‘നമ്മളെല്ലാം ഫെമിനിസ്റ്റുകളായിരിക്കണം’

‘നമ്മളെല്ലാം ഫെമിനിസ്റ്റുകളായിരിക്കണം’

പ്രശസ്ത നൈജീരിയൻ എഴുത്തുകാരിയായ Chimamanda Ngozi Adichie 2012 ഡിസംബറിൽ TEDxEustonൽ നടത്തിയ പ്രസംഗമാണ് "We should all be feminists". Feminism എന്ന വാക്കിനെ ചുറ്റിപ്പറ്റിയുള്ള വികലമായ ധാരണകളിലും സ്റ്റീരിയോടൈപ്പുകളിലുമൂന്നിയ ഒരു ചെറിയ പ്രസംഗമാണിത്. ഇതിനെ ആധാരമാക്കി ഇതേ പേരിൽ പിൽക്കാലത്ത് അവരൊരു പുസ്തകവുമിറക്കി. ചിമാമാണ്ട നെഗോസി അഡീച്ചേയുടെ പ്രസംഗത്തിന് ഹിത വേണുഗോപാലന്‍ നടത്തിയ സ്വതന്ത്ര പരിഭാഷ

ചെറുപ്പത്തിൽ, എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളായിരുന്നു ഒകോലോമ. അവൻ എന്റെ സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്, ഒരു ചേട്ടനെന്ന പോലെ എന്നെ ശ്രദ്ധിച്ചിരുന്നു, ഒരാൺകുട്ടിയെ ഇഷ്ടമായാൽ ഞാൻ ഒകോലോമയുടെ അഭിപ്രായം ചോദിക്കുമായിരുന്നു. ഒകോലോമ തമാശക്കാരനും ബുദ്ധിമാനുമായിരുന്നു, അവൻ കൂർത്ത അറ്റമുള്ള കൗബോയ് ബൂട്ടുകൾ ധരിക്കുമായിരുന്നു. 2005 ഡിസംബറിൽ തെക്കൻ നൈജീരിയയിൽ വെച്ചുണ്ടായ ഒരു വിമാനാപകടത്തിൽ ഒകോലോമ മരിച്ചു, അതുണ്ടാക്കിയ വിഷമം വാക്കുകളിൽ വരച്ചുകാട്ടാൻ എനിക്കിപ്പോഴും ബുദ്ധിമുട്ടാണ്. എനിക്ക് തർക്കിക്കാനും ചിരിക്കാനും മനസ്സുതുറന്നു സംസാരിക്കാനും കഴിയുന്ന ഒരാളായിരുന്നു ഒകോലോമ. എന്നെ ഫെമിനിസ്റ്റ് എന്ന് വിളിച്ച ആദ്യ വ്യക്തിയും അവനായിരുന്നു.

എനിക്കന്ന് ഏകദേശം പതിനാലു വയസ്സായിരുന്നു. ഞങ്ങൾ അവന്റെ വീട്ടിലിരുന്നു തർക്കിച്ചു, പുസ്തകങ്ങളിൽ നിന്നും നേടിയ പാതിവെന്ത അറിവുകളുടെ പിൻബലത്തിൽ ആവേശത്തോടെ വാദിച്ചു. അന്നത്തെ വിഷയം എന്തായിരുന്നു എനിക്കിപ്പോൾ കൃത്യമായി ഓർമയില്ല. പക്ഷേ, ഒന്നുമാത്രമോർക്കുന്നു, ഞാൻ വാദിച്ചു വാദിച്ചു മുന്നേറുമ്പോൾ ഒകോലോമ എന്നെ നോക്കി പറഞ്ഞു, ‘നിനക്കറിയാമോ, നീ ഒരു ഫെമിനിസ്റ്റാണ്.’

അതൊരു അഭിനന്ദനമായിരുന്നില്ല, അവന്റെ അന്നത്തെ സ്വരത്തിൽ അത് വ്യക്തമായിരുന്നു. ‘നീ തീവ്രവാദത്തെ അനുകൂലിക്കുന്നവളാണ്.’ എന്ന് ഒരാൾ പറയുകയാണെങ്കിൽ ഉണ്ടാവുന്ന അതേ സ്വരമായിരുന്നു അപ്പോൾ അവന്.

'ഫെമിനിസ്റ്റ്' എന്ന വാക്കിന്റെ അർത്ഥമെന്താണെന്ന് എനിക്കപ്പോൾ കൃത്യമായി മനസ്സിലായില്ല. എനിക്ക് മനസ്സിലായില്ലെന്നത് ഒകോലോമ മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിച്ചുമില്ല. അതുകൊണ്ടുതന്നെ ഞാൻ അത് കേൾക്കാത്ത ഭാവത്തിൽ തർക്കം തുടർന്നു, വീട്ടിലെത്തുമ്പോൾ ആദ്യം ചെയ്യേണ്ടത് നിഘണ്ടുവിൽ അതിൻറെ അർത്ഥം തിരയുകയാണെന്ന് മനസ്സിലുറപ്പിച്ചുകൊണ്ടു തന്നെ.

ഇനി കുറച്ചുകൊല്ലം മുന്നോട്ടേക്ക് വരാം.

2003-ൽ ഞാൻ “പർപ്പിൾ ഹൈബിസ്കസ്” എന്നൊരു നോവൽ എഴുതി. ഭാര്യയെ അടിക്കുന്നതടക്കം ഒരുപാട് ദുഃശീലങ്ങളുള്ള ഒരാളെക്കുറിച്ച്, അത്ര ശുഭപര്യവസാനിയല്ലാത്ത ഒരു കഥയായിരുന്നു അത്. നൈജീരിയയിൽ എന്റെ നോവൽ പ്രചരിപ്പിക്കുമ്പോൾ ഒരു പത്രപ്രവർത്തകൻ, ഗുണകാംക്ഷിയായ ഒരു നല്ല മനുഷ്യൻ, എന്നെ ഉപദേശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. (നിങ്ങൾക്കൊരുപക്ഷേ അറിയുമായിരിക്കും, നൈജീരിയക്കാർ ചോദിക്കാതെ തന്നെ ഉപദേശങ്ങൾ നൽകുന്നതിൽ മിടുക്കരാണ്)

എന്റെ നോവൽ ഫെമിനിസ്റ്റ് ആണെന്ന് ആളുകൾ പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സങ്കടത്തോടെ തലകുലുക്കിക്കൊണ്ട് എനിക്കൊരുപദേശവും തന്നു - ഞാനൊരിക്കലും എന്നെ ഫെമിനിസ്റ്റ് എന്ന് വിളിക്കരുത്, കാരണം ഫെമിനിസ്റ്റുകളെന്നാൽ ഭർത്താക്കന്മാരെ കിട്ടാത്തതുകൊണ്ട് അസന്തുഷ്ടരായ സ്ത്രീകളാണ്.

അതോടെ ഞാനെന്നെ ഹാപ്പി ഫെമിനിസ്റ്റ് എന്ന് വിളിക്കാൻ തീരുമാനിച്ചു.

അതിനുശേഷം അക്കാദമിക്കായ നൈജീരിയക്കാരി എന്നോട് പറഞ്ഞു - ഫെമിനിസം നമ്മുടെ സംസ്കാരമല്ല, ഫെമിനിസം ആഫ്രിക്കനല്ല, പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം കൊണ്ടു മാത്രമാണ് ഞാനെന്നെ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നത്.

(അതെനിക്ക് വളരെ രസകരമായിത്തോന്നി. ആദ്യകാലത്ത് ഞാൻ വായിച്ചതിൽ ഭൂരിഭാഗം പുസ്തകങ്ങളും സ്ത്രീവിരുദ്ധമായിരുന്നു: പതിനാറു വയസ്സിനു മുമ്പ്, അതുവരെ ഇറങ്ങിയ എല്ലാ മിൽസ് & ബൂൺ റൊമാൻസ് പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ടാവണം. അതേസമയം, ‘ഫെമിനിസ്റ്റ് ക്ലാസികക്കുകൾ’ എന്ന് പരക്കെ അംഗീകരിക്കപ്പെട്ട പുസ്തകങ്ങൾ ഓരോ തവണ വായിക്കാനിരിക്കുമ്പോഴും എനിക്ക് വല്ലാത്ത വിരസതയനുഭവപ്പെട്ടു, കഷ്ടപ്പെട്ടാണ് ഞാനവ വായിച്ചു തീർത്തത്)

എന്തായാലും, ഫെമിനിസം ആഫ്രിക്കാനല്ലാത്തതു കൊണ്ടുതന്നെ, ഞാനെന്നെ ഹാപ്പി ആഫ്രിക്കൻ ഫെമിനിസ്റ്റ് എന്ന് വിളിക്കാൻ തീരുമാനിച്ചു.

അപ്പോഴാണ് ഒരു പ്രിയ സുഹൃത്ത് എന്നോട് പറയുന്നത്, ഫെമിനിസ്റ്റ് എന്ന് സ്വയം വിളിക്കുന്നതിന്റെ അർത്ഥം ഞാൻ ആണുങ്ങളെ വെറുക്കുന്നു എന്നതാണെന്ന്. ഉടനെത്തന്നെ ഞാൻ പുരുഷന്മാരെ വെറുക്കാത്ത ഹാപ്പി ആഫ്രിക്കൻ ഫെമിനിസ്റ്റ് ആയിരിക്കാൻ തീരുമാനിച്ചു. ഒരവസരത്തിൽ ഞാൻ പുരുഷന്മാരെ വെറുക്കാത്തവളും പുരുഷന്മാരെ കാണിക്കാനല്ലാതെ അവനവനുവേണ്ടി ലിപ്‌ഗ്ലോസും ഹൈഹീലും ധരിക്കുന്നവളുമായ ഹാപ്പി ആഫ്രിക്കൻ ഫെമിനിസ്റ്റ് വരെയായി.

ഇതിലൊരുപാട് അതിശയോക്തിയുണ്ട്, പക്ഷേ ഫെമിനിസ്റ്റ് എന്ന വാക്ക് എന്തുമാത്രം അബദ്ധധാരണകളുടെ ഭാരമാണ് ചുമക്കുന്നതെന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്, അതും തികച്ചും നെഗറ്റീവായ ധാരണകൾ: ഫെമിനിസ്റ്റുകൾ പുരുഷന്മാരെ വെറുക്കുന്നു, ബ്രാ ധരിക്കാൻ ഇഷ്ടപ്പെടുന്നില്ല, ആഫ്രിക്കൻ സംസ്കാരത്തെ വെറുക്കുന്നു, സ്ത്രീകൾ മാത്രം അധികാരം കയ്യാളണമെന്നു കരുതുന്നു,മേക്കപ്പ് ധരിക്കില്ല, ഷേവ് ചെയ്യില്ല, എല്ലായ്പ്പോഴും കോപാകുലരായിരിക്കും, നർമ്മബോധം തീരെയില്ല, ഡിയോഡറന്റ് ഉപയോഗിക്കില്ല എന്നിങ്ങനെ...

എന്റെ കുട്ടിക്കാലത്തെ ഒരു കഥ പറയാം.

