കാന്‍സര്‍ ദിനവും ചക്കയും പിന്നെ മനോരമയും

കാന്‍സര്‍ ദിനവും ചക്കയും പിന്നെ മനോരമയും

ഇന്ന് (Feb 4) ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നു, കാന്‍സെറിനെതിരെ അവബോധം വളര്‍ത്താനും, പ്രതിരോധിക്കാനും, കണ്ടെത്തി നേരത്തേ ശരിയായ ചികിത്സ നല്‍കാനുമൊക്കെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനാണീ ദിനാചരണം. മനോരമ പ്രത്രത്തിന്റെ മുന്‍ പേജില്‍ കാന്‍സര്‍ ദിനത്തില്‍ വന്ന 'വാര്‍ത്ത' പല കാരണങ്ങളാല്‍ നിരാശാജനകവും, അപലപനീയവുമാണ്.

കാന്‍സര്‍ അവബോധനത്തിന് പകരം, ഒരു അത്ഭുത പ്രതിവിധി കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്ന വിധം 'ചക്ക മാഹാത്മ്യം' സെന്‍സേഷണലൈസ് ചെയ്ത് അവതരിപ്പിക്കുകയാണ് മനോരമ ചെയ്തത്. തലക്കെട്ടും, ഹൈലൈറ്റും തൊട്ട് അതിശയോക്തിയും, അവാസ്തവങ്ങളുമൊക്കെയാണ് നിരത്തിയിരിക്കുന്നതെന്നത് ഖേദകമാണ്. ഇതില്‍ തെറ്റിദ്ധരിക്കപ്പെട്ട് ക്യാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും പച്ചച്ചക്ക ഉത്തമം എന്ന നിലയില്‍ ലളിതവല്‍ക്കരിക്കാനിടയുണ്ട്, പ്രത്യേകിച്ച് ഇത്തരം സംഗതികള്‍ കാല്‍പ്പനികവല്‍ക്കരിക്കുകയും മാര്‍ക്കറ്റു ചെയ്യുകയും ചെയ്യുന്ന ഒരു കൂട്ടര്‍ സമൂഹത്തിലുള്ളതിനാല്‍. പലരും ജാഗ്രത പാലിക്കാതിരിക്കുകയോ, അശാസ്ത്രീയ രീതികള്‍ അവലംബിക്കുകയോ ചെയ്യുന്നതിലേക്ക് ഇത് നയിച്ചേക്കും.

'പച്ചച്ചക്ക കാന്‍സര്‍ രോഗികളില്‍ *കീമോ പ്രശ്‌നങ്ങള്‍* പരിഹരിച്ചതായി പഠനം.' എന്നതാണ് ഹൈലൈറ്റ് . ലേഖനത്തിന്റെ ആദ്യവാചകം തന്നെ 'കീമോ ചികിത്സയുടെ വേദനാജനകമായ പാര്‍ശ്വഫലങ്ങള്‍ക്ക് ചക്കയിലൂടെ മോചനം' എന്ന് അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിരിക്കയാണ്.തുടര്‍ന്ന് പറയുന്നു, കീമോതെറാപ്പി മൂലം വരുന്ന കടുത്ത ക്ഷീണം, വയറിളക്കം, ന്യുമോണിയ, വായിലെ വ്രണം എന്നീ പാര്‍ശ്വഫലങ്ങള്‍ പച്ച ച്ചക്ക പൊടിച്ച് നല്‍കിയാല്‍ 'വരുന്നില്ല' എന്ന് പഠനം കണ്ടെത്തിയെന്ന്. കേവലം ഒരു പഠനത്തെ മുന്‍നിര്‍ത്തി മാത്രം ഒരു ശാസ്ത്രീയ ബ്രേക്ക് ത്രൂ എന്നൊക്കെ അവതരിപ്പിക്കുന്ന സെന്‍സേഷണലിസം അവിടെ നില്‍ക്കട്ടെ. അതിനും മുന്‍പ് പ്രസ്തുത പഠനമിങ്ങനെ അവകാശപ്പെടുന്നുണ്ടോ എന്ന് നോക്കാം.

