Blogs

കോവിഡ് 19: ജാഗ്രത പോരാ ഇനി അതീവജാഗ്രത വേണം

പത്തനം തിട്ട ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൊറോണ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതതോടെ കേരളത്തില്‍ കൊറോണ വൈറസ് (കോവിഡ് 19) ബാധ മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി കരുതാം.

ഒന്നാം ഘട്ടം

ആദ്യഘട്ടത്തില്‍ ചൈനയില്‍ നിന്നെത്തിയ മൂന്നുപേരില്‍ രോഗം സ്ഥിരീകരിച്ചു. അവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ഉചിതമായ ചികിത്സനല്‍കി രോഗം വിമുക്തരാക്കി. ചൈനയില്‍ നിന്നെത്തിയവരുമായി ബന്ധപ്പെട്ടെന്ന് സംശയമുള്ള രണ്ടായിരത്തോളം പേരെ വീടുകളില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിക്കാതെ 28 ദിവസം നിരീക്ഷണ വിധേയരാക്കി (Quarantine). രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തി.

രണ്ടാം ഘട്ടം

ഇറ്റലിയില്‍ രോഗത്തോടെ എത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ച് തങ്ങള്‍ വിദേശത്ത് നിന്നും വന്നവരെന്ന് വെളിപ്പെടുത്താതെ പലയിടങ്ങളീലും സഞ്ചരിച്ചു. നിരവധി പേരുമായി ബന്ധപ്പെട്ടു. ഇവരില്‍ നിന്നു നാട്ടുകാരായ രണ്ട് ബന്ധുക്കള്‍ക്ക് രോഗം പകര്‍ന്നു. ഇതോടെ കോറോണ രോഗ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരുമായും രോഗം ബാധിച്ച അവരുടെ ബന്ധുക്കളുമായും ഇടപഴകിയ എല്ലാവരെയും കണ്ടെത്തുകയും നിരീക്ഷിണ വിധേയരാക്കുകയും ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണ്.’

മൂന്നാം ഘട്ടം

വിദേശത്ത് നിന്നും എത്തിയവരില്‍ നിന്നും നാട്ടുകാരിലേക്ക് കൊറോണ വ്യാപിച്ചിരിക്കുകയാണ്, അവരുമായി ബന്ധമുള്ളവരെയെല്ലാം കണ്ടെത്തുക ദുഷ്‌കരവുമാണ്. ഈ സാഹചര്യത്തില്‍ കൊറോണ വൈറസ് കേരളാ സമൂഹത്തിനുള്ളില്‍ തന്നെ സ്ഥാനം പിടിച്ച് കൊണ്ട് വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിരിക്കയാണെന്ന് കരുതാവുന്നതാണ്

ബോധവല്‍ക്കരണം

കൊറോണ ബാധിച്ചവര്‍ക്ക് ചികിത്സ നല്‍കുക, ബന്ധപ്പെട്ടവരെ കണ്ടെത്തുക എന്ന ഒന്നാം രണ്ടാം ഘട്ട പൊതുജനാരോഗ്യ ഇടപെടലുകളില്‍ നിന്നും മുന്നോട്ട് പോയി സമൂഹത്തെയാകെ കൊറോണ വ്യാപന രീതിയെ പറ്റിയും കരുതല്‍ നടപടികളെപറ്റിയും വിപുലമായ ബഹുജന ആരോഗ്യ വിദ്യാഭ്യാസ പരിപാടിയിലൂടെ ബോധവല്‍ക്കരിക്കുക എന്ന ദൗത്യമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇതിലേക്കായി ആരോഗ്യ വകു്പ്പ് മാത്രമല്ല, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം തുടങ്ങിയ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഒരുമിച്ച് ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേരളത്തിലെ ജനസാന്ദ്രത ഉയര്‍ന്ന് നില്‍ക്കുന്നതും ജനങ്ങള്‍ പൊതുവില്‍ കല്യാണം,. മത രാഷ്ടീയ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി നിരവധി ആള്‍ക്കുട്ട ചടങ്ങുകളില്‍ ധാരാളമായി പങ്കെടുക്കുന്നത് കൊണ്ടും പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാനുള്ള സാധ്യത സംസ്ഥാനത്ത് കൂടുതലാണെന്നത് പ്രത്യേകം പരിഗണിക്കേണ്ട വസ്തുതയാണ്.