തെക്ക്-കിഴക്കൻ നൈജീരിയയിലെ യൂണിവേഴ്സിറ്റി നഗരമായ Nsukkaയിലെ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. Termന്റെ തുടക്കത്തിൽ ക്ലാസ് ടെസ്റ്റ് നടത്തി അതിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന കുട്ടിയെ ക്ലാസ് ലീഡർ ആക്കാമെന്ന് ടീച്ചർ പറഞ്ഞു. ക്ലാസ് ലീഡറാവുകയെന്നത് അന്നൊരു വലിയ സംഭവമായിരുന്നു. ക്ലാസ് ലീഡറായാൽ നിങ്ങൾക്ക് ബഹളം വെക്കുന്നവരുടെ പേരുകൾ എഴുതിയെടുക്കാം, അതുതന്നെ വലിയൊരധികാരമാണ്. പോരാഞ്ഞ് ബഹളക്കാരെ തിരഞ്ഞ് ക്ലാസ്സിലൂടെ നടക്കുമ്പോൾ കയ്യിൽപ്പിടിക്കാനായി ടീച്ചർ തന്റെ ചൂരലും ലീഡർക്ക് കൊടുത്തിരുന്നു, ആ ചൂരൽ ഉപയോഗിക്കാൻ അനുവാദമില്ലെന്നത് വേറെ കാര്യം. എങ്കിലും ചൂരൽ പിടിച്ചു റോന്തു ചുറ്റുകയെന്നത് ഒമ്പതുവയസ്സുകാരിയെ സംബന്ധിച്ചിടത്തോളം ആവേശം തരുന്നൊരു പ്രതീക്ഷയായിരുന്നു. ക്ലാസ് ലീഡറാവാൻ ഞാൻ വളരെയധികം ആഗ്രഹിച്ചു. ടെസ്റ്റിൽ എനിക്ക് ഏറ്റവുമുയർന്ന മാർക്ക് ലഭിക്കുകയും ചെയ്തു.

അപ്പോഴാണ്, എന്നെ അതിശയിപ്പിച്ചുകൊണ്ട്, ലീഡർ ഒരു ആൺകുട്ടിയാകണമെന്ന് ടീച്ചർ പറയുന്നത്. അതവർ നേരത്തെ വ്യക്തമാക്കിയിരുന്നില്ല, അല്ലെങ്കിൽ പറയാതെ തന്നെ അത് വ്യക്തമാണെന്ന് അവർ അനുമാനിച്ചു. ഒരാൺകുട്ടിയായിരുന്നു ആ പരീക്ഷയിലെ രണ്ടാമൻ, അവൻ അങ്ങനെ ക്ലാസ് ലീഡറായി.

വടികൊണ്ട് ക്ലാസിനെ നിലയ്ക്കുനിർത്താൻ ഒട്ടും താല്പര്യമില്ലാത്ത, ശുദ്ധനും സൗമ്യമായിരുന്നു ആ കുട്ടി എന്നതായിരുന്നു രസകരം. എന്നാൽ ഞാനാവട്ടെ, അതിനുള്ള അടങ്ങാത്ത ആഗ്രഹവുമായി നടക്കുന്നവളും.

പക്ഷേ ഞാൻ പെണ്ണായിരുന്നു, അവൻ ആണും, അവൻ ക്ലാസ് ലീഡറായി.

ആ സംഭവം ഞാനിതുവരെ മറന്നിട്ടില്ല.

നമ്മൾ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരുന്നാൽ അതൊരു സ്വാഭാവികമായ പ്രവൃത്തിയാവും. ഒരേ കാര്യം വീണ്ടും വീണ്ടും കണ്ടാൽ, സ്വാഭാവികമായ കാഴ്ചയാവും. ആൺകുട്ടികളെ മാത്രം ക്ലാസ് ലീഡറാക്കിക്കൊണ്ടിരുന്നാൽ, മനഃപൂർവ്വമല്ലെങ്കിൽപ്പോലും, ക്ലാസ് ലീഡറെന്നാൽ ഒരാൺകുട്ടിയായിരിക്കണമെന്ന് ചിലയവസരങ്ങളിൽ നമ്മൾ ആലോചിക്കും. കോർപ്പറേഷനുകളുടെ തലവന്മാരായി ആണുങ്ങളെ മാത്രം കണ്ടുകൊണ്ടിരുന്നാൽ ആണുങ്ങൾ മാത്രം കോർപ്പറേഷനുകളുടെ തലവന്മാരാകുന്നത് തികച്ചും ‘സ്വാഭാവിക’മായി നമുക്ക് തോന്നിത്തുടങ്ങും.

എനിക്ക് പ്രത്യക്ഷത്തിൽത്തന്നെ വ്യക്തമാവുന്ന സംഗതികൾ ബാക്കിയുള്ളവർക്കും അങ്ങനെയായിരിക്കുമെന്ന് ഞാൻ പലപ്പോഴും വിശ്വസിക്കുന്നു. അല്ലെങ്കിൽ, ബുദ്ധിമാനും പുരോഗമനവാദിയുമായ എന്റെ പ്രിയ സുഹൃത്ത് ലൂയിസിന്റെ കാര്യം തന്നെ എടുക്കുക. ‘സ്ത്രീകൾക്ക് വ്യത്യസ്തവും ബുദ്ധിമുട്ടുള്ളതുമായ കാര്യങ്ങൾ എന്നതുകൊണ്ട് നീയെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നേയില്ല. ഒരുപക്ഷേ പണ്ട് അങ്ങനെയായിരുന്നിരിക്കണം, പക്ഷേ, ഇപ്പോഴങ്ങനെയല്ല. സ്ത്രീകൾക്കിക്കാലത്ത് എല്ലാം വളരെയെളുപ്പമാണ്.’ എന്നൊക്കെ ഞങ്ങളുടെ വർത്തമാനത്തിനിടയ്ക്ക് അയാൾ പറയാറുണ്ട്. ഇത്രയ്ക്ക് പ്രകടമായ കാര്യം കണ്ണിൽപ്പെടാതിരിക്കാൻ ലൂയിസിനെങ്ങനെ കഴിയുമെന്ന് എനിക്ക് മനസ്സിലാവാറില്ല.

എനിക്ക് നൈജീരിയയിൽ പോവുന്നത് വളരെ ഇഷ്ടമാണ്, രാജ്യത്തെ ഏറ്റവും വലിയ നഗരവും വാണിജ്യ കേന്ദ്രവുമായ ലാഗോസിൽ സമയം ചിലവഴിക്കാനും. ചൂട് കുറയുന്ന, നഗരത്തിന് വേഗം കുറയുന്ന വൈകുന്നേരങ്ങളിൽ ഞാൻ സുഹൃത്തുക്കളുടെയും വീട്ടുകാരുടെയുമൊക്കെ കൂടെ റെസ്റ്റോറന്റുകളിലേക്കോ കഫേകളിലേക്കോ പോകും. അത്തരം സായാഹ്നങ്ങളിലൊന്നിൽ, ലൂയിസും ഞാനും സുഹൃത്തുക്കളോടൊപ്പം കറങ്ങാനിറങ്ങിയതായിരുന്നു .

ലാഗോസിൽ കൗതുകകരമായ ഒരു സ്ഥിരം കാഴ്ചയുണ്ട് : പല സ്ഥാപനങ്ങളുടെയും പുറത്ത് കറങ്ങിനടന്ന് കാർ പാർക്ക് ചെയ്യുന്നതിന് നമ്മളെ വളരെ നാടകീയമായി "സഹായിക്കുന്ന" ഊർജസ്വലരായ ചെറുപ്പക്കാരുടെ കൂട്ടം. ലണ്ടനേക്കാൾ കൂടുതൽ ഊർജ്ജവും ന്യൂയോർക്കിനേക്കാൾ കൂടുതൽ സംരംഭകത്വമനോഭാവവുമുള്ള മഹാനഗരമാണ് ലാഗോസ്, അതുകൊണ്ട് ഇവിടെയുള്ള ഇരുപത് ദശലക്ഷത്തോളം ആളുകൾ ഉപജീവനത്തിനായി പല മാർഗങ്ങളും കണ്ടുപിടിക്കുന്നു. മിക്ക വലിയ നഗരങ്ങളിലെയും പോലെ, വൈകുന്നേരങ്ങളിൽ പാർക്കിംഗ് കണ്ടെത്തുന്നത് ഇവിടെയും ബുദ്ധിമുട്ടാണ്, അതിനാൽ ഈ ചെറുപ്പക്കാർ പാർക്കിംഗ് ലോട്ടുകൾ കണ്ടെത്തിക്കൊടുത്ത് പൈസയുണ്ടാക്കുന്നു. ഒഴിഞ്ഞ പാർക്കിംഗ് ലോട്ടുകളുള്ളപ്പോൾപ്പോലും അഭിനയപാടവത്തോടെ അവർ നിങ്ങൾക്ക് വഴികാട്ടുകയും തിരിച്ചു വരുന്നതുവരെ നിങ്ങളുടെ കാർ ‘പരിപാലി’ക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അന്ന്, ഞങ്ങൾക്ക് വേണ്ടി പാർക്കിംഗ് കണ്ടെത്തിയ ആളുടെ പ്രകടനം എന്നെ ആകർഷിച്ചു. തിരിച്ചുപോകുമ്പോൾ ഞാൻ അയാൾക്ക് tip നൽകാൻ തീരുമാനിച്ചു. ഞാനെന്റെ ബാഗ് തുറന്നു, അതിൽനിന്നു പണം കയ്യിലെടുത്ത് ആ മനുഷ്യന് കൊടുത്തു. സന്തോഷത്തോടെ, നന്ദിയോടെ അയാൾ പണം വാങ്ങി, എന്നിട്ട് ലൂയിസിനെ നോക്കി പറഞ്ഞു, ‘നന്ദി, സാഹ്!’

ലൂയിസ് ആശ്ചര്യത്തോടെ എന്നെ നോക്കി ചോദിച്ചു, ‘എന്തിനാണ് ഇയാൾ എനിക്ക് നന്ദി പറയുന്നത്? ഞാൻ അവന് പണം നൽകിയില്ലല്ലോ.’ കുറച്ചുനേരത്തിനകം ലൂയിസിന്റെ മുഖത്ത് തിരിച്ചറിവ് വരുന്നത് ഞാൻ കണ്ടു. എന്റെ കയ്യിലുള്ള പണം ആത്യന്തികമായി ലൂയിസിൽ നിന്നു വന്നതാണെന്ന് ആ മനുഷ്യൻ വിശ്വസിച്ചു. കാരണം, ലൂയിസ് ആണാണ്.

സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തരാണ്. നമ്മുടെ ഹോർമോണുകളും ലൈംഗികാവയവങ്ങളും ജീവശാസ്ത്രപരമായ ശേഷികളും വ്യത്യസ്തമാണ്. സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാം, പുരുഷന്മാർക്ക് പറ്റില്ല. പുരുഷന്മാർക്ക് ടെസ്റ്റോസ്റ്റിറോൺ കൂടുതലാണ്, പൊതുവായി സ്ത്രീകളെക്കാൾ കൂടുതൽ ശാരീരികക്ഷമതയുമുണ്ട്. ലോകത്ത് പുരുഷന്മാരേക്കാൾ അല്പം എണ്ണക്കൂടുതലുണ്ട് സ്ത്രീകൾക്ക് - ലോകജനസംഖ്യയുടെ 52 ശതമാനവും സ്ത്രീകളാണ്, എന്നാൽ അധികാരത്തിന്റെയും പെരുമയുടെയും സ്ഥാനമാനങ്ങൾ ഭൂരിഭാഗവും കയ്യാളുന്നത് പുരുഷന്മാരാണ്. അന്തരിച്ച കെനിയൻ നൊബേൽ സമാധാന സമ്മാന ജേതാവ് വാങ്കെരി മത്തായ് പറഞ്ഞത് പോലെയാണെങ്കിൽ, 'ഉയരങ്ങളിലേക്കെത്തുന്തോറും സ്ത്രീകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു.'

