ആ കേരളം തന്നെയാണ് മേഴ്സിക്കുട്ടിയമ്മക്കെതിരെയും തെറിവിളിക്കുന്നത്

ആ കേരളം തന്നെയാണ് മേഴ്സിക്കുട്ടിയമ്മക്കെതിരെയും തെറിവിളിക്കുന്നത്
Summary

സ്ത്രീകൾ, ദളിതർ, പരിസ്ഥിതിവാദികൾ, സ്വവർഗാനുരാഗികൾ, മുഖ്യധാരാ രാഷ്ട്രീയത്തിന് പുറത്തുനിൽക്കുന്നവർ എന്നിങ്ങനെയുള്ള, ഹിംസാത്മകമായ പുരുഷാധിപത്യ,ജാതിവ്യവസ്ഥ മൂല്യബോധത്തിനും ആക്രമണോത്സുകമായ മുതലാളിത്ത ചൂഷണവാദത്തിനും എതിരെ നിൽക്കുന്ന, പുറത്തുനിൽക്കുന്ന ആരെയും ആക്രമിക്കുന്ന ഒന്നായി മാറിയിരിക്കുന്നു നമ്മുടെ സമൂഹം. പ്രമോദ് പുഴങ്കര എഴുതിയത്

സഖാവ് മേഴ്സിക്കുട്ടിയമ്മക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾ ഒരു വ്യക്തിക്കെതിരെ എന്ന നിലയിലല്ല മലയാളി സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയുടെയും ജാതി വെറിയുടെയും തൊഴിലാളിവർഗ വിരുദ്ധതയുടെയുമെല്ലാം അളിഞ്ഞ സ്വഭാവവിശേഷങ്ങളുടെ ഏറ്റവും പുതിയ പ്രകടനങ്ങൾ എന്നാണ് കാണേണ്ടത്. ഇതാകട്ടെ കക്ഷിരാഷ്ട്രീയത്തിനപ്പുറം കേരളത്തിൽ സാമൂഹ്യ സ്വീകാര്യതയുള്ള ഒരു രീതിയാണുതാനും. മേഴ്സിക്കുട്ടിയമ്മയുടെ ഉദാഹരണം തന്നെ നമുക്ക് ഇതിന്റെ പല മാനങ്ങളും മനസിലാക്കിത്തരാൻ പ്രാപ്തമാണ്. അവർ നേരിടുന്ന അധിക്ഷേപങ്ങളുടെ അടിസ്ഥാന കാരണങ്ങൾ അവർ സ്ത്രീയാണ്, രാഷ്ട്രീയ പ്രവർത്തകയാണ്, സാമാന്യമായ തലത്തിൽ തൊഴിലാളിവർഗ രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീയാണ്, സ്ത്രീത്വത്തിന്റെ പുരുഷാധിപത്യ മാനദണ്ഡങ്ങൾക്കൊപ്പം സഞ്ചരിക്കാത്തയാളാണ്, പൊതുസ്വീകാര്യത ലഭിക്കുന്ന സാമൂഹ്യമൂലധനം ഏറെയില്ലാത്ത ഒരാളാണ്, സവർണ സ്ത്രീയുടെ രാഷ്ട്രീയപ്രവർത്തനമെന്ന ത്യാഗമല്ല മറിച്ച് ആത്മവിശ്വാസമുള്ള ഉശിരൻ രാഷ്ട്രീയപ്രവർത്തനമാണ് അവരുടെ രാഷ്ട്രീയജീവിതമേറെയും എന്നൊക്കെയാണ്.

ഇതൊക്കെ പഴയകാല പ്രതീകങ്ങൾ മാത്രമല്ല. അഹങ്കാരികളായ പെണ്ണുങ്ങളുടെ മടിക്കുത്തിൽ പിടിച്ചുപൊക്കുന്ന നായകൻ മലയാളിയുടെ നിത്യജീവിതം തന്നെയാണ്.

