടിപ്പിച്ചു ആണ്. മരണം വേഗത്തിൽ സംഭവിക്കുന്നില്ലായെന്നു തോന്നിയപ്പോൾ വേറെ വിഷവും കുടിപ്പിച്ചു.

ഇന്ത്യയിൽ നിന്നുള്ള ഫോറൻസിക് ലിറ്റർചറിൽ പാമ്പുകടി കാരണമുള്ള മരണങ്ങളിൽ അപൂർവ്വമായി മാത്രേ മനഃപൂർവ്വമായ വധശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളു. മറ്റ് രീതികളിൽ കൊന്നിട്ടുള്ള കേസുകളിൽ പാമ്പ് കടി ആരോപിക്കപ്പെട്ടിട്ടുമുണ്ട്

2010യിൽ നാഗ്പൂരിൽ വൃദ്ധദമ്പതിമാർ ആയിരുന്ന ഗണപത്‌ റാവുവും പത്നി സരിത ബല്ലേവറും പാമ്പ്കടിയേറ്റ് കൊല്ലപ്പെട്ടു. തുടരന്വേഷണത്തിൽ ഇത് ഒരു അപകടം മരണമായിരുന്നില്ല മറിച്ചു സ്വത്ത് തടി എടുക്കാൻ വേണ്ടി സ്വന്തം മകൻ തന്നെ ക്വട്ടേഷൻ നൽകി കൊന്നത് ആണെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബേൽഖെദെ എന്നൊരു പാമ്പ് പിടുത്തക്കാരനു അഞ്ചുലക്ഷം രൂപ നൽകി ഒരു മൂർഖൻ പാമ്പിനെ കൊണ്ടു ഇരുവരെയും കടിപ്പിച്ചു കൊല്ലുക ആയിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയത്. പക്ഷെ ശാസ്ത്രീയവും സാഹചര്യവുമായ തെളിവുകളുടെ അപര്യാപ്തത മുൻനിർത്തി കുറ്റാരോപണം നേരിട്ട മകനെ കോടതി പിന്നീടു വെറുതെവിട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ നിന്നുള്ള ലക്ഷണങ്ങൾ വെച്ചു മരണകാരണം പാമ്പ് കടി ആണെന്ന് കരുതാമെങ്കിലും പ്രത്യേകമായ ടോക്സികോളജിക്കൽ പരിശോധന നടത്താതെ കൊണ്ട് ഉറപ്പിച്ചു പറയാൻ പറ്റില്ല എന്നായിരുന്നു ഫോറൻസിക് ഡോക്ടറിന്റെ മൊഴി. പക്ഷെ ലബോറട്ടറിയിൽ സൗകര്യമുണ്ടെങ്കിൽ പാമ്പിന്റെ കടിപ്പാടിൽ നിന്നുള്ള ടിഷ്യു സാമ്പിൾ നിന്നും പാമ്പിന്റെ വിഷത്തിനെപ്പറ്റി പ്രത്യേകമായ പരിശോധനായി എലീസാ ടെസ്റ്റ് (enzyme linked immunosorbent assay) നടത്താവുന്നതാണ്. പ്രത്യേകമായി ഏത് പാമ്പിൽ നിന്നുള്ള വിഷം ആണെന്ന് ആന്റിജൻസ്‌ നോക്കി അറിയാൻ പറ്റും. ബ്രീട്ടീഷ്‌ അക്കാദമി ഓഫ് ഫോറൻസിക് സയൻസിന്റെ ഔദ്യോഗിക ജേണലിൽ നാഗ്പൂർ കേസ് റിപ്പോർട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. ( Ambade et.al 2012)