ഈയിടെ നടന്ന US തിരഞ്ഞെടുപ്പിൽ‌ നമ്മൾ ഒരുപാടു തവണ ലില്ലി ലെഡ്‌ബെറ്റർ‌ നിയമത്തെക്കുറിച്ച് കേട്ടു. പ്രാസമൊപ്പിച്ചുള്ള ഈ പേരിനപ്പുറം പോകുകയാണെങ്കിൽ അതു ശരിക്കും ചൂണ്ടിക്കാണിച്ചത് ഇത്രമാത്രമാണ്: യുഎസിൽ, ഒരേ ജോലി ചെയ്യുന്ന, തുല്യ യോഗ്യതയുള്ള പുരുഷനും സ്ത്രീയുമുണ്ടെങ്കിൽ പുരുഷന് കൂടുതൽ പ്രതിഫലം ലഭിക്കുന്നു, അയാൾ പുരുഷനായതു കൊണ്ട് മാത്രം .

അക്ഷരാർത്ഥത്തിൽ, പുരുഷന്മാരാണ് ലോകത്തെ ഭരിക്കുന്നത്. ആയിരം വർഷം മുൻപായിരുന്നെങ്കിൽ ഇതിലല്പം യുക്തിയുണ്ടായിരുന്നു, കാരണം, അന്ന് അതിജീവനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം ശാരീരികക്ഷമതയായിരുന്നു; ശക്തനായ ഒരുവന് നായകനാവാനുള്ള സാധ്യത കൂടുതലാണ്. പുരുഷന്മാർ പൊതുവെ ശാരീരികമായി ശക്തരാണ്. (ഇതിനു തീർച്ചയായും നിരവധി അപവാദങ്ങളുമുണ്ട് .) പക്ഷേ, ഇന്ന് നമ്മൾ തികച്ചും വ്യത്യസ്തമായ ലോകത്തിലാണ് ജീവിക്കുന്നത്. ഏറ്റവും ശക്തനായ വ്യക്തിയ്ക്കല്ല നേതാവാവാൻ കൂടുതൽ പ്രാപ്തിയുണ്ടാവുക. കൂടുതൽ ബുദ്ധിയുള്ള, അറിവുള്ള, സര്‍ഗ്ഗശക്തിയുള്ള, നൂതനാശയങ്ങളുള്ള വ്യക്തിയ്ക്കാണ്ണ് അതിനു കൂടുതൽ യോഗ്യതയുണ്ടാവുക. ഈ ഘടകങ്ങൾക്ക് ഹോർമോണുകളൊന്നുമില്ല. പുരുഷനു ബുദ്ധിയും സർഗ്ഗാത്മകതയുമൊക്കെ ഉണ്ടാവാനുള്ള അതേ സാധ്യത തന്നെ സ്ത്രീക്കുമുണ്ട്. നാം പരിണമിച്ചു. എന്നാൽ ജെൻഡർ സംബന്ധിച്ച ആശയങ്ങൾ ഇപ്പോഴും വേണ്ടത്ര വികസിച്ചിട്ടില്ല.

കുറച്ചുനാളുകൾക്ക് മുൻപ് ഞാനൊരു മുന്തിയ നൈജീരിയൻ ഹോട്ടലിലേക്കു നടന്നു കയറി, ലോബിയുടെ ഗേറ്റിലുള്ള ഗാർഡ് എന്നെത്തടഞ്ഞുനിർത്തി അസഹ്യമായ കുറെ ചോദ്യങ്ങൾ ചോദിച്ചു - ഞാൻ സന്ദർശിക്കാൻ പോകുന്നയാളുടെ പേരും റൂം നമ്പറും എന്താണ്? എനിക്കയാളെ നേരിട്ടറിയാമോ? എന്റെ കീ കാർഡ് കാണിച്ച് ഞാനീ ഹോട്ടലിലെ അതിഥിയാണെന്ന് തെളിയിക്കാൻ കഴിയുമോ? - എന്നിങ്ങനെ. കാരണം, ഹോട്ടലിലേക്ക് ഒറ്റയ്ക്ക് കയറിപ്പോകുന്ന നൈജീരിയൻ പെണ്ണ് ലൈംഗികത്തൊഴിലാളിയാണെന്നതാണ് സ്വാഭാവികമായ അനുമാനം. കാരണം, ഒരു നൈജീരിയൻ പെണ്ണിന് സ്വന്തം മുറിയുടെ വാടക നൽകുന്ന അതിഥിയാകാൻ സാധ്യതയില്ലെന്നാണ് പൊതുവായ വിശ്വാസം. ഇതേ ഹോട്ടലിലേക്ക് വരുന്ന പുരുഷൻ ചോദ്യം ചെയ്യപ്പെടുന്നില്ല. നിയമാനുസാരമായ എന്തെങ്കിലുമൊരു കാര്യത്തിനായാണ് അയാളവിടെ വരുന്നതെന്നാണ് പൊതുവായ അനുമാനം. (അല്ല, ഈ ഹോട്ടലുകൾ ലൈംഗികത്തൊഴിലാളികൾക്കുള്ള ഡിമാന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ പ്രത്യക്ഷത്തിൽ ശരിയെന്നു തോന്നുന്ന ഈ സപ്ലൈയിൽ മാത്രം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടാവും?)

ലാഗോസിലെ പ്രശസ്തമായ പല ക്ലബ്ബുകളിലേക്കും ബാറുകളിലേക്കും എനിക്കൊറ്റയ്ക്ക് പോകാൻ‌ കഴിയില്ല. ഒറ്റയ്ക്ക് പോകുന്നൊരു സ്ത്രീയാണെങ്കിൽ അവർ നിങ്ങളെ അകത്തേക്ക് കടത്തില്ല. നിങ്ങൾക്കൊപ്പം ഒരു പുരുഷനും ഉണ്ടായിരിക്കണം. എന്റെ ചില ആൺസുഹൃത്തുക്കളുണ്ട്, ക്ലബുകളിൽ പോകുമ്പോൾ തികച്ചും അപരിചിതയായ ഏതെങ്കിലും സ്ത്രീയുടെ കൈകോർത്തുപിടിച്ച് ഉള്ളിലേക്ക് കടന്നുചെല്ലുന്നവർ, കാരണം ആ അപരിചിതയ്ക്ക് ക്ലബിൽ പ്രവേശിക്കണമെങ്കിൽ ഇവരുടെ ‘സഹായം’ തേടുകയല്ലാതെ മറ്റൊരു മാർഗവുമില്ല.

ഓരോ തവണയും ഞാൻ ഒരാണിനോടൊപ്പം ഏതെങ്കിലും നൈജീരിയൻ റെസ്റ്റോറന്റിലേക്ക് പോകുമ്പോഴും, വെയിറ്റർ ആണിനെ അഭിവാദ്യം ചെയ്യുകയും എന്നെ അവഗണിക്കുകയും ചെയ്യുന്നു. സ്ത്രീകളേക്കാൾ പ്രാധാന്യം പുരുഷന്മാർക്കുണ്ടെന്ന് പഠിപ്പിച്ച സമൂഹത്തിന്റെ ഉൽപ്പന്നങ്ങളാണ് ആ വെയിറ്റർമാർ, ഉപദ്രവിക്കുകയെന്നതല്ല അവരുടെ ഉദ്ദേശം എന്നെനിക്കറിയാം. എന്തെങ്കിലുമൊരു കാര്യം ബുദ്ധിപരമായി അറിയുക എന്നതും അതു വൈകാരികമായി അനുഭവിക്കുകയെന്നതും രണ്ടു കാര്യങ്ങളാണ്. ഓരോ തവണയും അവരെന്നെ അവഗണിക്കുമ്പോൾ ഞാൻ അദൃശ്യയാണെന്ന് എനിക്കു തോന്നുന്നു. എനിക്ക് അസ്വസ്ഥത തോന്നുന്നു. ഒരാണിനെപ്പോലെ ഞാനുമൊരു മനുഷ്യജീവിയാണെന്ന് അവരോടു പറയാൻ തോന്നുന്നു, അംഗീകാരത്തിന് യോഗ്യതയുള്ള ഒരുവൾ. ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. പക്ഷേ, ചിലപ്പോൾ ചെറിയ കാര്യങ്ങളാണ് നമ്മെ എല്ലാറ്റിലും കൂടുതലായി മുറിവേൽപ്പിക്കുക.

കുറച്ചു കാലം മുൻപ് 'ലാഗോസിൽ എങ്ങനെ ചെറുപ്പകാരിയായി ജീവിക്കാം' എന്ന വിഷയത്തിൽ ഞാനൊരു ലേഖനമെഴുതി. അതങ്ങേയറ്റം ദേഷ്യം നിറഞ്ഞ ലേഖനമാണെന്നും അതിലിത്ര ദേഷ്യം കുത്തിനിറക്കരുതായിരുന്നുവെന്നും ഒരു പരിചയക്കാരൻ എന്നോട് പറഞ്ഞു. ഞാൻ എതിർത്തില്ല. അത് ശരിക്കും ദേഷ്യം നിറഞ്ഞ ലേഖനമായിരുന്നു. ജെൻഡർ, ഇന്ന്, ഗുരുതരമായ അനീതിയോടെയാണ് നമ്മളിൽ പ്രവർത്തിക്കുന്നത്. നമുക്കെല്ലാവർക്കും ദേഷ്യം വരണം. ദേഷ്യത്തിന് ക്രിയാത്മകമായ പല മാറ്റങ്ങളും കൊണ്ടുവന്നതിന്റെ വലിയ ചരിത്രം തന്നെയുണ്ട്. എനിക്ക് പ്രത്യാശയുമുണ്ട്. കാരണം, അവനവനെ മെച്ചപ്പെട്ട രീതിയിൽ പുനർനിമ്മിക്കാനുള്ള മനുഷ്യന്റെ കഴിവിൽ ഞാൻ ആഴത്തിൽ വിശ്വസിക്കുന്നു.

ഇനി ദേഷ്യത്തിലേക്കു മടങ്ങിവരാം. നേരത്തെ പറഞ്ഞ പരിചയക്കാരന്റെ സ്വരത്തിൽ ഞാൻ കേട്ടതൊരു താക്കീതാണ്. ലേഖനത്തെക്കുറിച്ച് മാത്രമല്ല, എന്റെ സ്വഭാവത്തെക്കുറിച്ചുള്ള അഭിപ്രായം കൂടെയാണതെന്നു എനിക്ക് മനസ്സിലാവുകയും ചെയ്തു. ദേഷ്യം നല്ലതല്ല, പ്രത്യേകിച്ച് സ്ത്രീകൾക്കെന്ന് ആ സ്വരത്തിൽ നിന്ന് വ്യക്തമായിരുന്നു. നിങ്ങളൊരു സ്ത്രീയാണെങ്കിൽ, നിങ്ങൾ ദേഷ്യം പ്രകടിപ്പിക്കാൻ പാടില്ല. കാരണം അതാളുകളെ ഭയപ്പെടുത്തും.

