അനുരാഗ് കശ്യപിന്റെ അര്‍ബന്‍ നാസി വിളിയുടെ രാഷ്ട്രീയാര്‍ത്ഥം 

അനുരാഗ് കശ്യപിന്റെ അര്‍ബന്‍ നാസി വിളിയുടെ രാഷ്ട്രീയാര്‍ത്ഥം 

നാസി സാഹചര്യത്തില്‍ കലയുടെ റോള്‍ എന്താണ്? നാസി ജര്‍മനിയില്‍ നിന്ന് രക്ഷപ്പെട്ട ഫ്രാങ്ക്ഫര്‍ട്ടുകാരനായ തിയോഡര്‍ അഡോണോ 1949 ല്‍ ഓഷ്വിറ്റ്‌സിനു ശേഷം കവിതയില്ല എന്നൊരു നിരീക്ഷണം അവതരിപ്പിക്കുകയുണ്ടായി. ഒരുപാടു ചര്‍ച്ച ചെയ്ത ഒരു ഉപന്യാസത്തിന്റെ ഭാഗമാണത്. ഒരു സമഗ്രാധിപത്യ നാസി സമൂഹത്തിന്റെ നിര്‍മാണം കവിതയെ, കലയെ, ആവിഷ്‌കാരത്തെ അസാധ്യമാക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

അനുരാഗ് കശ്യപ് അര്‍ബന്‍ നാസി എന്നു പറയുമ്പോള്‍ കലാകാരന്‍മാര്‍ നാസിസത്തെക്കുറിച്ച് എന്ത് പറയുന്നുവെന്ന ചര്‍ച്ച ധാരാളമായി നടക്കുന്നു. ഒടുവില്‍ കോഴിക്കോട്ടു നടന്ന 'ആര്‍ട്ട് അറ്റാക്കും' ഇത്തരമൊരു കലാപ്രതിരോധത്തെ ഉയര്‍ത്തി പിടിച്ചു. കലയും അക്രമവും തമ്മില്‍ നാസി കാലത്തുള്ള ബന്ധമെന്താണ്? ആധുനിക ലിബറല്‍ മുതലാളിത്ത ജനാധിപത്യ രാഷ്ട്രീയ സമൂഹത്തില്‍ വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും രണ്ടു സുപ്രധാന ഇടങ്ങളാണുള്ളത്. ഒന്നുകില്‍ നിങ്ങള്‍ ദേശ രാഷ്ട്രത്തിലായിരിക്കും. അല്ലെങ്കില്‍ ക്യാമ്പിലായിരിക്കും. ഒന്നുകില്‍ നിങ്ങള്‍ക്ക് പൗരനായി ഒരു ദേശ രാഷ്ട്രത്തില്‍ ജീവിക്കാം. അല്ലെങ്കില്‍ ക്യാമ്പില്‍ അഭയാര്‍ഥിയായി ജീവിക്കാം. ഈ രണ്ടു ജീവിതത്തിനും ആഗോള നിയമത്തിന്റെ പിന്‍ബലമുണ്ടെന്നാണ് വസ്തുത. ഈ രണ്ടു ജീവിതത്തിലും വിവേചനം, ബഹിഷ്‌കരണം എന്നിവ പൊതുവായുണ്ട്. ലിബറല്‍ ജനാധിപത്യത്തിന്റെ രാഷ്ട്രീയ സ്വഭാവമാണിത്.

എന്നാല്‍ നാസിസം എവിടെയാണ് കടന്നു വരുന്നത്? ദേശ രാഷ്ട്രത്തിനും ക്യാമ്പിനും എതിര്‍വശത്തുള്ളതും എന്നാല്‍ അതിന്റെ ആന്തരിക യുക്തിയായും വംശഹത്യയുണ്ട്. നാസിസം ലിബറല്‍ ജനാധിപത്യത്തില്‍ നിന്ന് വ്യത്യസ്തമവുന്നത് അതിന്റെ ഉന്മൂലന / നശീകരണ അജണ്ട കൊണ്ടാണ്. വിവേചനം, തരം താഴ്ത്തല്‍, രണ്ടാം നമ്പര്‍ പൗരന്‍മാരാക്കല്‍ ഇവയില്‍ നിന്ന് വംശഹത്യ കേന്ദ്രമാക്കുന്ന നാസി രാഷ്ട്രീയമായി വേറിട്ടു കാണണം എന്നാണ് പറയാനുള്ളത്.

