നൗഷാദ്
നൗഷാദ്

നൗഷാദ്: സഹജീവി സ്‌നേഹത്തിന്റെ തീരാത്ത സ്‌റ്റോക്ക്

കഴിഞ്ഞ വര്‍ഷത്തെ പ്രളയം സൃഷ്ടിച്ച മുറിവുകളും പരുക്കുകളും ഭേദമാകുന്നതിന് മുന്നേ മറ്റൊരു ദുരിതകാലത്തിലൂടെ കടന്നുപോകുകയാണ് കേരളം. കവളപ്പാറയിലും പൂത്തുമലയിലും ഇപ്പോഴും മനുഷ്യര്‍ മണ്ണിനടിയിലാണ്. ഒട്ടേറെപ്പേരുടെ ആയുസിന്റെ സമ്പാദ്യം മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും കൊണ്ടുപോയി. സംസ്ഥാനത്താകെ 286 വീടുകള്‍ പൂര്‍ണ്ണമായും 2,966 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നാണ് ലഭ്യമായ കണക്ക്. ഹെക്ടര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. 1,639 ഇടങ്ങളിലായി രണ്ടരലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു. ദുരന്തമുണ്ടായപ്പോഴോ മുന്നറിയിപ്പ് ലഭിച്ചപ്പോഴോ ഉടുതുണി മാത്രമായി ക്യാംപിലെത്തിയവരാണ് ഇവരില്‍ മിക്കവരും. പിഞ്ചുകുഞ്ഞുങ്ങളും ഗര്‍ഭിണികളും രോഗികളും വയോധികരും ഇക്കൂട്ടത്തിലുണ്ട്.

ക്യാംപുകളിലേക്ക് ഭക്ഷ്യസാധനങ്ങളും അവശ്യവസ്തുക്കളും എത്തിക്കാന്‍ പെടാപ്പാട് പെടുകയാണ് വൊളന്റിയര്‍മാര്‍. കളക്ഷന്‍ സെന്ററുകളില്‍ കാലിയായ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് നിറയാന്‍ കാത്തിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു. ദുരിതബാധിതര്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും കഴിയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് രാമനാട്ടുകര ഗണപത് സ്‌കൂള്‍ റിലീഫ് ക്യാംപില്‍ നിന്നുള്ള അഭ്യര്‍ത്ഥന സമൂഹമാധ്യമങ്ങളിലെത്തി. 'ഞങ്ങള്‍ കൈ നീട്ടുകയാണ്. തട്ടിയെറിയരുത്' എന്ന് ആ കുറിപ്പിലുണ്ടായിരുന്നു.

നൗഷാദ്
‘ഞങ്ങൾ കൈ നീട്ടുകയാണ്, തട്ടിയെറിയരുത്’; ദുരിതബാധിതർക്ക് ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ലെന്ന് വൊളന്റിയേഴ്സ്

ഒറ്റക്കെട്ടായ് ഒത്തുപിടിച്ചാണ് കേരളം മഹാപ്രളയത്തെ നേരിട്ടതും അതിജീവിച്ചതും. മത്സ്യത്തൊഴിലാളികളും ടോറസ് ഉടമയും അനേകം കൂട്ടായ്മകളും സര്‍ക്കാര്‍ സംവിധാനവുമെല്ലാം കൈ കോര്‍ത്തപ്പോള്‍ ദുരന്തം അതിജീവനത്തിന് വഴിമാറി. കഴിഞ്ഞ പ്രളയകാലത്തുണ്ടായതില്‍ നിന്നും വ്യത്യസ്തമായി ഒരു തണുപ്പന്‍ പ്രതികരണമാണ് ഇത്തവണ തുടക്കത്തിലുണ്ടായത്. കളക്ഷന്‍ സെന്ററുകള്‍ നിറയാന്‍ വൈകി. അവശ്യസാധനങ്ങളുമായി വയനാട്ടിലേക്കും മലപ്പുറത്തേക്കും പോകാന്‍ തയ്യാറായ വാഹനങ്ങള്‍ നിറയാനായി കാത്തുകിടന്നു. പലയിടങ്ങളിലും വൊളന്റിയര്‍മാരേപ്പോലും കിട്ടാനില്ലാത്ത അവസ്ഥയുണ്ടായി. എന്താണ് നമുക്ക് പറ്റിയതെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. ദുരിതാശ്വാസ സഹായം നല്‍കുന്നതിനെതിരെ ഒരു വിഭാഗം നടത്തിയ ക്യാംപെയ്‌നും ജനം പൊതുവേ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് മുഖ്യ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ദുരിതാശ്വാസക്യാംപുകളിലേക്ക് സാധനങ്ങള്‍ എത്തിക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ പണം ചെലവാക്കട്ടേയെന്നും ചിലര്‍ പ്രചരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച ഫണ്ടുകൊണ്ട് മന്ത്രിമാര്‍ വിദേശയാത്രനടത്തിയെന്നുവരെ ആരോപണങ്ങളുണ്ടായി. സിഎജിയുടെ (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) ഓഡിറ്റിങ്ങിന് വിധേയമായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളും നടന്നു.

