Blogs

സ്വന്തമെന്ന പദത്തിനെന്തർത്ഥം?

മലയാളത്തിന്റെ പ്രിയ ശ്രീകുമാരന്‍ തമ്പിക്ക് എണ്‍പതാം പിറന്നാള്‍. അഞ്ച് പതിറ്റാണ്ടിലേറെയായി കവിയായും, ഗാനരചയിതാവായും, സംവിധായകനായും, നിര്‍മ്മാതാവായും ഈ ചലച്ചിത്രകാരന്‍ മലയാളിക്കൊപ്പമുണ്ട്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവി മേനോന്‍ ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് എഴുതിയത്.

``പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ, കൊണ്ടുപോകരുതേ എൻ മുരളി കൊണ്ടുപോകരുതേ'' എന്ന സൂപ്പർ ഹിറ്റ് ലളിതഗാനം ശ്രീകുമാരൻ തമ്പി എഴുതിയത് അര നൂറ്റാണ്ടു മുമ്പാണ്. എച്ച്.എം.വി.യുടെ മധുരഗീതങ്ങൾ എന്ന ആൽബത്തിനുവേണ്ടി.

ഹൃദയരാഗങ്ങളുടെ ആ പൊൻമുരളി ഇടനെഞ്ചിൽ ഇന്നും ഭദ്രമായി കാത്തു സൂക്ഷിക്കുന്നു, തമ്പി, അതിൽ നിന്നൂറിവന്ന നിത്യ സുന്ദരഗാനങ്ങളുടെ കാര്യമാണ് കഷ്ടം. സ്വന്തം ആത്മാവിന്റെ ഭാഗമായ ഗാനങ്ങൾ മറ്റാരൊക്കെയോ ചേര്‍ന്നു തട്ടിക്കൊണ്ടുപോകുന്നത് നിസ്സഹായനായി കണ്ടുനിൽക്കേണ്ടിവരുന്ന കവിയുടെ ഗതികേട് ആലോചിച്ചുനോക്കൂ. ശ്രീകുമാരൻ തമ്പി അതനുഭവിച്ചുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്നും കഥ തുടരുന്നു.

ആതങ്കാഹ്ലാദങ്ങളെയും പ്രണയസങ്കല്പങ്ങളെയുമൊക്കെ അഗാധമായി സ്വാധീനിച്ചിട്ടിള്ള ആ ഗാനങ്ങൾ അറിഞ്ഞോ അറിയാതെയോ ഹൈജാക്ക് ചെയ്യുന്നവരിൽ , ടെലിവിഷൻ ചാനലുകളുണ്ട്, വാരികകളുണ്ട്. ഗാനമേളാ സംഘാടകർ മുതല്‍ ആദരണീയ സാഹിത്യനായകർ വരെയുണ്ട്. തമ്പിയുടെ ഗാനങ്ങൾ വയലാർ രാമവർമയ്ക്കും പി.ഭാസ്‌കരനും യൂസഫലിക്കും എസ്.എൽ പുരം സദാനന്ദനുമെല്ലാം നിസ്സങ്കോചം ചാര്‍ത്തിക്കൊടുക്കാൻ ന്‍ മത്സരിക്കുന്നു അവർ.

സ്വന്തം ഗാനങ്ങൾ ഇത്തരത്തിൽ മറ്റാരുടെയെങ്കിലും ക്രെഡിറ്റിൽ പുറത്തുവരുന്നതിൽ ദുഃഖമില്ലേ എന്നു ചോദിച്ചാല്‍, പതിവു ചിരിയോടെ ശ്രീകുമാരൻ തമ്പി പറയും: `'ഉണ്ടാവാതിരിക്കുമോ? പക്ഷേ, ഇതെന്റെ യോഗമാണ്. സ്വന്തം നേട്ടങ്ങളുടെ ഫലം മറ്റുള്ളവർ അനുഭവിക്കുന്നതു കാണേണ്ടി വരുമെന്ന് എന്റെ ജാതകത്തിലുണ്ട്.''

