നുണകളില്‍ മരണം ഒളിപ്പിച്ച ‘ചെര്‍ണോബില്‍’  

നുണകളില്‍ മരണം ഒളിപ്പിച്ച ‘ചെര്‍ണോബില്‍’  

‘വാട്ട് ഈസ് ദ കോസ്റ്റ് ഓഫ് ലൈസ്?’, സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ഒരു ഭരണകൂടം നുണകള്‍ കൊണ്ട് സത്യം മറച്ചു വച്ചതിന് ലോകം കൊടുക്കേണ്ടി വന്ന വിലയെന്ത് ? ക്രെയ്ഗ് മാസിന്‍ രചിച്ച് യുഹാന്‍ റെങ്ക് സംവിധാനം ചെയ്ത ചെര്‍ണോബില്‍ എന്ന മിനി വെബ് സീരീസ് ഈ ചോദ്യത്തിന് പിന്നാലെയാണ് സഞ്ചരിക്കുന്നത്. എച്ച് ബി ഒ സംപ്രേഷണം ചെയ്ത മിനി സീരീസ് ചര്‍ച്ച ചെയ്യപ്പെട്ടതും മാനവരാശിക്ക് മേല്‍ ഈ ദുരന്തം തീര്‍ത്ത ആഘാതം അവശേഷിക്കുന്നതിനാലാണ്.

1986 ഏപ്രില്‍ 26, സോവിയറ്റ് യൂണിയനിലെ, പ്രിപ്യാറ്റിലെ ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്റില്‍ ഒരു അപകടമുണ്ടാകുന്നു. സുരക്ഷാ പരിശോധനകള്‍ക്കിടയില്‍ എമര്‍ജന്‍സി ടാങ്കില്‍ ഒരു ചെറിയ പൊട്ടിത്തെറി. രാത്രി ഒന്നരയോടെയുണ്ടായ പൊട്ടിത്തെറിയില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് നടുക്കമുണ്ടായിട്ടും, തീയണക്കാനെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തളര്‍ന്ന് ചോരതുപ്പിക്കൊണ്ട് വീണപ്പോഴും പ്ലാന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഒരു ചെറിയ പൊട്ടിത്തെറിയെന്ന് തന്നെയാണ്. പരിശോധിച്ച മറ്റുള്ളവര്‍ പൊട്ടിയത് ടാങ്കല്ല റിയാക്ടര്‍ കോറാണെന്ന് പറഞ്ഞപ്പോഴും മുകളിലുള്ളവര്‍ ആവര്‍ത്തിച്ചതും ചെറിയ പൊട്ടിത്തെറി എന്നു തന്നെ.

നുണകള്‍ അറിയാതെ, അല്ലെങ്കില്‍ മറച്ചു വയ്ക്കപ്പെട്ട സത്യമറിയാതെ ആ നഗരത്തിന് ചുറ്റുമുള്ളവര്‍ ആകാശത്ത് തീ ഉയരുന്നതിന്റെ ഭംഗി ആസ്വദിച്ചു. റേഡിയേഷന്‍ നിറഞ്ഞ ആ ചുറ്റുപാടുകളില്‍ ജോലി ചെയ്തു, വിശപ്പകറ്റാന്‍ ഭക്ഷണം കഴിച്ചു, ദാഹിച്ചപ്പോള്‍ വെള്ളം കുടിച്ചു. ആ സമയമത്രയും, ആ ദിവസങ്ങളിലത്രയും അവരറിയാതെ അവരുടെയും ആ തലമുറയുടെയും അവസാനം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ലോകചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തം. നൂറ് ഹിരോഷിമയ്ക്കു തുല്യമായ റേഡിയേഷനുകള്‍ പ്രസരിച്ച ഇന്നും ജീവിതം സാധ്യമാകാത്ത, ശവപ്പറമ്പുകളെ നിര്‍മിച്ച ചെര്‍ണോബില്‍. അഞ്ച് എപ്പിസോഡുകളിലായിട്ടാണ് എച്ച്ബിഒ മിനി സീരീസ് പ്രേക്ഷകരിലെത്തിച്ചത്. ചരിത്രയാഥാര്‍ത്ഥ്യമെന്ന നിലയില്‍ വാര്‍ത്തകളിലും ചര്‍ച്ചകളിലുമായി പലകുറി പരാമര്‍ശിക്കപ്പെട്ട ദുരന്തത്തെ പുതുതായി പരിചയപ്പെടുത്താന്‍ മിനക്കെടാതെ സത്യം തിരിച്ചറിഞ്ഞവര്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി നടത്തിയ പ്രയത്നങ്ങളും സമാന്തര അന്വേഷണങ്ങളും ഗവേഷണങ്ങളുമൊക്കെയാണ് സീരീസിന്റെ ഉള്ളടക്കം. അതിനാല്‍ തന്നെ ശവശരീരങ്ങളുടെ എണ്ണം കാണിച്ച് പേടിപ്പെടുത്തുന്ന പരിചരണ രീതി ചെര്‍ണോബില്‍ പിന്തുടരുന്നില്ല.