ഈജിപ്തിൽ നിന്നുള്ള ഒരു കേസ് റിപ്പോർട്ട് പ്രകാരം ( Paulis et.al 2016) ഒമ്പതും, ആറും, നാലും വയസ്സുള്ള മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ സ്വന്തം പിതാവ് പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നു. തനിക്കു ജനിച്ച മക്കൾ മൂന്നും പെണുങ്ങൾ ആണെന്ന് പരാതി പറഞ്ഞു ഇയാൾ പുതിയ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അവരിൽ ഒരു ആൺ കുട്ടി ജനിക്കുകയും ചെയ്യുന്നു. പിന്നീട് പെണ്മക്കൾ ബാധ്യത ആണെന്ന് തോന്നിയ അയാൾ പാമ്പുകളെ കൈകാര്യം ചെയ്യാൻ പരിശീലനം നേടുകയും ഒരു ഈജിപ്തിയൻ കോബ്രയെ കൊണ്ടു മൂന്ന് പെണ്മക്കളെയും കടിപ്പിച്ചു കൊന്നു കളയും ചെയ്തു. ഈ ഇനം പാമ്പ് സ്വാഭാവികമായും അങ്ങനെ കാണാത്ത ടൌൺഷിപ്പിൽ ഉള്ള ഫ്‌ളാറ്റിലാണ് പാമ്പ് കടിയേറ്റതെന്നതു സംശയം ജനിപ്പിച്ചു. തുടർന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ ആണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അത് പോലെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടികളുടെ കാലിൽ ഉള്ള കടിയേറ്റ പാടുകൾ സ്വാഭാവികമായ പാമ്പിന്റെ കടിയിൽ നിന്നും വ്യത്യസ്തമായിരുന്നുവെന്നും നോട്ട് ചെയ്തിരുന്നു. സാധാരണ പാമ്പ് കടികളിൽ നിന്ന് വ്യത്യസ്തമായി ഒരാൾ പാമ്പിനെ കയ്യിൽ പിടിച്ച് ബലം പ്രയോഗിച്ച് കടിപ്പിക്കുകയാണെങ്കിൽ തൊലിക്കകത്തേക്ക് ആഴത്തിൽ പോകാത്ത മുറിപ്പാടുകൾ ( superficial fang marks ) ധാരാളം അടുത്തടുത്ത് ഉണ്ടാകാൻ ഇടയുണ്ട് ഈ കുട്ടികളുടെ ദേഹത്തിൽ അത്തരം പാടുകൾ ധാരാളമുണ്ടായിരുന്നു. കടിയുടെ പാടുകളിൽ വിഷപ്പല്ല് വെച്ചു വരഞ്ഞത് പോലെ പാമ്പിനെ തലയെ ബലം പിടിച്ചു മാറ്റുമ്പോൾ വരാവുന്ന രീതിയിൽ ഉള്ള മുറിപ്പാടും നിരീക്ഷിച്ചിരുന്നു.

ഫോറൻസിക് സൈക്കോളജിസ്റ്റ് ആയ ല്യൂയിസ് ഷെലീസിഞ്ചർ സെഷ്വൽ മർഡേഴ്‌സ് എന്ന ബുക്കിൽ തന്റെ ഭാര്യയുടെ ദേഹത്ത്‌ പാമ്പിനെ എറിഞ്ഞു കൊല്ലണമെന്നുള്ള ചിന്ത ഒബ്സെക്ഷനായി മാറിയ ഒരു ഭർത്താവിന്റെ കേസ് റിപ്പോർട്ടുണ്ട്. ഒടുവിൽ ഭാര്യയെ അദ്ദേഹം വെടിവെച്ചു കൊന്നു.

