കൊവിഡ്: പ്രവാസികള്‍ക്കായി ഇനി എന്തൊക്കെ ചെയ്യാനാകും

കൊവിഡ്: പ്രവാസികള്‍ക്കായി ഇനി എന്തൊക്കെ ചെയ്യാനാകും

ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകള്‍ ഗൗരവമേറിയതാണ്. എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ പരിഹാര മാര്‍ഗ്ഗങ്ങള്‍ കാര്യക്ഷമമാക്കാനാകൂ. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അവിടെയുള്ള സാമൂഹിക-സന്നദ്ധ സംഘടനകളും ഏകോപനതോടെ പ്രവര്‍ത്തിക്കണം. പ്രവാസി സംഘടനകള്‍ സജീവമായൂള്ള ആശ്വാസകരമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഏതാണ്ട് 89 ലക്ഷം എന്നാണ് കണക്ക്. യുഎഇയില്‍ മാത്രം 40 ലക്ഷം പേര്‍. കേരളത്തിലെ ഏതാണ്ട് മൂന്നില്‍ ഒന്നു വീടുകളില്‍ നിന്നും പ്രവാസികളുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ വര്‍ധനവുണ്ടാകുന്നത് അവിടെയുള്ള ഇന്ത്യക്കാര്‍ക്കും അത്ര തന്നെ ഇവിടെയുള്ള അവരുടെ കുടുംബങ്ങള്‍ക്കും ആശങ്കയായി മാറിയിട്ടുണ്ട്. അവിടെ ജോലി ചെയ്യുന്നവരില്‍ പലരും ലേബര്‍ ക്യാമ്പുകളിലും ഫ്‌ലാറ്റുകളിലുമാണ് താമസം.

ഒരുമിച്ചാണ് പലരും ക്യാമ്പുകളിലും ഫ്‌ളാറ്റുകളിലും കഴിയുന്നത്. കോവിഡ് പ്രതിരോധമെന്നത് ഒരു ആരോഗ്യ പ്രശ്‌നമായി മാത്രമല്ല കാണേണ്ടത്. ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുന്ന ദിവസങ്ങളില്‍ എങ്ങനെയൊക്കെ ബാധിക്കും എന്ന ആശങ്ക കൂടി നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ ലക്ഷക്കണക്കിന് പ്രവാസികള്‍ പല കാരണങ്ങളാണ് നാട്ടിലേക്ക് തിരികെ വരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. റെമിറ്റന്‍സും പ്രവാസി നിക്ഷേപവും കുറയും.

എന്താണ് ചെയ്യേണ്ടത്?

1) ആദ്യമായി ചെയ്യേണ്ടത് കൃത്യമായി പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുവാനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുവാനും 24X7 പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും കോര്‍ഡിനേഷന്‍ യൂണിറ്റും നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലും വിവിധ രാജ്യങ്ങളിലും സെറ്റ് ചെയ്യുക എന്നതാണ്.

2) ഗള്‍ഫ് കോവിഡ് പ്രതിരോധത്തിനായി സീനിയര്‍ ആയ ഒരു അഡീഷനല്‍ ചീഫ് സെക്രട്ടറിയെയും ടീമിനെയും നിയമിക്കുക. അവരാണ് കേന്ദ്ര വിദേശകാര്യ വകുപ്പുമായും അവിടുത്തെ സര്‍ക്കാരുകളായും, പ്രവാസി സംഘടനകളുമായി കോര്‍ഡിനെറ്റ് ചെയ്യേണ്ടത്.

3)ഗള്‍ഫില്‍ ഉള്ള സ്‌കൂളുകളില്‍ ലേബര്‍ ക്യാമ്പില്‍ നിന്നുള്ളവര്‍ക്ക് മാറി താമസിക്കുവാന്‍ സൗകര്യങ്ങള്‍ ഒരുക്കുക. വേണ്ടി വന്നാല്‍ ഹോട്ടലുകള്‍ മൊത്തമായി വാടകക്ക് എടുക്കുക.

4)വാള്‍നറബിലിറ്റി മാപ്പിംഗ് നടത്തുക. അതായത് പ്രായം കൂടിയവര്‍, മറ്റു ഗൗരവമുള്ള അസുഖം ഉള്ളവര്‍ മുതലായവര്‍. അങ്ങനെയുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കി അത്യാവശ്യമുള്ളവരെ ഒരു മാനദണ്ഡത്തിന്റ അടിസ്ഥാനത്തില്‍ ചാര്‍റ്റര്‍ ചെയ്ത് വിമാനങ്ങളില്‍ കൊണ്ട് വന്നു അവരവരുടെ വീടുകളില്‍ ക്വാറന്റൈന്‍ സംവിധാനമുണ്ടാക്കുക. ആശുപത്രിയില്‍ ചികിത്സ കൊടുക്കേണ്ടവര്‍ക്ക് കൊടുക്കുക.

