Painting coutesy tom vattakuzhy
Painting coutesy tom vattakuzhy

ചരിത്രം അറിയാത്ത കുട്ടിക്ക് കിട്ടുന്ന അറിവ് ഗാന്ധിജി മരിച്ചു എന്നു മാത്രമായിരിക്കും

Summary

അടുത്ത തവണ ചിലപ്പോൾ ആത്മഹത്യ ചെയ്തത് എങ്ങിനെ എന്ന ചോദ്യത്തിന് കോടീശ്വരനിലെപ്പോലെ ഓപ്ഷനും കൊടുത്തേക്കാം.a) വിഷം കഴിച്ച്.b) കെട്ടിത്തൂങ്ങി.c) വെടിവെച്ച്.d) വണ്ടിക്ക് തല വെച്ച്..... അങ്ങിനെയാണ് ചരിത്രത്തെ കുഴിച്ചുമൂടി പുതിയ വ്യാജ ചരിത്രം നിർമ്മിക്കുക.

നാഥുറാം ഗോഡ്സേയുടെ തോക്ക് .അതിൽ ബാക്കി വന്ന തിരകൾ,ഗാന്ധിജി കൊല്ലപ്പെടുമ്പോൾ ധരിച്ച ചോര പുരണ്ട വസ്ത്രങ്ങൾ, വെടിയേറ്റ 5.12 ന് നിലച്ചുപോയ പഴയ ഇംഗർ സോൾ വാച്ച് എന്നിവയുടെയെല്ലാം ചിത്രങ്ങൾ ബിർളാ മന്ദിരത്തിലെ ഗാന്ധി സ്മൃതിയുടെ ചുവരുകളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അവിടെ ചുവരിൽ അവശേഷിക്കുന്ന ചിത്രങ്ങൾ ഗാന്ധിജിക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിൻ്റെയും വിലാപയാത്രയുടേയും മാത്രമത്രേ. അതായത് അവിടെപ്പോകുന്ന ചരിത്രം അറിയാത്ത കുട്ടിക്ക് കിട്ടുന്ന അറിവ് ഗാന്ധിജി മരിച്ചു എന്നു മാത്രമായിരിക്കും. കൊല്ലപ്പെട്ടുവെന്നോ കൊലയാളി ആരെന്നോ അറിയില്ല. ചുമരിൽ അവശേഷിക്കുന്നത് അർദ്ധ സത്യം മാത്രം.

ഏതാനും മാസം മുമ്പ് ഗാന്ധിജിയുടെ നാട്ടിലെ സ്കൂൾ പരീക്ഷാ പേപ്പറിൽ ആ അർദ്ധ സത്യവും ക്രൂരമായി വളച്ചൊടിക്കപ്പെട്ടത് ഓർക്കുന്നില്ലേ? ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ? !! ഗാന്ധിജി മരിച്ചു. ആരും കൊന്നില്ല. ആത്മഹത്യ ചെയ്തത് എങ്ങനെയെന്നേ അറിയാനുള്ളൂ. ആദ്യത്തെ തവണയായതുകൊണ്ട് വലിയ പ്രതിഷേധമുണ്ടായി. പല തവണ ആവർത്തിക്കുമ്പോൾ അതിനോട് പൊരുത്തപ്പെടും എന്നാണവർ കരുതുന്നത്.പെട്രോൾ വില വർദ്ധന എല്ലാ ദിവസവുമായപ്പോൾ പൊരുത്തപ്പെട്ട പോലെ. അടുത്ത തവണ ചിലപ്പോൾ ആത്മഹത്യ ചെയ്തത് എങ്ങിനെ എന്ന ചോദ്യത്തിന് കോടീശ്വരനിലെപ്പോലെ ഓപ്ഷനും കൊടുത്തേക്കാം.a) വിഷം കഴിച്ച്.b) കെട്ടിത്തൂങ്ങി.c) വെടിവെച്ച്.d) വണ്ടിക്ക് തല വെച്ച്..... അങ്ങിനെയാണ് ചരിത്രത്തെ കുഴിച്ചുമൂടി പുതിയ വ്യാജ ചരിത്രം നിർമ്മിക്കുക.

ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, ഗാന്ധി സ്മൃതിയിൽ പോയപ്പോൾ ചിത്രങ്ങൾ എവിടെ എന്ന് അന്വേഷിച്ചതിന് കിട്ടിയ മറുപടി, അവ ചുമരിൽ പ്രദർശിപ്പിക്കേണ്ട എന്നത് ' മുകളിൽ 'നിന്നുള്ള ഉത്തരവാണെന്ന് ആയിരുന്നത്രേ.. 'മുകളിൽ ° ഇരിക്കുന്നവർക്ക് ചോര പുരണ്ട ആ ചിത്രങ്ങളോടും ചരിത്രത്തോടും ഇത്രമേൽ ഈർഷ്യ തോന്നാൻ എന്തായിരിക്കും കാരണം? അതിന് 1948 ഫെബ്രുവരി 2 ന് സർദാർ വല്ലഭ ഭായി പട്ടേൽ പുറപ്പെടുവിച്ച കമ്യുണിക്കേ ഉത്തരം നൽകും.

"..... സംഘത്തിൻ്റെ എതിർക്കപ്പെടേണ്ടതും അപകടകരവുമായ പ്രവർത്തനങ്ങൾ അഭംഗുരം തുടരുകയും, സംഘം സ്പോൺസർ ചെയ്യുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹിംസയുടെ കപട മതം അനേകം ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലുണ്ടായതും ഏറ്റവും അമൂല്യവുമായ ഇര ഗാന്ധിജിയായിരുന്നു." ഇവിടെ " സംഘം " എന്നാൽ ഏതെങ്കിലും സഹകരണ സംഘത്തെക്കുറിച്ചല്ല എന്നോർക്കണം. ഏതാണ് സംഘം എന്നറിയാൻ പട്ടേലിൻ്റെ കമ്യുണിക്കേ വീണ്ടും വായിക്കുക

"നമ്മുടെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നതും സൽപ്പേരിന് കരിവാരിത്തേക്കുന്നതുമായ ഹിംസയുടേയും വിദ്വേഷത്തിൻ്റേയും ശക്തികളെ വേരോടെ പിഴുതെറിയാൻ ഇന്ത്യാ ഗവൺമെൻ്റ് രാഷ്ട്രീയ സ്വയംസേവക സംഘത്തെ ചീഫ് കമ്മീഷണറുടെ പ്രവിശ്യയിൽ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നു.ഗവർണ്ണറുടെ പ്രവിശ്യകളിലും സമാന നടപടി എടുക്കുന്നതാണ്."

അപ്പോൾ അതാണ് സംഘം.ആ സംഘം അതേ പണി ഇന്നും തുടരുന്നു.വിദ്വേഷ പ്രചരണം, ഹിംസ, രാജ്യത്തിൻ്റെ സ്വാതന്ത്ര്യം അപകടത്തിലാക്കുക, സൽപ്പേര് കളങ്കപ്പെടുത്തുക ....... എല്ലാം അഭംഗുരം ഇന്നും തുടരുന്നു. കൃഷ്ണവാര്യർ എഴുതിയ പോലെ അരി വാങ്ങാൻ ക്യൂവിൽ ത്തിക്കി നിൽപ്പൂ ഗാന്ധി അരികിൽ കൂറ്റൻ കാറിലേറി നീങ്ങുന്നു ഗോഡ്സേ : വെറും കാറിലല്ല. അധികാര ഗർവ്വിൻ കൊടി പാറുന്ന കാറിൽ.

പെയിന്റിംഗ് ടോം വട്ടക്കുഴി

Related Stories

No stories found.
logo
The Cue
www.thecue.in