'മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ല', ബിഗ് ബോസ് സീസണ്‍ ത്രീയെക്കുറിച്ച് കരിക്ക് ഫെയിം അനു.കെ.അനിയന്‍

'മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ല', ബിഗ് ബോസ് സീസണ്‍ ത്രീയെക്കുറിച്ച് കരിക്ക് ഫെയിം അനു.കെ.അനിയന്‍

റിയാലിറ്റി ഗെയിം ഷോ 'ബിഗ് ബോസ് സീസണ്‍ ത്രീ' പ്രഖ്യാപിച്ചതിന് പിന്നാലെ 17 മത്സരാര്‍ത്ഥികള്‍ ആരൊക്കെയെന്നതിന്റെ അഭ്യൂഹവും സൂചനയും ഉറപ്പിക്കലുമായി ചില മാധ്യമങ്ങളും, യൂട്യൂബ് ചാനലുകളും രംഗത്ത് വന്നിരുന്നു. കനി കുസൃതി, ബോബി ചെമ്മണ്ണൂര്‍, മോഹനന്‍ വൈദ്യര്‍, അനാര്‍ക്കലി മരക്കാര്‍, രഹന ഫാത്തിമ, ഗോവിന്ദ് പത്മസൂര്യ, രശ്മി നായര്‍, കരിക്ക് ഫെയിം അനു.കെ.അനിയന്‍ (ജോര്‍ജ്) ഉള്‍പ്പെടെയുള്ളവര്‍ സീസണ്‍ ത്രീയില്‍ മല്‍സരാര്‍ത്ഥികളാണെന്ന് പ്രചരണം വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് അനു കെ അനിയന്‍ പറയുന്നു. മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യാജവാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവച്ച് അനു.കെ.അനിയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തെ റിമി ടോമിയും ബിഗ് ബോസ് സീസണ്‍ ത്രീയില്‍ ഉണ്ടെന്ന പ്രചരണം വ്യാജമാണെന്ന് പറഞ്ഞിരുന്നു. കനി കുസൃതി ഉള്‍പ്പെടെ ഈ പട്ടികയില്‍ പറഞ്ഞിരുന്നവരില്‍ കൂടുതല്‍ പേരും സീസണ്‍ ത്രീയില്‍ ഇല്ലെന്നതാണ് വസ്തുത. ബിഗ് ബോസ് സീസണ്‍ ത്രീ ഏഷ്യാനെറ്റില്‍ ഫെബ്രുവരി മുതല്‍ ഉണ്ടാകുമെന്ന് അവതാരകന്‍ മോഹന്‍ലാല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പല ഊഹപട്ടികകളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ എപ്പിസോഡിലാണ് ബിഗ് ബോസ് ഹൗസില്‍ ആരൊക്കെയെന്ന് പ്രഖ്യാപിക്കുക.

ബിഗ് ബോസ് ത്രീയില്‍ താന്‍ ഉണ്ടെന്ന തരത്തില്‍ ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് റിമിയുടെ പ്രതികരണം.

റിമി ടോമി പറയുന്നത്

എന്തിനാണ് ഈ ആളുകള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഒരു പാട് പേര്‍ ചോദിക്കുന്നു ബിഗ് ബോസില്‍ ഉണ്ടോ എന്ന്. ഇല്ലാ എന്ന് ഇവിടെ പറഞ്ഞ കാര്യം കഴിഞ്ഞല്ലോ. ഫേക്ക് ന്യൂസുകളെ തരണം ചെയ്യാന്‍ ഇനി ഇതേ വഴി ഉള്ളൂ.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ADMIN

