പ്രിയ ക്വാഡന്‍,ഇനി ആ മിഴികള്‍ നിറയരുത്, എപ്പോഴും പുഞ്ചിരിച്ചുകൊണ്ടേയിരിക്കൂ  

പ്രിയ ക്വാഡന്‍,ഇനി ആ മിഴികള്‍ നിറയരുത്, എപ്പോഴും പുഞ്ചിരിച്ചുകൊണ്ടേയിരിക്കൂ  

Summary

ഉയരക്കുറവിനെ നിരന്തരം പരിഹസിക്കുന്ന സഹപാഠികളെക്കുറിച്ച് അമ്മയോട് പരാതിപ്പെട്ട് മരിക്കാന്‍ തോന്നുന്നുവെന്ന പറഞ്ഞ ക്വാഡന്‍ ബെയില്‍സിനെ ഹൃദയത്തോട് ചേര്‍ക്കുകയാണ് ലോകം. ക്വാഡനെക്കുറിച്ച്, നിരന്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്ന ക്വാഡനെ പോലുള്ള മനുഷ്യരെക്കുറിച്ച് സന്ദീപ് ദാസ് എഴുതിയത്.

''എന്നെയൊന്ന് കൊന്നു തരാമോ?ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയര്‍ തരൂ. ഞാന്‍ ജീവിതം അവസാനിപ്പിക്കാം....! ''

ക്വാഡന്‍ ബെയില്‍സ് എന്ന ഓസ്‌ട്രേലിയന്‍ ബാലന്‍ സ്വന്തം അമ്മയോട് കരഞ്ഞുപറഞ്ഞ വാക്കുകളാണിത്. ഉയരം കുറവായതിന്റെ പേരില്‍ സഹപാഠികള്‍ നിരന്തരം പരിഹസിച്ചപ്പോഴാണ് ആ ഒമ്പതുവയസ്സുകാരന് ജീവിതം മടുത്തുപോയത്.ക്വാഡന്റെ അമ്മ ഈ സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചു. ഇപ്പോള്‍ ക്വാഡന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്.

ഭിന്നശേഷിക്കാരോടുള്ള പുച്ഛം ഒരു ആഗോളപ്രതിഭാസമാണെന്ന് തോന്നുന്നു. ഒരു മനുഷ്യന്റെ ശാരീരികാവസ്ഥകളെ കളിയാക്കുന്ന കാര്യത്തില്‍ മലയാളികള്‍ എന്തായാലും മുന്‍പന്തിയിലാണ്.

ബുള്ളിയിങ്ങിന്റെ 'സുഖം' എന്താണെന്ന് അനുഭവിച്ചിട്ടുള്ള ഒരാളാണ് ഈ ലേഖകന്‍. എന്റെ കണ്ണുകള്‍ക്ക് അല്പം വലിപ്പം കൂടുതലായിരുന്നു. വഴിയേ പോകുന്നവര്‍ മുഴുവന്‍ 'ഉണ്ടക്കണ്ണാ' എന്ന് പരിഹാസപൂര്‍വ്വം വിളിക്കുമായിരുന്നു.''നിന്റെ കണ്ണിന് എന്തെങ്കിലും തകരാറുണ്ടോ? ' എന്ന് പഠിപ്പിച്ച ടീച്ചര്‍ മുഖത്തുനോക്കി ചോദിച്ചിട്ടുണ്ട്. അതെല്ലാം കേള്‍ക്കുമ്പോള്‍ വലിയ സങ്കടവും നിരാശയും തോന്നുമായിരുന്നു.ആരും കാണാതെ പലതവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്.

ഇതുപോലുള്ള അനുഭവങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാവും. ഇരുണ്ട നിറമുള്ളവരെ 'കരിഞ്ഞവന്‍' എന്നൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്. മെലിഞ്ഞയാള്‍ കൊടക്കമ്പിയാണ്. തടിച്ച ശരീരപ്രകൃതിയുള്ളവര്‍ ഹിപ്പൊപ്പൊട്ടാമസും !

ഉയരം കുറവാണെങ്കില്‍ കുള്ളനായി. പൊക്കം കൂടുതലാണെങ്കില്‍ തോട്ടിക്കോലും ! പല്ല് പൊങ്ങിയിട്ടുണ്ടെങ്കില്‍ 'ദന്തഗോപുരം' എന്ന ഓമനപ്പേര് ചാര്‍ത്തിക്കിട്ടും. കാഴ്ച്ചശക്തിയില്ലാത്തവരെ 'കണ്ണുപൊട്ടന്‍' എന്ന് വിളിക്കുന്നവരുണ്ട്. കാലിന് സ്വാധീനം കുറവാണെങ്കില്‍ അയാള്‍ ചട്ടുകാലനായി. ഓട്ടിസമുള്ള കുട്ടികള്‍ പൊതുസമൂഹത്തിന്റെ കാഴ്ച്ചയില്‍ മന്ദബുദ്ധികളാണ്. മനസ്സിന്റെ താളം തെറ്റിയ സാധുമനുഷ്യര്‍ നമുക്ക് വട്ടന്‍മാരും കിറുക്കന്‍മാരും ഒക്കെയാണ് !

