ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് മലയോര ജനതയോട് പറയാത്തത്

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് മലയോര ജനതയോട് പറയാത്തത്
A Sanesh/ EPS

എല്ലാ കാലവര്‍ഷവും ദുരന്തകാലമാകുമോ എന്ന ആശങ്കകള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പശ്ചിമഘട്ട സംരക്ഷണ സമിതി സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വഴിയില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ട് കാല്‍പനികമാണെന്നും പ്രായോഗികമായി നടപ്പാക്കാനാകില്ലെന്നുമുള്ള വാദങ്ങളുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. എന്നാല്‍ ഈ സമയത്തുപോലും ഗാഡ്ഗില്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക എം സുചിത്ര പറയുന്നു. മലയോരജനതയുടെ ആശങ്ക ഇനിയും അകന്നിട്ടില്ലെന്നും ഗാഡ്ഗില്‍ പറഞ്ഞത് പ്രദേശവാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനാധിപത്യസംവിധാനത്തേക്കുറിച്ചാണെന്നും ഓര്‍മ്മിപ്പിക്കുന്നു. ശാസ്ത്ര-പരിസ്ഥിതി മാഗസിനായ ഡൗണ്‍ ടു എര്‍ത്തിന്റെ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റന്റായിരുന്നു സുചിത്ര.

മാധവ് ഗാഡ്ഗില്‍ പറഞ്ഞത് പങ്കാളിത്ത ജനാധിപത്യത്തെപ്പറ്റിയാണ്. താന്‍ മുന്നോട്ടു വച്ചത് നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്, അവ അംഗീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും ഓരോ പ്രദേശത്തും ഏതുതരം വികസനം വേണം ഏതു തരം സംരക്ഷണം വേണം എന്നു തീരുമാനിക്കേണ്ടതും ഗ്രാമസഭകളാണ്, പ്രാദേശിക ജനതയാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഭരണഘടനയുടെ 73, 74 ഭേദഗതികളെക്കുറിച്ചും തദ്ദേശസര്‍ക്കാരുകളെയും പങ്കാളിത്തജനാധിപത്യത്തെയും ശക്തിപ്പെടുത്തേണ്ടതിനെപ്പറ്റിയുമാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

പക്ഷേ, ഇതൊന്നും മലയോരമേഖലയിലെ സാധാരണ ജനങ്ങളോട് ആരും പറഞ്ഞിട്ടിട്ടില്ല. അവരാരും ഈ റിപ്പോര്‍ട്ട് വായിച്ചിട്ടുമില്ല. അവരുടെ ഉള്ളില്‍ എക്കാലത്തുമുള്ള ഏറ്റവും വലിയ ഭയം കുടിയിറക്കപ്പെടുമോ എന്നതാണ്. ആ ഭയം പരമാവധി മുതലെടുക്കുകയാണ്, രാഷ്ട്രീയപ്പാര്‍ട്ടികളും മതസ്ഥാപനങ്ങളും സംസ്ഥാനസര്‍ക്കാരും തദ്ദേശ സര്‍ക്കാരുകളും ജനപ്രതിനിധികളും (ഒരാളൊഴികെ) ചെയ്തത്. കര്‍ഷകരുടെ , മലയോര ജനതയുടെ ജീവിതം നശിപ്പിക്കാനെത്തിയ കൊടുംഭീകരനായി ഗാഡ്ഗില്‍ ചിത്രീകരിക്കപ്പെട്ടു. സത്യം പറയാന്‍ ശ്രമിച്ചവരെ തുരത്തിയോടിച്ചു.

മാധ്യമങ്ങള്‍ പോലും വിവാദങ്ങള്‍ക്ക് പിറകെയായിരുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റിയും അതിന്റെ ദീര്‍ഘകാല നേട്ടങ്ങളെപ്പറ്റിയും ജനങ്ങള്‍ക്കു വിവരങ്ങള്‍ നല്‍കുന്നതിന് പകരം കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കാനായിരുന്നു അവരുടെയും ശ്രമം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് മലയോര ജനതയോട് പറയാത്തത്
അത്ര സുസ്ഥിരമല്ല കാര്യങ്ങള്‍; ദുരന്തങ്ങള്‍ പലരൂപത്തില്‍ ഇനിയുമുണ്ടാകാം  

ഓരോ തവണ പ്രളയം വരുമ്പോഴും ഗാഡ്ഗില്‍ അന്നേ ഇതൊക്കെ പറഞ്ഞിരുന്നു എന്നു പറഞ്ഞിട്ട് ഇനിയെന്തെങ്കിലും പ്രയോജനമുണ്ടാവുമെന്നു തോന്നുന്നില്ല. മലയോരജനതയുടെ മനസ്സില്‍ ഉണ്ടാക്കിയ ആ പേടി ഇനി എങ്ങനെയാണ് മാറ്റുക? പാപം ചെയ്തവര്‍ കുമ്പസാരത്തിനു മുതിരുമോ? ഇല്ല. അതുണ്ടാവാന്‍ പോകുന്നില്ല.