അമേരിക്കക്കാരിയായ എന്റെയൊരു സുഹൃത്ത് ഒരാണിൽ നിന്ന് മാനേജർ സ്ഥാനം ഏറ്റെടുത്തു. അവളുടെ മുൻഗാമിയെ എല്ലാവരും "tough go-getter" ആയാണ് കണക്കാക്കിയിരുന്നത്. അയാൾ പരുക്കനും കഠിനഹൃദയനുമായിരുന്നു, ആളുകൾ ടൈംഷീറ്റിൽ ഒപ്പിടുന്നതിൽ വളരെ കണിശതയുള്ള ആളുമായിരുന്നു. അവൾ അവളുടെ പുതിയ ജോലി ഏറ്റെടുത്തു, അയാൾക്ക് തുല്യയും ഒരുപക്ഷേ അയാളേക്കാൾ ദയയുള്ളവളുമായി സ്വയം സങ്കൽപ്പിച്ചു - കാരണം ജീവനക്കാർക്ക് ഒരു കുടുംബം കൂടെയുണ്ടെന്നതിന് അയാൾ വിലകല്പിച്ചിരുന്നേയില്ല, പക്ഷേ അവളത് പരിഗണിച്ചിരുന്നു. സ്ഥാനമേറ്റെടുത്ത് ആഴ്ചകൾക്കുള്ളിൽ ടൈംഷീറ്റിൽ കൃത്രിമം കാണിച്ച ജീവനക്കാരനെ അവൾ താക്കീതു ചെയ്തു, അവളുടെ മുൻഗാമി ചെയ്തിരിക്കാവുന്നതു പോലെത്തന്നെ. പക്ഷേ ആ ജീവനക്കാരൻ അവൾ ജോലിചെയ്യുന്ന രീതിയെക്കുറിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടു. അവൾ aggressive ആണെന്നും അവളുടെ കൂടെ ജോലിചെയ്യുന്നത് ദുഷ്കരമാണെന്നും അയാൾ പറഞ്ഞു. മറ്റ് ജീവനക്കാരുമത് സമ്മതിച്ചു. അവൾ ജോലിയിലൊരു "സ്ത്രീസ്പർശം" കൊണ്ടുവരുമെന്ന് താൻ കരുതിയിരുന്നെന്നും അവളത് ചെയ്തില്ലെന്നും വേറൊരാൾ അഭിപ്രായപ്പെട്ടു.

ഒരു പുരുഷനെ അതുവരെ പ്രശംസിച്ചിരുന്ന അതേ കാര്യം തന്നെയാണ് അവൾ ചെയ്യുന്നതെന്ന് അവരിൽ ആർക്കും തോന്നിയേയില്ല.

അഡ്വെർടൈസിങ് മേഖലയിൽ ഉയർന്ന പ്രതിഫലം മേടിക്കുന്ന മറ്റൊരു അമേരിക്കക്കാരി സുഹൃത്തെനിക്കുണ്ട്. ടീമിലെ രണ്ടു സ്ത്രീകളിൽ ഒരാളാണ് അവൾ. ഒരു മീറ്റിംഗിൽ താൻ പറഞ്ഞ ഒരഭിപ്രായം അവഗണിക്കുകയും ഏതാണ്ടതേപോലത്തെ അഭിപ്രായം പറഞ്ഞ ടീമിലെ ഒരാണിനെ പ്രശംസിക്കുകയും ചെയ്ത തന്റെ ബോസിനോട് നീരസം തോന്നിയതായി പണ്ടൊരിക്കൽ അവൾ പറഞ്ഞു. അവൾക്കപ്പോൾ അതിനെക്കുറിച്ച് ബോസിനോട് തുറന്നു സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അയാളെ വെല്ലുവിളിക്കാനും. പക്ഷേ അവളങ്ങനെ ചെയ്തില്ല. പകരം, മീറ്റിംഗിന് ശേഷം അവൾ ബാത്‌റൂമിൽ പോയി കരഞ്ഞു, എന്നിട്ട്, അതിനെക്കുറിച്ച് പറയാൻ എന്നെ വിളിച്ചു. Aggressive ആണെന്ന് മറ്റുള്ളവർക്ക് തോന്നാതിരിക്കാൻ വേണ്ടി മാത്രമാണ് മനസ്സിലുള്ളത് ബോസിനോട് തുറന്നു സംസാരിക്കാൻ അവളപ്പോൾ തുനിയാഞ്ഞത്‌. അവളുടെ നീരസം മാഞ്ഞുപോകട്ടെ.

എനിക്കിതിൽ കൗതുകകരമായി തോന്നിയതെന്താണെന്നു വെച്ചാൽ, അവളടക്കം പല അമേരിക്കൻ സുഹൃത്തുക്കൾക്കും എല്ലാവരും "ഇഷ്ടപ്പെടുന്നവ"ളായി മാറുന്നതിൽ എന്തുമാത്രം താല്പര്യമുണ്ടെന്നതാണ്. ഈ പറയുന്ന "ഇഷ്ടപ്പെടൽ" എന്തുമാത്രം പ്രധാനവും പ്രസക്തവുമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ ഇവരെ വളർത്തിയിരിക്കുന്നതെന്നാണ്. ദേഷ്യപ്പെടുന്നതിനോ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നതിനോ വിയോജിപ്പുകൾ ഉച്ചത്തിൽ പ്രകടിപ്പിക്കുന്നതിനോ ഈ പറയുന്ന പ്രധാനവും പ്രസക്തവുമായ സംഗതി അനുവദിക്കുന്നുമില്ല.

ആൺകുട്ടികൾ തങ്ങളെക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്നതിനെക്കുറിച്ച് വ്യാകുലരാവണമെന്ന് പെൺകുട്ടികളെ പഠിപ്പിക്കാൻ നമ്മൾ വളരെയധികം സമയം ചെലവഴിക്കുന്നു. എന്നാൽ തിരിച്ചുള്ള കാര്യമതല്ല. എല്ലാവരും ഇഷ്ടപ്പെടുന്നവരായിരിക്കാൻ നമ്മൾ ആൺകുട്ടികളെ പഠിപ്പിക്കുന്നില്ല. ദേഷ്യപ്പെടാനോ വെട്ടിത്തുറന്നു സംസാരിക്കാനോ ശാഠ്യംപിടിക്കാനോ പാടില്ലെന്ന് നമ്മൾ പെൺകുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്നു. ഇതുതന്നെ വളരെ മോശമാണെന്നിരിക്കെ, ഇതേ സ്വഭാവം കാണിക്കുന്ന ആൺകുട്ടികളെ പ്രശംസിക്കുകയോ അവരോട് ക്ഷമിക്കുകയോ ചെയ്യുന്നു. സ്ത്രീകൾ എന്തുചെയ്യണം, എങ്ങനെയായിരിക്കണം അല്ലെങ്കിൽ ആയിരിക്കരുത്, പുരുഷന്മാരെ ആകർഷിക്കുന്നതിനോ പ്രീതിപ്പെടുത്തുന്നതിനോ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങൾ പറയുന്ന ധാരാളം മാഗസിനുകളും ലേഖനങ്ങളും പുസ്തകങ്ങളും ലോകമെമ്പാടുമുണ്ട്. സ്ത്രീകളെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ച് പുരുഷന്മാർക്കുള്ള വഴികാട്ടികളോ, തുലോം കുറവും.

ഞാൻ ലാഗോസിൽ റൈറ്റിംഗ് വർക്ക്ഷോപ്പിൽ പഠിപ്പിക്കുമ്പോൾ അതിൽ പങ്കെടുത്ത യുവതി, അവളോടെന്റെ ‘ഫെമിനിസ്റ്റ് സംസാരം’ കേൾക്കരുതെന്ന് സുഹൃത്ത് പറഞ്ഞാതായി പറഞ്ഞിരുന്നു; കേട്ടാൽ അവളുടെ വിവാഹജീവിതത്തെ തകർക്കുന്ന ആശയങ്ങൾ അവളതിൽ നിന്ന് വലിച്ചെടുക്കുമത്രേ. വിവാഹജീവിതത്തിന്റെ തകർച്ചയും വിവാഹം കഴിക്കാതിരിക്കുന്നതിന്റെ സാധ്യതയും പുരുഷനേക്കാൾ സ്ത്രീക്കെതിരെ ഉപയോഗിക്കുന്ന ഈ പ്രവണത ഒരു ഭീഷണി തന്നെയാണ്.

ലോകത്തെല്ലായിടത്തും gender പ്രധാനമാണ്. ഒരു പുതിയ ലോകത്തെക്കുറിച്ച് നമ്മൾ സ്വപ്നം കാണാൻ തുടങ്ങണമെന്ന് നിങ്ങളോടാവശ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. മികച്ച മറ്റൊരു ലോകം. അവനവനോട് സത്യസന്ധത പുലർത്തുന്ന സന്തോഷമുള്ള പുരുഷന്മാരുടെയും സന്തോഷമുള്ള സ്ത്രീകളുടെയും ലോകം. നാം നമ്മുടെ പെൺമക്കളെ വേറൊരു രീതിയിൽ വളർത്തണം, നമ്മുടെ ആൺമക്കളെ വേറൊരു രീതിയിൽ വളർത്തണം: അങ്ങനെയാണ് ഈ മാറ്റത്തിന് തുടക്കം കുറിക്കേണ്ടത്.

ആൺകുട്ടികളെ വളർത്തുന്ന രീതി വെച്ച് നമ്മളവരോട് ചെയ്യുന്നത് വല്യ അന്യായമാണ്. ആൺകുട്ടികളുടെ മനുഷ്യത്വത്തിനെ നമ്മൾ അടിച്ചമര്‍ത്തുന്നു. വളരെ സങ്കുചിതമായ രീതിയിൽ നമ്മൾ പുരുഷത്വത്തെ നിർവചിക്കുന്നു. പൗരുഷമെന്നത് കഠിനവും എന്നാൽ ഇടുങ്ങിയതുമായ കൂടാണ്, ആ കൂട്ടിൽ നമ്മൾ ആൺകുട്ടികളെ തളയ്ക്കുന്നു.

ഭയത്തെ, ബലഹീനതയെ, പ്രലോഭനീയതയെ ഭയപ്പെടാൻ നമ്മൾ ആൺകുട്ടികളെ പഠിപ്പിക്കുന്നു. അവരുടെ സ്വത്വത്തെ മറയ്ക്കാൻ നമ്മളവരെ പഠിപ്പിക്കുന്നു. കാരണം, നൈജീരിയൻ ഭാഷയിൽപ്പറഞ്ഞാൽ, അവർ "hard man" ആയിരിക്കണം.

സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും പുറത്തുപോകുമ്പോൾ, ഇരുവരുടെയും കയ്യിലുള്ള പോക്കറ്റ് മണി തുച്ഛമാണെങ്കിലും, ആൺകുട്ടി എല്ലായ്പ്പോഴും ബില്ലുകൾ നൽകുമെന്നതാണ് പൊതുവായ പ്രതീക്ഷ, അതുമവന്റെ പുരുഷത്വം തെളിയിക്കാൻ വേണ്ടി മാത്രം (എന്നിട്ട്, എന്തുകൊണ്ടാണ് ആൺകുട്ടികൾ അച്ഛനമ്മമാരിൽ നിന്ന് പണം മോഷ്ടിക്കാൻ സാധ്യത കൂടുതലുള്ളതെന്ന് ഇതേ നമ്മൾ തന്നെ അത്ഭുതപ്പെടുകയും ചെയ്യും)

പുരുഷത്വവും പണവും തമ്മിൽ ബന്ധിപ്പിക്കാതിരിക്കാൻ പാകത്തിൽ നമ്മൾ ആൺകുട്ടികളുളെയും പെൺകുട്ടികളെയും വളർത്തിയാലോ? ‘ആൺകുട്ടികൾ പണം നൽകണം’ എന്നതിനേക്കാൾ അവർക്കുള്ളത് ‘കൂടുതലുള്ളവൻ പണം നൽകണം’ എന്ന മനോഭാവമാണെങ്കിലോ? ചരിത്രപരമായ പല ആനുകൂല്യങ്ങളുമുള്ളതുകൊണ്ട് ആണുങ്ങളുടെ കയ്യിൽത്തന്നെയാവണം ഇക്കാലത്ത് കൂടുതൽ പണമുണ്ടാവുക. നമ്മൾ കുട്ടികളെ വ്യത്യസ്തരായി വളർത്താൻ തുടങ്ങിയാൽ, അമ്പത് വർഷത്തിനുള്ളിൽ, നൂറുവർഷത്തിനുള്ളിൽ ആൺകുട്ടികൾക്ക് അവരുടെ പുരുഷത്വം ഇത്തരത്തിൽ തെളിയിക്കാനുള്ള സമ്മർദ്ദമുണ്ടാകില്ല.