ലിബറല്‍ ജനാധിപത്യം, മൊണാര്‍ക്കി തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രശ്‌നമാണ് വംശഹത്യ ലക്ഷ്യമാക്കിയുള്ള ആധുനിക നാസിസം. ചരിത്രത്തില്‍ നാസികളാണ് വംശഹത്യയെ ഏറ്റവും മികച്ച രീതിയില്‍, ജര്‍മന്‍ സാങ്കേതികത്തിക വോടെ, നടപ്പാക്കിയത്. അതു കൊണ്ടാണ് നാസിസം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ പദ്ധതി വേണമെന്നു വാദിക്കേണ്ടി വരുന്നത്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം ന്യൂനപക്ഷ വംശഹത്യ പ്രഖ്യാപിത ലക്ഷ്യമായി സ്വീകരിച്ച ആര്‍ എസ് എസ് എന്ന വംശീയ പ്രസ്ഥാനം മുസ്ലിംങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നത് വിവേചന ഭീകരതയോ രണ്ടാം കിട പൗരത്വമോ അല്ല. എക്‌സ്റ്റെര്‍മി റേഷന്‍ അഥവാ ഉന്മൂലനമാണ് മുസ്‌ലിംകളുടെ മേലെ അവര്‍ നടപ്പിലാക്കുന്നത്.

കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒക്കെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടപ്പിലാക്കിയ വിവേചന നടപടികള്‍ക്ക് ഒരു ഉന്മൂലന അജണ്ടയില്ലായിരുന്നു. ബഹിഷ്‌കരണം, വിവേചനം ഇവയാണ് പ്രസ്തുത ഭരണകൂടങ്ങള്‍ സാധ്യമാക്കിയ മുസ്ലിം ന്യൂനപക്ഷ അനുഭവം. എന്നാല്‍ ആര്‍ എസ് എസ് ലക്ഷ്യമിടുന്നത് വംശഹത്യയാണ്. ഇതാണ് അവരെ ഏറ്റവും അപകടകാരികളാക്കുന്ന രാഷ്ട്രീയ വീക്ഷണമാക്കുന്നത്. ഇന്ത്യയില്‍ ഇന്നു പ്രവര്‍ത്തിക്കുന്ന മറ്റൊരു മത - മതേതര സംഘടനക്കും ഇങ്ങിനൊരു അജണ്ടയില്ല. ഈ തിരിച്ചറിവ് നമുക്ക് കൈമോശം വരാന്‍ പാടില്ല. അനുരാഗ് കശ്യപ് അര്‍ബന്‍ നാസി എന്നു വിളിച്ചു പറയുമ്പോള്‍ ആ സൂചകത്തിനു കിട്ടുന്ന രാഷ്ട്രീയ അര്‍ഥമിതാണ്.

നാസി സാഹചര്യത്തില്‍ കലയുടെ റോള്‍ എന്താണ്? നാസി ജര്‍മനിയില്‍ നിന്ന് രക്ഷപ്പെട്ട ഫ്രാങ്ക്ഫര്‍ട്ടുകാരനായ തിയോഡര്‍ അഡോണോ 1949 ല്‍ ഓഷ്വിറ്റ്‌സിനു ശേഷം കവിതയില്ല എന്നൊരു നിരീക്ഷണം അവതരിപ്പിക്കുകയുണ്ടായി. ഒരുപാടു ചര്‍ച്ച ചെയ്ത ഒരു ഉപന്യാസത്തിന്റെ ഭാഗമാണത്. ഒരു സമഗ്രാധിപത്യ നാസി സമൂഹത്തിന്റെ നിര്‍മാണം കവിതയെ, കലയെ, ആവിഷ്‌കാരത്തെ അസാധ്യമാക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അവിടെ എല്ലാം ഒന്നിലേക്ക് ചുരുങ്ങുന്നു. ഒന്ന് എന്ന് പറയുന്നത് ഹിറ്റ്‌ലറുടെ ശരീരമാണ്. അധികാരത്തിന്റെ മുഴുവന്‍ ഇടങ്ങളും ആ ഒന്നിലേക്ക് ചുരുങ്ങുമ്പോഴാണ് ഹിറ്റ്‌ലര്‍ ജനിക്കുന്നത്. ഞാനും രാഷ്ട്രവും തമ്മില്‍ വലിയ വ്യത്യാസമില്ലായെന്നു ഒരാള്‍ക്ക് പ്രഖ്യാപിക്കാന്‍ കഴിയുമ്പോഴാണ് ഹിറ്റ്‌ലര്‍ ഉണ്ടാവുന്നത്. സ്വന്തം വ്യക്തിത്വത്തേക്കാള്‍ പ്രാധാന്യം രാഷ്ട്രത്തിനുണ്ടെന്നും അതിനൊരു ശുദ്ധ അസ്തിത്വമുണ്ടെന്നും ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ എന്ന ഈഗോക്രാറ്റിനു കഴിയുന്നു.