ഇതിലോരോന്നിനോടും കേരളീയ സമൂഹം ഹീനമായ എതിർപ്പാണ് വെച്ചുപുലർത്തുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ നടന്ന ലഹളയിൽ നാമത് കണ്ടതാണ്. അതിലെ ജനാധിപത്യവിരുദ്ധതയോടും സ്ത്രീവിരുദ്ധതയോടും എല്ലാവിധത്തിലും ഒപ്പം നിന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും എന്നുതന്നെ പറയേണ്ടതുണ്ട്. ആ കേരളം തന്നെയാണ് മേഴ്സിക്കുട്ടിയമ്മക്കെതിരെയും തെറിവിളിക്കുന്നത്.

ഒരു സ്ത്രീക്കെതിരെയുള്ള ആദ്യ അധിക്ഷേപം അവരൊരു സ്ത്രീയാണ് എന്നുള്ളതാണ്. തന്റെ സ്ത്രീത്വത്തെ എത്രമാത്രം മറച്ചുപിടിക്കാമോ അഥവാ പുരുഷാധിപത്യ സമൂഹത്തിന്റെ ചട്ടക്കൂടിനു പാകമാകുന്ന അളവിൽ കാണിക്കാമോ എന്നതാണ് അവരുടെ അലോസരമില്ലാത്ത ജീവിതത്തിനു നല്ലത് എന്നതാണ്. സ്ത്രീകൾ കുനിയുമ്പോൾ കാണുന്ന മുലവിടവുകൾ ഒരു കുലസ്ത്രീയെ കാണിക്കുമ്പോൾ മലയാള സിനിമയിൽ വരാറേയില്ല. അല്ലെങ്കിൽ ആ സ്ത്രീ ഭർത്താവിനോ കാമുകനോ മുന്നിലായിരിക്കണം. അയാളുടെ സ്വാതിതിരുനാൾ മട്ടിലുള്ള ശൃംഗാര കാവ്യനായികയാകണം. അതുമല്ലെങ്കിൽ അവരെ ആക്രമിക്കാൻ പോകുന്ന വില്ലന്റെ മുന്നിൽ. തന്നിഷ്ടപ്രകാരം അത് കാണിക്കുന്നവരൊക്കെയും 'അഴിഞ്ഞാട്ടക്കാരികൾ' കള്ളുഷാപ്പിലെ സ്ത്രീകൾ' ചായക്കടക്കാരികൾ' മുറ്റമടിക്കാർ' എന്നിങ്ങനെയുള്ള പണിയെടുത്ത് ജീവിക്കുന്ന മനുഷ്യരുടെ വിഭാഗങ്ങളിൽ പെടുമായിരുന്നു. ഇതൊക്കെ പഴയകാല പ്രതീകങ്ങൾ മാത്രമല്ല. അഹങ്കാരികളായ പെണ്ണുങ്ങളുടെ മടിക്കുത്തിൽ പിടിച്ചുപൊക്കുന്ന നായകൻ മലയാളിയുടെ നിത്യജീവിതം തന്നെയാണ്.

സ്ത്രീയുടെ ശരീരം തന്നെ ഇത്തരത്തിൽ ഏതു സമയവും ഒരു ധാർമിക പ്രശ്നമാകാനുള്ള, ഒരു സദാചാര വിരുദ്ധതയാകാനുള്ള പ്രശ്നസാധ്യത ജൈവികമായി പേറുന്ന ഒന്നാണെന്നുള്ള ബോധത്തിൽ നിന്നും ഏതെങ്കിലും വിധത്തിൽ പുറത്തുകടക്കാൻ ശ്രമിക്കുന്ന (അത് ബോധപൂർവമോ അല്ലാതെയോ ആകാം) ഏതു സ്ത്രീയേയും അവരൊരു സ്ത്രീ പോലുമല്ല എന്ന് സ്ഥാപിക്കും വിധത്തിലാണ് ആക്രമിക്കുക. നീയൊക്കെയൊരു പെണ്ണാണോ എന്നാണ് ചിരപുരാതന ചോദ്യം.