കഠിനരായിരിക്കണമെന്ന് ശഠിക്കുന്നതിലൂടെ അവരെ വളരെ ദുർബലമായ ഈഗോകളുടെ ഉടമകളാക്കുന്നു എന്നതാണ് പുരുഷന്മാരോട് നമ്മൾ ചെയ്യുന്ന ഏറ്റവും മോശമായ കാര്യം. നാമെത്രത്തോളം സമ്മർദം ചെലുത്തുന്നുവോ, അത്രയ്ക്കും ശിഥിലമാവുന്നു ആ ഈഗോ.

എന്നിട്ട്, ആണുങ്ങളുടെ ദുർബലമായ ഈഗോകൾ നിവർത്തിക്കുന്നതിനായി സജ്ജരാക്കിക്കൊണ്ട് നമ്മൾ പെൺകുട്ടികളോട് അതിലും വലിയ അനീതി കാണിക്കുന്നു.

സ്വയം ഒതുങ്ങാനും സ്വയം ചെറുതാവാനും നമ്മൾ പെൺകുട്ടികളെ പഠിപ്പിക്കുന്നു. നമ്മൾ പെൺകുട്ടികളോട് പറയുന്നതെന്താണ്? ‘നിങ്ങൾക്ക് ആഗ്രഹങ്ങളുണ്ടാകാം, പക്ഷേ വളരെയധികം പാടില്ല. നിങ്ങൾ വിജയിക്കാനാണ് ലക്ഷ്യമിടേണ്ടത്, പക്ഷേ ആണുങ്ങൾക്ക് ഭീഷണിയാവാത്തത്രയും മാത്രം.’ വീട്ടിൽ പണം സമ്പാദിക്കുന്നത് നിങ്ങളാണെങ്കിലും അല്ലെന്നു നടിക്കുക, പ്രത്യേകിച്ച് പരസ്യമായി, അല്ലാത്തപക്ഷം നിങ്ങളവനെ emasculate ചെയ്യും. (പൗരുഷമില്ലാത്തവനാക്കി മാറ്റും)

പക്ഷേ, നാം ആ ചിന്താപരിസരത്തെത്തന്നെ ചോദ്യം ചെയ്താലോ? എങ്ങനെയാവും ഒരു സ്ത്രീയുടെ വിജയം പുരുഷന് ഭീഷണിയാകുന്നത് ? ഇംഗ്ലീഷിൽ എനിക്ക് emasculation എന്നതിൽപ്പരം ഇഷ്ടമല്ലാത്ത വേറെ വാക്കുണ്ടോ എന്നറിയില്ല - നമുക്കാ വാക്കു തന്നെ ഇല്ലാതാക്കിയാലോ?

ആണുങ്ങളെ ഞാൻ intimidate ചെയ്യുമെന്ന പേടി എനിക്കുണ്ടോ എന്ന് നൈജീരിയൻ സുഹൃത്തെന്നോടൊരിക്കൽ ചോദിച്ചു.

ഞാൻ അക്കാര്യത്തിൽ ഒട്ടും പേടിച്ചിരുന്നില്ല - പേടിക്കേണ്ട കാര്യമുണ്ടെന്നു എനിക്ക് തോന്നിയിരുന്നേയില്ല. കാരണം എന്നെ ഭയപ്പെടുന്ന പുരുഷനെന്നാൽ, എനിക്കൊരിക്കലും താല്പര്യം തോന്നാത്ത പുരുഷനെന്നാണ് അർത്ഥം.

എന്നിട്ടും, അതെന്റെ മനസ്സിൽ പതിഞ്ഞു. ഞാനൊരു സ്ത്രീയായതിനാൽ, ഞാൻ വിവാഹാഭിലാഷങ്ങൾ ഉള്ളവളാവണമെന്നാണ് പൊതുവായ പ്രതീക്ഷ. വിവാഹമാണ് ഏറ്റവും പ്രധാനമെന്ന് കരുതിക്കൊണ്ടാവണം എന്റെ ജീവിതത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. വിവാഹം നല്ലതാവാം - സന്തോഷം, സ്നേഹം, പരസ്പരപിന്തുണ എന്നിവയുടെ ഉറവിടമാവാം. എന്തുകൊണ്ടാണ് പക്ഷേ വിവാഹത്തെക്കുറിച്ച് സ്വപ്നം കാണാൻ നമ്മൾ പെൺകുട്ടികളെ മാത്രം പഠിപ്പിക്കുന്നത്, ആൺകുട്ടികളെ എന്തുകൊണ്ടത് പഠിപ്പിക്കുന്നില്ല?

തന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ആളിന് അരക്ഷിതാവസ്ഥ തോന്നാതിരിക്കാൻ വേണ്ടി വീടു വിൽക്കാൻ തീരുമാനിച്ച നൈജീരിയൻ സ്ത്രീയെ എനിക്കറിയാം.

കോൺഫറൻസുകളിൽ പോകുമ്പോൾ വിവാഹമോതിരം ധരിക്കുന്ന നൈജീരിയയിലെ അവിവാഹിതയെ എനിക്കറിയാം. അവളുടെ അഭിപ്രായത്തിൽ അതുണ്ടെങ്കിൽൽ മാത്രമാണ് അവളുടെ സഹപ്രവർത്തകർ അവളെ 'ബഹുമാനി'ക്കുക’.

വിവാഹ മോതിരം ധരിക്കുന്നത് ഒരുവളെ ബഹുമാനത്തിന് പാത്രമാക്കും, അതു ധരിക്കാത്തത് അവളെ എളുപ്പത്തിൽ നിരസിക്കാൻ ഇടയാക്കും, അതുമൊരു ആധുനിക തൊഴിലിടത്തിൽ. സങ്കടപ്പെടുത്തുന്ന വസ്തുതയാണത് .

കുടുംബത്തിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും, എന്തിന്, ജോലിസ്ഥലത്തു നിന്നു പോലും വിവാഹത്തിനുള്ള സമ്മർദ്ദം ലഭിക്കുന്ന യുവതികളെ എനിക്കറിയാം - പല മോശമായ തിരഞ്ഞെടുപ്പുകൾ നടത്താൻ പ്രേരിപ്പിക്കുന്നത്തിലേക്ക് വരെ അവരെ നയിക്കുന്നത്ര സമ്മർദ്ദം.

ഒരു നിശ്ചിത പ്രായത്തിലും അവിവാഹിതയായിത്തുടരുന്നത് വലിയൊരു പരാജയമാണെന്ന് സ്ത്രീയെ പഠിപ്പിക്കുന്ന സമൂഹമാണ് നമ്മുടേത്, എന്നാൽ നിശ്ചിത പ്രായത്തിൽ പുരുഷൻ വിവാഹിതനാവാത്തത് അവനൊരു ശരിയായ തിരഞ്ഞെടുപ്പിൽ എത്തിച്ചേരാത്തതു കൊണ്ട് മാത്രമാണ്.

‘എന്നാൽപ്പിന്നെ സ്ത്രീകൾക്ക് ഇതെല്ലാം വേണ്ടെന്ന് പറഞ്ഞൂടെ' എന്ന് പറയാൻ എളുപ്പമാണ്. യാഥാർത്ഥ്യം കുറേക്കൂടെ കടുപ്പമേറിയതും സങ്കീർണ്ണവുമാണ്. നാമെല്ലാം സമൂഹജീവികളാണ്. നമ്മുടെ ആശയങ്ങൾ നമ്മൾ സ്വരൂപിക്കുന്നത് സാമൂഹികമായ ഇടപെടലുകളിൽക്കൂടിയാണ്. നമ്മൾ ഉപയോഗിക്കുന്ന ഭാഷ പോലും ഇത് വ്യക്തമാക്കുന്നു. വിവാഹത്തിന്റെ ഭാഷ പലപ്പോഴും ഉടമസ്ഥതയുടെ ഭാഷയാണ്, പങ്കാളിത്തത്തിന്റെ ഭാഷയല്ല.

സ്ത്രീ പുരുഷനോട് കാണിക്കുന്ന പെരുമാറ്റത്തെ നമ്മൾ ആദരവ് എന്ന് പറയുന്നു, എന്നാൽ പുരുഷൻ തിരിച്ചു സ്ത്രീയോട് പെരുമാറുന്നത് സൂചിപ്പിക്കാൻ ആ പദം ഉപയോഗിക്കാറില്ല.

‘എന്റെ കുടുംബജീവിതത്തിൽ സമാധാനം കിട്ടാൻ വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്’ എന്നത് പുരുഷന്മാരും സ്ത്രീകളും പറയുന്ന കാര്യമാണ്.

തങ്ങളൊരിക്കലും ചെയ്യാൻ‌ പാടില്ലാത്ത എന്തെങ്കിലുമൊരു കാര്യം ചെയ്തതിനെക്കുറിച്ചാണ് പുരുഷൻ‌മാർ‌ സാധാരണയായി ഇങ്ങനെ പറയുക. ചങ്ങാതിമാരോട്, ഉത്സാഹപൂർവ്വം, ആത്യന്തികമായി തങ്ങളുടെ പുരുഷത്വം തെളിയിക്കുന്ന ഒന്നായിട്ട് : ‘ഓ, എല്ലാ രാത്രിയിലും ഞാൻ ക്ലബ്ബുകളിൽ പോകാൻ പാടില്ലെന്ന് എന്റെ ഭാര്യ പറഞ്ഞു. അതുകൊണ്ട് ഇപ്പോൾ എന്റെ വീട്ടിൽ സമാധാനമുണ്ടാവാൻ വേണ്ടി, ഞാൻ വീക്കെൻഡിൽ മാത്രം ക്ലബ്ബുകളിൽ പോകുന്നു'

‘എന്റെ കുടുംബജീവിതത്തിൽ സമാധാനം കിട്ടാൻ വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്’ എന്ന് സ്ത്രീകൾ സാധാരണയായി പറയുക അവർ ജോലി ഉപേക്ഷിക്കുമ്പോഴാണ്, അല്ലെങ്കിൽ കരിയർ ലക്ഷ്യമോ സ്വപ്നമോ ഉപേക്ഷിക്കുമ്പോഴാണ്.

ബന്ധങ്ങളിൽ ഏറ്റവും കൂടുതൽ സാധ്യത വിട്ടുവീഴ്ചകൾ ചെയ്യാനാണെന്ന് നമ്മൾ സ്ത്രീകളെ പഠിപ്പിക്കുന്നു.

പെൺകുട്ടികളെ പരസ്പരം എതിരാളികളായിട്ടാണ് നമ്മൾ വളർത്തുന്നത് - ജോലികൾക്കോ മറ്റു നേട്ടങ്ങൾക്കോ അല്ല. എന്റെ അഭിപ്രായത്തിൽ, അങ്ങനെ ചെയ്യുന്നതൊരു നല്ല കാര്യമാണ് - വെറുതെ ആണുങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി മാത്രം.