ചെര്‍ണോബിലിലെ പൊട്ടിത്തെറി, ആളുകളെ കുടിയൊഴിപ്പിക്കല്‍, ദുരന്ത വ്യാപ്തി കുറയ്ക്കാനുള്ള ശ്രമങ്ങള്‍, കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍, മരണം നേരില്‍ കണ്ട മനുഷ്യരുടെ പിന്നീടുള്ള ജീവിതം ഇതെല്ലാം സീരീസിന്റെ ഭാഗമാണ്. ഫ്രെയിമില്‍ വരുന്ന ഓരോ വ്യക്തിയും റേഡിയേഷന്‍ കാരണം ഏതുനിമിഷവും മരിക്കാന്‍ സാധ്യതയുള്ളവരാണ്. അല്ലെങ്കില്‍ ആസന്നമാണ് മരണമെന്ന് ബോധ്യമുള്ളവരാണ്. ആ മരണം മനസിലാക്കിക്കൊണ്ടു തന്നെ ടാങ്കിനകത്തെ അറ്റകുറ്റപ്പണിയ്ക്കായി തൊഴിലാളികള്‍ തയ്യാറായി വരുമ്പോള്‍, കല്‍ക്കരി തൊഴിലാളികള്‍ നഗ്നരായി തുരങ്കം നിര്‍മിക്കുമ്പോള്‍, പ്രേക്ഷകര്‍ക്ക് മരണത്തണുപ്പറിയാനാകുന്നു. സത്യം കണ്ടു പിടിക്കുകയും തിരുത്തുകയും ചെയ്തില്ലെങ്കില്‍ മറ്റൊരു ചെര്‍ണോബില്‍ വീണ്ടും ഉണ്ടായേക്കാമെന്നും അവര്‍ തിരിച്ചറിയുന്നുണ്ട്. ആ മരണഭയം കൊണ്ടു തന്നെയാണ് ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ഭയന്ന് അല്ലെങ്കില്‍ എതിര്‍ക്കാന്‍ മടിച്ചിരുന്നവര്‍ എപ്പിസോഡുകള്‍ കഴിയുന്തോറും ദുരന്തത്തിന്റെ വ്യാപ്തി കൂടുംതോറും അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിത്തുടങ്ങുന്നതും.

ദുരന്തത്തെ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നേരിട്ടരീതി തന്നെയാണ് ചരിത്രത്തിലെന്ന പോലെ സീരീസിലും വിമര്‍ശിക്കപ്പെടുന്നത്. ആദ്യ എപ്പിസോഡില്‍ തന്നെ സത്യം മറയ്ക്കാന്‍, അല്ലെങ്കില്‍ തെറ്റ് പറ്റി എന്ന് സമ്മതിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായിരുന്ന സോവിയറ്റ് യുണിയന്‍ മടിച്ചതിനെ സീരീസ് തുറന്നു കാട്ടുന്നു. വ്‌ളാഡിമര്‍ ലെനിന്‍ എന്ന കമ്മ്യൂണിസ്റ്റ് അതികായന്റെ പേര് കളങ്കപ്പെടാതിരിക്കാന്‍ ദുരന്തതീവ്രത മറച്ചുവച്ചെന്നാണ് സീരീസ് വാദിക്കുന്നത്. പിന്നീട് ഉക്രെയിന്‍ സ്വതന്ത്രമാവുകയും രാജ്യത്തെ മുഴുവന്‍ ലെനിന്‍ പ്രതിമകളും നശിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ ആ ദുരന്തത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുക്കാനെന്ന വണ്ണം ചെര്‍ണോബിലില്‍ മാത്രം ഒന്ന് നിലനിര്‍ത്തി എന്നതും ചരിത്രം.