കേരളം മലയാളികളുടെ മാതൃഭൂമിയൊക്കെയാക്കിയതിനു ശേഷം പതിറ്റാണ്ടുകളേറെക്കഴിഞ്ഞെങ്കിലും 27000 കോളനികളിലായി കഴിയുന്ന പട്ടിക ജാതിക്കാരിൽ നിന്നും ഇപ്പോഴും സംവരണ മണ്ഡലങ്ങളിൽ മാത്രമായി പട്ടിക ജാതിക്കാർ മത്സരിക്കുന്ന ഒരു പുരോഗമന കേരളത്തിൽ ഒരു ദളിത് സ്ത്രീയുടെ രാഷ്ട്രീയ വാചകമടിയിലെ ശേഷിക്കുറവൊക്കെ വലിയ വൃത്താന്തമായി വരുന്നത് ജുഗുപ്സാവഹമാണ്.

രാഷ്ട്രീയാധികാരത്തിന്റെ, രാഷ്ട്രീയപ്രവർത്തനത്തിന്റെ, സാമൂഹ്യപ്രവർത്തനത്തിന്റെ ഏതു മേഖലയും അതിസൂക്ഷ്മമാം വിധം പുരുഷാധിപത്യവുമായി കൂട്ടിവെച്ച ഒരു സമൂഹത്തിൽ അതിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നതുപോലും സ്ത്രീകളെ സംബന്ധിച്ച് ദുഷ്‌കരമാണ്. അതുകൊണ്ടുതന്നെ പൊതുപ്രവർത്തനരംഗത്തെ എല്ലാ സ്ത്രീകളും കടുത്ത ആക്രമണങ്ങൾക്ക് വിധേയരാകും. അപ്പോഴെല്ലാം സ്ത്രീ എന്ന അവരുടെ ജൈവിക ശാരീരികാവസ്ഥയാണ് അവരെ ആക്രമിക്കാനായി തെരഞ്ഞെടുക്കുക എന്നതാണ് പൊതുരീതി. മേഴ്സിക്കുട്ടിയമ്മയെ ആക്രമിക്കുമ്പോളും കെ കെ രമയെ ആക്രമിക്കുമ്പോഴും ശബരിമലയിൽ കയറിയ ബിന്ദു അമ്മിണിയേയും കനകദുർഗ്ഗയെയും ആക്രമിക്കുമ്പോഴുമെല്ലാം സമൃദ്ധമായി വിതറുന്ന പുരുഷലിംഗ ശബ്ദഘോഷങ്ങളും, സദാചാരഭ്രംശ സൂചനകളുമെല്ലാം ഇങ്ങനെയാണ്.

തൊഴിലാളി വർഗ രാഷ്ട്രീയം പറയുന്ന, സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന സ്ത്രീകൾക്ക് ഈ അധിക്ഷേപങ്ങൾ കൂടുതൽ കേൾക്കേണ്ടിവരും. കാരണം അവർ പുരുഷാധിപത്യവ്യവസ്ഥയുടെ രാഷ്ട്രീയാധികാരത്തെ പല തരത്തിലും നേർക്കുനേരെ ചോദ്യം ചെയ്യുന്നവരാണ്. അവർ അവരിടപെടുന്ന പുരുഷാധിപത്യഘടനയിൽ വേണ്ടത്ര അനുസരണയില്ലാത്തവർക്കൂടിയാകും. സ്ത്രീകൾക്കുള്ള സവർണ വാർപ്പ് മാതൃകകളെ ലംഘിക്കുന്നവരാകും. അതോടെ ഫെമിനിസ്റ്റുകൾ 'ഫെമിനിച്ചികളും' 'കടി മൂത്തവരും' 'കഴപ്പ് മാറാത്തവരും' ആയി സംബോധന ചെയ്യപ്പെടും. 'മാർക്സിസ്റ്റ് പെണ്ണുങ്ങൾക്ക് അല്ലെങ്കിലും ഒരിത് ഇത്തിരി കൂടുതലാ" എന്ന് കെ. എം. മാണി പറഞ്ഞപ്പോൾ അയാൾ ഉദ്ദേശിച്ചതും ഇതൊക്കെത്തന്നെ. അയാൾക്കും കിട്ടി വിപ്ലവ രാഷ്ട്രീയ സാംസ്കാരിക സമ്മേളനത്തിലൊരു ഇരിപ്പിടം എന്നിടത്താണ് ഒരു സമൂഹം എന്ന നിലയിൽ നാം എത്രമാത്രം സ്ത്രീവിരുദ്ധരാണ് എന്ന് കാണിക്കുന്നത്. വനിതാ മതിലുണ്ടാക്കാനും സകല ജാതിമതസ്ത്രീവിരുദ്ധരും ഒന്നിച്ച നാടാണ് നമ്മുടെ. ഏതു വിപ്ലവവും നമ്മൾ സർവ്വകക്ഷി, സമുദായ യോഗം കൂടി ആഘോഷിച്ചുകളയും!