ആൺകുട്ടികളെപ്പോലെ ലൈംഗിക താല്പര്യങ്ങൾ പുലർത്താൻ കഴിയില്ലെന്ന് നമ്മൾ പെൺകുട്ടികളെ പഠിപ്പിക്കുന്നു. നമുക്ക് ആൺമക്കളുണ്ടെങ്കിൽ അവരുടെ കാമുകിമാരെക്കുറിച്ച് അറിയുന്നത് നമുക്ക് പ്രശ്‌നമല്ല. പക്ഷേ നമ്മുടെ പെൺമക്കളുടെ കാമുകൻ? ദൈവമേ, ഒരിക്കലുമില്ല (എന്നാൽ, വിവാഹപ്രായമെത്തുമ്പോൾ എല്ലാം തികഞ്ഞ ഒരാളെ അവർ വീട്ടിലേക്കു കൊണ്ടുവരുമെന്നും നമ്മൾ പ്രതീക്ഷിക്കുന്നു)

നമ്മൾ പെൺകുട്ടികളെ നിരീക്ഷിക്കുന്നു. Virginity കാത്തുസൂക്ഷിക്കുന്നതിന് നമ്മൾ പെൺകുട്ടികളെ പ്രശംസിക്കുന്നു, പക്ഷേ ആൺകുട്ടികളെ പ്രശംസിക്കുന്നില്ല (കന്യകാത്വം നഷ്ടപ്പെടുന്ന പ്രക്രിയയിൽ സ്വാഭാവികമായും എതിർലിംഗത്തിലുള്ള രണ്ട് ആളുകൾ ഉൾപ്പെടുമല്ലോ, എന്നിട്ടും എന്താണിങ്ങനെയെന്നു ഞാനെപ്പോഴും ചിന്തിക്കാറുണ്ട്.)

അടുത്തിടെ നൈജീരിയയിലെ സർവകലാശാലയിൽ ഒരു യുവതി കൂട്ടബലാത്സംഗത്തിനിരയായി. ‘ബലാത്സംഗം തെറ്റാണ്, പക്ഷേ നാല് ആൺകുട്ടികളുള്ള മുറിയിൽ പെൺകുട്ടിക്ക് എന്താണ് കാര്യം?' ഇതായിരുന്നു ആൺപെൺ വ്യത്യാസമില്ലാതെ നിരവധി നൈജീരിയൻ ചെറുപ്പക്കാരുടെ പ്രതികരണം. പറ്റുമെങ്കിൽ, ആ പ്രതികരണത്തിന്റെ ഭയാനകമായ മനുഷ്യത്വരാഹിത്യം നമുക്ക് മറക്കാം. സ്ത്രീകളെ ജന്മനാ കുറ്റബോധമുള്ളവരായി കാണാനാണ് നൈജീരിയക്കാർ പഠിപ്പിച്ചിട്ടുള്ളത്. ആണുങ്ങളിൽ അവർക്കു വലിയ പ്രതീക്ഷകളില്ല, വന്യമായ ചോദനകളുള്ള ക്രൂരമായ ജീവികളെന്ന നിലയിൽ ആണുങ്ങളെ സ്വീകരിക്കാനും അവർ തയ്യാറാണ്.

നമ്മൾ പെൺകുട്ടികളെ നാണിക്കാൻ പഠിപ്പിക്കുന്നു, ‘കാലുകൾ ചേർത്ത് വെക്കുക, മൂടിപ്പുതച്ച് നടക്കുക.’ പെണ്ണായി ജനിച്ചത് തന്നെ കുറ്റബോധം തോന്നേണ്ട കാര്യമാണെന്ന തോന്നലുണ്ടാക്കുന്നു. അതുകൊണ്ട് പെൺകുട്ടികൾ വളർന്നുവരുമ്പോൾ സ്വന്തമായി ആഗ്രങ്ങൾ ഉണ്ടെന്നു പറയാൻ മടിക്കുന്ന സ്ത്രീകളായിത്തീരുന്നു. സ്വയം നിശബ്ദരാകുന്നു. മനസ്സിലുള്ളത് തുറന്നുപറയാൻ പറ്റാത്തവരാവുന്നു. മറ്റാരോ ആയി വേഷം കെട്ടുന്നത് കലയാക്കി മാറ്റുന്നവരാവുന്നു.

വീട്ടുജോലി ചെയ്യാനിഷ്ടമില്ലാത്ത സ്ത്രീയെ എനിക്കറിയാം. പക്ഷേ അവൾ അത് ഇഷ്ടപ്പെടുന്നതായി അഭിനയിക്കുന്നു, കാരണം അവളെ പഠിപ്പിച്ചിരിക്കുന്നത് നല്ല ‘ഭാര്യ മെറ്റീരിയൽ’ ആകണമെങ്കിൽ, നൈജീരിയക്കാരുടെ വാക്കിൽ പറഞ്ഞാൽ, homely ആവണമെന്നാണ്. പിന്നീടവൾ വിവാഹിതയായി. അവൾ മാറിയെന്ന് അവളുടെ ഭർത്താവിന്റെ കുടുംബം പരാതിപ്പെടാൻ തുടങ്ങി. യഥാർത്ഥത്തിൽ, അവൾക്കൊരു മാറ്റവും വന്നിട്ടില്ലായിരുന്നു, താനല്ലാത്ത ഒരാളായി വേഷമിടുന്നത് അവൾക്ക് മടുത്തുവെന്നേയുള്ളൂ.

നമ്മൾ എന്താണെന്ന് തിരിച്ചറിയുന്നതിനേക്കാൾ നമ്മൾ എങ്ങനെയായിരിക്കണമെന്ന് നിർദ്ദേശിക്കുന്നു എന്നതാണ് ജെൻഡറിന്റെ പ്രശ്നം. ഈ പ്രതീക്ഷകളുടെ ഭാരമില്ലായിരുന്നെങ്കിൽ നമ്മളെത്ര സന്തുഷ്ടരായിരിക്കുമെന്നും അവനവനോട് എന്തുമാത്രം സ്വാതന്ത്യ്രത്തോടെയിരിക്കുമെന്നും ഒന്ന് ചിന്തിച്ചുനോക്കൂ.

ആൺകുട്ടികളും പെൺകുട്ടികളും ജീവശാസ്ത്രപരമായി അങ്ങേയറ്റം വ്യത്യസ്തരാണ്, എന്നാൽ സാമൂഹികമായ ഇടപെടലുകൾ ഈ വ്യത്യാസങ്ങളെ പെരുപ്പിച്ചു കാണിക്കുന്നു, അതിന്റെ കൂടെ സ്വയം തൃപ്തിപ്പെടുത്തുന്ന പ്രക്രിയയും ആരംഭിക്കുന്നു. ഉദാഹരണത്തിന് പാചകത്തിന്റെ കാര്യമെടുക്കുക. ഇന്നത്തെക്കാലത്ത് പാചകം, അടുക്കിപ്പെറുക്കൽ പോലത്തെ ജോലികൾ പുരുഷന്മാരേക്കാൾ കൂടുതൽ ചെയ്യുന്നത് സ്ത്രീകളാണ്. എന്തുകൊണ്ടാണത്? സ്ത്രീകൾക്ക് ജന്മനാ "കുക്കിംഗ് ജീൻ" ഉണ്ടോ? അതോ പാചകമെന്നത് അവരുടെ പണിയാണെന്ന പൊതുബോധം അവരിൽ അടിച്ചേൽപ്പിച്ചതുകൊണ്ടാണോ? സ്ത്രീകളിൽ ഒരുപക്ഷേ കുക്കിംഗ് ജീൻ ഉണ്ടെന്ന് ഞാൻ പറയാൻ വരികയായിരുന്നു, അപ്പോഴാണ് ലോകത്തെ മികച്ച "chef" എന്ന അംഗീകാരത്തിന് പാത്രമായ മിക്കവരും ആണുങ്ങളാണെന്ന് പെട്ടെന്നെനിക്ക് ഓർമ വന്നത്.

അതിബുദ്ധിമതിയായിരുന്നു എന്റെ മുത്തശ്ശി, ചെറുപ്പത്തിൽ ആണുങ്ങൾക്ക് കിട്ടിയതുപോലെയുള്ള അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ അവരെന്താകുമായിരുന്നു എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. നയങ്ങളിലും നിയമത്തിലുമുള്ള മാറ്റങ്ങൾ കാരണം മുത്തശ്ശിയുടെ കാലത്തെയപേക്ഷിച്ച് ഇന്ന് സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളുണ്ട്. ഈ മാറ്റങ്ങൾക്ക് വളരെയേറെ പ്രസക്തിയുമുണ്ട്.

എന്നാൽ അതിലും പ്രധാനം നമ്മുടെയൊക്കെ മനോഭാവമാണ്, നമ്മുടെ മാനസികാവസ്ഥയാണ്.

കുട്ടികളെ വളർത്തുമ്പോൾ, ജെൻഡറിനു പകരം അവരുടെ കഴിവിൽ ശ്രദ്ധ കൊടുത്താലോ? ജെൻഡറിനു പകരം അവരുടെ താൽപര്യങ്ങളിൽ ശ്രദ്ധ കൊടുത്താലോ?

ഞാനറിയുന്ന കുടുംബമുണ്ട്, ഒരുവയസ്സിന്റെ വ്യത്യാസമുള്ള ഒരാൺകുട്ടിയും പെൺകുട്ടിയുമുള്ള കുടുംബം. ആൺകുട്ടിക്ക് വിശന്നാൽ അവർ പെൺകുട്ടിയോട് പറയും "പോയി നിന്റെ സഹോദരനു വേണ്ടി ഇൻഡോമി നൂഡിൽസ് ഉണ്ടാക്കൂ" എന്ന്. അവളാണെങ്കിലോ, ഇൻഡോമി നൂഡിൽസ് ഉണ്ടാക്കാൻ ഇഷ്ടമില്ലാത്തവളും, പക്ഷേ പെൺകുട്ടിയായതുകൊണ്ട് അവളതുണ്ടാക്കിയേ തീരൂ. തുടക്കം മുതൽക്കുതന്നെ രണ്ടുപേരെയും അവർ പാചകം ചെയ്യാൻ പഠിപ്പിച്ചിരുന്നെങ്കിലോ? ഒരാൺകുട്ടിക്ക് ഉപയോഗപ്രദവും പ്രായോഗികമായി ആവശ്യമുള്ളതുമായ കഴിവാണ് പാചകം. സ്വയം പരിപോഷിപ്പിക്കാനുള്ള ഇത്രയും നിർണായകമായ കഴിവ് മറ്റുള്ളവരുടെ കയ്യിലേൽപ്പിക്കുന്നതിൽ ഒരൽപം പോലും യുക്തിയുണ്ടെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല.

ഭർത്താവിന്റെ അതേ ബിരുദവും അതേ ജോലിയുമമുള്ള ഒരു സ്ത്രീയെ എനിക്കറിയാം. ഓഫീസ് വിട്ട് വീടെത്തിക്കഴിഞ്ഞാൽ അവൾ തന്നെ മിക്ക വീട്ടുജോലികളും ചെയ്യുന്നു, പല കുടുംബങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. പക്ഷേ ഞാൻ ശ്രദ്ധിച്ചതതല്ല, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പർ ഓരോ തവണ മാറ്റുമ്പോഴും അവളയാളോട് താങ്ക് യൂ പറയും. അയാൾ സ്വന്തം കുട്ടിയെ നോക്കാൻ സഹായിക്കുന്നതിനെ സ്വാഭാവികമായ കാര്യമായി കാണാൻ അവൾക്ക് കഴിഞ്ഞിരുന്നെങ്കിലോ?

വളർച്ചയുടെ വിവിധ ഘട്ടങ്ങളിലായി സ്വാംശീകരിച്ച ജെൻഡറിന്റെ പല അറിവുകളും ഞാൻ മനപ്പൂർവം തിരസ്കരിക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ ലിംഗഭേദത്തിലധിഷ്ഠിതമായ പ്രതീക്ഷികൾക്കു മുന്നിൽ ഞാൻ വല്ലാതെ ദുർബലയാവുന്നതായി തോന്നാറുണ്ട്.

