കെ ദാമോദരൻ: അമൂർത്തതയിലേയ്ക്ക് ഒരു സ്മൃതിയാത്ര

കെ ദാമോദരൻ: അമൂർത്തതയിലേയ്ക്ക് ഒരു സ്മൃതിയാത്ര
Summary

അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ കെ ദാമോദരനെക്കുറിച്ചും അദ്ദേഹത്തിന്റെ ചിത്രരചനാ ശൈലിയെക്കുറിച്ചും നിരൂപകന്‍ ജോണി എംഎല്‍ എഴുതിയത്‌

സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത 'പദ്മിനി' എന്ന ബയോപിക്കിൽ അനുമോൾ അവതരിപ്പിക്കുന്ന പദ്മിനിയുടെ ഭർത്താവായ ദാമോദരൻ ആയി അഭിനയിക്കുന്നത് സഞ്ജു ശിവറാം ആണ്. പദ്മിനിയും പി കെ റോസിയും തമ്മിൽ ചില സാദൃശ്യങ്ങൾ ഉണ്ട്. പി കെ റോസി ആദ്യത്തെ നായിക ആയിരുന്നു; പദ്മിനി കേരളത്തിലെ ആദ്യത്തെ കൊട്ടാരത്തിനു പുറത്തെ ആദ്യത്തെ ചിത്രകാരിയും. അവിടെ അവസാനിക്കുന്നില്ല സാദൃശ്യങ്ങൾ. പി കെ റോസിയുടേതെന്നു പറയാൻ കുന്നുകുഴി മണി എന്ന എഴുത്തുകാരന്റെ ഡയറിയിൽ നിന്ന് കിട്ടിയതായ ഒരു ഫോട്ടോഗ്രാഫ് മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിൽ നിന്നാണ് പിൽക്കാലത്ത് പി കെ റോസി ഇങ്ങനെയായിരുന്നിരിക്കാം എന്ന ബോധ്യം എല്ലാവര്ക്കും വന്നത്.

പദ്മിനിയുടെ കാര്യത്തിലും ഏകദേശം അതാണ് സംഗതി. പദ്മിനിയുടേതെന്ന് പറയാൻ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പാസ്സ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ് മാത്രമേ പൊതുമണ്ഡലത്തിൽ പ്രചരിക്കുന്നുള്ളൂ. അതിനാകട്ടെ ബയോപിക്കിലെ അനുമോളുമായി യാതൊരു സാദൃശ്യവുമില്ല താനും. എന്നാൽ പദ്മിനിയുടെ ഭർത്താവായിരുന്ന ദാമോദരനെ കുറിച്ച് നമുക്കറിയാം. സഞ്ജു ശിവറാമിനെപ്പോലെ ആയിരുന്നിരിക്കാം ഒരു പക്ഷെ കെ ദാമോദരൻ ഇരുന്നിരുന്നത്. ഒരേ ഒരു വ്യത്യാസം മാത്രം; ശിവറാം സിനിമയിൽ തെളിഞ്ഞു ചിരിക്കുന്നുണ്ട്, ദാമോദരൻ ജീവിതത്തിൽ വളരെ കുറച്ചു മാത്രം ചിരിക്കുന്ന ആളായിരുന്നു. ചിരിച്ചാൽ പക്ഷെ കറുത്ത മുഖത്തെ വെളുത്ത മുടിയും താടിയും അതിരിട്ട ഇടത്ത് ആ ചിരി നിലാവുതിർക്കുമായിരുന്നു.

കെ ദാമോദരൻ മരിച്ചു. എണ്പത്തിയാറു വയസ്സായിരുന്നു. വാക്കിന് അര്ഥമെന്ന പോലെ പദ്മിനിയെക്കുറിച്ചു പറയുമ്പോൾ ദാമോദരനെക്കുറിച്ചും ദാമോദരനെക്കുറിച്ചു പറയുമ്പോൾ പദ്മിനിയെക്കുറിച്ചും പറയാതെ വയ്യ. അതൊരു കുറ്റമായി കണക്കാക്കേണ്ട. ചില ജീവിതങ്ങൾ അങ്ങനെയാണ്; ഗുലാം മുഹമ്മദ് ഷെയ്ഖ് -നീലിമ ഷെയ്ഖ്, മനു പരേഖ്-മാധവി പരേഖ്, പരംജിത് സിങ്-അർപ്പിത സിങ്, എ രാമചന്ദ്രൻ -ചമേലി രാമചന്ദ്രൻ അങ്ങനെ പോകുന്നു കലാദമ്പതികളുടെ പട്ടിക. ഒരാളെ ഒഴിവാക്കി മറ്റൊരാളെക്കുറിച്ചു പറയാനാകില്ല. എന്നാൽ ചിലപ്പോൾ ഒരാളിന്റെ പ്രാഭവത്തിൽ മറ്റൊരാൾക്ക് വെളിച്ചം അല്പം കുറയുന്നത് സ്വാഭാവികം. പദ്മിനിയുടെ വെളിച്ചം അല്പകാലമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അത് നൂറ്റാണ്ടുകളോളം നിലനിൽക്കാൻ ശേഷിയുള്ള നാട്ടുവെളിച്ചമായിരുന്നു. ദാമോദരന് അതിൽ പരാതിയുണ്ടാകാൻ വഴിയില്ല. എങ്കിലും ദാമോദരൻ പദ്മിനിയുടെ ഭർത്താവെന്ന നിലയിൽക്കൂടി അറിയപ്പെട്ടു; ഒപ്പം ലബ്ധപ്രതിഷ്ഠനായ ഒരു അമൂർത്തചിത്രകാരനെന്ന നിലയിലും. ഇതിൽ ഏതു ലെഗസി നിലനിൽക്കും എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