പുരുഷന്റെ ശബ്ദത്തിന് ഗാംഭീര്യം കുറവാണെങ്കില്‍ അയാളുടെ 'ആണത്തം' ചോദ്യം ചെയ്യപ്പെടും. സ്ത്രീകളുടെ സ്വരം പരുക്കനാണെങ്കില്‍ അവര്‍ക്ക് 'ഉത്തമസ്ത്രീ' പട്ടം നഷ്ടമാകും!

ഇനിയും ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.ഒരാളുടെ ശാരീരികാവസ്ഥകള്‍ അയാളുടെ തിരഞ്ഞെടുപ്പല്ല എന്ന അടിസ്ഥാനകാര്യം പോലും നമുക്കിതുവരെ മനസ്സിലായിട്ടില്ല.

നിങ്ങള്‍ പൂര്‍ണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയാണെങ്കില്‍,അത് നിങ്ങളുടെ കഴിവല്ല.അതില്‍ അഭിമാനിക്കാനോ അഹങ്കരിക്കാനോ ഉള്ള വകുപ്പില്ല.ഒരാള്‍ വ്യത്യസ്തമായ കഴിവുകളുമായി ജനിച്ചുവീണാല്‍ അത് അയാളുടെ തെറ്റല്ല.അത്രയേറെ ലളിതമാണ് കാര്യങ്ങള്‍.

സമൂഹം പരിഹസിച്ച പലരും ലോകം കീഴടക്കിയ കഥകള്‍ നമുക്കറിയാമല്ലോ.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാനായ ശാസ്ത്രജ്ഞനെ ചില അദ്ധ്യാപകരും സഹപാഠികളും 'മന്ദബുദ്ധി' എന്ന് മുദ്രകുത്തിയിരുന്നു.

കാഴ്ച്ചശക്തിയില്ലാത്തവര്‍ക്കുവേണ്ടി ബ്രെയ്‌ലി ലിപി വികസിപ്പിച്ചെടുത്തത് അന്ധനായിരുന്ന ലൂയി ബ്രെയ്‌ലിയാണ്.

ബീഥോവന്‍ എന്ന ലോകപ്രശസ്തനായ സംഗീതജ്ഞന് കേള്‍വിശക്തിയില്ലായിരുന്നു.

ന്യൂസീലാന്‍ഡിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനും തീപ്പൊരി ഫീല്‍ഡറുമായ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ഇടതുകാലില്‍ രണ്ടുവിരലുകള്‍ മാത്രമേയുള്ളൂ.വില്ലന്‍ചുമയുമായി ജനിച്ചുവീണ ഷോയബ് അക്തറാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്.ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറായിരുന്ന റൊണാള്‍ഡോയുടെ പല്ലുകള്‍ പൊന്തിയിട്ടായിരുന്നു.

തനിക്കുണ്ടായിരുന്ന മാനസിക വിഭ്രാന്തികളെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ തുറന്നെഴുതിയിട്ടുണ്ട്.ഉയരക്കുറവിനെ തോല്‍പ്പിച്ച് ഉയരങ്ങള്‍ കീഴടക്കിയ ആളാണ് ഗിന്നസ് പക്രു എന്ന അജയന്‍.സ്റ്റേറ്റ് അവാര്‍ഡ് വരെ നേടിയ ഇന്ദ്രന്‍സ് 'കൊടക്കമ്പി' എന്ന വിളി ഒരുപാട് കേട്ടിട്ടുള്ളതാണ്.

ഈ പ്രതിഭകളൊക്കെ എത്രമാത്രം കുത്തുവാക്കുകള്‍ സഹിച്ചിട്ടുണ്ടാവും!? പക്ഷേ അവരെല്ലാം ലോകപ്രശസ്തരായി.അവരെ നോവിച്ചവരൊക്കെ ആരാലും അറിയപ്പെടാതെ കാലം കഴിക്കുകയും ചെയ്യും.ഇതാണ് വ്യത്യാസം.

ക്വാഡന്‍ എന്ന ബാലനോടുള്ള സ്‌നേഹം ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.ആ പാവം കുട്ടിയെ നിര്‍ദ്ദയം പരിഹസിച്ച സഹപാഠികള്‍ അതോടെ അപ്രസക്തരായില്ലേ?

എല്ലാ ഭിന്നശേഷിക്കാരും മഹാപ്രതിഭകളാകണമെന്നില്ല.സാധാരണക്കാര്‍ക്കുകൂടി അവകാശപ്പെട്ടതാണ് ഈ ലോകം.എല്ലാവര്‍ക്കും ഇവിടെ മനഃസമാധാനത്തോടെ ജീവിക്കാന്‍ സാധിക്കണം.അങ്ങനെയൊരു സംസ്‌കാരമാണ് വളര്‍ന്നുവരേണ്ടത്.

വയോധികരെ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്താന്‍ അല്പം പ്രയാസമായിരിക്കും.അവരെ അവഗണിക്കാം.പക്ഷേ ബുള്ളിയിംഗ് ഒഴിവാക്കാന്‍ നമുക്ക് സാധിക്കും.നമ്മുടെ മക്കള്‍ക്കും ഈ പാഠം പകര്‍ന്നുനല്‍കാം.അപ്പോള്‍ ഈ ലോകം അതീവ സുന്ദരമാകും.

പ്രിയ ക്വാഡന്‍,ഇനി ആ മിഴികള്‍ നിറയരുത്.എപ്പോഴും പുഞ്ചിരിച്ചുകൊണ്ടേയിരിക്കൂ...

Related Stories

No stories found.
logo
The Cue
www.thecue.in