ആദ്യമായി ഗ്രാജുവേറ്റ് സ്കൂളിൽ writing വർക്ക്ഷോപ്പിൽ പഠിപ്പിക്കുമ്പോൾ എനിക്ക് വല്ലാത്ത ആശങ്കയായിരുന്നു. പഠിപ്പിക്കുന്നതിനെക്കുറിച്ചല്ല, കാരണം ഞാൻ നല്ലതുപോലെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു, വിഷയം എനിക്ക് പ്രിയപ്പെട്ടതുമായിരുന്നു. പക്ഷേ എന്റെ ആശങ്ക എന്ത് വേഷം ധരിക്കുമെന്നതായിരുന്നു. എന്നെയവർ ഗൗരവത്തിലെടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചു.

പെണ്ണായതിനാൽ എന്റെ മൂല്യം ഞാൻ സ്വയം തെളിയിക്കേണ്ടി വരുമെന്ന് എനിക്കറിയാം. കൂടുതൽ സ്ത്രൈണത തോന്നിയാൽ അവരെന്നെ ഗൗരവത്തോടെ കാണില്ലെന്ന് ഞാൻ ഭയന്നു. തിളങ്ങുന്ന ലിപ്ഗ്ലോസും പ്രിയപ്പെട്ട സ്കേർട്ടുമിടാൻ ഞാൻ വളരെയധികം ആഗ്രഹിച്ചു, എന്നിട്ടും അതു വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. പൗരുഷവും ഗൗരവവും തോന്നിക്കുന്ന, വളരെ മാന്യമായ, അതേ സമയം കാണാൻ ഒരു ഭംഗിയുമില്ലാത്ത സ്യൂട്ട് ധരിച്ചു.

വേഷത്തിന്റെ കാര്യത്തിൽ നമ്മൾ പുരുഷന്മാരെ മാതൃകയാക്കി, അതിനെ മാനദണ്ഡമാക്കുന്നു എന്നതാണ് വേദനിപ്പിക്കുന്ന സത്യം. സ്ത്രൈണത ഏറ്റവും കുറവ് പ്രദര്ശിപ്പിക്കുമ്പോഴാണ് ആളുകൾ നമ്മളെ കൂടുതൽ ഗൗനിക്കുക എന്ന് നമ്മൾ പലരും കരുതുന്നു. ബിസിനസ്സ് മീറ്റിംഗിലേക്ക് പോകുന്ന പുരുഷൻ തന്റെ വസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി കിട്ടുന്ന വിലയെക്കുറിച്ച് ആശങ്കപ്പെടില്ല, സ്ത്രീ പക്ഷേ അത് ചെയ്യും.

അന്നാ വൃത്തികെട്ട സ്യൂട്ട് ധരിക്കാതിരുന്നെങ്കിലെന്ന് ഞാനിപ്പോൾ ആഗ്രഹിക്കുന്നു. എനിക്ക് ഞാനായിരിക്കാൻ ഇന്നുള്ള ആത്മവിശ്വാസം അന്നേയുണ്ടായിരുന്നെങ്കിൽ എന്റെ അധ്യാപനത്തിൽ നിന്ന് കുട്ടികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുമായിരുന്നു. കാരണം, എനിക്ക് കൂടുതൽ സ്വസ്ഥതയുണ്ടാവുമായിരുന്നു. ഞാൻ കൂടുതൽ പൂർണ്ണതയോടെ, സത്യസന്ധതയോടെ, ഞാനായിത്തന്നെയിരിക്കുമായിരുന്നു.

എന്റെ സ്ത്രീത്വത്തെയോർത്ത് apologetic ആവില്ലെന്നാണ് എന്റെ തീരുമാനം, എല്ലാ വിധത്തിലും സ്ത്രീയായിത്തന്നെ ബഹുമാനിക്കപ്പെടണമെന്നും. കാരണം ഞാനതർഹിക്കുന്നു. എനിക്ക് രാഷ്ട്രീയവും ചരിത്രവും ഇഷ്ടമാണ്, ആശയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളിലേർപ്പെടുമ്പോൾ എനിക്ക് ഒരുപാട് സന്തോഷവും കിട്ടുന്നു. ഞാനൊരു പെണ്ണാണ്. സന്തോഷത്തോടെ തന്നെ, ഞാനൊരു പെണ്ണാണ്. എനിക്ക് ഹൈ-ഹീലുകൾ ഇഷ്ടമമാണ്, ലിപ് സ്റ്റിക്കുകൾ ഉപയോഗിക്കാൻ ഇഷ്ട്ടമാണ്.

സ്ത്രീകളും പരുഷന്മാരും അഭിനന്ദിക്കുന്നത് എനിക്ക് വളരെ സന്തോഷം തരുന്ന കാര്യമാണ് (സത്യം പറയുകയാണെങ്കിൽ സ്റ്റൈലിഷായ സ്ത്രീകളുടെ അഭിനന്ദനങ്ങളാണ് ഞാൻ കൂടുതൽ ആഗ്രഹിക്കുന്നത്), എന്നിട്ടും ഞാൻ മിക്കപ്പോഴും പുരുഷന്മാർ ഇഷ്ടപ്പെടാത്തതോ അവർക്ക് ‘മനസിലാവാത്തതോ ആയ വസ്ത്രങ്ങൾ ധരിക്കും. കാരണം എനിക്കവ ഇഷ്ടമാണ്, കാരണം അവയിൽ എനിക്കെന്നെത്തന്നെ നല്ലതായി തോന്നുന്നു. എന്റെ തിരഞ്ഞെടുപ്പുകളിൽ ‘male gaze’ പ്രസക്തമായാൽ അത് തികച്ചും ആകസ്മികം മാത്രമാണ്.

ജെൻഡറിനെക്കുറിച്ച് സംഭഷണം നടത്തുന്നത് അത്രയെളുപ്പമല്ല . അത് ആളുകളെ അസ്വസ്ഥരാക്കുന്നു, ചിലപ്പോൾ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാരും സ്ത്രീകളും ജെൻഡറിനെക്കുറിച്ചുള്ള വർത്തമാനങ്ങൾ ചെറുക്കുന്നു, അല്ലെങ്കിൽ ജെൻഡറിൽ അധിഷ്ഠിതമായ പ്രശ്നങ്ങൾ തള്ളിക്കളയുന്നു. കാരണം, നിലവിലുള്ള വ്യവസ്ഥകൾ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഒരിക്കലുമത്ര എളുപ്പമുള്ള കാര്യമല്ല.

‘എന്തുകൊണ്ട് ഫെമിനിസ്റ്റ് എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നു? മനുഷ്യാവകാശത്തിൽ വിശ്വസിക്കുന്നവരെന്നോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റെന്തെങ്കിലും എന്തുകൊണ്ട് പറഞ്ഞൂടാ?' എന്നു ചിലർ ചോദിക്കും. ഉത്തരമിതാണ്, അങ്ങനെ പറയുന്നത് ഒരു വലിയ നുണയായിരിക്കും. ഫെമിനിസം തീർച്ചയായും മനുഷ്യാവകാശത്തിന്റെ ഭാഗമാണ്, പക്ഷേ 'മനുഷ്യാവകാശം' എന്ന അവ്യക്തമായ പദം തിരഞ്ഞെടുക്കുകയെന്നാൽ ജെൻഡറിന്റെ നിർദ്ദിഷ്ടമായ ചില പ്രത്യേക പ്രശ്നങ്ങൾ നിരാകരിക്കുക എന്ന് കൂടെയാണ് അർത്ഥം. നൂറ്റാണ്ടുകളായി സ്ത്രീകൾ എവിടെയും ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് നടിക്കുന്നതിനുള്ള മാർഗ്ഗമാവും അത്. ജെൻഡർ പ്രശ്നങ്ങൾ സ്ത്രീകളെയാണ് ലക്ഷ്യമിടുന്നതെന്ന് നിഷേധിക്കുന്നതിനുള്ള മാർഗ്ഗമാവും അത്, മനുഷ്യനായിരിക്കുക എന്നതായിരുന്നില്ല, മനുഷ്യസ്ത്രീയായിരിക്കുക എന്നതായിരുന്നു യഥാർത്ഥ പ്രശ്നമെന്നത് നിരാകരിക്കുന്നതിനും. നൂറ്റാണ്ടുകളായി ലോകം മനുഷ്യരെ രണ്ട് വർഗ്ഗങ്ങളായി തരംതിരിച്ചു, എന്നിട്ട് ഒരു വർഗത്തെ ഒഴിവാക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ഈ പ്രശ്നത്തിനുള്ള പരിഹാരം ന്യായമായും ഈ വസ്തുതകളെയൊക്കെ അംഗീകരിക്കണം.

ചില പുരുഷന്മാരെ ഫെമിനിസം എന്ന ആശയം ഭയപ്പെടുത്തുന്നു. ആൺകുട്ടികളെ വളർത്തുന്നതിൽ നിന്നുണ്ടാവുന്ന അരക്ഷിതാവസ്ഥയിൽ നിന്നാണ് ഞാൻഇത് ഉരുത്തിരിയുന്നതെന്ന് എനിക്ക് തോന്നുന്നു, പുരുഷനെന്ന നിലയിൽ ‘സ്വാഭാവികമായ’ ആധിപത്യമില്ലെങ്കിൽ അവരുടെ വിലയിടിയും എന്ന് തോന്നിപ്പിക്കുന്ന അരക്ഷിതാവസ്ഥ.

‘കേൾക്കാൻ രസമുണ്ട്. പക്ഷേ ഞാനങ്ങനെ വിചാരിക്കുന്നേയില്ല. ഞാൻ ജെൻഡറിനെക്കുറിച്ച് ആലോചിക്കാറുപോലുമില്ല' എന്നാവും മറ്റ് ചില പുരുഷന്മാരുടെ പ്രതികരണം.

ഒരുപക്ഷേ ശരിയാവാം.

ഇതും പ്രശ്നത്തിന്റെ ഭാഗമാണ്. പല പുരുഷന്മാരും ജെൻഡറിനെക്കുറിച്ച് സജീവമായി ചിന്തിക്കുകയോ ജെൻഡർ എന്നത് ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല.

മുൻ‌കാലങ്ങളിൽ കാര്യങ്ങൾ മോശമായിരുന്നിരിക്കാം, പക്ഷേ ഇപ്പോളെല്ലാം നന്നായിയെന്ന് എന്റെ സുഹൃത്ത് ലൂയിസ് പറഞ്ഞത് പോലെ പല ആണുങ്ങളും പറയും.

നിലവിലുള്ള സ്ഥിഗതികൾക്ക് മാറ്റം വരുത്താൻ പല പുരുഷന്മാരും ഒന്നും ചെയ്യുന്നില്ല. നിങ്ങൾ പുരുഷനാണെങ്കിൽ, ഒരു റെസ്റ്റോറന്റിലേക്ക് നടക്കുന്നു കയറിയെങ്കിൽ, വെയിറ്റർ നിങ്ങളെ മാത്രം അഭിവാദ്യം ചെയ്തെങ്കിൽ ‘എന്തുകൊണ്ടാണ് നിങ്ങൾ അവളെ അഭിവാദ്യം ചെയ്യാത്തത്?’ എന്ന് അയാളോട് ചോദിക്കണമെന്ന് നിങ്ങൾക്ക് തോന്നുമോ? പ്രത്യക്ഷത്തിൽ ചെറുതെന്നു തോന്നുന്ന ഇത്തരം സാഹചര്യങ്ങളിളെല്ലാം ആണുങ്ങൾ സംസാരിക്കേണ്ടതുണ്ട്.

