IFFI 2019: സിനിമയുടെ ഗോവന്‍ തീര്‍ത്ഥാടനം  

IFFI 2019: സിനിമയുടെ ഗോവന്‍ തീര്‍ത്ഥാടനം  

അമ്പതാമത് ഇഫി ഗോവയില്‍ കൊടിയിറങ്ങിയപ്പോള്‍ ഫ്രഞ്ച് ചിത്രം പാര്‍ട്ടിക്കിള്‍സ് മികച്ച ചിത്രമായി. ലിജോ ജോസ് പെല്ലിശ്ശേരി ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. മേളയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായ മറിഗല്ലയിലെ അഭിനയത്തിന് സ്യൂ ഷോര്ഷി മികച്ച നടനായപ്പോള്‍ മറാത്തി ചിത്രം മായിഘട്ടിലെ അഭിനയത്തിന് ഉഷാ ജാദവ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ജല്ലിക്കെട്ട്, കെഞ്ചിറ,കോളാമ്പി, നേതാജി, ഉയരെ എന്നീ ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇരവിലും പകലിലും ഒടിയന്‍,ശബ്ദിക്കുന്ന കലപ്പ എന്നീ ചിത്രങ്ങളുമാണ് കേരളത്തില്‍ നിന്ന് പ്രദര്‍ശനത്തിന് തിരഞ്ഞെടുത്തത്. റെട്രോ വിഭാഗത്തില്‍ സ്വയംവരം, തമ്പ്, ഉത്തരായനം, അടിമകള്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ബോളിവുഡിനും അതിലെ താരങ്ങള്‍ക്കും നല്‍കുന്ന അമിത പ്രാധാന്യത്തിന്റെ പേരില്‍ ഇഫി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇത്തവണയും ബോളിവുഡിന്റെ നിറപ്പകിട്ടിനെ മുന്‍ നിര്‍ത്തിക്കൊണ്ടാണ് മേള തയ്യാറാക്കിയത് എന്ന് കാണാം.

പനാജിയിലെ ഐനോക്‌സ് തീയറ്ററുകളിലും സമീപത്തുള്ള കലാ അക്കാദമിയിലുമായാണ് ഇഫി പ്രദര്‍ശനങ്ങള്‍ നടക്കാറ്. ഇത്തവണ പനാജിക്ക് പുറത്തേക്കും മേള വ്യാപിച്ചു. പോര്‍വോറിമിലെ മാള്‍ ഡി ഗോവയിലെ മൂന്നു സ്‌ക്രീനുകളില്‍ കൂടി പ്രദര്ശനം നടത്തിയെങ്കിലും സംഘാടകരുടെ ചില പിടിവാശികള്‍ ആദ്യദിനങ്ങളില്‍ തന്നെ ചില കല്ലുകടികള്‍ സൃഷ്ടിച്ചിരുന്നു. ഇത്തവണ, ബുക്ക് ചെയ്ത സിനിമകള്‍ മാത്രമേ ഒരാള്‍ക്ക് കാണാന്‍ സാധിക്കൂ എന്നും, റഷ് ലൈന്‍ അനുവദിക്കുകയില്ല എന്നുമുള്ള തിട്ടൂരങ്ങള്‍ ചെറുതല്ലാത്ത പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഒരു വ്യക്തിക്ക് പരമാവധി നാല് സിനിമ മാത്രം എന്ന നിയമം ലോകത്ത് മറ്റേതെങ്കിലും ചലച്ചിത്ര മേളകളില്‍ ഉണ്ടാവും എന്ന് തോന്നുന്നില്ല. സിനിമകള്‍ക്കിടയിലെ ദൈര്ഘ്യം വര്ദ്ധിപ്പിക്കുക കൂടിയായപ്പോള്‍ കഴിഞ്ഞ വര്‍ഷം വരെ നാലും അഞ്ചും ചിത്രങ്ങള്‍ കണ്ടിരുന്ന പലര്‍ക്കും അധികാരികള്‍ ആഗ്രഹിച്ചത് പോലെ നാല് സിനിമകള്‍ കൊണ്ട് തൃപ്തിപ്പെടെണ്ട സാഹചര്യമായിരുന്നു ഇത്തവണ ഇഫിയില്‍.