എന്നെ ഒരു പ്രവാചകനാക്കി ഘോഷിക്കുന്നതിനു പകരം പങ്കാളിത്ത ജനാധിപത്യത്തെ ശക്ത്തിപ്പെടുത്തിക്കൊണ്ട് ഏതുവിധത്തിലാണ് ഇനി മുന്നോട്ടു പോകാനാവുക എന്ന് ചിന്തിക്കണം എന്നാണു കഴിഞ്ഞ പ്രളയകാലത്ത് കൊച്ചിയില്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞത്.

അതാണ് ശരിയും. കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ തീവ്രമായിത്തന്നെ അനുഭവിക്കുന്നവരാണ് മലയോരനിവാസികള്‍. ആദിവാസികളും കര്‍ഷകരും. പാരിസ്ഥിതികനാശം തടയേണ്ടത് അവരുടെ ജീവനും ജീവിതഭദ്രതയ്ക്കും ആവശ്യമാണ്. ആ ചുമതല അവരുടെ നേതൃത്വത്തില്‍ നടക്കുന്നതില്‍ അവര്‍ക്കു വിസമ്മതമുണ്ടാവാന്‍ വഴിയില്ല. കൃത്യമായ വിവരങ്ങളും പരിസ്ഥിതിയുടെയു വികസനത്തിന്റെയും കാര്യത്തിലുള്ള സാക്ഷരതയും ആവശ്യമാണെന്നു മാത്രം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് മലയോര ജനതയോട് പറയാത്തത്
‘എന്ന് തീരും ഈ ദുരിത ജീവിതം’; പ്രളയമെടുത്ത ജീവനോപാധി ചൂണ്ടി മൈസൂര്‍ കല്യാണത്തിന്റെ ഇര ചോദിക്കുന്നു 

പിന്നെ, മലയോര ജനത ചൂണ്ടിക്കാണിക്കുന്നതുപോലെ, വന്‍തോതിലുള്ള പരിസ്ഥിതി നാശം മലയോരമേഖലയില്‍ മാത്രമല്ല, ഇടനാട്ടിലും തീരപ്രദേശത്തും നിരന്തരം നടക്കുന്നുണ്ട്. അതില്ലാതാകാന്‍, വേണ്ട തീരുമാനങ്ങളെടുക്കാന്‍ തദ്ദേശജനതയ്ക്കുള്ള അധികാരത്തെപ്പറ്റിയാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്.

കേരളത്തില്‍ 1200 തദ്ദേശസര്‍ക്കാരുകള്‍ ഉണ്ട്. ഭരണഘടനാപരമായഅധികാരങ്ങളും ചുമതലകളും ഉള്ളവ. ആ സര്‍ക്കാരുകള്‍ ശരിയാംവിധം പ്രവര്‍ത്തിക്കുന്നുവെങ്കില്‍ കുറേയൊക്കെ മാറ്റങ്ങള്‍ വരില്ലേ? ജനങ്ങള്‍ക്ക് വേണ്ടാത്ത ഒരു ക്വാറിപോലും ഉണ്ടാവരുത് ആ പ്രദേശത്ത്. ജനങ്ങള്‍ക്കു വേണ്ട ഒരു പച്ചത്തുരുത്തുപോലും നശിപ്പിക്കപ്പെടരുത് ആ പ്രദേശത്ത്. ഗാഡ്ഗില്‍ പറഞ്ഞത് അതിനേപ്പറ്റിയാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് മലയോര ജനതയോട് പറയാത്തത്
‘സര്‍ക്കാര്‍ ഉത്തരവിറക്കി ഉരുള്‍പൊട്ടല്‍ തടയാന്‍ പറ്റുമോ?’; ഗാഡ്ഗിലാണ് ശരിയെന്ന് കാലം തെളിയിക്കുന്നെന്ന് പി ടി തോമസ്

Related Stories

No stories found.
The Cue
www.thecue.in