ചരിത്രം അതേ പടി പിന്തുടരുകയായിരുന്നില്ലെന്ന് സീരീസിന് ഒടുവില്‍ അണിയറപ്രവര്‍ത്തകര്‍ സമ്മതിക്കുമ്പോള്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ബോധപൂര്‍വം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ എല്ലാ അവസരങ്ങളെയും ഉപയോഗിപ്പെടുത്തിയിരുന്നോ എന്ന സംശയമുണ്ടാകും. അപകടം മറച്ചു വെയ്ക്കാന്‍ ശ്രമിക്കുന്ന ഉന്നത സോവിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് ആണവനിലയങ്ങളെക്കുറിച്ച് യാതൊരു ധാരണകളില്ലെന്നും സീരീസില്‍ ഉടനീളം പറയുന്നുണ്ട്. ഒരു രംഗത്തില്‍ ഷൂ ഫാക്ടറിയില്‍ ജോലി ചെയ്ത ഒരാള്‍ക്ക് ആണവനിലയത്തെക്കുറിച്ച് എങ്ങനെ അറിയാനാണെന്ന് ഒരു കഥാപാത്രം ഉദ്യോഗസ്ഥനോട് ചോദിക്കുന്നുണ്ട്, കല്‍ക്കരി തൊഴിലാളികള്‍ ചെറുപ്പക്കാരനായ പക്വതയില്ലെന്ന് തോന്നിപ്പിക്കുന്ന മന്ത്രിയുടെ ദേഹത്ത് കരി പുരട്ടിയിട്ട് ഇപ്പോഴാണ് നിങ്ങളെ കാണാന്‍ കല്‍ക്കരി മന്ത്രിയെ പോലെ ഉള്ളതെന്നും പറയുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ആ കാലഘട്ടത്തില്‍ വര്‍ഷങ്ങളോളം കല്‍ക്കരി ഖനിയില്‍ ജോലി ചെയ്തിരുന്ന ഒരാളായിരുന്നു മന്ത്രി പദവിയില്‍ ഉണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഫിക്ഷനെന്ന് തോന്നിപ്പിക്കാതെ കാണുന്നതെന്നല്ലാം സത്യമെന്ന് സ്ഥാപിക്കുന്ന സീരീസില്‍ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ എന്തിനായിരുന്നുവെന്ന വിമര്‍ശനം ഉയരും. നുണകള്‍ക്ക് കൊടുക്കേണ്ടി വന്ന വിലയെന്തെന്ന് ചോദിക്കുന്ന അതേ സീരീസില്‍ നുണകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ ചരിത്രത്തത്തോട് ഈ സീരീസ് എത്രത്തോളം നീതി പുലര്‍ത്തിയെന്നത് തുടര്‍ക്കാലവും ചര്‍ച്ചയാകും. കാരണം ചെര്‍ണോബില്‍ ദുരന്തം കുറേപേരുടെ മനസിലെങ്കിലും ഡോക്യുമെന്റ് ചെയ്യപ്പെടുന്നത് ഈ സീരീസിന്റെ ഉള്ളടക്കമായാണ്.

എച്ച്ബിഒയുടെ മികച്ച സീരിസുകളിലൊന്നായ ഗെയിം ഓഫ് ത്രോണ്‍സ് അവസാനിച്ചതിന് പിന്നാലെയാണ് ചെര്‍ണോബില്‍ സംപ്രേഷണം ആരംഭിച്ചത്. എട്ട് വര്‍ഷക്കാലം പ്രേക്ഷകര്‍ സ്വീകരിച്ച സീരീസിന്റെ അതേ സ്വീകാര്യത കേവലം അഞ്ച് എപ്പിസോഡുകള്‍ മാത്രമുള്ള ചെര്‍ണോബിലിന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന, ഓരോ നിമിഷവും ഭയപ്പെടുത്തുന്ന അവതരണവും, ഏച്ചുകെട്ടലില്ലാതെ, ഡോക്യുമെന്ററി ശൈലിയില്ലാതെയുള്ള കഥ പറച്ചിലും പ്രേക്ഷകരെ സീരീസിനോടടുപ്പിക്കുന്നു. എന്താണ് ചെര്‍ണോബിലില്‍ അന്ന് സംഭവിച്ചതെന്ന് അറിയാനുളള പ്രേക്ഷകരുടെ ആകാക്ഷയെ പരമാവധി ഉപയോഗപ്പെടുത്തുന്ന വിധമാണ് സീരീസ് ഒരുക്കിയിരിക്കുന്നതും. ഒപ്പം ഭോപ്പാല്‍ ദുരന്തവും കൂടംകുളം ആണവനിലയവുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ ചെര്‍ണോബില്‍ ഭയപ്പെടുത്തുകയും ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in