മലയാളികളുടെ സാന്നിദ്ധ്യമാണ് ഗോവന്‍ മേളയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഡലഗേറ്റുകളില്‍ ഭൂരിപക്ഷവും കേരളത്തില്‍ നിന്നാവുന്ന രീതിക്ക് ഇത്തവണയും മാറ്റങ്ങളൊന്നുമുണ്ടായില്ല. ഏത് തീയറ്ററിലും മലയാളം കേള്‍ക്കാവുന്ന അവസ്ഥ! വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, സിനിമാപ്രേമികള്‍ ഉള്‍പ്പെടെ വലിയൊരു മലയാളിക്കൂട്ടം പനാജിയിലെത്തി. ഗോവയുടെ ടൂറിസ്റ്റ് സാധ്യതകള്‍ കൂടി പരിഗണിച്ചാണല്ലോ ഇഫിയുടെ സ്ഥിരം വേദിയാക്കി മാറ്റിയത്. അതിനാല്‍ ടൂറിസ്റ്റുകളെ പരമാവധി ആകര്ഷിമക്കും വിധമാണ് ഇത്തവണയും മേള ഒരുക്കിയത്. ഗൗരവമായി സിനിമയെ സമീപിക്കാത്തവര്ക്കും മേളയില്‍ തങ്ങളുടെ ഇടമുണ്ട്. സെലിബ്രിറ്റികള്ക്കാിയുള്ള റെഡ് കാര്‍പ്പറ്റും,മറ്റ് ആഘോഷ പരിപാടികളും മേളയെ കൊഴുപ്പിക്കുന്നുണ്ട്.

ഐഎഫ്എഫ്‌ഐയുടെ ഏറ്റവും വലിയ പരിമിതികളിലൊന്ന് ചര്‍ച്ചകള്‍ക്കായുള്ള ഇടങ്ങള്‍ തുറക്കുന്നതിലെ വൈമനസ്യമാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൂനെ ഫിലിം ഇന്സ്റ്റിറ്റിയൂട്ടിന്റെ തലവനായി യോഗ്യരായ പലരെയും തഴഞ്ഞ് ഇക്കിളിപ്പടങ്ങളിലെ നായകനായിരുന്ന ഗജേന്ദ്രചൗഹാനെ അവരോധിച്ചതിലുള്ള പ്രതിഷേധം മേളയില്‍ വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രകടിപ്പിച്ചപ്പോള്‍ യാതൊരു ചര്‍ച്ചകള്‍ക്കും നില്ക്കാതെ അവരെ അവിടെ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് അതിലുള്ള പ്രതിഷേധമായി കറുത്ത ബാഡ്ജ് അണിഞ്ഞ പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ജി.പി രാമചന്ദ്രനടക്കമുള്ളവരുടെ ബാഡ്ജ് പോലീസ് ബലമായി വലിച്ച് പറിച്ചെറിയുകയും ചെയ്തു. പൂനെ വിദ്യാര്‍ത്ഥികളോടുള്ള പ്രതികാരമെന്നോണം ആ വര്‍ഷം മുതല്‍ വിദ്യാര്ത്ഥികളുടെ സൃഷ്ടികള്‍ പ്രദര്ശിപ്പിക്കാറുള്ള പതിവും ഇഫി അവസാനിപ്പിച്ചു!. ഈ വര്‍ഷം പ്രശസ്ത തുര്‍ക്കി സംവിധായകനായ സെമി കപ്ലനൊഗ്ലു ഉള്‍പ്പെടെയുള്ളവര്‍ എത്തിയിട്ടും അവരുമായി ഒരു ക്യു ആന്‍ എ സെഷന്‍ നടത്താനുള്ള സൗകര്യം ഇഫി അധികൃതര്‍ ഒരുക്കിയില്ല. തന്റെ ചിത്രമായ Commitment പ്രദര്‍ശനത്തിനു ശേഷം തമ്മില്‍ സംസാരിക്കാമെന്ന് കപ്ലനൊഗ്ലു വേദിയില്‍ വച്ച് കാണികളോട് പറഞ്ഞെങ്കിലും, വേദിക്കു പുറത്ത് വച്ച് ആയിക്കോളൂ എന്ന നിലപാടായിരുന്നു അധികൃതര്‍ക്ക്. സിനിമയെ ചര്‍ച്ചയും, സമരവും, നിലപാടുമായി കാണുന്ന IFFKല്‍ നിന്ന് ചിലതെല്ലാം ഗോവയ്ക്ക് പഠിക്കാനുണ്ട്.

