കോവിഡ്-19 രോഗനിര്‍ണയരീതികള്‍ 

കോവിഡ്-19 രോഗനിര്‍ണയരീതികള്‍ 

കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഇതു വരെയുള്ള വിജയം സാധാരണ ജനങ്ങളില്‍ ഇതൊരു ഗുരുതര ആരോഗ്യപ്രശ്‌നമാണെന്ന ബോധം ഉണ്ടായിട്ടുണ്ടെന്നതാണ് (രജിത് കുമാര്‍ ഫാനുകളെപ്പോലുള്ളവരെ സാധാരണ ജനങ്ങളായി കണക്കാക്കാനാവില്ല). ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് നയിക്കുന്ന സ്ഥിതിയാണ് ഇതിനു മുഖ്യ കാരണമായതെന്നു തോന്നുന്നു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും നിര്‍ദേശങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഇത് ഏറെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഗണ്യമായ തോതില്‍ കേസുകള്‍ കുറയ്ക്കാനും ഒരു പക്ഷെ ഇത് ഇടയാക്കിയേക്കും. എന്നാല്‍ നാം വലിയൊരു പരീക്ഷണത്തിന്റെ തുടക്കത്തില്‍ മാത്രമാണ്.

ഇപ്പോള്‍ ഇരുപതു കേസുകള്‍ മാത്രമേ ഉള്ളൂ എന്നതിന്റെ അര്‍ത്ഥം 20 പേരില്‍ മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയി വന്നത് എന്നതു മാത്രമാണ്. ലോകമെമ്പാടും ഇതു തന്നെയാണ് സ്ഥിതി. ആരെ ടെസ്റ്റു ചെയ്യുന്നു, എത്രപേരെ ടെസ്റ്റ് ചെയ്യുന്നു എന്നനുസരിച്ചിരിക്കും എത്ര രോഗികളെ കണ്ടെത്തുന്നു എന്നത്. തെക്കന്‍ കൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ വ്യാപകമായി രോഗനിര്‍ണയ ടെസ്റ്റുകള്‍ ഉപയോഗിച്ചപ്പോള്‍ ഒട്ടേറെ രോഗികളെ കണ്ടെത്തി. ഈ രാജ്യങ്ങളിലാണ് രോഗവ്യാപനത്തിന്റെ വേഗത ഏറ്റവുമധികം കുറയ്ക്കാനായത് എന്നതും പ്രസ്താവ്യമാണ്. കൂടുതല്‍ ആള്‍ക്കാരെ ടെസ്റ്റ് ചെയ്യുന്നത് എന്തു കൊണ്ടും അഭികാമ്യമാണ്. എന്നാല്‍ ഇതിന്റെ പ്രായോഗിക വശങ്ങള്‍ കാണാതിരുന്നു കൂടാ. കോവിഡ്-19 കണ്ടെത്താനുള്ള രോഗനിര്‍ണയരീതികള്‍ എന്തെല്ലാമാണ്, ടെസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും ലഭ്യത എത്ര മാത്രമുണ്ട്, അവയുടെ ചെലവ്, ഗുണപ്രാപ്തി എന്നിവയെല്ലാം പരിഗണനാവിധേയമാക്കേണ്ടതുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഗനിര്‍ണയ ടെസ്റ്റുകള്‍:

പ്രധാനമായും മൂന്ന് സങ്കേതങ്ങളാണ് കോവിഡ് രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്നത്.

1. വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികള്‍

2. വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആന്റിബോഡികള്‍ (പ്രതിവസ്തുക്കള്‍) കണ്ടെത്തുന്ന രീതികള്‍

3. ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികള്‍.

വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികള്‍

കോവിഡ്-19 എന്ന രോഗമുണ്ടാക്കുന്ന SARS-CoV-2 (പഴയ പേര് NCoV-19) എന്ന പുതിയ RNA വൈറസ്സിന്റെ ജനിതകക്രമം പൂര്‍ണമായി കണ്ടെത്തുന്നതാണ് രോഗനിര്‍ണയത്തിന്റെ ഏറ്റവും ആധികാരികമായ രീതി. 2019ന്റെ അവസാനം ചൈനയില്‍ പുതിയ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ഏതാനും ആഴ്കള്‍ക്കുള്ളില്‍ ഇത് പുതിയ രോഗാണുവാണെന്ന് കണ്ടെത്തിയത് ഈ ജനിതകക്രമം സീക്വെന്‍സിങ്ങ് (Sequencing - ജനിതകക്രമം കണ്ടെത്തുന്ന സാങ്കേതിക വിദ്യ) ചെയ്തിട്ടാണ്. ചൈനക്കാര്‍ ഈ അറിവ് പുറം ലോകവുമായി പങ്കിട്ടു. ഇതിന്റെ ഫലമായി മറ്റു രോഗനിര്‍ണയ ടെസ്റ്റുകള്‍ക്ക് രൂപം നല്‍കാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞു.

സീക്വെന്‍സിങ്ങ് എന്ന ടെസ്റ്റ് എല്ലാ രോഗികള്‍ക്കും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലവും, സമയവുമൊക്കെ പ്രശ്‌നം. പകരം വൈറസിന്റെ ജനിതകക്രമത്തിലെ തനതായ ഭാഗങ്ങള്‍ മാത്രമായി - അതായത് മറ്റുള്ള വൈറസ്സുകളില്‍ കാണാത്ത ഭാഗങ്ങള്‍ - ഉണ്ടോ ഇല്ലയോ എന്നു നോക്കിയാല്‍ അണു അകത്ത് കയറിയിട്ടുണ്ടോ എന്ന് പറയാനാകും. PCR (Polymerase Chain Reaction) എന്ന ടെസ്റ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. RNA വൈറസ് ആയതു കൊണ്ട് ആദ്യം അതിനെ Reverse Transcriptase എന്ന എന്‍സൈം ഉപ്യോഗിച്ച് DNA ആയി മാറ്റേണ്ടി വരും. അതിനാല്‍ RT-PCR എന്ന ടെസ്റ്റാണ് കൃത്യമായി പറഞ്ഞാല്‍ ഉപയോഗിക്കുക.

PCR ടെസ്റ്റിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ കൃത്യതയാണ് (സാങ്കേതികമായി പറഞ്ഞാല്‍ 'specificity' - അതായത് തെറ്റാനുള്ള സാധ്യത വളരെ കുറവ്). രോഗാണൂ അകത്തു കയറിക്കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ ടെസ്റ്റ് പോസിറ്റീവ് ആകുമെന്നതാണ് മറ്റൊരു ഗുണം. പക്ഷെ, രോഗമുള്ള എല്ലാവരിലും ഇത് പോസിറ്റിവ് ആവണമെന്നില്ല. സാധാരണ ഗതിയില്‍ രോഗണുബാധിതരായ 10-20% പേരില്‍ ടെസ്റ്റ് നെഗറ്റീവ് ആവാം. വൈറസ് അടങ്ങുന്ന ശ്രവങ്ങള്‍ എടുക്കുന്ന രീതിയിലെ പിഴവുകള്‍, മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഇതിനു കാരണമാവാം. കൂടാതെ രോഗാണുവിനെതിരെ ശരീരത്തിന്റെ പ്രതിരോധം വിജയിക്കുന്നതിനനുസരിച്ച് രോഗാണുവിന്റെ എണ്ണം കുറയുന്നതും നെഗറ്റീവ് ടെസ്റ്റിനു കാരണമാവാം.

കോവിഡ്-19 രോഗനിര്‍ണയരീതികള്‍ 
കോവിഡ് 19: വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങി, നിര്‍ണായകം 

വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആന്റിബോഡികള്‍ കണ്ടെത്തുന്ന രീതികള്‍