മുമ്പൊരിക്കൽ ബൃന്ദാ കാരാട്ടിന്റെ വിമര്ശനത്തോട് ബൃന്ദാ കാരാട്ട് പ്രകാശ് കാരാട്ടിനെ പഠിപ്പിച്ചാൽ മതി, എന്നോട് വേണ്ട എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അതയാൾ പിണറായി വിജയൻ കമലയെ പഠിപ്പിച്ചാൽ മതി എന്ന് പറയില്ല. കാരണം ഹേ പെണ്ണെ, അടങ്ങി നിൽക്ക് എന്നാണത്. available PB എന്നാൽ പ്രകാശ് കാരാട്ട് ബൃന്ദാ കാരാട്ടിന്റെ തുടയ്ക്ക് തട്ടി കൂട്ടുന്ന ഒന്നാണെന്നു പറഞ്ഞ വിട്ടക്കുഴിവായുള്ളൊരുത്തൻ ഇന്നിപ്പോൾ കോൺഗ്രസ് എം പിയാണ്.

ജാതിശ്രേണിക്കനുസരിച്ച് സ്ത്രീകൾ കേൾക്കുന്ന അധിക്ഷേപത്തിന് ഭാഷയും രീതിയുമെല്ലാം മാറുന്നുണ്ട്. രാഷ്ട്രീയനിലപാടുകളുടെ പേരിൽ ഒരു സ്ത്രീയെ വിമർശിക്കുന്നതിൽ തെറ്റായൊന്നുമില്ല. എന്നാൽ അതിലവരുടെ സ്ത്രീ എന്ന നിലയും ജാതിയും ഘടകമാകാത്ത ആദർശവത്‌കൃത സമൂഹമൊന്നുമല്ല നമ്മുടേത്. രമ്യ ഹരിദാസിനെതിരായ ആക്ഷേപങ്ങൾ അവരുടെ അഭിപ്രായങ്ങൾക്കെതിരെ മാത്രമാണ് എന്നതൊരു തട്ടിപ്പാണ്. രമ്യ ഹരിദാസിന്റെ രാഷ്ട്രീയാഭിപ്രായങ്ങൾ ശബരിമല സമരത്തിലേതുപോലെ പിന്തിരിപ്പനും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നതുകൊണ്ടുതന്നെ അതിന്റേതായ രാഷ്ട്രീയ വിമർശനം അർഹിക്കുന്നതുമാണ്. എന്നാൽ ജാതിശ്രേണിയിൽ ഉയർന്ന സ്ത്രീകൾക്ക് രമ്യ കേൾക്കുന്ന വിമർശനങ്ങളല്ല കേൾക്കേണ്ടി വരുന്നത്.

