ബെനലിയുടെ ഇംപീരിയാലെ 400, ഇറ്റാലിയന്‍ സൗന്ദര്യം ഇന്ത്യന്‍ നിരത്തിലേക്ക് 

ബെനലിയുടെ ഇംപീരിയാലെ 400, ഇറ്റാലിയന്‍ സൗന്ദര്യം ഇന്ത്യന്‍ നിരത്തിലേക്ക് 

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ പുതിയ മോഡല്‍ ഇംപീരിയാലെ 400 അടുത്ത മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് സൂചന. രാജ്യത്ത് ഇറക്കുന്നതിനു മുമ്പ് തന്നെ ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചുകഴിഞ്ഞു. ഒക്‌റ്റോബര്‍ 25 ന് ഈ പുതിയ മോഡല്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 2017 മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു ഇംപീരിയാലെ 400 ബെനെലി ആദ്യമായി അവതരിപ്പിച്ചത്. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമില്‍ പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം

200 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്റെ റൗണ്ട് ഹെഡ്ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യമുള്ളവയാണ്. 373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയലെയുടെത്.   5500 ആര്‍പിഎമ്മില്‍ 20.4 എച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും.

5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും യാത്രികര്‍ക്ക് മികച്ച സുരക്ഷ നല്‍കും. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് ഇംപീരിയാലെയുടെ സസ്‌പെന്‍ഷന്‍.

ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവയൊക്കെ ഈ പുതു ഇംപീരിയാലെയുടെ പ്രത്യേകതകളാണ്. ബോഡിയിലെ ക്രോം ഫിനിഷ്, എക്‌സ്‌ഹോസ്റ്റ് എന്നിവ ബൈക്കിന് വിന്റേജ് ലുക്ക് നല്‍കും. രണ്ടുലക്ഷം മുതല്‍ രണ്ടര ലക്ഷം വരെയായിരിക്കും ഇംപീരിയാലെയുടെ എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചനകള്‍.

നിലവില്‍ ആറോളം മോഡലുകള്‍ ബെനലിയുടേതായി ഇന്ത്യന്‍ നിരത്തിലുണ്ട്. കംപ്ലീറ്റ്‌ലി നോക്കഡ് ഡൗണ്‍ വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലാണ് ബെനലി ഇംപെരിയാലെ 400. വിദേശനിര്‍മ്മിത വാഹമാണെങ്കിലും ഇന്ത്യന്‍ വിപണയില്‍ പിടിച്ചുനില്‍ക്കാന്‍ മിക്ക ഭാഗങ്ങളും പ്രാദേശികമായി നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. 4000 രൂപയ്ക്ക് ബെനലിയുടെ പുതുതാരത്തെ ബുക്ക് ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in