ആധികാരിക ചരിത്രരേഖകളായി വരുംതലമുറകൾ സ്വീകരിച്ചേക്കാവുന്ന മഹദ്ഗ്രന്ഥങ്ങളിൽ പോലും ഇത്തരം പിഴവുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. നാലാങ്കൽ കൃഷ്ണപിള്ളയുടെ ``മഹാക്ഷേത്രങ്ങൾക്ക് മുന്നിൽ'' എന്ന കൃതിയുടെ കാര്യമെടുക്കുക. പ്രശസ്ത ക്ഷേത്രങ്ങളുടെ ചരിത്ര പശ്ചാത്തലവും ഐതിഹ്യങ്ങളുമെല്ലാം രസകരമായി വിവരിക്കുന്ന പുസ്തകമാണിത്. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ചശേഷം നാലാങ്കൽ എഴുതുന്നു: ''ക്ഷേത്രത്തിൽ തൊഴുതു മടങ്ങവേ അതാ വയലാറിന്റെ മനോഹരമായ സരസ്വതീസ്തുതി കാതിൽ മുഴങ്ങുന്നു: മനസ്സിലുണരൂ ഉഷഃ സന്ധ്യയായ്...' ' മറുനാട്ടിൽ ഒരു മലയാളി എന്ന ചിത്രത്തിനുവേണ്ടി തമ്പി എഴുതിയ ഗാനമാണതെന്ന് നാലാങ്കൽ അറിഞ്ഞിരിക്കില്ല. നഷ്ടം തമ്പിക്കുതന്നെ.

ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് ഇക്കാര്യം നേരിട്ട് നാലാങ്കലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്ന് തമ്പി പറയുന്നു. വിചിത്രമായിരുന്നു ഗ്രന്ഥകർത്താവിന്റെ പ്രതികരണം. ''ഇത്രയും അഗാധമായ ആശയമുള്ള പാട്ട് ചെറുപ്പക്കാരനായ തമ്പി എഴുതിയതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതു വയലാറിനേ എഴുതാനാകൂ...''

പുസ്തകത്തിന്റെ പിന്തുടര്‍ന്നുവന്ന പതിപ്പുകളിൽ നാലാങ്കൽ തന്റെ തെറ്റു തിരുത്തിയോ എന്നറിയില്ല തമ്പിക്ക്. ''കാവ്യഗുണവും അഗാധമായ ആശയങ്ങളുമുള്ള ഗാനങ്ങൾ വയലാർ ധാരാളമായി എഴുതിയിട്ടുണ്ടെന്നത് സത്യം. എങ്കിലും അത്തരം ഗാനങ്ങൾ വയലാറിനു മാത്രമേ എഴുതാൻ കഴിയൂ എന്ന വാദം അംഗീകരിക്കാൻ പ്രയാസമുണ്ട്.''

വിലയ്ക്കുവാങ്ങിയ വീണ ഓര്‍ക്കുക. 1971-ൽ പി. ഭാസ്‌കരന്റെ സംവിധാനത്തിൽ പുറത്തുവന്ന ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി ടീം ഒരുക്കിയ ഗാനങ്ങൾ എല്ലാം ഹിറ്റായിരുന്നു. സുഖമെവിടെ ദുഃഖമെവിടെ, അവൾ ചിരിച്ചാൽ മുത്തു ചിതറും, ദേവഗായകനെ ദൈവം ശപിച്ചു, ഇഴനൊന്തു തകർന്നൊരു മണിവീണ എന്നീ ഗാനങ്ങൾ. മറ്റു പാട്ടുകള്‍ രചിച്ചത് ഭാസ്‌കരൻ മാസ്റ്ററാണ്. ആ ഗാനങ്ങളും ജനപ്രീതിയില്‍ പിന്നിലായിരുന്നില്ല. കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, ഇനിയുറങ്ങൂ, ഏകാന്തജീവനില്‍ എന്നിവ മറക്കാനാവുമോ? നിര്‍ഭാഗ്യവശാൽ പടത്തിന്റെ ആദ്യമിറങ്ങിയ ഗ്രാമഫോൺ റെക്കാഡില്‍ ശ്രീകുമാരൻ തമ്പിക്ക് രണ്ടേരണ്ടു ഗാനങ്ങള്‍ക്കേ ക്രെഡിറ്റുള്ളൂ. ദേവഗായകനെ, ഇഴനൊന്തു തകര്‍ന്നൊരു എന്നിവയ്ക്കു മാത്രം. സ്വാഭാവികമായും തമ്പി എഴുതിയ മറ്റു ഗാനങ്ങളുടെ 'അവകാശം' ആകാശവാണി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കാലാകാലമായി ഭാസ്‌കരൻ മാസ്റ്റർക്ക് നല്‍കിപ്പോന്നു. സുഖമെവിടെ എന്ന ഗാനം ആകാശവാണിയിലൂടെ പതിവായി 'ഭാസ്‌കര രചനയിൽ ' പുറത്തുവന്ന കാലമുണ്ടായിരുന്നു. ഈ ഗാനത്തിന്റെ കൂടി പേരിലാണ് ശ്രീകുമാരൻ തമ്പിക്ക് ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം 1972-ൽ ലഭിച്ചതെന്നത് മറ്റൊരു കൗതുകം.