കാന്‍സര്‍ ദിനവും ചക്കയും പിന്നെ മനോരമയും
‘ആഹാരത്തിന് മുമ്പും പ്രാഥമികകൃത്യത്തിന് ശേഷവും കൈകഴുകാന്‍ മലയാളിക്ക് മടി’; ദേശീയ സര്‍വേയില്‍ കേരളം 11ആം സ്ഥാനത്ത്
തികച്ചും അവാസ്തവമാണിത്, പ്രസ്തുത പഠനം ആര്‍ക്കും വായിച്ച് നോക്കാം. കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഈ പഠനത്തില്‍ ഒരേ ഒരു പാര്‍ശ്വഫലം മാത്രമാണ് പഠനവിധേയമാക്കിയത്. കീമോതെറാപ്പിക്ക് വിധേയമാവുന്ന രോഗികളില്‍ ഉണ്ടാവുന്ന ശ്വേതരക്താണുക്കളിലെ കുറവ് പരിഹരിക്കാന്‍ പച്ച ചക്കയ്ക്ക് കഴിയുമോ എന്ന് മാത്രം. വാര്‍ത്തയില്‍ പറയുന്ന മറ്റ് പാര്‍ശ്വഫലങ്ങളില്‍ ചക്കയ്ക്ക് പരിഹാരം നല്‍കാനാവുമോയെന്ന് പഠനവിധേയമാക്കിയിട്ടേ ഇല്ല എന്ന് ചുരുക്കം.

ശാസ്ത്രീയ പഠനങ്ങളുടെ / കണ്ടുപിടുത്തങ്ങളുടെ പ്രസക്തി വിലയിരുത്തുന്നത് ശാസ്ത്ര സമൂഹമാണ്. കണ്ടുപിടുത്തങ്ങള്‍ അമിത പ്രാധാന്യത്തോടെ മീഡിയയുടെ മുന്നില്‍ അവതരിപ്പിക്കുന്ന രീതി അത്രയ്ക്ക് ശാസ്ത്രീയ സമീപനമല്ല എന്ന് പറയേണ്ടിയിരിക്കുന്നു.

50 രോഗികളില്‍ നടത്തിയ ഈ പഠനത്തിന്റെ ശാസ്ത്രീയത, ഉപയോഗയുക്തമാക്കിയ മെത്തേഡോളജിയുടെ സാങ്കേതിക മികവ്, പുനരാവര്‍ത്തിച്ചാല്‍ സമാന റിസള്‍ട്ട് കിട്ടാനുള്ള സാധ്യത, ബയസുകളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന ഇവയെല്ലാം ശാസ്ത്ര സമൂഹത്തില്‍ നിന്നുള്ള വിദഗ്ദ്ധരാണ് വിലയിരുത്തേണ്ടത്.

അതിന്റെ ഭാഗമാണ് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുന്നതും, ശാസ്ത്ര സെമിനാറുകളില്‍ അവതരിപ്പിക്കുന്നതുമൊക്കെ. ജേര്‍ണലുകളുടെയും സെമിനാറുകളുടെയും നിലവാരത്തിന് അനുശ്രുതമായിട്ടായിരിക്കും അവിടെ ഈ വിഷയം വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടുക എന്നതും ഓര്‍ക്കേണ്ടതാണ്.

ഈ പഠനം പ്രസിദ്ധീകരിച്ച ജേര്‍ണല്‍ പേയ്ഡ് ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കുന്നു. അത്തരം രീതി നിലവിലുണ്ട്. ഈ വിവരം സുതാര്യമാക്കുന്നെങ്കില്‍ അതില്‍ അധാര്‍മ്മികത കാണാന്‍ കഴിയില്ല എന്ന് വേണമെങ്കില്‍ പറയാം. ശാസ്ത്രീയ പഠനങ്ങള്‍ ഏറ്റവും സുതാര്യമാവണം എന്നാണ് വെപ്പ്, ആയതിനാല്‍ conflict of interest അഥവാ പഠനം നടത്തുന്നവര്‍ക്ക് ഇതില്‍ പ്രത്യേക താല്‍പ്പര്യങ്ങള്‍ വിഷയ സംബന്ധമായി ഉണ്ടോ എന്ന് വെളിപ്പെടുത്തണം എന്നതാണ് പൊതു രീതി. ഈ പഠനത്തില്‍ അങ്ങനെ ഒന്നുണ്ട് അത് വെളിപ്പെടുത്തിയിട്ടുമുണ്ട് ( നല്ല കാര്യം), എന്നാല്‍ മനോരമ ലേഖനത്തില്‍ അത് വെളിപ്പെടുത്താത്തത് വിട്ടു പോയതാവും എന്ന് കരുതി വായനക്കാര്‍ ക്ഷമിക്കുമല്ലോ.

