ബിഗ് ബോസ് സീസണ്‍ ത്രീയില്‍ ഉണ്ടോ? വ്യാജപ്രചരണമെന്ന് റിമി ടോമി Bigg Boss Malayalam 3

ബിഗ് ബോസ് സീസണ്‍ ത്രീയില്‍ ഉണ്ടോ? വ്യാജപ്രചരണമെന്ന് റിമി ടോമി Bigg Boss Malayalam 3

റിയാലിറ്റി ഗെയിം ഷോയായ ബിഗ് ബോസ് മൂന്നാം സീസണ്‍ ഏഷ്യാനെറ്റില്‍ ആരംഭിക്കാനിരിക്കെ ഇത്തവണത്തെ 17 മത്സരാര്‍ത്ഥികള്‍ ആരൊക്കെയെന്നതില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. റിമി ടോമി ബിഗ് ബോസ് സീസണ്‍ ത്രീയില്‍ മത്സരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഇത് നിഷേധിക്കുകയാണ് റിമി ടോമി.

ബിഗ് ബോസ് ത്രീയില്‍ താന്‍ ഉണ്ടെന്ന തരത്തില്‍ ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് റിമിയുടെ പ്രതികരണം.

റിമി ടോമി പറയുന്നത്

എന്തിനാണ് ഈ ആളുകള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഒരു പാട് പേര്‍ ചോദിക്കുന്നു ബിഗ് ബോസില്‍ ഉണ്ടോ എന്ന്. ഇല്ലാ എന്ന് ഇവിടെ പറഞ്ഞ കാര്യം കഴിഞ്ഞല്ലോ. ഫേക്ക് ന്യൂസുകളെ തരണം ചെയ്യാന്‍ ഇനി ഇതേ വഴി ഉള്ളൂ.

ബിഗ് ബോസ്സ് മലയാളം മൂന്നാം പതിപ്പ് ഫെബ്രുവരി പകുതിയോടെ ഏഷ്യാനെറ്റില്‍ സംപ്രേഷണം തുടങ്ങും. കൊവിഡിനെ തുടര്‍ന്ന് രണ്ടാം സീസണ്‍ പാതിയില്‍ അവസാനിപ്പിച്ചിരുന്നു. പുതിയ മത്സരാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും ബിഗ് ബോസ്സ് മൂന്നാം സീസണ്‍. ചെന്നൈയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് ഷോ നടക്കുന്നത്. മൂന്നാം സീസണിലും മോഹന്‍ലാല്‍ ആണ് ബിഗ് ബോസ്സ് അവതാരകനായി എത്തുന്നത്. നടന്‍ ടൊവിനോ തോമസ് ബിഗ് ബോസ് സീസണ്‍ ത്രീ ലോഗോ പ്രകാശനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ മൂന്നാം സീസണ്‍ പ്രഖ്യാപിച്ചത്.

മോഹന്‍ലാല്‍ ബിഗ് ബോസ് മൂന്നാം സീസണിനെക്കുറിച്ച്

നിങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തില്‍ നിങ്ങള്‍ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടനെത്തുന്നു

സീസണ്‍ 3യിലേക്കുള്ള മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. കമല്‍ ഹാസന്‍ അവതാരകനാവുന്ന തമിഴ് ബിഗ് ബോസ് ഫൈനലിലേക്ക് കടക്കുകയാണ്. തമിഴ് ബിഗ് ബോസ് ചിത്രീകരിച്ച അതേ ഫിലിം സിറ്റിയിലാണ് മലയാളവും ചിത്രീകരിക്കേണ്ടത്. തമിഴ് പൂര്‍ത്തിയാകുന്നതിന് പിന്നാലെയാണ് മലയാളം ഷൂട്ട് തുടങ്ങുക.

കൊവിഡ് രൂക്ഷമായതിന് പിന്നാലെ സീസണ്‍ ടു 2020 മാര്‍ച്ച് 20ന് അവസാനിപ്പിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ സീസണുമായിരുന്നു ഇത്. അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെയും ചര്‍ച്ച ചെയ്യപ്പെട്ട ഡോ.രജത്കുമാറിനെ മത്സരാര്‍ത്ഥിയാക്കിയതും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് നേരെ രജത് ഫാന്‍സ് നടത്തിയ സൈബര്‍ ആക്രമണങ്ങളും വലിയ ചര്‍ച്ചയായി. സാബു മോന്‍ അബ്ദുള്‍സമദ് ആയിരുന്നു ബിഗ് ബോസ് ആദ്യ സീസണിലെ ടൈറ്റില്‍ വിന്നര്‍.

നൂറ് ദിവസം ഫിലിം സിറ്റിയിലെ ബിഗ് ബോസ് വീട്ടില്‍ താമസിച്ച് വിവിധ മത്സരങ്ങളിലൂടെയും വോട്ടിംഗിലൂടെയും ഒന്നാമതെത്തുന്നയാളാണ് ടൈറ്റില്‍ വിന്നര്‍. ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമാവും ഷോയില്‍ അവതാരകന്‍ മോഹന്‍ലാലിന്റെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടാവുക. ഓരോ വാരാന്ത്യത്തിലും മത്സരാര്‍ഥികളില്‍ ഓരോരുത്തര്‍ വീതം പുറത്താവുകയും (elemination) ചെയ്യും. എലിമിനേഷന്‍ പൂര്‍ണമായും പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രതികൂല സാഹചര്യവും മറ്റ് മത്സരാര്‍ഥികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുമെല്ലാം നേരിട്ട് ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കുന്ന ഒരേയൊരാള്‍ ആയിരിക്കും അന്തിമ വിജയി.

ഡിസ്നി സ്റ്റാര്‍ ഗ്രൂപ്പിന് കീഴിലുള്ള വിവിധ ഭാഷാ ചാനലുകളാണ് ഇന്ത്യയില്‍ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. മലയാളം ആദ്യ സീസണ്‍ മുംബൈയിലായിരുന്നു. രണ്ടാം സീസണ്‍ മുതല്‍ ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലേക്ക് മാറി.

Summary

Rimi Tomy denies participating Bigg Boss Malayalam 3

Related Stories

No stories found.
logo
The Cue
www.thecue.in