കേരളം മലയാളികളുടെ മാതൃഭൂമിയൊക്കെയാക്കിയതിനു ശേഷം പതിറ്റാണ്ടുകളേറെക്കഴിഞ്ഞെങ്കിലും 27000 കോളനികളിലായി കഴിയുന്ന പട്ടിക ജാതിക്കാരിൽ നിന്നും ഇപ്പോഴും സംവരണ മണ്ഡലങ്ങളിൽ മാത്രമായി പട്ടിക ജാതിക്കാർ മത്സരിക്കുന്ന ഒരു പുരോഗമന കേരളത്തിൽ ഒരു ദളിത് സ്ത്രീയുടെ രാഷ്ട്രീയ വാചകമടിയിലെ ശേഷിക്കുറവൊക്കെ വലിയ വൃത്താന്തമായി വരുന്നത് ജുഗുപ്സാവഹമാണ്. പൊതുസമൂഹത്തിൽ ജാതിവ്യവസ്ഥയുടെ ചട്ടക്കൂട്ടിൽ വികസിച്ചുവന്ന മിടുക്കാണ് ദളിതരെയും ആദിവാസികളെയുമൊക്ക പുറന്തള്ളാനുള്ള ഏറ്റവും എളുപ്പത്തിലുള്ള വഴി. അതുകൊണ്ടാണ് പോയി പാട്ടു പാടൂ, ഇവരെയാണല്ലോ നിങ്ങൾ ജയിപ്പിച്ചത് ആലത്തൂരുകാരെ എന്നൊക്കെയുള്ള പരിഹാസങ്ങൾ ഉയരുന്നത്. കൗമാരം കഴിയുമ്പോഴേക്കും സാംഖ്യം ശാസ്ത്രം വ്യാകരണം തർക്കം വേദേതിഹാസങ്ങൾ എന്നിവയിലെല്ലാം പ്രാവീണ്യം നേടുകയും ശേഷം പുരോഗമന രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഒരു കൈ നോക്കുകയും ചെയ്യാനുള്ള സാമൂഹ്യ മൂലധനം കേരളത്തിലെ ഒരു ദളിത് കുടുംബത്തിനുമില്ല. അതായത് ടി എൻ സീമയോട് തർക്കിച്ചു ജയിക്കാൻ രമ്യ ഹരിദാസിനോട് ആവശ്യപ്പെടുകയെന്ന പോലെ. സവർണ സമൂഹത്തിന്റെ സ്ഥിരം പരിപാടിയാണത്. ഒരേ കളിസ്ഥലം, ഒരേ കളിനിയമങ്ങൾ, കളിക്കൂ, ജയിച്ചോളു എന്നാണ്. ഒരിക്കലും ആ കളിയിൽ ജയിക്കാനാവില്ല എന്നതിനെയാണ് നാം ജാതിവ്യവസ്ഥ എന്ന് വിളിക്കുന്നത്. കു ഭു കു സാഹിത്യകാരി തന്റെ ഒ ബി സി സത്വം സവര്ണതയായി തെറ്റിദ്ധരിക്കുന്നു എന്നതുകൊണ്ട് ഇനി രമ്യയെ വിമർശിക്കാനില്ല എന്ന് വിലപിക്കുമ്പോൾ സൗകര്യപൂർവം ഒളിക്കാൻ ശ്രമിക്കുന്നത് ഒരു മൂല്യബോധം സ്വത്വബോധം മാത്രമല്ല എന്നാണ്. അതുകൊണ്ടാണ് രമ്യ ഹരിദാസ് reday to wait എന്ന് പറയുമ്പോൾ ബ്രാഹ്മിണിക് മൂല്യബോധത്തിലാണ് ദളിത സ്ത്രീ സംസാരിക്കുന്നത് എന്ന് നമുക്ക് മനസിലാകുന്നത്. അതുകൂടിയാണ് ജാതിവ്യവസ്ഥ ഉയർത്തുന്ന വെല്ലുവിളി.