ബിഗ് ബോസ്സ് മലയാളം മൂന്നാം പതിപ്പ് ഫെബ്രുവരി പകുതിയോടെ ഏഷ്യാനെറ്റില്‍ സംപ്രേഷണം തുടങ്ങും. കൊവിഡിനെ തുടര്‍ന്ന് രണ്ടാം സീസണ്‍ പാതിയില്‍ അവസാനിപ്പിച്ചിരുന്നു. പുതിയ മത്സരാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും ബിഗ് ബോസ്സ് മൂന്നാം സീസണ്‍. ചെന്നൈയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് ഷോ നടക്കുന്നത്. മൂന്നാം സീസണിലും മോഹന്‍ലാല്‍ ആണ് ബിഗ് ബോസ്സ് അവതാരകനായി എത്തുന്നത്. നടന്‍ ടൊവിനോ തോമസ് ബിഗ് ബോസ് സീസണ്‍ ത്രീ ലോഗോ പ്രകാശനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ മൂന്നാം സീസണ്‍ പ്രഖ്യാപിച്ചത്.

മോഹന്‍ലാല്‍ ബിഗ് ബോസ് മൂന്നാം സീസണിനെക്കുറിച്ച്

നിങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തില്‍ നിങ്ങള്‍ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടനെത്തുന്നു

സീസണ്‍ 3യിലേക്കുള്ള മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. കമല്‍ ഹാസന്‍ അവതാരകനാവുന്ന തമിഴ് ബിഗ് ബോസ് ഫൈനലിലേക്ക് കടക്കുകയാണ്. തമിഴ് ബിഗ് ബോസ് ചിത്രീകരിച്ച അതേ ഫിലിം സിറ്റിയിലാണ് മലയാളവും ചിത്രീകരിക്കേണ്ടത്. തമിഴ് പൂര്‍ത്തിയാകുന്നതിന് പിന്നാലെയാണ് മലയാളം ഷൂട്ട് തുടങ്ങുക.

കൊവിഡ് രൂക്ഷമായതിന് പിന്നാലെ സീസണ്‍ ടു 2020 മാര്‍ച്ച് 20ന് അവസാനിപ്പിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ സീസണുമായിരുന്നു ഇത്. അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെയും ചര്‍ച്ച ചെയ്യപ്പെട്ട ഡോ.രജത്കുമാറിനെ മത്സരാര്‍ത്ഥിയാക്കിയതും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് നേരെ രജത് ഫാന്‍സ് നടത്തിയ സൈബര്‍ ആക്രമണങ്ങളും വലിയ ചര്‍ച്ചയായി. സാബു മോന്‍ അബ്ദുള്‍സമദ് ആയിരുന്നു ബിഗ് ബോസ് ആദ്യ സീസണിലെ ടൈറ്റില്‍ വിന്നര്‍.

നൂറ് ദിവസം ഫിലിം സിറ്റിയിലെ ബിഗ് ബോസ് വീട്ടില്‍ താമസിച്ച് വിവിധ മത്സരങ്ങളിലൂടെയും വോട്ടിംഗിലൂടെയും ഒന്നാമതെത്തുന്നയാളാണ് ടൈറ്റില്‍ വിന്നര്‍. ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമാവും ഷോയില്‍ അവതാരകന്‍ മോഹന്‍ലാലിന്റെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടാവുക. ഓരോ വാരാന്ത്യത്തിലും മത്സരാര്‍ഥികളില്‍ ഓരോരുത്തര്‍ വീതം പുറത്താവുകയും (elemination) ചെയ്യും. എലിമിനേഷന്‍ പൂര്‍ണമായും പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രതികൂല സാഹചര്യവും മറ്റ് മത്സരാര്‍ഥികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുമെല്ലാം നേരിട്ട് ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കുന്ന ഒരേയൊരാള്‍ ആയിരിക്കും അന്തിമ വിജയി.

ഡിസ്നി സ്റ്റാര്‍ ഗ്രൂപ്പിന് കീഴിലുള്ള വിവിധ ഭാഷാ ചാനലുകളാണ് ഇന്ത്യയില്‍ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. മലയാളം ആദ്യ സീസണ്‍ മുംബൈയിലായിരുന്നു. രണ്ടാം സീസണ്‍ മുതല്‍ ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലേക്ക് മാറി.

Summary

karikku fame george aka anu.k.aniyan denies participating Bigg Boss Malayalam 3

Related Stories

The Cue
www.thecue.in