മനുഷ്യനെ ബാധിക്കുന്ന പല പകര്‍ച്ചവ്യാധികളും ലബോറട്ടറിയില്‍ നിര്‍ണയിക്കുന്നത് അവയ്‌ക്കെതിരെയുള്ള ആന്റിബോഡികള്‍ രക്തത്തില്‍ ഉണ്ടോ എന്നു നോക്കിയാണ്. രോഗം വന്ന് ഏതാനും ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിര്‍മ്മിച്ചു തുടങ്ങും. ആദ്യം IgM എന്ന ആന്റിബോഡികളാണ് ഉണ്ടാവുക. ഒരു രോഗാണുവിനെതിരെയുള്ള IgM ആന്റിബോഡികള്‍ ഒരാളുടെ രക്ത്തത്തില്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം അടുത്തിടെ അയാള്‍ക്ക് ആ അണു മൂലമുള്ള രോഗം ഉണ്ടായി എന്നതാണ്. ക്രമേണ IgM കുറയുകയും IgG മാത്രം നില നില്‍ക്കുകയും ചെയ്യും , IgG ആന്റിബോഡികള്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം അയാള്‍ക്ക് എപ്പോഴെങ്കിലും ആ രോഗം പിടി പെട്ടു എന്നതാണ്.

ELISA (Enzyme Linked Immunosorbent Assay) എന്ന ടെസ്റ്റ് വഴിയാണ് ആന്റിബോഡികള്‍ സാധാരണയായി കണ്ടെത്തുന്നത്. PCRനെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ ചെയ്യാമെന്നതും ചിലവ് കുറവാണെന്നതുമാണ് ഇതിന്റെ ഒരു മേന്മ. പക്ഷെ ഈ ടെസ്റ്റുകള്‍ രോഗാണു അകത്തു കടന്ന് കഴിഞ്ഞ് 10 ദിവസമെങ്കിലും കഴിഞ്ഞേ പോസിറ്റിവ് ആവുകയുള്ളൂ. മിക്ക കേസുകളും പോസിറ്റിവ് ആവണമെങ്കില്‍ 14 ദിവസമെങ്കിലും കഴിയണം.

വളരെ പെട്ടെന്ന്, വളരെ കുറച്ച് രക്തം ഉപയോഗിച്ച് ELISAയ്ക്ക് സമാനമായ Rapid (അതിവേഗ) ആന്റിബോഡി ടെസ്റ്റുകള്‍ കോവിഡ്-19 രോഗത്തിനു വേണ്ടി ചില കമ്പനികള്‍ ഇറക്കിയിട്ടുണ്ട്. ചൈനയില്‍ ഇന്ന് വ്യാപകമായി ഇവയാണ് ഉപയോഗിക്കപ്പെടുന്നത്. കൂടുതല്‍ പേരെ പരിശോധിക്കാനും കൊണ്ടാക്ടുകളെ കണ്ടെത്താനും, എപ്പിഡമിയോളജിക്കല്‍ പഠനങ്ങള്‍ക്കുമൊക്കെ ഏറ്റവും അനുയോജ്യം ഈ ടെസ്റ്റുകളാണെന്ന് കാര്യത്തില്‍ തര്‍ക്കമില്ല.

ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികള്‍

CT Scan ആണ് ഇവയില്‍ ഏറ്റവും പ്രധാനം. ശ്വാസകോശങ്ങളെ ബാധിക്കുന്ന കോവിഡ് കേസുകള്‍ കണ്ടെത്താന്‍ അനുയോജ്യമാണ് ഈ ടെസ്റ്റ്.

സംഗ്രഹം

വളരെ കൂടുതല്‍ പേരെ രോഗനിര്‍ണയ ടെസ്റ്റുകള്‍ക്കു വിധേയമാക്കിയ രാജ്യങ്ങള്‍ക്കാണ് പൊതുവില്‍ രോഗത്തിന്റെ വ്യാപന തോത് കുറച്ചു കൊണ്ടുവരാനായത്. PCR എന്ന ഒരു ടെസ്റ്റിലൂടെ മാത്രം നമുക്ക് ഇതു സാധ്യമാവുകയില്ല. കൂടുതല്‍ പേരെ പെട്ടെന്ന് ടെസ്റ്റു ചെയ്യാവുന്ന Rapid ആന്റിബോഡി ടെസ്റ്റുകള്‍ കൂടെ ചേര്‍ക്കുന്നതായിരിക്കും നമ്മുടെ രോഗ നിയന്ത്രണ പരിപാടികള്‍ക്ക് ഏറ്റവും അനുയോജ്യം.

Related Stories

No stories found.
logo
The Cue
www.thecue.in