'ബോയ്സ് ലോക്കര്‍ റൂം': കൗമാരക്കാരായ ആണ്‍മക്കള്‍ എന്നെ പഠിപ്പിച്ചത്

'ബോയ്സ് ലോക്കര്‍ റൂം': കൗമാരക്കാരായ ആണ്‍മക്കള്‍ എന്നെ പഠിപ്പിച്ചത്
the quint
Summary

'ഒരുപക്ഷെ നാളെ, ഈ ഗ്രൂപ്പിലുള്ള ആണ്‍കുട്ടികള്‍ നയതന്ത്രജ്ഞരോ, രാഷ്ട്രീയക്കാരോ, കോര്‍പ്പറേറ്റ് മാനേജരോ ഒക്കെയായി മാറാം. അവര്‍ ചെയ്യുന്ന തെറ്റിന്റെ ഗുരുതരമായ വശങ്ങളെ കുറിച്ച് അവര്‍ക്കു മനസിലാക്കി കൊടുക്കാന്‍ സാധിക്കുമെങ്കില്‍, ഒരുപക്ഷേ ഒരു മാറ്റം കൊണ്ട് വരന്‍ നമ്മള്‍ക്കു കഴിഞ്ഞേക്കും.' NDTV 24 x 7 -ന്റെ മാനേജിംഗ് എഡിറ്ററായ മനിക റായ്ക്കുവാര്‍ അഹിര്‍വാള്‍ NDTV ബ്ലോഗ്ഗില്‍ എഴുതിയ കുറിപ്പിന്റെ മൊഴിമാറ്റം

ഞാന്‍ അറിഞ്ഞത്, ഇന്‍സ്റ്റാഗ്രാമില്‍ ഒരു മീം ഗ്രൂപ്പ് ആയിട്ടാണ് അത് ആദ്യം തുടങ്ങിയത് എന്നാണ്; കൗമാരപ്രായക്കാര്‍ അവരുടെ തമാശകള്‍, രസകരമായ വീഡിയോകള്‍ എന്നിവയൊക്കെ പങ്കുവെക്കുന്നതിനു തുടങ്ങിയ ഒരു സാധാരണ സൗഹൃദ കൂട്ടായ്മ.

ഏകദേശം അമ്പതോളം അംഗങ്ങള്‍ ആയപ്പോഴേക്കും, ഡല്‍ഹിയിലെ അറിയപ്പെടുന്ന 3-4 സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ ആ ഗ്രൂപ്പിനെ, പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നഗ്‌നചിത്രങ്ങള്‍ പങ്കുവെക്കാനും പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചു നികൃഷ്ടമായ സന്ദേശങ്ങള്‍ അയക്കാനുമുള്ള ഇടമാക്കി മാറ്റി. പതിനാലു വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ കുറിച്ച് പോലും സംസാരിക്കാവുന്നതിന്റെ അങ്ങേയറ്റം വികൃതമായ രീതിയില്‍ സംഭാഷണങ്ങളും ചര്‍ച്ചകളും നടന്നിട്ടുണ്ട്.

എന്റെ ഇളയ മകന്‍ പറഞ്ഞാണ് ഞാന്‍ ഈ കാര്യം അറിയുന്നത്, അവന്‍ വായിച്ചത് കേട്ട് ഞാന്‍ തീര്‍ത്തും അസ്വസ്ഥയായി പോയി. എന്നെ അത് ഒരുപാട് അലട്ടി. ഇരുപത്തിയഞ്ചു വര്‍ഷമായി ഒരു മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്നത് കൊണ്ടുതന്നെ ചില വാര്‍ത്തകള്‍ മാത്രമാണ് എന്നില്‍ ഒരു ഞെട്ടല്‍ ഉണ്ടാകുന്നത്. ഇത് അത്തരത്തില്‍ ഒരു വാര്‍ത്ത ആയിരുന്നു. ഞാന്‍ ഒരു നിമിഷം പകച്ചു പോയി, പക്ഷേ എനിക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കാനാണ് തോന്നിയത്.