ഒന്നിന്റെ സര്‍വാധിപത്യം ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കൂന്നു. അതിന് മരണം അല്ലാത്ത മറ്റൊന്നും നിര്‍ദേശിക്കാന്‍ കഴിയാതെ വരുന്നു. എവിടെയാണ് നാസി വിരുദ്ധ പ്രതിരോധം ? സമാഗാധിപത്യ സമൂഹത്തിന്റെ മൂല്യങ്ങളില്‍ നിന്ന് കവിക്ക്, കലാകാരന്, ഒരിക്കലും രക്ഷപ്പെടാന്‍ കഴിയുന്നില്ല. ചെറുത്തുനില്‍പ്പ് ഒരു അസാധ്യതയായി മാറുന്നു. നിങ്ങളുടെ വിമര്‍ശനങ്ങള്‍ പോലും ആ ഒന്നിന്റെ പുനരുല്‍പ്പാദനമായി മാറുന്നു. അഡോണോ കവിതയെ, കലയെ വേണ്ടായെന്നല്ല പറയുന്നത് . ക്രിയേറ്റീവായ ഇടപെടലുകള്‍ക്ക് വെല്ലുവിളികള്‍ ധാരാളമുണ്ടെന്നാണ് പറയുന്നത്. നമ്മുടെ ഭാഷക്ക് ഇനിയുള്ള കാലത്ത് കൂടുതല്‍ ആഴം വേണ്ടിയിരിക്കുന്നു. കലയും കലാകാരനും പുതിയ റോളുകള്‍ വഹിക്കണമെന്നാണ് അഡോണോ പറയുന്നത്.

പക്ഷെ അധികം പ്രതീക്ഷ വേണ്ടായെന്നാണ് ചരിത്രം പറയുന്നത്. ഓഷ്വിറ്റ്‌സിനു ശേഷം ക്രിയേറ്റീവായി എഴുതാന്‍ ശ്രമിച്ച പോള്‍ സെലാനും പ്രിമോ ലെവിയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു നാം മറക്കരുത്. കോണ്‍സന്‍ടേഷന്‍ ക്യാമ്പുകളില്‍ ജീവിച്ച പ്രിമോ ലെവി തന്നെ ഒരിക്കലും ഇര എന്നു വിളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലായെന്നു ഓര്‍ക്കണം. പക്ഷെ അദ്ദേഹത്തിന്റെ പ്രജ്ഞയെ മരവിപ്പിച്ച അനുഭവമായിരുന്നു നാസിസം.

അനുരാഗ് കശ്യപിന്റെ അര്‍ബന്‍ നാസി വിളിയുടെ രാഷ്ട്രീയാര്‍ത്ഥം 
‘സമരം ബിജെപി സര്‍ക്കാരിനോടാണ്, സിപിഐഎം പ്രാദേശിക ഘടകത്തോടല്ല’; ആയിഷ റെന്ന അഭിമുഖം  

ഒരു നാസി സമൂഹം സൃഷ്ടിക്കുന്ന പ്രതിസന്ധി മറിച്ചു കടക്കാന്‍ അത്ര മേല്‍ പ്രയാസം തന്നെയാണ്. ലോകം ഒരു ഓപ്പണ്‍ എയര്‍ പ്രിസണ്‍ ആയി മാറിയെന്നാണ് അഡോണോ ആ ഉപന്യാസത്തില്‍ പറയുന്നത്. അവിടെ പരമ്പരാഗത കലയും കലാകാരനും നാസി യുക്തിയുടെ പുനരാവിഷ്‌കാരം മാത്രമാണ് നടത്തുക. അതിനാലാണ് ചെറുത്തുനില്‍പിന്റെ പുതുവഴികള്‍ നമുക്ക് ആവശ്യമായി വരുന്നത്.