പൊതുസമ്മതി എന്നാൽ സവർണ്ണ സമ്മതി എന്നൊരു ഒളിവ്യാഖ്യാനം കൂടിയുണ്ട് നമുക്ക്. അതുകൊണ്ടാണ് വീണാജോർജ് വളരെ വേഗം പൊതുസമ്മതയാകുന്നതും ഒരിക്കലും കേരളത്തിൽ ഒരു ദളിത സ്ത്രീ അല്ലെങ്കിൽ പുരുഷൻ പൊതുസമ്മതനായ സ്വതന്ത്രനായി മത്സരിക്കാൻ മുന്നണികളാൽ തെരഞ്ഞെടുക്കപ്പെടാഞ്ഞതും. ദളിതർക്ക് പൊതുസമ്മതിയില്ല. അതുകൊണ്ടാണ് പി കെ ബിജു മറ്റേതൊരു പൊതു മണ്ഡല സ്ഥാനാർത്ഥിയെയും പോലെ അത്തരത്തിൽ യോഗ്യനായിട്ടും സംവരണ മണ്ഡലത്തിൽത്തന്നെ മത്സരിക്കേണ്ടി വന്നത്. അല്ലെങ്കിൽ മറ്റൊരു ദളിതനും ഒരു പൊതുമണ്ഡലത്തിൽ മത്സരിക്കാഞ്ഞത്. എന്നിട്ടും നമ്മൾ രമ്യയോട് പറയുന്നത് അവർക്ക് രാഷ്ട്രീയ ബോധം കുറവാണ് എന്നാണ്.അതായത് ദളിതയാ/നാവുക എന്നതുതന്നെ ഒരു ആക്രമണലക്ഷ്യമാവുക എന്നിടത്താണ് ഗാഗ്വ വിളികളുടെ ചർച്ചകളിൽ മാറ്റുതെളിയിക്കാൻ കഴിയാത്തത് മറ്റൊരു കുറവായി അവർക്ക് മേൽ ആരോപിക്കപ്പെടുന്നത്.

സ്ത്രീകൾ, ദളിതർ, പരിസ്ഥിതിവാദികൾ, സ്വവർഗാനുരാഗികൾ, മുഖ്യധാരാ രാഷ്ട്രീയത്തിന് പുറത്തുനിൽക്കുന്നവർ എന്നിങ്ങനെയുള്ള, ഹിംസാത്മകമായ പുരുഷാധിപത്യ,ജാതിവ്യവസ്ഥ മൂല്യബോധത്തിനും ആക്രമണോത്സുകമായ മുതലാളിത്ത ചൂഷണവാദത്തിനും എതിരെ നിൽക്കുന്ന, പുറത്തുനിൽക്കുന്ന ആരെയും ആക്രമിക്കുന്ന ഒന്നായി മാറിയിരിക്കുന്നു നമ്മുടെ സമൂഹം. പൊലീസടക്കമുള്ള ഭരണകൂടത്തിന്റെ വേട്ടയന്ത്രങ്ങൾക്ക് ഇത്രയേറെ പൊതുസ്വീകാര്യത കിട്ടിയ മറ്റൊരു കാലമില്ല. രക്ഷകരുടെ സ്തുതിഗീതപ്രതിധ്വനികളാൽ മുക്കും മൂലയും നാറുകയാണ്. അതായത് ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. പിൻവാതിലിലൂടെ കയറ്റുന്ന കടുവ മുൻവാതിലിലൂടെ ഇറങ്ങിപ്പൊയ്ക്കോളും എന്ന് കരുതുന്നത് മൗഢ്യമാണ്.

സ്ത്രീപക്ഷ രാഷ്ട്രീയത്തെയും ജനാധിപത്യ സംവാദ മണ്ഡലത്തെയും ഒരു രാഷ്ട്രീയപ്രശ്നമാക്കി സജീവമാക്കി നിലനിർത്തുകയാണ് വേണ്ടത്. അതിനു നിലവിലെ ബോധ്യങ്ങളെ തല്ലിത്തകർത്തുകൊണ്ടേയിരിക്കണം. അല്ലെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ സംവാദ മണ്ഡലത്തിലെ തൂക്കുകട്ടിയും ത്രാസും ഇനിയും ആണധികാരത്തിന്റെ വൃഷണക്കട്ടികളും സ്ത്രീവിരുദ്ധതയുടെ സ്ഖലിതലിംഗങ്ങളുമായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in