‘റാഗിങ് മുതല്‍ പണിയെടുപ്പിച്ച് രസിക്കുന്ന സീനിയോറിറ്റി വരെ’ ; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുമ്പോള്‍

‘റാഗിങ് മുതല്‍ പണിയെടുപ്പിച്ച് രസിക്കുന്ന സീനിയോറിറ്റി വരെ’ ; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുമ്പോള്‍

ലോക മാനസികാരോഗ്യ ദിനം ഈ വർഷത്തെ അതിന്റെ തീമിലൂടെ തന്നെ വേറിട്ടു നിൽക്കുകയാണ്.ഈയിടെ ഉണ്ടായ സംഭവവികാസങ്ങളോട് കൂട്ടിയിണക്കി പറയുമ്പോൾ prevention of suicide എന്ന വിഷയം മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്നത് നമുക്കെല്ലാവർക്കും അറിയുന്നതാണ്. ഒരു മെഡിക്കൽ വിദ്യാർത്ഥി ആയതുകൊണ്ട് തന്നെ ഇന്നത്തെ ഫേസ്ബുക്ക് ടൈംലൈനിൽ നിറഞ്ഞ വലിയൊരു ഭാഗം പോസ്റ്റുകളും മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലെ വിഷാദവും അതിനെ തുടർന്നുള്ള ആത്മഹത്യാ പ്രവണതകളും ആത്മഹത്യകളും സംബന്ധിച്ച അനുഭവക്കുറിപ്പുകളായിരുന്നു.

ഈ ദിവസം ഇവിടെ അവസാനിക്കുമ്പോൾ, ഓരോ അനുഭവക്കുറിപ്പുകളും മനസ്സിൽ ഒരു വിങ്ങൽ ബാക്കിവെക്കുമ്പോൾ മൂന്നു നാലു കൊല്ലങ്ങളപ്പുറം സ്വപ്നമായിരുന്ന ചിലപ്പോഴൊക്കെ വാശിയായി കൊണ്ടു നടന്ന മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭീകരത നിറഞ്ഞ മറ്റൊരു വശം മനസ്സിലെവിടെയോ ആഴത്തിൽ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. അത് മുഴച്ചു നിൽക്കുകയാണ്... ഭയപ്പെടുത്തുകയാണ്... നാളെ താങ്ങാനാവാത്ത സമ്മർദ്ദത്തിന് ഇരയാകേണ്ടി വരുമോ എന്ന ഭയം...

കാടുകേറി ചിന്തയുടെ product ആണ് അതെന്ന് ചിലർക്കൊക്കെ തോന്നും. പക്ഷെ വസ്തുതകളും സാഹചര്യങ്ങളും അതിന്റെ സാധ്യതയെ ഊട്ടിയുറപ്പിക്കുമ്പോൾ അതൊരു കാടുകേറിചിന്തയല്ല... ഭയപ്പെടേണ്ട സത്യമാണ്...

ആഗ്രഹങ്ങളുടെ കൊടുമുടി പേറി കോളേജിലെത്തുന്നു. അതുവരെ വീടുവിട്ടു നിൽക്കാത്ത കൂട്ടരുമുണ്ടാവും. മനസ്സിൽ കഷ്ടപ്പെട്ടു നേടിയെടുത്ത സീറ്റിന്റെ ചാരിതാർഥ്യം അലതല്ലുമ്പോൾ ഒരു പൊടിക്ക് ഹോം സിക്ക്നെസ്സും. അറിയാത്ത അന്തരീക്ഷം, ഇതുവരെ ചുമന്നു പരിചയമില്ലാത്ത ഭീമാത്കാരമായ സിലബസ്... ഇങ്ങനെ തുടങ്ങുകയാണ് നമ്മുടെ ലിസ്റ്റ്. ഈ ലിസ്റ്റിലേക്ക് ഒരു പൊൻതൂവൽ contribute ചെയ്തുകൊണ്ട് നമ്മുടെ seniors ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഒരു വരവുണ്ട്. നിലക്കാത്ത ആ സ്നേഹം freshers day എന്ന തനത് കലാപരിപാടി അരങ്ങേറുന്ന വരെ നീണ്ടു പോകും. ഈ സ്നേഹം MBBS 1st Year കുട്ടികളോട് മാത്രം കാണിക്കുന്ന ഒന്നാണെന്ന തെറ്റിധാരണ പിജി വിദ്യാർത്ഥിയായ പായൽ തദ്‌വിയുടെ ആത്മഹത്യയോട്‌ കൂടി മാറി. ആ സ്നേഹത്തിൽ വീർപ്പുമുട്ടുമ്പോൾ വഴിവിട്ടൊന്നു ചിന്തിച്ചുപോകും. ആത്മഹത്യ... ജാതി ചൊല്ലിയുള്ള സ്നേഹപ്രകടനമാകുമ്പോൾ say no to reservation പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സ്വന്തം കൂട്ടുകാരു പോലും തിരിഞ്ഞു നോക്കില്ലെന്നാവുമ്പോൾ കയറു മുറുക്കും. ജീവന്റെ ഓരോ ശ്വാസവും തുന്നി തന്ന അച്ഛനമ്മമാർ ജീവച്ഛവമാകും. ഇവിടെ മരണത്തെക്കാൾ വലിയൊരു വില്ലനുണ്ട്... the so called സീനിയർസിന്റെ സ്നേഹം.. അത് മാറി നിന്ന് ചിരിക്കും.. അപ്പോഴും ആ സ്നേഹം നമുക്ക് നല്ലതിനാണ് അത് നമ്മളെ bold ആക്കുന്നു, നാളെ ക്ലിനിക്സിൽ നാലക്ഷരം പറഞ്ഞുതരാൻ സാധ്യതയുള്ള ആ സ്നേഹം തള്ളിക്കളഞ്ഞു കൂടാ എന്നൊക്കെ പ്രസംഗിക്കുന്ന തൊഴുത്തിൽകുത്തികൾ മൗനം പാലിക്കും..