അടിയന്തിരമായി ജനങ്ങള്‍ സ്വീകരിക്കേണ്ട കരുതല്‍ നടപടികള്‍ ഇതിനകം പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ ശൃംഖലകളിലൂടെയും പ്രചരിപ്പിച്ച് വരുന്നുണ്ട്. പനി ചുമ ശ്വാസം തടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കി അടിയന്തിരമായി വൈദ്യ സഹായം തേടേണ്ടതാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്താനും കൈകള്‍ ഇടക്കിടെ കഴുകി വൃത്തിയാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് പൊതു പരിപാടികള്‍ കഴിവതും ഒഴിവാക്കേണ്ടതാണ്. വിദേശത്ത് നിന്നും എത്തുന്നവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.

വയോജനങ്ങള്‍, പകര്‍ച്ചേതര രോഗങ്ങള്‍

പൊതുവില്‍ എല്ലാവരും ഇത്തരം കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും പ്രായാധിക്യമുള്ളവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടതാണ്. കൊറോണ രോഗത്തിന്റെ മരണ നിരക്ക് വളരെ കുറവാണെങ്കിലും മരിച്ചവരില്‍ കൂടുതലും വയോജനങ്ങളാണെന്നാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അത് പോലെ മറ്റ് രോഗങ്ങള്‍ ഉള്ളവരിലും മരണ നിരക്ക് കൂടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഇപ്പോള്‍ പതിനഞ്ച് ശതമാനത്തിലേറെ പേര്‍ 60 വയസ്സിന് മുകളിലുള്ളവരാണ്.

കൊറോണ രോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുക. സംസ്ഥാനത്ത് ആസ്ത്മ തുടങ്ങിയ ശ്വാസകോശ രോഗമുള്ളവരുടെ എണ്ണവും കൂടുതലാണ് ഏറ്റവും കുറഞ്ഞത് 25 ലക്ഷം പേരെങ്കിലും ആസ്ത്മ, സി ഒ പി ഡി (Chronic Obstructive Pulmonary Disease) എന്നീ ശ്വാസകോശ രോഗങ്ങളൂള്ളവരായി കേരളത്തിലുണ്ടെന്നാണ് ഈ മേഖലയിലെ വിദ്ഗദ്ധര്‍ അറിയിച്ചിട്ടുള്ളത്.

ഇതില്‍ കുട്ടികളും പെടുമെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. ഇറ്റലിയില്‍ നിന്നും കൊച്ചിയിലെത്തിയ മൂന്നു വയസ്സുള്ള കുട്ടിയില്‍ കോറോണ സ്ഥിരീകരിച്ചിട്ടുണ്ട് ഇതിനെല്ലാം പുറമേ പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍ തുടങ്ങിയ പകര്‍ച്ചേതര രോഗമുള്ളവരും കേരളത്തില്‍ കൂടുതലാണ്. ഇത്തരം രോഗമുള്ള വരെ കൊറോണ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ ബാധിക്കുമ്പോള്‍ പകര്‍ച്ച വ്യാധിയും പകര്‍ച്ചേതര രോഗങ്ങളും ഒരു പോലെ രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. അങ്ങിനെ ഒരു വിഷമവൃത്തത്തിലേക്ക് കേരളീയര്‍ നയിക്കപ്പെടാന്‍ സാധ്യതയുണ്ട്. പകര്‍ച്ച വ്യാധികള്‍ ബാധിക്കുന്നവരുടെ മരണ നിരക്ക് കേരളത്തില്‍ ഈ കാരണങ്ങള്‍ കൊണ്ട് കൂടുതലായിരിക്കും..

അതീവ ജാഗ്രത

ഇതെല്ലാം വസ്തുനിഷ്ഠമായി കണക്കിലെടുക്കുമ്പോള്‍ കേരള സമൂഹം സ്വീകരിക്കേണ്ടത് ജാഗ്രതയല്ല അതീവജാഗ്രതയാണ് എന്ന് കാണാം