മികച്ച അന്താരാഷ്ട്ര സിനിമകള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും നിലവാരമില്ലായ്മയാല്‍ ഞെട്ടിച്ച ധാരാളം ചിത്രങ്ങളും ഈ വര്‍ഷമുണ്ടായിരുന്നു. ബോളിവുഡിന്റെ് സ്വാധീനം കടല്‍ കടന്ന് യൂറോപ്പിലുമെത്തിയോ എന്ന് ന്യായമായും സംശയിക്കേണ്ട സാഹചര്യം. ബോളിവുഡ് റൊമാന്റിക് കോമഡികളെ അനുസ്മരിപ്പിക്കുന്ന ഒരു പിടി യൂറോപ്യന്‍ ചിത്രങ്ങള്‍ ഇത്തവണ ഇഫി അവതരിപ്പിച്ചു. ഉറി പോലത്തെ ചിത്രങ്ങള്ക്ക്് നല്‍കിയ താരപരിവേഷമാണ് മേളയുടെ നിറം കെടുത്തിയ മറ്റൊരു ഘടകം. സാധാരണ പ്രദര്‍ശനങ്ങള്‍ കൂടാതെ വേദിക്ക് പുറത്തുള്ള പബ്ലിക് സ്‌ക്രീനിംഗിലും ഉറി നിറഞ്ഞുനില്‍ക്കുകയും ഇതാണ് സമകാലീന ഇന്ത്യന്‍ സിനിമ എന്ന ധാരണ വിദേശികള്‍ക്ക് ഉള്‍പ്പെടെ ട ലഭിക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു .ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്‌പ്രെസ്സ് വരെ പ്രദര്‍ശിപ്പിച്ചു എന്നറിയുമ്പോഴെ ഇഫിയുടെ സിനിമാസങ്കല്‍പ്പങ്ങള്‍ എത്തരത്തിലാണ് എന്നതിന്റെച ചിത്രം പ്രേക്ഷകര്‍ക്ക് പൂര്‍ണമാവൂ. ചിത്രങ്ങളുടെ ഗുണനിലവാരവും തിരഞ്ഞെടുപ്പിലെ സൂക്ഷ്മരാഷ്ട്രീയവും ഒഴിച്ചു നിര്ത്തിയുള്ള കണക്കെടുപ്പില്‍ ഇഫിയെ തുണയ്ക്കുന്ന ചില ഘടകങ്ങളിലൊന്ന് സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ ശ്രദ്ധയാണ്. തിയറ്ററുകള്‍ക്കിടയിലെ പ്രേക്ഷകരുടെ സഞ്ചാരത്തിനായി ഒരുക്കിയ സൗകര്യങ്ങള്‍ മികച്ചതായിരുന്നു. ഓട്ടോകളും, മിനിബസുകളുമുള്‍പ്പെടെ എതുസമയത്തും ഓടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു.

ഈ മേളയില്‍ പ്രേക്ഷരുടെ മനം കവര്‍ന്ന് ഒരുപിടി ചിത്രങ്ങളുണ്ടായിരുന്നു. ലോകമെമ്പാടും ആരാധകരുള്ള ഇംഗ്ലിഷ് സംവിധായകന്‍ കെന്‍ ലോച്ച് Sorry We missed you എന്ന ചിത്രത്തിലൂടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴില്‍ ചൂഷണത്തെക്കുറിച്ച് പുതിയ തിരിച്ചറിവുകള്‍ നല്‍കി.. സെമി കപ്ലനൊഗ്ലുവിന്റെ Commitment ഒരു സ്ത്രീയുടെ കുടുംബജീവിതത്തിലെയും വ്യക്തിജീവിതത്തിലേയും പ്രതിസന്ധികകളെ വരച്ചു കാട്ടുന്നു. ബ്രസീല്‍ ചിത്രം Marighella, ഡാനിഷ് ചിത്രം Queen of Hearts, ഫ്രഞ്ച് ചിത്രം Portrait of a lady on fire, കനേഡിയന്‍ ചിത്രം Antigone എന്നിവയും മേളയുടെ പ്രിയചിത്രങ്ങളായി.