ഇന്ത്യയിൽ നിന്നുള്ള ഫോറൻസിക് ലിറ്റർചറിൽ പാമ്പുകടി കാരണമുള്ള മരണങ്ങളിൽ അപൂർവ്വമായി മാത്രേ മനഃപൂർവ്വമായ വധശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളു. മറ്റ് രീതികളിൽ കൊന്നിട്ടുള്ള കേസുകളിൽ പാമ്പ് കടി ആരോപിക്കപ്പെട്ടിട്ടുമുണ്ട്. മോഡിസ് ടെക്സ്റ്റ്ബുക്ക് ഓഫ് മെഡിക്കൽ ജുറസ്പ്രൂഡൻസ് & ടോക്സിക്കോളജിയിൽ തുറന്ന മുറിവിൽ മൂർഖന്റെ വിഷം ഒഴിച്ചു കൊല്ലാൻ ഒരാൾ ശ്രമിച്ച റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. മറ്റ് ഫോറനസിക് ടെക്‌സ്റ്റുകൾ വിഷപാമ്പുകളെ ഉറങ്ങി കിടക്കുന്ന ഇരയുടെ ദേഹത്ത് വലിച്ചു എറിയുക, ബാത്ത്റൂമിലും അലമാരയിലും മറ്റും വിഷപ്പാമ്പിനെ വയ്ക്കുക എന്നീ രീതിയിൽ കൊലപാതകങ്ങൾ നടത്തുന്നതിനെപ്പറ്റി പറയുന്നുണ്ട്. സമയബന്ധിതമായി ശാസ്ത്രീയ തെളിവുകളും സാഹചര്യതെളിവുകളും അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിക്കുന്നതിൽ കൂടി മാത്രേ കൃത്യമായും കോടതിയിൽ കേസ് വാലീഡ്‌ ആയി നിലനിൽക്കൂ എന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷപാമ്പുകളെ കൊണ്ട് മനഃപൂർവ്വമായി കടിപ്പിക്കുന്ന അവസരത്തിൽ കൈകൊണ്ടു പിടിച്ചു കടിപ്പിക്കുക ആണെങ്കിൽ വരുന്ന സൂപ്പർഫിഷ്യൽ ആയിട്ടുള്ള മൾട്ടിപ്പിൾ ഫാഗ് മാർക്കുകൾ, ഇരയെ ബലമായി കെട്ടിയിട്ടുണ്ടെങ്കിൽ വരാവുന്ന ത്വക്കിലെ പാടുകൾ ( ഉദാഹരണത്തിന് 22ഫീമെയിൽ കോട്ടയത്തിൽ പ്രതാപ്‌ പോത്തന്റെ കഥാപാത്രത്തെ കൊല്ലുന്ന രംഗം ഓർക്കുക) എന്നിവ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകശ്രമത്തിന്റെ സൂചനകളായി വരാവുന്നതാണ്. അത് പോലെ സ്വാഭാവികമായും കാണാത്ത പ്രദേശത്ത് ഒരു പ്രത്യേക പാമ്പിന്റെ വിഷകടി വന്നെങ്കിൽ അതും ദുരൂഹത സൂചിപ്പിക്കാം. എന്റെ പരിമിതമായ അറിവിൽ ഇന്ത്യയിൽ പാമ്പിനെ കൊണ്ട്‌ കടിപ്പിച്ചു കൊണ്ടുള്ള മനുഷ്യഹത്യങ്ങളിൽ കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ( culpable homicide not amounting to murder) എന്ന രീതിയിൽ മാത്രേ ശിക്ഷ വിധികൾ ഉണ്ടായിട്ടുള്ളൂ. കൊലപാതക കുറ്റം ചുമത്തി കൊണ്ടുള്ള ശിക്ഷവിധി ഇതുവരെ ഉണ്ടായിട്ടില്ല!

ബംഗാളിൽ പ്രവർത്തിച്ചിരുന്ന ആംഗ്ലിക്കൻ ഡോക്ടർ ആയിരുന്ന നോർമാൻ ഷെവേഴ്‌സ് "A Manual of Medical Jurisprudence for Bengal and the North-Western Provinces (1856)" എന്ന ഗ്രന്ഥത്തിൽ ഇന്ത്യയിൽ സർപ്പദർശനം എന്ന പേരിൽ പല കൊലപാതകങ്ങളും അപകടമരണങ്ങളായി തള്ളി പോകുന്നുവെന്ന് പറയുന്നുണ്ട്. പാമ്പുകളെ കൊലപാതക ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന രീതി പ്രാചീന ഇന്ത്യയിലും നിലനിന്നിരിക്കാമെന്നു അതിനെതിരെ ഹിന്ദു നിയമ സംഹിതയിൽ ഉള്ള നിയമം തെളിവ് ആയിട്ടു നോർമാൻ കാണിക്കുന്നുണ്ട്. വിഷസർപ്പങ്ങൾ ഉള്ള കുഴിയിൽ എറിഞ്ഞോ അല്ലായെങ്കിൽ വിഷസർപ്പമുള്ള സഞ്ചിയിൽ കൈവെപ്പിച്ചോ കൊല്ലുന്ന ശിക്ഷരീതികൾ പണ്ട് നിലനിന്നിരുന്നു.

കുറ്റം സംശയാതീതമായി തെളിച്ചു കൃത്യമായി വിധിന്യായം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. അതിന് സാധിച്ചാൽ അത് ചരിത്രം ആകും, ഈ രീതിയിൽ ഉള്ള കൊലപാതകങ്ങൾക്ക് ശിക്ഷ നൽകാൻ അത് റഫറൻസ് വരെ ആയിട്ടു മാറാം.