ആ ഗ്രൂപ്പിലെ ആണ്‍കുട്ടികള്‍ അവരുടെ അഭിപ്രായങ്ങളിലും സംസാര ഭാഷയിലും ഏറെക്കുറെ ക്രിമിനല്‍ ഉദ്ദേശത്തോടെയാണ് പെരുമാറുന്നത്. ഈ ഗ്രൂപ്പിലേക്ക് പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തുകയും, അവരുടെ തന്നെ ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. ഇതിനെതിരെ ഏതെങ്കിലും പെണ്‍കുട്ടി പ്രശ്നം ഉണ്ടാക്കിയാല്‍, കൂട്ടബലാത്സംഗം ചെയ്യും എന്നാണ് ഭീഷണി. ഈ ഗ്രൂപ്പിനെ കുറിച്ച് പൊതുസമൂഹത്തിനോട് വിളിച്ചു പറഞ്ഞ പെണ്‍കുട്ടിക്കെതിരെയും ഈ ഭീഷണി മുഴങ്ങിയിട്ടുണ്ട്. ഇതിലൂടെ എന്ത് ഉണ്ടായാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന അഹങ്കാരവും ആത്മവിശ്വാസവും ആണ് ഗ്രൂപ്പിലെ ആണ്‍കുട്ടികള്‍ക്ക്.

ഒരു കാര്യം പറയട്ടെ, ഞാന്‍ രണ്ട് ആണ്മക്കളുടെ അമ്മയാണ്; ഒരാള്‍ക്ക് പതിനെട്ടും മറ്റൊരാള്‍ക്കു പതിനഞ്ചും വയസ്സാണ്. അവര്‍ രണ്ട് പേരും ഈ ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ല. രണ്ട് പേരും അസ്വസ്ഥരാണ്.

പക്ഷേ ഈ തലമുറയില്‍ നമ്മള്‍ വളര്‍ത്തി കൊണ്ട് വരുന്ന ആണ്‍മക്കളെ കുറിച്ച് എനിക്ക് ഭയം തോന്നുകയാണ്. പേരുകള്‍ വെളിപ്പെടുത്താതെ എന്തും പറയാന്‍ സാമൂഹിക മാധ്യമങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് സ്ത്രീകളെ നിസ്സാരവല്‍ക്കരിക്കുന്ന അക്രമാസക്തമായ പൗരുഷ സങ്കല്‍പങ്ങളും വിശ്വാസങ്ങളും ആണ് ഈ ആണ്‍കുട്ടികള്‍ പ്രോത്സാഹിപ്പിക്കുന്നത്.

ഇത് എങ്ങനെയാണ് തുടങ്ങുന്നത്? എന്തിനാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്?

ഞാന്‍ നിങ്ങളോട് പങ്കുവെക്കുന്നത് എന്റെ മക്കളുമായി ഞാന്‍ നടത്തിയ സംഭാഷണത്തിലെ ചില ഭാഗങ്ങളാണ്.

'ആ പയ്യന്മാര്‍ക്ക് ഒന്നും സംഭവിക്കില്ല,' പതിനെട്ടു വയസുകാരന്‍ പറയുന്നു; 'അമ്മേ, ഇത് എപ്പോഴും നടക്കുന്നതാണ്'. ഇതുപോലെ ആയിരകണക്കിന് ഗ്രൂപ്പുകള്‍ ഉണ്ട്, ഇത് ആദ്യമായിട്ടല്ല നടക്കുന്നത്. മുന്‍പ് എപ്പോഴോ ചില പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സ്‌കൂളില്‍ കുട്ടികള്‍ പരസ്പരം പങ്കുവെച്ചിരുന്ന കാര്യം അവന്‍ എന്നോട് പറഞ്ഞു. 'ഞാന്‍ നിനക്കു ഒരു ചിത്രം അയച്ചു തരാം, പക്ഷേ നീ എനിക്ക് സബ്വേ സാന്‍വിച്ച് വാങ്ങി തരണം', ഇതായിരുന്നത്രെ ഡീല്‍.