പനാജി ആഘോഷങ്ങളുടെ നഗരിയാണ്. രാത്രിജീവിതം പൂര്‍ണമായും ആഘോഷിക്കുന്ന ജനങ്ങള്‍. ഇഫി അവര്ക്ക് സിനിമാമേളയെക്കാള്‍ ഒരു സാസ്‌കാരിക ഉത്സവമാണ്. സിനിമയും മദ്യവും ഗോവന്‍ വിഭവങ്ങളുമെല്ലാം ഇവിടെ സമ്മേളിക്കുന്നു. മേളയോട് ചേര്ന്നു ള്ള പലതരം കാഴ്ചകളും അതിലേക്ക് ഒഴുകിയെത്തുന്ന ആള്ക്കൂട്ടവും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മണ്ഡോവി നദിയുടെ തീരത്ത് ഈ ഒരാഴ്ചക്കാലം പലതരം മനുഷ്യരുടെ കൂടിച്ചേരലാണ് സംഭവിക്കുന്നത്. സമകാലീന ഇന്ത്യ മറന്നു തുടങ്ങിയ വൈവിധ്യങ്ങളുടെ ഇന്ത്യയെ ഓര്മലപ്പെടുത്തുന്ന ഒരു നാട് കൂടിയാണ് ഗോവ. വിവിധ സംസ്‌കാരങ്ങളുടെ സങ്കലത്തിന്റെ വശ്യതയാണ് ഈ നാടിനെ വ്യതസ്തമാക്കുന്നത്. ഇഫിയിലേക്കുള്ള സിനിമാപ്രേമികളുടെ തീര്ഥാ്ടനം ഗോവന്‍ ജീവിതം അനുഭവിക്കാന്‍ കൂടിയാണ്. അതിനിടയിലും എങ്ങനെയാണ് ഒരു ചലച്ചിത്രോല്‍സവമെന്ന നിലയില്‍ ഇഫി പരാജയമാവുന്നത്? പ്രധാന കാരണം അതിന്റെു അമിതമായ രാഷ്ട്രീയതാല്പ ര്യങ്ങളാണ്. രണ്ടു വര്ഷം മുമ്പും രാഷ്ട്രീയ-സദാചാര താല്‍പ്പര്യങ്ങളാല്‍ സനല്‍ കുമാര്‍ ശശിധരന്റെ് എസ്.ദുര്ഗ , ന്യൂഡ് എന്നീ ചിത്രങ്ങളെ മേള പുറത്ത് നിര്ത്തി സ്വയം പരിഹാസ്യരായിരുന്നു. ഇത്തവണ സമാപന ചടങ്ങില്‍ പ്രസംഗിച്ച മുന്‍ കശ്മീര്‍ ഗവര്ണറും ഇപ്പോഴത്തെ ഗോവ ഗവര്ണണറുമായ സത്യപാല്‍ മാലിക് കശ്മീരിലെ മോദി സര്ക്കാറിന്റെ ഉരുക്കുനയങ്ങളെക്കുറിച്ചും അതുണ്ടാക്കാന്‍ പോവുന്ന വികസനത്തെക്കുറിച്ചുമാണ് ദീര്ഘ്മായ പ്രസംഗം നടത്തിയത്! സഹിഷ്ണുതയും വ്യത്യസ്തതകളും ആഘോഷിക്കപ്പെടേണ്ട ചലച്ചിത്രോത്സവ വേദിയിലായിരുന്നു ഈ ചെസ്റ്റ് തമ്പിംഗ്.

മേളയില്‍ വച്ച് പരിചയപ്പെട്ട ബംഗളൂര്‍ സ്വദേശിയായ ഒരു ചലച്ചിത്ര പ്രേമിയുടെ അഭിപ്രായം ഗോവന്‍ മേളയെക്കുറിച്ച് കൃത്യമായ ചിത്രം തരുന്നുണ്ട്. എഴുപത് വയസു കഴിഞ്ഞ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്, ' തിരുവനന്തപുരത്ത് വലിയ തിരക്കുള്ള സിനിമകള്‍ക്ക് ചിലപ്പോള്‍ സീറ്റുണ്ടാവില്ല. അപ്പോള്‍ ചെറുപ്പക്കാര്‍ വൃദ്ധര്‍ക്കായി എഴുന്നേറ്റ് താഴെയിരിക്കും.അവിടുത്തെ മേളയില്‍ സിനിമകള്‍ കൂടുതല്‍ പേരെ കാണിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ ഗോവയിലാവട്ടെ പരമാവധി കാണിക്കാതിരിക്കാനും..''ആത്യന്തികമായി എല്ലാ കെട്ടുകാഴ്ചകള്ക്കുുമപ്പുറം സിനിമകള്‍ കാണിക്കുക എന്നത് തന്നെയാവണമല്ലോ ഒരു മേളയുടെ ദൗത്യം..

Related Stories

No stories found.
logo
The Cue
www.thecue.in