നാസി വംശഹത്യ രാഷ്ട്രീയത്തിന്റെ ആദ്യ സൂചനകള്‍ ലഭിക്കുക അതിന്റെ ഇരകള്‍ ആകാനുള്ള സമൂഹങ്ങള്‍ക്കാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് കര്‍തൃത്വപരമായ ഒരു രാഷ്ട്രീയം തന്നെയാണ്. നാം സാധാരണ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ കാണാറുള്ള ജെ എന്‍ യുവില്‍ നിന്ന് അതില്ലാതിരിക്കുകയും അമ്പത് ശതമാനം മുസ്ലിം ന്യൂനപക്ഷങ്ങള്‍ പഠിക്കുന്ന ജാമിഅയിലും അലീഗഡിലും അതുണ്ടാവുകയും ചെയ്യുന്നതിന്റെ കാരണവും അതാണ്. നാസിസത്തെക്കുറിച്ച് പഠിച്ചാല്‍ മറ്റൊരു കാര്യം വ്യക്തമാകും. നാസിസം പരാജയപ്പെട്ടത് വിപ്ലവകാരികളായ കലാകാരന്‍മാരിലൂടെയല്ല; മുതലാളിത്ത രാഷ്ട്രങ്ങളും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള് മൂന്നാം ലോക രാഷ്ട്രങ്ങളും ഏറ്റവും സാധാരണക്കാരെ അണിനിരത്തി നടത്തിയ സായുധ ചെറുത്തുനില്‍പ്പിലൂടെയാണ്. ഇതാണ് ചരിത്രം നമ്മെ പഠിപ്പി ക്കുന്നത്.

അനുരാഗ് കശ്യപ് നാസിസത്തെ ചെറുക്കുന്നതിന്റെ ഈ ചരിത്രാനുഭവത്തോടു പ്രതികരിക്കുമ്പോള്‍ സംഭവിക്കുന്നതെന്താണ്? നാസിസത്തിനെതിരെ പ്രതിഷേധിക്കുന്ന കലാകാരന്‍മാര്‍ ആരാണ്? അവര്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് ? പണ്ട് യു എന്‍ അസംബ്ലിയില്‍ , ലോകത്തെ ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ പ്രിസണായ ഗാസയില്‍ നിന്നു യാസര്‍ അറഫാത്ത് നടത്തിയ ഒരു പ്രസംഗമുണ്ട്. ഞാനീ സദസ്സിനു മുന്നില്‍ നില്‍ക്കുന്നത് ഒരു കയ്യില്‍ ഒലീവ് ഇലയും മറുകയ്യില്‍ എ കെ 47നുമായാണ്. എന്റെ കയ്യില്‍ നിന്ന് ഈ ഒലീവ് ഇല വീഴാതെ നോക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.

അനുരാഗ് കശ്യപിന്റെ അര്‍ബന്‍ നാസി വിളിയുടെ രാഷ്ട്രീയാര്‍ത്ഥം 
ജാമിഅ: ആ ദിവസത്തെച്ചൊല്ലി സര്‍ക്കാരിന് ഖേദിക്കേണ്ടിവന്നേക്കാം 

ഇന്ന് തെരുവില്‍ ഉള്ള കലാകാരന്‍മാര്‍ നമ്മോടു വിളിച്ചു പറയുന്നതും മറ്റൊന്നല്ല. എന്റെ കല എന്റെ കയ്യില്‍ നിന്ന് വീഴാന്‍ ഈ നാസികളെ അനുവദിക്കരുത്. നാസി കാലത്ത് കലയില്ല; നാസി കാലം ചെറുത്തുനില്‍പ്പിന്റെ കാലമാണ്. കലാകാരന്‍മാര്‍ തെരുവില്‍ ഇറങ്ങി പോരാടുന്ന കാലമാണ്. അഡോണോ കണ്ട നാസിസം ഇവിടെ ആവര്‍ത്തിച്ചാല്‍ ഒരിക്കലും കല ഉണ്ടാവില്ല. ഓഷ്വിറ്റ്‌സ് ഇവിടെ ആവര്‍ത്തിക്കാതിരിക്കാതിരിക്കാന്‍ നാം സംഘടിച്ചു പോരാടിയേ തീരൂ. അങ്ങിനെ മാത്രമെ നമുക്ക് കലയെയും ജീവിതത്തെയും രക്ഷിക്കാന്‍ കഴിയൂ.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in