കാന്‍സര്‍ ദിനവും ചക്കയും പിന്നെ മനോരമയും
കേരളം നമ്പര്‍ വണ്‍; പോഷകാഹാര സര്‍വേയില്‍ ദേശീയ ശരാശരിയേക്കാള്‍ അഞ്ചിരട്ടി മുന്നില്‍ 
ചക്ക കൊണ്ട് പ്രമേഹം കുറയ്ക്കുമെന്ന് മുന്‍പ് കണ്ടെത്തിയെന്ന് ലേഖനത്തില്‍ പ്രതിപാദിക്കുന്ന ശ്രീ ജയിംസ് ജോസഫിനെ ലേഖകന്‍ അവതരിപ്പിക്കുന്നത് മൈക്രോസോഫ്റ്റിന്റെ മുന്‍ ഡയറക്ടര്‍ കൂടി ആണെന്നാണ്. നിലവില്‍ അദ്ദേഹത്തിന്റെ വ്യവസായം എന്താണെന്ന കാര്യം പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ പഠനത്തില്‍ പറഞ്ഞിട്ടുണ്ട് ചക്ക ഉല്‍പ്പന്നങ്ങളുടെ ഒരു പ്രമുഖ കമ്പനി നടത്തുകയാണ് നിലവില്‍ അദ്ദേഹം.

ഇക്കാര്യങ്ങള്‍ സുതാര്യമാക്കുന്നിടത്തോളം അദ്ദേഹം പഠനം നടത്തുന്നതിലോ കണ്ടുപിടുത്തങ്ങള്‍ മുന്‍പോട്ട് വെക്കുന്നതിലോ ഒരു അധാര്‍മ്മികതയും ഇല്ല. എന്നാല്‍ വര്‍ഷങ്ങള്‍ മുന്‍പത്തെ അദ്ദേഹത്തിന്റെ ജോലി പ്രതിപാദിക്കുകയും, നിലവിലെ ചക്ക ഉത്പന്ന വ്യവസായം ലേഖകന്‍ മറന്നു പോവുകയും ചെയ്തത് അസ്വാഭാവികമായി തോന്നി. 2013 മുതല്‍ അദ്ദേഹം ആ വ്യവസായം നടത്തുന്നു. വാര്‍ത്ത വായിച്ചാല്‍ ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കും അദ്ദേഹം മെഡിക്കല്‍ മേഖലയിലുള്ള ശാസ്ത്രജ്ഞനാണെന്ന്!

ഇനി ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ കൂടി

1, ''കീമോയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാമെന്ന പ്രബന്ധത്തിന് അംഗീകാരം ' എന്ന് പറയുന്നു. എന്ത് അംഗീകാരമാണ് ലഭിച്ചത്?

2, ''സാന്‍ഡിയാഗോയിലെ അമേരിക്കന്‍ അസോ: ഫോര്‍ ക്യാന്‍സര്‍ റിസര്‍ച്ച് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കും'

ഈ സമ്മേളനത്തിലേക്കുള്ള പ്രബന്ധങ്ങള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിന്റെ അവസാന ദിവസം ജനുവരി 30 ആയിരുന്നു.( അയച്ചു കൊടുക്കുന്നതില്‍ നിന്ന് ചിലത് മാത്രമാവും സ്വീകരിക്കപ്പെടുക. )

സാധാരണ ഗതിയില്‍ ഇത്ര പെട്ടന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കില്ല. ഈ സമ്മേളനത്തില്‍ ഈ പഠനം അവതരിപ്പിക്കാനുള്ള ക്ഷണം കിട്ടിയതിന്റെ രേഖ പോലുള്ളവ കിട്ടുമോ?