സ്വത്ത് കൈക്കലാക്കുക എന്ന ഉദ്ദേശത്തിൽ തന്റെ ഭാര്യയെ കൊന്നു കളയാൻ കൊല്ലം സ്വദേശിയായ സൂരജ് വിഷപാമ്പിനെ തിരഞ്ഞെടുത്തത് താൻ പിടിക്കപ്പെട്ടില്ല എന്ന ആത്മവിശ്വാസത്തിൽ ആകാം. പക്ഷെ ക്രിമിനൽ പ്ലാനിംഗോടെ ആസൂത്രിതമായി നടത്തിയ ഈ കൊലപാതകത്തിന്റെ തെളിവുകൾ ലഭിക്കുന്നുണ്ട്. കോടതിയിൽ നിന്നും ഇനി മാതൃകാപരമായ വിധിന്യായം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഭാര്യയെ സ്ത്രീധനം ലഭിക്കാനുള്ള ഒരു വിപണന ചരക്കും തന്റെ ആവശ്യങ്ങൾക്കുള്ള സബ്ഹ്യൂമനുമായി പുരുഷനെ പഠിപ്പിക്കുന്ന പുരുഷാധിപത്യ-സ്ത്രീവിരുദ്ധ സംസ്‌കാരവും ഇവിടെ പ്രതിയാണ്. വിവാഹം എന്നത് രണ്ടു വ്യക്തികളുടെ പരസ്പരബഹുമാനത്തിന്റെയും താൽപര്യത്തിന്റെയും പുറത്ത് ഉണ്ടാവേണ്ടത് ആണെന്നും അതിൽ ടോക്സിക് ആയ അധികാര അസമത്വവും ഗാർഹിക പീഡനവും കടന്നുവന്നാൽ നിർത്തി പോരാനുള്ള സ്‌പേസ് നൽകുന്ന രീതിയിൽ നമ്മുടെ സാമൂഹിക ബോധം മാറേണ്ടിയുണ്ട്. ച്യൂഷണം നടത്തുന്നതും അബ്യൂസിവും ആയ പങ്കാളിയെ സഹിച്ചു കഴിയേണ്ട രീതിയിൽ വിവാഹബന്ധം തുടരുന്നതിനെ ന്യായികരിക്കാനും നോർമൈലൈസ് ചെയ്യാനും കുടുംബമഹിമ എന്നൊരു ദുരാഭിമാനബോധം കൊണ്ട് കണ്ടീഷൻ ചെയ്യുന്ന സോഷ്യൽ സിസ്റ്റം ലീഡ് ചെയ്യുന്ന എക്‌സ്ട്രീം ആയ പൊസിഷനാണ് ഇത്തരം ഗാർഹിക കൊലപാതകങ്ങൾ. കൊലപാതകങ്ങളിൽ എത്തുന്നു ഇല്ലായെങ്കിലും നമ്മുടെ ചുറ്റുമുള്ള ധാരാളം കുടുബങ്ങളിൽ ഈ ടോക്‌സിസിറ്റി നിലനിൽക്കുന്നുണ്ട്.

കൊല്ലത്തു നടന്ന ഈ കൊലപാതകത്തിൽ സൂരജിന്റെ കൂട്ടുപ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്ന കല്ലുവാതുക്കൽ സ്വദേശി സുരേഷ് പാമ്പുകളെ വെച്ചു പ്രകടനം കാണിക്കുന്ന ചില ദൃശ്യങ്ങൾ കണ്ടു. സ്നേക് റെസ്ക്യൂവർ എന്നാണ് പറയുന്നതെങ്കിലും ആ വീഡിയൊകളിൽ പിടിക്കുന്ന പാമ്പുകളെ വെച്ചുഅനാവശ്യപ്രദർശനവും സർക്കസ്സും കാണിച്ചു പാമ്പുകളെ കൊല്ലാതെ കൊല്ലുന്ന ദ്രോഹം പ്രകടമായിരുന്നു. ഇവിടെ കൊലപാതകത്തിന് ഉപയോഗിച്ച അണലിയും മൂർഖനും ( വാർത്തമാധ്യമങ്ങളിൽ വരുന്നത് പോലെ കരിമൂർഖനെന്നൊരു പ്രത്യേക സ്പീഷ്യസ് കേരളത്തിൽ ഇല്ല. പല നിറത്തിൽ വരാമെങ്കിലും ഉള്ളത് ഒരൊറ്റ സ്പെഷ്യസായ Naja naja എന്ന ഇന്ത്യൻ കോബ്ര മാത്രമാണ് ) വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം ഷെഡ്യൂൾ രണ്ടു പാർട്ടു രണ്ടിൽ വരുന്നതിനാൽ അവയെ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതും വിൽപ്പന ചെയ്യുന്നതും ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഇതോടൊപ്പം കൊലപാതകത്തിനു അനുസൃതമായി കുറ്റകരമായ ഗൂഢാലോചനയിലും അയാൾ പങ്കുചേർന്നുണ്ടെന്നാണ് വാർത്തയിൽ നിന്നും മനസ്സിൽ ആവുന്നത്. സ്നേക് റെക്‌സ്യൂ മേഖലയിൽ പ്രവർത്തിക്കുന്നവർ മനഃപൂർവ്വമായിട്ടോ അല്ലാതെയോ ഇത്തരം കേസുകളിൽ എത്തിപ്പെട്ടാതെ ഇരിക്കാൻ കൃത്യമായും ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദ്ദേശം അനുസരിച്ച് മാത്രം പ്രവർത്തിക്കണം . നിയമവിരുദ്ധമായ രീതിയിൽ പാമ്പുകളെ ഒരു കാരണവശാലും കൈവശം വയ്ക്കുകയും വിൽപന ചെയ്യുകയും അരുത്.