റെക്കാഡ് കമ്പനിയുടെ പിഴവിൽ ല്‍ പടത്തിന്റെ സംവിധായകനായ ഭാസ്‌കരൻ മാസ്റ്റർ ര്‍ക്ക് പങ്കുണ്ടെന്ന് തമ്പി വിശ്വസിക്കുന്നില്ല. ഏതോ ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ വിവരക്കേട് കൊണ്ടുവന്ന പിശകായിരിക്കാം അത്. പാട്ടിനെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പലപ്പോഴും റെക്കാഡ് കമ്പനിക്ക് കൈമാറുന്നത് അസിസ്റ്റന്റ് ഡയറക്ടർമാരാണ്.

‘’അവർ തെറ്റ് തിരുത്തിയോ എന്നറിയില്ല. സ്വന്തം രചന മറ്റാരുടെയെങ്കിലും പേരിൽ പുറത്തുവരുന്നതിന്റെ വേദന ആവോളം അനുഭവിച്ചിട്ടുള്ള എനിക്ക് ആ ഗതികേട് മറ്റാർക്കും ഉണ്ടാവരുതെന്ന് നിർബന്ധവുമുണ്ട്.’’

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡിസ്‌കിലെ പിശക് ശ്രദ്ധയിൽ പെടുത്തിക്കൊണ്ട് താൻ എച്ച്.എം.വി.ക്കും ആകാശവാണിക്കും കത്തയച്ചിരുന്നുവെന്ന് തമ്പി പറയുന്നു. പാട്ടുകളുടെ സി.ഡി. പുറത്തിറങ്ങുമ്പോഴെങ്കിലും പഴയ തെറ്റ് തിരുത്തപ്പെടുമെന്നായിരുന്നു പ്രതീക്ഷ. ഇപ്പോഴും ചില ആൽബങ്ങളിലെങ്കിലും പഴയ തെറ്റ് വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്-- ഒരു ഒഴിയാബാധപോലെ!

മലയാള പദ്യസാഹിത്യചരിത്രം എഴുതിയ ടി.എം. ചുമ്മാറിന് പിണഞ്ഞ അബദ്ധവും തമ്പി ഓര്‍ക്കുന്നു. ''1973 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണത്. ഞാൻ സിനിമയില്‍ എത്തിയിട്ട് ഏഴു വർഷമേ ആയിരുന്നുള്ളൂ. എങ്കിലും എന്നെ പ്രശംസിച്ച് നല്ല വാക്കുകൾ കുറിച്ച ചുമ്മാർ ഞാനെഴുതിയ ദുഃഖമേ നിനക്ക് പുലര്‍കാലവന്ദനം എന്ന ഗാനം ഒ.എൻ .വി.യുടെ പാട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നതാണ് വിരോധാഭാസം''.

ഏതായാലും തെറ്റ് ചൂണ്ടിക്കാണിച്ച് തമ്പി ചുമ്മാറിന് എഴുതി: ''ക്ഷമാപണത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാൻ സിനിമ കാണാറില്ല. ഇതാരോ തെറ്റിദ്ധരിപ്പിച്ചതാണ്. തിരുത്താം.'' നിര്‍ഭാഗ്യവശാല്‍ പുതിയ പതിപ്പിൽ തെറ്റുതിരുത്താൻ ചുമ്മാറിന് യോഗമുണ്ടായില്ല. അതിനു മുമ്പേ അദ്ദേഹം കഥാവശേഷനായി.

നൃത്തശാല എന്ന ചിത്രത്തിൽ തമ്പി രചിച്ച അതീവഹൃദ്യമായ ഒരു ഗാനമുണ്ട്. പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു, സ്വർണ പീതാംബരമുലഞ്ഞു വീണു...പ്രകൃതിയുടെ ശൃംഗാരഭാവം ആപാദചൂഡം തുളുമ്പിനിൽക്കുന്ന രചന. ദക്ഷിണാമൂർത്തി പകർന്നു നൽകിയ ഈണവും യേശുദാസിന്റെ ശബ്ദസൗകുമാര്യവും ചേർന്ന് അനശ്വരമാക്കിയ ഗാനമാണത്. നൃത്തശാല എന്ന ശരാശരി ചിത്രത്തെ ഇന്നും നാം ഓർക്കുന്നത് ഒരുപക്ഷേ, ഈ ഗാനത്തിന്റെ പേരിലായിരിക്കും.