5)ഇന്ത്യന്‍ എംബസിയില്‍ ഹെല്‍ത്ത് ഹെല്പ് ഡസ്‌ക് തുടങ്ങുക. അതായത് എല്ലാ എംബസികളിലും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അതു പോലെ സാമൂഹിക പ്രവര്‍ത്തകരും അടങ്ങുന്ന ഒരു ടീം 24 മണിക്കൂര്‍ പ്രവര്‍ത്തന നിരതമാകണം. ഇതു കേന്ദ്രവിദേശകാര്യ വകുപ്പിന്റെ ചുമതലയാണ്. കേരളത്തില്‍ നിന്നോ ഇന്ത്യയില്‍ നിന്നോ എമര്‍ജന്‍സി ഡെപ്യൂട്ടേഷനില്‍ വിടുക. അല്ലെങ്കില്‍ അവിടെ ഉള്ളവരെ രണ്ടു മാസത്തേക്ക് പ്രതേക അസൈന്മെന്റില്‍ നിയമിക്കുക്ക.

6) കേരളത്തിലെ മാധ്യമങ്ങളെ ഉള്‍പ്പെടുത്തി മീഡിയ -ഇന്‍ഫര്‍മേഷന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ തുടങ്ങുക. അതിന് എല്ലാ വിവിരങ്ങളും കൃത്യമായി നല്‍കുവാനും അതു പോലെ അവിടെ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകളുടെ ദിവസേന അപ്ഡേറ്റ് കിട്ടുവാന്‍ ഓരോ പ്രവാസി സാമൂഹിക സംഘടനയിലും ഒരാളെ ചുമതല പെടുത്തുക.

7)അത്യാവശ്യമായി 10,000 കോടിയുടെ വിപുലമായ പ്രവാസി സഹായ പാക്കേജ് പ്രഖ്യാപിക്കുക.

കേരളത്തിലെ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കുവാ പ്രാപ്തിയുള്ള പ്രവാസികള്‍ ഉണ്ട്. റിസേര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ 8.5% പലിശയില്‍ കേരള സര്‍ക്കാര്‍ മൂന്നും അഞ്ചും വര്‍ഷം ബോണ്ടിറക്കിയാല്‍ അതു പ്രവാസികള്‍ക്കും സര്‍ക്കാരിനും സഹായകമായ വിന്‍-വിന്‍ സ്ട്രാറ്റജി ആയിരിക്കും.

കേരളത്തിന്റെ സാമ്പത്തിക -സാമൂഹിക സുരക്ഷയുടെ വലിയ ഘടകമാണ് പ്രവാസികള്‍. അതു മാത്രമല്ല കേരളത്തില്‍ നിന്നുള്ള ഒരുപാടു വീടുകളുടെ വൈകാരിക അനുഭവമാണ് വിദേശത്തുള്ള പ്രിയപ്പെട്ടവര്‍. അതു കൊണ്ട് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തുള്ളവരെ കുറിച്ചു നിരന്തരം ആശങ്കാകുലരാണ്.

കോടികണക്കിന് അമ്മമാരും പെങ്ങള്‍മാരും ഭാര്യമാരും കുട്ടികളും സഹോദരങ്ങളും കേരളത്തില്‍ ഒരുപാടു വീടുകളില്‍ ഉണ്ട്. പരസ്പരം പഴിചാരാതെ ഭരണകക്ഷികളും പ്രതിപക്ഷ പാര്‍ട്ടികളും കേരളാ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ചു ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടത്. പ്രവാസികള്‍ നമ്മുടെ തന്നെ രക്തവും മാംസവുമാണ്. അവരുടെ സുരക്ഷാ ബോധം ഇവിടെയുള്ള എല്ലാ മലയാളികളുടെ സുരക്ഷാ ബോധമാണ്. അതു കൊണ്ട് തന്നെ ഇതു വളരെ സാകല്യത്തില്‍ കാണേണ്ട വിഷയമാണ്. ഒരുപാട് പ്രവാസികള്‍ പല കാരണങ്ങളാല്‍ തിരിച്ചു വന്നാല്‍ കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെ തന്നെ പുനര്‍നിര്‍വചിച്ചു പുനര്‍ നിര്‍മ്മാണം നടത്തേണ്ട സാഹചര്യമുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in