വിഷപാമ്പുകളിൽ നിന്നും കടി ഏൽക്കുന്ന അവസരത്തിൽ ശരീരത്തിൽ വിഷമേറ്റു മരണം സംഭവിക്കുന്നത് "ophitoxaemia" എന്നൊരു അവസ്ഥ കാരണമാണ്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന വിഷപാമ്പുകളിൽ നിന്നുള്ള മരണങ്ങളിൽ ഭൂരിപക്ഷവും മൂർഖൻ, ശംഖുവരയൻ, ചേനതണ്ടൻ അണലി, ചുരുട്ട അണലി എന്നീ നാല് ഇനങ്ങളിൽ നിന്നാണ്. ഓരോതരം വിഷവും നാഡീവ്യൂഹത്തെയും രക്തത്തെയും മറ്റ് ആന്തരിക ഘടനകളെയും പ്രത്യേകമായി ബാധിച്ചു മരണം ഉണ്ടാകാം. വലിയ ഒരളിവിൽവിഷപാമ്പിൽ നിന്നുള്ള മരണങ്ങൾ ഉറക്കത്തിൽ കിടക്കുമ്പോൾ ഉണ്ടാകാറുണ്ടെന്നു സ്നേക്ബൈറ്റിനെപ്പറ്റി നടത്തിയ ഇൻസിഡെൻസ് പഠനം സൂചിപ്പിക്കുന്നു (Rahman et.al 2010). ഉറക്കത്തിൽ കടി ഏൽക്കുന്ന അവസരത്തിൽ പലപ്പോഴും ആള് അത് അറിയാതെ വരാം ചിലപ്പോൾ പ്രതികരിക്കാൻ ആവാതെ പരാലിസിസും സംഭവിക്കാം. അസഹീനമായ വേദനയും ശ്വാസംമുട്ടലും ഛർദ്ദിയും പോലെയുള്ള അസ്വാസ്ഥ്യങ്ങളും കടന്നു വന്നാൽ ആള് ഉറക്കത്തിൽ നിന്നും ഉണരുന്നതാണ് പക്ഷെ കൊലപാതകി അടുത്തുള്ള ഭർത്താവ് ആണെങ്കിൽ വൈദ്യസഹായം വൈകിപ്പിക്കാം. ഉറക്കഗുളിക ഉയർന്ന അളവിൽ നൽകിയും പാമ്പ് കടിയേറ്റത്തിന് ശേഷം ആൾ ഉണരുന്നില്ല എന്നു ഉറപ്പ് ആക്കാം പക്ഷെ ഈ കാര്യം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടതാവുന്നതാണ്. ഈ സാധ്യതയെ ദുരുപയോഗം ചെയ്താണ് കൊല്ലത്തു സൂരജ് കൊലപാതകം നടത്തിയത്. സാഹചര്യത്തെളിവുകൾ, ശാസ്ത്രീയത്തെളിവുകൾ സാങ്കേതികത്തെളിവുകൾ എന്നിവ കോർത്തുവെച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി കുറ്റം സംശയാതീതമായി തെളിച്ചു കൃത്യമായി വിധിന്യായം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. അതിന് സാധിച്ചാൽ അത് ചരിത്രം ആകും, ഈ രീതിയിൽ ഉള്ള കൊലപാതകങ്ങൾക്ക് ശിക്ഷ നൽകാൻ അത് റഫറൻസ് വരെ ആയിട്ടു മാറാം. അങ്ങനെ ഭാവിയിൽ സമാനമായ രീതിയിൽ കൊലപാതകശ്രമങ്ങൾ വരുന്നതിനെ പ്രതിരോധിക്കാം!

Related Stories

No stories found.
logo
The Cue
www.thecue.in