നൗഷാദ്
‘ദുരിതാശ്വാസഫണ്ട് കൊണ്ട് ചെയ്തത് ഇതൊക്കെയാണ്’; പ്രളയം ബാധിക്കാത്ത പുതിയ വീട് ചൂണ്ടി മന്ത്രി എം എം മണി  

ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ ദുരിതമനുഭവിക്കുന്ന സ്വന്തം ജനതയ്‌ക്കെതിരെ, സഹജീവികള്‍ക്കെതിരെ ഒരു വിഭാഗത്തിന്റെ ദ്രോഹം തുടരുമ്പോഴാണ് നൗഷാദ് എന്ന വൈപ്പിന്‍കാരന്റെ വീഡിയോ നമ്മളിലേക്കെത്തുന്നത്. എറണാകുളം ബ്രോഡ്‌വേയിലെ വഴിക്കച്ചടക്കാരന്‍. വയനാട്, നിലമ്പൂര്‍ പ്രദേശങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ എത്തിയ നടന്‍ രാജേഷ് ശര്‍മ്മയെയും സംഘത്തേയും നൗഷാദ് തന്റെ കടയിലേക്ക് വിളിച്ചുകൊണ്ടുപോയി. 'ഒന്ന് എന്റെ കടവരെ വരുമോ?' എന്ന് ചോദിച്ച നൗഷാദ് അടച്ചിട്ടിരുന്ന കട തുറന്നു വില്‍പനയ്ക്കായി വെച്ചിരുന്ന വസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറച്ചു.

ആലങ്ങാട് ദുരിതാശ്വാസ ക്യാംപില്‍ നിന്നും 
ആലങ്ങാട് ദുരിതാശ്വാസ ക്യാംപില്‍ നിന്നും 

അവര്‍ക്കല്ലേ ഇതൊക്കെ വേണ്ടത്, അതാണ് എന്റെ ലാഭം, നമ്മള്‍ പോകുമ്പോള്‍ ഇവിടെ നിന്നൊന്നും കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ. ഇതെല്ലാം എത്തേണ്ടിടത്ത് എത്തും. കൈകളില്‍ എത്തും. നാളെ പെരുന്നാളല്ലേ. എന്റെ പെരുന്നാളിങ്ങനെയാ.

നൗഷാദ്

വീഡിയോ വൈറലായതോടെ വിവിധയിടങ്ങളില്‍ നിന്നും വീണ്ടും സന്നദ്ധപ്രവര്‍ത്തകരെത്തി. ആദ്യം വീഡിയോയില്‍ കാണുമ്പോഴും പിന്നീട് വാര്‍ത്തയില്‍ കാണുമ്പോഴുമെല്ലാം നൗഷാദ് വസ്ത്രങ്ങള്‍ സഞ്ചിയില്‍ നിറച്ചുകൊണ്ടിരിക്കുകയായിരുന്നു. സഹജീവിസ്‌നേഹവും കരുതലും കുറയുകയാണെന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഈ പറഞ്ഞതെല്ലാം നൗഷാദ് ചാക്കുകളില്‍ വാരി നിറച്ചത്. മലയാളി കൈവിടുകയാണെന്ന് തോന്നിപ്പിച്ച ആത്മവിശ്വാസം കൂടിയാണ് നൗഷാദ് തിരികെ പിടിച്ചുതന്നത്. കഴിഞ്ഞ പ്രളയത്തിന്റെ സമയത്തും ഈ വഴിക്കച്ചവടക്കാരന്‍ ദുരിതബാധിതരെ തന്നാലാവും വിധം കൈ അയച്ച് സഹായിച്ചിരുന്നു. ഇത്തവണ നമ്മള്‍ അത് കണ്ടൂ എന്ന് മാത്രം. പേരറിയാത്ത എത്രയോ നൗഷാദുമാര്‍ ഉണ്ടാകും. അവരുള്ളതുകൊണ്ടുകൂടിയാണ് നാം അതിജീവിക്കുന്നത്. 'ഇതെല്ലാം ഇപ്പോള്‍ തീരില്ലേ?' എന്ന് ചോദിച്ച റിപ്പോര്‍ട്ടറോട് കാലിയാകുന്നത് കുഴപ്പമില്ല. ഇനിയും വരും' എന്നായിരുന്നു നൗഷാദിന്റെ മറുപടി. സഹജീവി സ്‌നേഹത്തിന്റേയും കരുതലിന്റേയും സ്‌റ്റോക്ക് അങ്ങനെ തീരുന്ന ഒന്നല്ല. കളക്ഷന്‍ സെന്ററുകള്‍ നിറഞ്ഞുതുടങ്ങി. അവശ്യസാധനങ്ങള്‍ നിറഞ്ഞ ലോഡുമായി വാഹനങ്ങള്‍ ദുരിതബാധിതര്‍ക്ക് അടുക്കലേക്ക് എത്തുന്നു. നൗഷാദുമാര്‍ ഒപ്പം ജീവിക്കുന്നിടത്തോളം കാലം നാം അതിജീവിക്കും.

നൗഷാദ്
അത്ര സുസ്ഥിരമല്ല കാര്യങ്ങള്‍; ദുരന്തങ്ങള്‍ പലരൂപത്തില്‍ ഇനിയുമുണ്ടാകാം  

Related Stories

No stories found.
logo
The Cue
www.thecue.in