3, ബയോമോളിക്യൂള്‍സ് എന്ന ജേര്‍ണലില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചത് പേയ്ഡ് വിഭാഗത്തിലാണോ?

4, ശ്രീ പി കിഷോര്‍ ശാസ്ത്ര ലേഖനം എഴുതി കണ്ടിട്ടില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ബിസിനസ്സ് ലേഖനങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ട്.

അവസാനമായി ഒരു സംശയം, നമ്മുടെ എല്ലാം പ്രിയപ്പെട്ട ചക്കയെ കുറിച്ചുള്ള ഈ ലേഖനം ചക്ക ഫെസ്റ്റ് ദിനത്തിലോ, ചക്ക വ്യവസായം പരിപോഷിപ്പിക്കുന്ന ദിനത്തിലോ പ്രസിദ്ധീകരിക്കാന്‍ വച്ചിരുന്നതാണോ? അബദ്ധത്തില്‍ ക്യാന്‍സര്‍ ദിനത്തില്‍ പ്രസിദ്ധീകരിച്ചതാണോ?

മാധ്യമപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും തമ്മില്‍ സാമ്യമുണ്ട് എന്ന് പറയാറുണ്ട്. ഇരുവരും സത്യം അന്വേഷിക്കുകയും അത് ലോകത്തെ അറിയിക്കുകയും ചെയ്യുന്നു. വഴിതെറ്റിക്കപ്പെടാതിരിക്കാന്‍ ഇരുവരും ഗണ്യമായ ഊര്‍ജ്ജം ചെലവഴിക്കുന്നു. വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഒരു അച്ചടക്കം ഇരുവരും വെച്ചു പുലര്‍ത്തുന്നു. തെളിവുകള്‍ ഏങ്ങോട്ട് നയിക്കുന്നുവോ മുന്‍വിധികള്‍ മാറ്റി വെച്ച് അങ്ങോട്ടേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ഇതൊക്കെയാണ് മാതൃകാപരമായ രീതി.

തെറ്റിദ്ധരിപ്പിക്കുന്ന പക്ഷപാതങ്ങള്‍ (ബയസുകള്‍) കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള വിശദമായ നടപടിക്രമങ്ങള്‍ നല്ല ശാസ്ത്രീയ പഠനങ്ങളുടെയും മാദ്ധ്യമ റിപ്പോര്‍ട്ടിങ്ങിന്റെയും അടിസ്ഥാനമാണ്. മാധ്യമ പ്രവര്‍ത്തകര്‍ ഉറവിടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍: (മുന്‍പ് വായിച്ചത് ഓര്‍മ്മയില്‍ നിന്ന്)

1, നിങ്ങളുടെ വിദഗ്ദ്ധന് അവരുടെ മേഖലയില്‍ പ്രസക്തമായ ഒരു ശാസ്ത്രീയ പശ്ചാത്തലം ഉണ്ടോ?

2. അവര്‍ ഗവേഷകരെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടോ? സജീവമായ ഒരു ഗവേഷണ കരിയര്‍ ഉള്ളവരാണോ ? സഹശാസ്ത്രജ്ഞര്‍ക്കിടയില്‍ അവരുടെ നിലയും വിലയും എന്താണ്?

3. വിദഗ്ദ്ധന്റെ വീക്ഷണങ്ങളെ അനാവശ്യമായി സ്വാധീനിച്ചേക്കാവുന്ന ഏതെങ്കിലും താല്‍പ്പര്യ വൈരുദ്ധ്യങ്ങളോ ബാഹ്യ ഓര്‍ഗനൈസേഷനുമായുള്ള ബന്ധമോ നിങ്ങള്‍ക്ക് കണ്ടെത്താനാകുമോ?

ഇതൊക്കെ ഈ ലേഖനത്തില്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് മനോരമയും വായനക്കാരും വിലയിരുത്തട്ടെ. ശാസ്ത്രീയമായ ഗവേഷണ രീതികളെക്കുറിച്ച് ഒരു ലേഖനം ഉടന്‍ ഇന്‍ഫോ ക്ലിനിക്കില്‍ പ്രസിദ്ധീകരിച്ചേക്കും വായിക്കണമെന്ന് അപേക്ഷ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in