അവന്‍ പറയുന്നു, 'പ്രശ്നം എന്തെന്നാല്‍ എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോള്‍ മാത്രമാണ് നിങ്ങള്‍ ഒക്കെ പ്രതികരിക്കുന്നത്, ഈ വിഷയങ്ങളെ കുറിച്ച് നിരന്തരം ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഈ പ്രശ്നം കുറെ കാലമായി നിലനില്‍ക്കുന്നുണ്ട്, പക്ഷേ അതിനെതിരെ സ്ഥിരമായി ഒരു നടപടിയും ഉണ്ടാകുന്നില്ല.'

ഇളയ മകന്‍ പറഞ്ഞതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അവന്റ സുഹൃത്തായ ഒരു പെണ്‍കുട്ടി ഇങ്ങനെ ഒരു ഗ്രൂപ്പിലെ ഇരയായി മാറിയതിനെ കുറിച്ച് അവന്‍ പറഞ്ഞത്, 'അവള്‍ക്കപ്പോള്‍ എന്താണ് തോന്നുന്നത് എന്ന് ഞാന്‍ അവളെ വിളിച്ചു ചോദിച്ചു'. ഞാന്‍ ഒന്നൂടെ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, 'അമ്മേ, അവള്‍ ശക്തയായ പെണ്‍കുട്ടിയാണ്, അവള്‍ക്കെന്താണ് തോന്നിയത് എന്ന് അവള്‍ തുറന്നു പറഞ്ഞു. പക്ഷേ ആ വിഷയത്തെ കുറിച്ച തന്നെ സംസാരിച്ചു കൊണ്ട് ഇരിക്കാതെ പിന്നെ ഞങ്ങള്‍ കിം-ജോങ്-ഉന്‍ -നെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു!'

ഞാന്‍ പറയാന്‍ ഉദേശിച്ചത്, ഇതെല്ലം എത്ര സാമാന്യവത്കരിക്കപ്പെട്ടു പോയി എന്നാണ്. ആണുങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഒരു കാലഘട്ടത്തില്‍ പെണ്‍കുട്ടികളെ കുറിച്ചോ സ്ത്രീകളെ കുറിച്ചോ ആഭാസകരമായ രീതിയില്‍ അശ്ലീലം സംസാരിച്ചിരുന്നു എന്ന് അംഗീകരിക്കണ്ടവരായി നമ്മള്‍ മാറിയിരിക്കുന്നു. ലോക്കര്‍ റൂം ആണ്‍കുട്ടികളുടെ നേരമ്പോക്കായിട്ടാണ് ഇതിനെ കാണുന്നത് (ഗ്രൂപ്പിന്റെ പേര് തന്നെ ബോയ്സ് ലോക്കര്‍ റൂം (Bois Locker Room) എന്നാണാലോ). ഇത് തെറ്റാണെന്ന ഒരു തിരിച്ചറിവ് പോലും ആര്‍ക്കും ഇല്ല. ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങള്‍ ഓര്‍ത്തിട്ടോ ജനകീയ ഗ്രൂപുകളില്‍ നിന്ന് പുറത്താകും എന്നോര്‍ത്തിട്ടോ മിക്കപ്പോഴും ഒരു കുട്ടിയും ഇതിനെതിരെ സംസാരിക്കുന്നില്ല.