ജെൻഡർ അസുഖകരമായ വിഷയമായതിനാൽ, ആളുകൾക്ക് അതിനെക്കുറിച്ചുള്ള സംഭാഷണം അവസാനിപ്പിക്കാൻ എളുപ്പത്തിൽ സാധിക്കും. ചില ആളുകൾ പരിണാമശാസ്ത്രത്തിൽ നിന്ന് കുരങ്ങുകളെയും കൊണ്ടുവരും, പെൺകുരങ്ങുകൾ എങ്ങനെ ആൺകുരങ്ങുകളെ താണുവണങ്ങുന്നുവെന്നും മറ്റും. പക്ഷേ, നമ്മൾ കുരങ്ങന്മാരല്ല. കുരങ്ങുകൾ മരത്തിൽ താമസിച്ച് മണ്ണിരയെ തിന്നുന്നവരാണ്, നമ്മളങ്ങനെ ചെയ്യാറില്ല.

ചിലർ പറയും ‘പണക്കാരല്ലാത്ത ആണുങ്ങൾക്കും ബുദ്ധിമുട്ടുകളുണ്ട്’. അത് സത്യവുമാണ്.

എന്നാൽ നമ്മൾ സംസാരിക്കുന്നത് അതിനെക്കുറിച്ചല്ല. ജെൻഡറും ക്ലാസും രണ്ടു വ്യത്യസ്ത സംഭവങ്ങളാണ്. സമ്പന്നനായിരിക്കുന്നതിന്റെ പ്രത്യേകാനുകൂല്യങ്ങൾ ഒന്നുമില്ലെങ്കിൽക്കൂടെയും ആണായിരിക്കുന്നതിന്റെ ആനുകൂല്യങ്ങൾ അവർക്കുണ്ട്. അടിച്ചമർത്തലിനായി നിലവിലുള്ള പല സംവിധാനങ്ങളെക്കുറിച്ചും ഇവയോരോന്നും പരസ്പരം എങ്ങനെ കണ്ടില്ലെന്നു നടിക്കുന്നു എന്നതിനെക്കുറിച്ചും ചില കറുത്ത വർഗ്ഗക്കാരുമായുള്ള സംസാരത്തിൽ നിന്നും ഞാൻ ഒരുപാട് തവണ മനസ്സിലാക്കിയിട്ടുണ്ട്.

ജെൻഡറിനെക്കുറിച്ചുള്ള സംഭാഷണത്തിനിടയിൽ ഒരു പുരുഷൻ എന്നോട് ചോദിച്ചു, ‘എന്തുകൊണ്ട് നിങ്ങളെ ഞാനൊരു സ്ത്രീയായിത്തന്നെ കാണണം? എന്തുകൊണ്ട് മനുഷ്യജീവിയായി കണ്ടുകൂടാ? ’

ഒരു വ്യക്തിയുടെ പ്രത്യേക അനുഭവങ്ങളെ നിശബ്ദമാക്കുന്നതിനുള്ള നല്ലൊരു മാർഗമാണ് ഇത്തരം ചോദ്യം. തീർച്ചയായും ഞാനൊരു മനുഷ്യജീവിയാണ്, പക്ഷേ സ്ത്രീയായതുകൊണ്ടു മാത്രം എനിക്ക് സംഭവിക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതേയാൾ തന്നെ കറുത്ത മനുഷ്യനെന്ന നിലയിലുള്ള തന്റെ അനുഭവത്തെക്കുറിച്ച് എന്നോട് പലപ്പോഴും സംസാരിക്കുമായിരുന്നു. (‘എന്തുകൊണ്ട് ആണെന്ന നിലയിലോ മനുഷ്യനെന്ന നിങ്ങളുടെ അനുഭവങ്ങൾ പറഞ്ഞുകൂടാ? എന്തുകൊണ്ട് ഇതൊക്കെ കറുത്ത മനുഷ്യന്റെ അനുഭവങ്ങളായി പറയുന്നു?’ എന്ന് ഞാൻ അന്നേ ചോദിക്കേണ്ടതായിരുന്നു.)

ഒന്നെടുത്ത് പറയട്ടെ, നമ്മൾ സംസാരിക്കുന്നത് ജെൻഡറിനെക്കുറിച്ചാണ്. ചില ആളുകൾ പറയാറുണ്ട് 'പക്ഷേ സ്ത്രീകളുടെ പക്കൽ യഥാർത്ഥ അധികാരമുണ്ടല്ലോ, bottom power’ (സ്ത്രീ തന്റെ ലൈംഗികത ഉപയോഗിച്ച് കാര്യങ്ങൾ നേടിയെടുക്കുന്നതിനെക്കുറിക്കുന്ന നൈജീരിയൻ പദപ്രയോഗമാണിത്.) എന്നാൽ ഈ bottom power അധികാരമേ അല്ല, കാരണം അങ്ങനെയുള്ള സ്ത്രീകൾക്കുള്ളത് അധികാരമല്ല, മറിച്ച് അധികാരമുള്ള ഒരുവന്റെ അധികാരത്തിലേക്ക് കടന്നുകൂടാനുള്ള വഴി മാത്രമാണ്. അങ്ങനെ പോകുന്ന സമയത്ത് അയാൾ മോശം മൂഡിലോ, രോഗഗാവസ്ഥയിലോ, അല്ലെങ്കിൽ താൽക്കാലികമായ വന്ധ്യതയിലോ ആണെങ്കിൽ എന്താവും അവസ്ഥ?

സ്ത്രീ പുരുഷന് കീഴ്‌പെടുന്നതിന് കാരണം നമ്മുടെ സംസ്കാരമാണെന്ന് ചിലർ പറയും. എന്നാൽ സംസ്കാരം എന്നത് നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമാവുന്ന സംഗതിയാണ്. എനിക്ക് പതിനഞ്ചു വയസ്സുള്ള രണ്ടു മരുമക്കളുണ്ട്, സുന്ദരികളായ ഇരട്ടകൾ. അവർ ജനിച്ചത് നൂറുവർഷം മുന്നെയായിരുന്നെങ്കിൽ അവരെ കൊണ്ടുപോയി കൊന്നു കളഞ്ഞേനെ. കാരണം, നൂറു വർഷം മുമ്പ് ഇഗ്ബോ സംസ്കാരത്തിൽ ഇരട്ടകൾ ദുശ്ശകുനമായിരുന്നു. ഇന്നാവട്ടെ, ആ ദുരാചാരം ഇഗ്ബോ ആളുകൾക്കു സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

സംസ്കാരത്തിന്റെ പ്രസക്തിയെന്താണ്? സംസ്കാരം ആത്യന്തികമായി ഒരു ജനതയുടെ സംരക്ഷണവും തുടർച്ചയും ഉറപ്പാക്കുന്നു.

ഞങ്ങൾ‌ ആരാണെന്ന കഥയറിയാൻ, പൂർവികരുടെ സ്ഥലങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചുമറിയാൻ, എന്റെ വീട്ടിൽ ഏറ്റവും കൂടുതൽ‌ താൽ‌പ്പര്യമുള്ള കുട്ടി ഞാനാണ്. എന്റെ സഹോദരന്മാർക്കതിലൊന്നും എന്റെയത്ര താൽപ്പര്യമില്ല. പക്ഷേ, പ്രധാനമായ തീരുമാനങ്ങളെടുക്കുന്ന കുടുംബസംഗമങ്ങളിലൊന്നും എനിക്ക് പങ്കെടുക്കാൻ സാധിക്കില്ല, കാരണം അതിൽ പുരുഷന്മാരെ മാത്രം പങ്കെടുപ്പിക്കാനേ ഇഗ്ബോ സംസ്കാരം അനുവദിക്കുന്നുള്ളൂ. അപ്പോൾ, ഇക്കാര്യങ്ങളിൽ ഏറ്റവും താൽപ്പര്യമുള്ളത് ഞാനാണെങ്കിലും എനിക്കവയിൽ പങ്കെടുക്കാൻ കഴിയില്ല. എനിക്ക് ഔപചാരികമായ ഒരു തീരുമാനവും പറയാൻ കഴിയില്ല, കാരണം ഞാൻ സ്ത്രീയാണ്.

സംസ്കാരം ആളുകളെ സൃഷ്ടിക്കുന്നില്ല. ആളുകളാണ് സംസ്കാരം ഉണ്ടാക്കുന്നത്. സ്ത്രീകളെ പൂർണ്ണമനുഷ്യരായി കണക്കാക്കാൻ നമ്മുടെ സംസ്കാരങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നമുക്കതിനെ മാറ്റിയെഴുതാൻ കഴിയണം, കഴിയും.

എൻറെ സുഹൃത്ത് ഒകോലോമയെ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. സോസോലിസോവിലെ വിമാനാപകടത്തിൽ മരിച്ച അവനടക്കമുള്ള എല്ലാവർക്കും നിത്യശാന്തി ലഭിക്കട്ടെ, അവനെ സ്നേഹിക്കുന്നവർ എന്നുമവനെ ഓർക്കും. വർഷങ്ങൾക്കുമുമ്പ് എന്നെയവൻ ഫെമിനിസ്റ്റ് എന്ന് വിളിച്ചത് ശരിയായിരുന്നു. ഞാൻ ഒരു ഫെമിനിസ്റ്റാണ്.

വർഷങ്ങൾക്കുമുമ്പ് ഞാൻ നിഘണ്ടുവിൽ ആ വാക്ക് നോക്കിയപ്പോൾ, അതിൽ കണ്ടതിങ്ങനെയാണ്: ‘ഫെമിനിസ്റ്റ്: സ്ത്രീപുരുഷന്മാരുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സമത്വത്തിൽ വിശ്വസിക്കുന്ന വ്യക്തി’

കേട്ട കഥകൾ പ്രകാരം, എന്റെ മുത്തശ്ശി ഒരു ഫെമിനിസ്റ്റായിരുന്നു. അവർക്കിഷ്ടമില്ലാതെ വിവാഹം കഴിക്കേണ്ടിവന്നയാളുടെളുടെ വീട്ടിൽ നിന്നും അവർ ഓടിപ്പോയി, ഇഷ്ടമുള്ള ആളെ വിവാഹം കഴിച്ചു. പെണ്ണായിപ്പോയതുകൊണ്ടു മാത്രം തനിക്ക് സ്ഥലവും പ്രവേശനവും നഷ്ടപ്പെടുന്നതായി തോന്നുന്ന ഇടങ്ങളിലൊക്കെ അവർ തന്റെ നിരാസത്തിന്റെ, പ്രതിഷേധത്തിന്റെ സ്വരം പുറപ്പെടുവിച്ചു. അവർക്ക് ഫെമിനിസ്റ്റ് എന്ന വാക്ക് അറിയില്ലായിരുന്നു. അത് പക്ഷേ അവരെ ഫെമിനിസ്റ്റ് അല്ലാതാക്കുന്നില്ല. നമ്മളിൽ കൂടുതൽ പേരും ഈ വാക്ക് തിരിച്ചുപിടിക്കണം. ഞാനറിയുന്ന ഏറ്റവും നല്ല ഫെമിനിസ്റ്റ് എന്റെ സഹോദരൻ കെനെയാണ്. അവൻ ദയയുള്ള, സൗന്ദര്യമുള്ള, പൗരുഷമുള്ള ചെറുപ്പക്കാരനാണ്.

എന്റെ സ്വന്തം നിർവചനത്തിൽ ഒരു ഫെമിനിസ്റ്റെന്നാൽ ‘ഇന്നത്തെ സാഹചര്യത്തിൽ ലിംഗാധിഷ്ഠിതമായ വിവേചനത്തിന്റെ പ്രശ്നമുണ്ട്. നമ്മളത് ശരിയാക്കണം. നാം ഇനിയും മെച്ചപ്പെടണം' എന്ന് പറയുന്ന ഒരു പുരുഷനോ സ്ത്രീയോ ആണ്.

നമ്മളെല്ലാവരും, സ്ത്രീകളും പുരുഷന്മാരും, ഇനിയും മെച്ചപ്പെടണം.

Related Stories

No stories found.
logo
The Cue
www.thecue.in