ഇനി ഇതെല്ലാം തരണം ചെയ്തെത്തുന്ന കൂട്ടരുണ്ട്. അവരെ കാത്തു നിൽക്കുന്ന ലിസ്റ്റിലെ അടുത്ത വില്ലന്മാരാണ് അറ്റന്റൻസും ഇന്റർണൽസും യൂണിവേഴ്സിറ്റി പരീക്ഷകളും.. വാസ്തവത്തിൽ ഇവയൊന്നും വില്ലന്മാരാവരത് എന്നൊക്കെയാണെങ്കിലും ചില നിയമങ്ങളുടെ നൂലാമാലകൾ നിരത്തിവെച്ചുകൊണ്ട് അത് നമ്മളെ വലക്കാറുണ്ട്. ചെറിയൊരു ഉദാഹരണം പറയാം. 'ഒരു വിഷയത്തിൽ അറ്റന്റൻസ് 80% ത്തിനു താഴെ ആയാൽ മറ്റു വിഷയങ്ങളുടെ ഒന്നും പരീക്ഷ എഴുതാൻ ആ വിദ്യാർത്ഥിക്ക് യോഗ്യതയില്ല.' ഇതിന്റെ logic ഇന്നു വരെ പിടികിട്ടിയിട്ടില്ല. ഇങ്ങനെ മൂന്നും നാലും വിഷയങ്ങളൊക്കെ 6 മാസം കഴിഞ്ഞ് എഴുതേണ്ടി വരുന്നതിനു പുറമെ supplimentary exam എന്നു വിളിക്കുന്ന ഈ പരീക്ഷയുടെ ഭീകരത ( ചോദ്യത്തിലും മൂല്യനിർണയത്തിലും -regular batch പരീക്ഷയുമായി താരതമ്യപെടുത്തുമ്പോൾ )വിദ്യാർത്ഥിയെ പിന്നെയും തോല്പ്പിക്കുന്നു.

സിലബസിന്റെ ബാഹുല്യവും നേരിടേണ്ടി വരുന്ന പരാജയങ്ങളും മാനസികമായി തളർത്തുമ്പോൾ പലപ്പോഴും വിദ്യാർത്ഥികൾ ഒതുങ്ങികൂടുന്നു. നമ്മളൊക്കെ വെറുംവാക്ക് പോലെ പറയും അവനൊതുങ്ങി അവളൊതുങ്ങി എന്നൊക്കെ. വിഷാദത്തിന്റെ മുറവിളിയാണതെന്ന് നമ്മൾ ശ്രദ്ധിക്കാതെ പോകും..

തട്ടിയും തടഞ്ഞുമൊക്കെ പോകുന്ന ഈ യാത്രയിൽ ഇടയ്ക്കിടെ ആശ്വാസമെന്നോണം കലാകായിക പരിപാടികൾ വരും .ഇത്തരം പരിപാടികൾ interbatch, intermedicos, interzone തുടങ്ങിയ ലേബലുകളിലാവുമ്പോൾ വീറും വാശിയും കപ്പടിക്കാൻ വേണ്ടിയുള്ള ബാച്ച്/കോളേജ് യുദ്ധങ്ങളാകുന്നു...എല്ലാത്തിനും പുറമെ പരിപാടികളുടെ mandatory ആഡംബരങ്ങൾക്ക് പിരിക്കുന്ന പണം മറ്റൊരു വിഷയമാണ്.ഉള്ളിൽ ഒതുക്കിപിടിച്ച സങ്കടത്തിലും ചിരിച്ചുകൊണ്ട് കൂടെയുള്ളവരെ മുഷിപ്പിക്കണ്ടല്ലോ എന്ന കാരണത്താലെ പരിപാടികളുടെ ആർഭാടത്തിലേക്ക് ഇല്ലാത്ത പണം വെച്ചു നീട്ടുന്നവരുമുണ്ടിവിടെ.