പടം പുറത്തിറങ്ങി ഏറെക്കഴിയുംമുമ്പ് കുങ്കുമം വാരികയില്‍ ഒരു നിരൂപണം വന്നു. പ്രശസ്ത നോവലിസ്റ്റ് ആണ് നിരൂപകൻ. ``പടത്തെ പ്രശംസിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നതോര്‍ക്കുന്നു. ആ ലേഖനത്തിലെ ഒരു പരാമർശം ഞാൻ ഇന്നും മറന്നിട്ടില്ല. ഏതാണ്ടിങ്ങനെയായിരുന്നു അത്: ''പടം കണ്ടശേഷവും മനസ്സിൽ ല്‍ തങ്ങിനിൽക്കുന്ന ഒരു മനോഹര ഗാനമുണ്ട്- പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു... നൃത്തശാലയില്‍ രണ്ടു ഗാനരചയിതാക്കളുണ്ടെങ്കിലും ഈ ഗാനം ഭാസ്‌കരനേ എഴുതാൻ കഴിയൂ...''

വല്ലാത്ത വേദന തോന്നിയ സന്ദര്‍ഭമായിരുന്നു അതെന്നു തമ്പി പറയും. ''പിൽക്കാലത്ത് ഞാൻ നേരിട്ടുതന്നെ ഇക്കാര്യം എഴുത്തുകാരനോട് പറഞ്ഞിട്ടുണ്ട്.''

പി. ഭാസ്‌കരനും യൂസഫലിക്കും മാത്രമല്ല നാടക--തിരക്കഥാകൃത്തായ എസ്.എൽ .പുരം സദാനന്ദനു വരെ ``പൊൻവെയിലി''ന്റെ പിതൃത്വം സ്വീകരിക്കാനുള്ള യോഗമുണ്ടായിട്ടുണ്ടെന്ന് തമ്പി ഓർക്കുന്നു. ഏഷ്യാനെറ്റ് പ്ലസിന്റെ വകയായിരുന്നു ഈ അബദ്ധം. അനശ്വരഗാനങ്ങൾ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയിൽ പാട്ടിനൊപ്പം രചന: എസ്.എൽ .പുരം എന്നു കണ്ടപ്പോൾ ശരിക്കും അന്തംവിട്ടുപോയി തമ്പി. പിന്നീടാണ് ആ മണ്ടത്തരത്തിനു പിന്നിലെ 'രഹസ്യം' പിടികിട്ടുന്നത്. ഗാനശില്പികളെക്കുറിച്ച് സംശയം തോന്നിയപ്പോൾ സിനിമയുടെ വി.സി.ഡി. ഇട്ടുകാണുകയായിരുന്നുവത്രേ പരിപാടിയുടെ പ്രൊഡ്യൂസർ . ശീർഷകങ്ങളുടെ കൂട്ടത്തിൽ രചന എസ്.എൽ.പുരം എന്നു കണ്ടപ്പോല്‍ നിസ്സംശയം അതു ഗാനരചനതന്നെ എന്നുറപ്പിക്കുന്നു ടിയാൻ . സിനിമയുടെ തിരക്കഥയെഴുതിയ എസ്.എൽ .പുരത്തിന് ഗാനരചയിതാവിന്റെ കുപ്പായം കൂടി വീണുകിട്ടുന്നത് അങ്ങനെയാണ്.

അപൂർവമായെങ്കിലും അപരന്റെ ഗാനത്തിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടി വന്ന അനുഭവവമുണ്ട് ശ്രീകുമാരൻ തമ്പിക്ക്. 'റൊമാന്റിക് പോയറ്റ്' എന്ന പേരിൽ തമ്പിയുടെ ഹിറ്റ് ഗാനങ്ങൾ ഉള്‍പ്പെടുത്തി 'സരിഗമ' പുറത്തിറക്കിയ ആൽബത്തില്‍ ഒന്ന് ഭാസ്‌കരൻ മാസ്റ്ററുടെ സൃഷ്ടിയായിരുന്നു -- ഇനിയുറങ്ങൂ. തെറ്റ് ശ്രദ്ധയിൽ പെട്ടയുടൻ ന്‍ കാര്യം വിശദമാക്കിക്കൊണ്ട് താൻ കാസറ്റു കമ്പനിക്ക് എഴുതിയിരുന്നുവെന്ന് തമ്പി പറയുന്നു. ''അവർ തെറ്റ് തിരുത്തിയോ എന്നറിയില്ല. സ്വന്തം രചന മറ്റാരുടെയെങ്കിലും പേരിൽ പുറത്തുവരുന്നതിന്റെ വേദന ആവോളം അനുഭവിച്ചിട്ടുള്ള എനിക്ക് ആ ഗതികേട് മറ്റാർക്കും ഉണ്ടാവരുതെന്ന് നിർബന്ധവുമുണ്ട്.''

രവിമേനോൻ (ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച എങ്ങനെ നാം മറക്കും എന്ന പുസ്തകത്തിൽ നിന്ന്