ഇപ്പോഴുള്ള സ്ഥിതി വ്യത്യസ്തമാണ്. സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ രക്ഷിതാക്കള്‍ കുട്ടികളോട് ആവശ്യപ്പെടുകയാണ്. അവര്‍ സുരക്ഷിതരാണോ എന്ന് അവര്‍ അറിയാതെ തന്നെ പിന്തുടര്‍ന്നു ഉറപ്പു വരുത്തേണ്ട സാഹചര്യം. പക്ഷേ ഇതിന്റെ സമ്മര്‍ദം മുഴുവന്‍ പെണ്‍കുട്ടികള്‍ക്കാണ് - അവര്‍ ഏതു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നു, ഓണ്‍ലൈനില്‍ ആരോട് ചാറ്റ് ചെയ്യുന്നു എന്നൊക്കെ ഇനി ശ്രദ്ധിക്കണമല്ലോ. എങ്ങനെ ആളുകളുടെ മുന്നില്‍ വരണം, ഏതു ഭാഷയില്‍ ആയിരിക്കാം തങ്ങളുടെ സാന്നിധ്യം ചര്‍ച്ചചെയ്യപെടുക, ഇടുന്ന വസ്ത്രങ്ങള്‍ നിരന്തരം ചോദ്യംചെയ്യപെടും അല്ലെങ്കില്‍ നോട്ടങ്ങള്‍ക്ക് വിധേയമാകും, ഇടുന്ന വസ്ത്രങ്ങള്‍ എന്തിനെ ആണ് സൂചിപ്പിക്കുന്നത് തുടങ്ങി ഓരോ കാര്യങ്ങളെയും നേരിടേണ്ടി വരും പെണ്‍കുട്ടികള്‍ക്ക്. ഇത്രയും കാലം ഇത് യഥാര്‍ത്ഥ ലോകത്ത് ആയിരുന്നു എങ്കില്‍, ഇനി മുതല്‍ ഇതെല്ലം സമൂഹ മാധ്യമങ്ങളിലും മറ്റു ഓണ്‍ലൈന്‍ ഇടങ്ങളിലും നേരിടേണ്ടി വരുന്നു.

ഞാന്‍ മക്കളോട് ചോദിച്ചു: 'ഇവിടെ നിന്ന് നമ്മള്‍ എങ്ങോട്ടേക്കാ പോകേണ്ടത്?'. അവര്‍ പറഞ്ഞു, 'ഈ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ മാറിപ്പോകരുത്, ഇതിനെ കുറിച്ച് മറക്കാതെ ഇരിക്കുക. നിരന്തരം ഇതേകുറിച്ച് സംസാരിക്കുക, ആണ്‍കുട്ടികളെ കൊണ്ട് പെണ്‍കുട്ടികളോട് സംസാരിപ്പിക്കുക. പലപ്പോഴും മറ്റൊരാള്‍ക്കു എന്താണ് തോന്നുന്നത് എന്ന് അറിയാന്‍ കഴിയാത്തതാണ് കാര്യം, അപ്പുറത്തുള്ള ഉള്ള ആളിനെ കുറിച്ച് മനസിലാക്കാത്തതാണ് ഇതിനൊക്കെ തുടക്കം ഇടുന്നത്.

ഇതൊരു നിര്‍ണായക നിമിഷമാണ്, പതിനെട്ടു വയസുകാരന്‍ പറയുന്നു. നമ്മുക്ക് ഇതിനെ ഉപയോഗപ്പെടുത്താം. ഒരുപക്ഷേ നാളെ, ഈ ഗ്രൂപ്പിലുള്ള ആണ്‍കുട്ടികള്‍ നയതന്ത്രജ്ഞരോ, രാഷ്ട്രീയക്കാരോ, കോര്‍പ്പറേറ്റ് മാനേജരോ ഒക്കെയായി മാറാം. അവര്‍ ചെയ്യുന്ന തെറ്റിന്റെ ഗുരുതരമായ വശങ്ങളെ കുറിച്ച് അവര്‍ക്കു മനസിലാക്കി കൊടുക്കാന്‍ സാധിക്കുമെങ്കില്‍, ഒരുപക്ഷേ ഒരു മാറ്റം കൊണ്ട് വരന്‍ നമ്മള്‍ക്കു കഴിഞ്ഞേക്കും. ആമേന്‍.

മൊഴിമാറ്റം: ഗോകുല്‍.കെ.എസ്

Related Stories

No stories found.
logo
The Cue
www.thecue.in