കടമ്പകളോരോന്നും കടന്ന് ഹൗസ് സർജൻസി ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ കാത്തിരിക്കുന്ന ജോലിഭാരം ചേട്ടന്മാരും ചേച്ചിമാരുമൊക്കെ പറഞ്ഞും അവരൊക്കെ ശ്വാസമില്ലാതെ കിടന്ന് ഓടി പണിയെടുക്കുന്നതൊക്കെ കണ്ടും പരിചിതമാണെങ്കിലും ഉശിരോടെ തുടങ്ങുന്ന ഹൗസ് സർജൻസി കുറച്ചു ദിവസങ്ങൾ കൊണ്ട് ജീവിതം പോലും മടുക്കുമാറ് സകലമാന ഊർജ്ജവും ഊറ്റികുടിക്കും. മിച്ചം വരുന്നത് വീട്ടുകാരെ ഓടിപ്പോയൊന്ന് കണ്ടുവരാൻ വേണ്ടി allot ചെയ്തു കഴിയുമ്പോഴേക്കും തളർന്നിട്ടുണ്ടാവും.HSQ വിൽ സ്ഥലവും സൗകര്യവുമൊക്കെ ഉണ്ടോയെന്നു തിരക്കുമ്പോ ചേച്ചിമാരൊക്കെ പറയും.. ഓ എന്നാത്തിനാ അതിന്റെ ആവശ്യമില്ല.. സാധനം വെക്കാൻ സ്ഥലം അതുമതി.. ഉറങ്ങുന്ന അവസരം കുറവായതുകൊണ്ട് നമ്മളെ സ്ഥാപിക്കാൻ സ്ഥലമൊന്നും വേണ്ടെന്ന്.. തമാശയായി അവരത് പറയുമെങ്കിലും അതിലെ ഭീകരത കാണാതെ പോകരുത്...

ഇതോടെ പ്രശ്നങ്ങളെല്ലാം തീരുമെന്ന് കരുതിയ എന്നെപോലുള്ളവർക്കൊക്കെ ഒരു മറുപടി ആയിരുന്നു.. പായൽ തദ്‌വിയുടെ ആത്മഹത്യയും കുറച്ചു ദിവസം മുൻപ് khorakpur ഇൽ Dr.Vinod Nair എന്ന മലയാളി junior റെസിടെന്റിന്റെ ആത്മഹത്യയുമെല്ലാം. അതുണ്ടാക്കിയ ഭീതി വിട്ടുമാറാതെ നിൽക്കുകയാണ്. ജോലിഭാരം താങ്ങാൻ കഴിയാതെ കോട്ടയം മെഡിക്കൽ കോളേജിലെ PG വിദ്യാർത്ഥിയുടെ ആത്മഹത്യശ്രമം കൂടി ആയപ്പോൾ അത് വിരൽ ചൂണ്ടുന്നത് ചിതലരിച്ച ഒരു സിസ്റ്റത്തിലേക്കാണ്.. അതിന്റെ കാവൽക്കാരിലേക്കാണ്.

അത് റാഗിങ്ങിന്റെ പേരിൽ നമ്മളെയൊക്കെ നിരന്തരം വേട്ടയാടുന്ന സീനിയർസ് ആവാം... വിദ്യാർത്ഥിവിരുദ്ധ നിയമങ്ങളിറക്കുന്ന സംവിധാനമാവാം....പണിയെടുപ്പിച്ചു രസിക്കുന്ന സീനിയോറിറ്റി ആവാം.. In another perspective this profession is becoming a hazard..

സ്വയം കിണറ്റിലേക്കെടുത്തു ചാടിപ്പോയോ എന്നൊക്കെ തമാശ പറയാറുണ്ട് കൂട്ടുകാരോട്.. പക്ഷെ, ഒന്നാം വർഷ പരീക്ഷയുടെ result വരുന്നതിനു മുൻപേ ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളും തുടർച്ചയായ തോൽവികളിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നവരും 24 മണിക്കൂറിന്റെ ജോലിഭാരത്തിൽ പ്രാഥമിക കർമ്മങ്ങൾ പോലും തിരസ്ക്കരിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ ആത്മഹത്യാ മനോഭാവവും റാഗിങ്ങിന്റെ അപമാനം താങ്ങാൻ വയ്യാതെ ജീവനൊടുക്കുന്നവരും അതിൽ മനം നൊന്ത് ജീവനൊടുക്കുന്ന വീട്ടുകാരും കെട്ടുകഥകളല്ലാത്ത കാലത്തോളും ഇതൊന്നും തമാശയല്ല.. വസ്തുതയാണ്.... പേടിക്കേണ്ട വസ്തുത... അതെ...... ഞാൻ ഭയപ്പെടുന്നു...

Related Stories

No stories found.
logo
The Cue
www.thecue.in