പദ്മിനി സിനിമയിലെ രംഗം
പദ്മിനി സിനിമയിലെ രംഗം

ഒരു കലാ ചരിത്രകാരൻ-വിമർശകൻ എന്ന നിലയിൽ ഞാൻ കെ ദാമോദരനെ കാണുന്നത് തൊണ്ണൂറുകളുടെ ഒടുവിലാണ്. പടിഞ്ഞാറൻ ഡൽഹിയിലെ ഒരു സർക്കാർ ഫ്ലാറ്റിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പദ്മിനിയ്ക്ക് ശേഷം അദ്ദേഹം വിവാഹം കഴിച്ചത് ഒരു നഴ്സിനെ ആയിരുന്നു. അവരുടെ ഔദ്യോഗിക ക്വർട്ടേഴ്സ് ആയിരുന്നു അതെന്ന് തോന്നുന്നു. അനേകം കലാകാരന്മാരുടെ സ്റ്റുഡിയോകൾ സന്ദർശിച്ച എനിയ്ക്ക് പക്ഷെ ദാമോദരന്റെ സ്റ്റുഡിയോയിൽ കാണാൻ കഴിഞ്ഞത് അരണ്ട വെളിച്ചം ആയിരുന്നു. ഒരു പെയിന്ററെ സംബന്ധിച്ചിടത്തോളം വെളിച്ചം ആണ് അയാളുടെ അസംസ്കൃത വസ്തുക്കളിൽ പ്രധാനപ്പെട്ട ഒരു കാര്യം. എന്നാൽ സ്വയം തെരെഞ്ഞെടുത്ത ഒരു ഇരുട്ടിലായിരുന്നു ദാമോദരൻ തന്റെ ചിത്രങ്ങൾ രചിച്ചിരുന്നത്. അക്കാലത്ത് ഞാൻ സമകാലിക മലയാളം വാരികയുടെ ഡൽഹി പ്രതിനിധി കൂടിയാണ്. എസ് ജയചന്ദ്രൻ സാർ ആവശ്യപ്പെട്ട പ്രകാരം ഞാൻ പല കലാകാരന്മാരെക്കുറിച്ചും എഴുതുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ ദാമോദരനെ വിട്ടുപോകരുതെന്ന് ജയചന്ദ്രൻ സാർ വ്യക്തമായി പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ കാണാൻ എത്തിയത്.

തന്റെ പെയിന്റിങ്ങുകൾ കാണിക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുമ്പോഴും ദാമോദരൻ കാട്ടിയിരുന്ന നിർമ്മമത്വം എന്നെ വല്ലാതെ അതിശയിപ്പിച്ചു. മദ്രാസ് സ്കൂൾ കലാകാരന്മാരെ എനിയ്ക്ക് നല്ല പരിചയം ഉണ്ടായിരുന്നു. ബറോഡയിൽ കലാചരിത്രത്തിൽ എം എ ചെയ്യുമ്പോൾ ചെയ്ത ഡെസേർട്ടേഷൻ അറുപതുകളിലെയും എഴുപതുകളിലെയും തെക്കേയിന്ത്യൻ കലയെക്കുറിച്ചായിരുന്നു. അതുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി ഞാൻ ഇഞ്ചാംപക്കത്തുള്ള ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിലും മദ്രാസ് കോളേജ് ഓഫ് ആർട്ടിലും ഒക്കെ പോവുകയും മിക്കവാറും എല്ലാ പ്രധാനപ്പെട്ട കലാകാരന്മാരെയും അഭിമുഖം ചെയ്യുകയും ചെയ്തിരുന്നു. പി ഗോപിനാഥ്, കെ സി എസ് പണിക്കരുടെ മകൻ കൂടിയായ നന്ദഗോപാൽ തുടങ്ങി പ്രധാനപ്പെട്ട കലാകാരന്മാരെയൊക്കെ കണ്ടുവെങ്കിലും ദാമോദരനെ കാണാൻ കഴിഞ്ഞില്ല. അദ്ദേഹം ഡൽഹിയിൽ ആയിരുന്നു എന്ന് അവരെല്ലാം അറിയിച്ചു. ദാമോദരനെക്കുറിച്ചു അവർക്ക് അധികമൊന്നും പറയാനില്ലാത്തത് പോലെയോ അതോ അവർ അദ്ദേഹത്തെക്കുറിച്ചു ബോധപൂർവമായ മൗനം പാലിക്കുന്നത് പോലെയോ തോന്നി. ആ വിശ്വാസം ഉറച്ചത് പിൽക്കാലത്ത് ഞാൻ ദാമോദരനെ അദ്ദേഹത്തിന്റെ ഡൽഹി വസതിയിൽ വെച്ച് കാണുമ്പോഴായിരുന്നു. കെ സി എസ് പണിക്കരുടെ ശിഷ്യൻ എങ്കിലും ഒരു പക്ഷെ കെ സി എസ്സിന്റെ എല്ലാ തത്വചിന്തകളോടും ഇടഞ്ഞു നിന്ന ഒരു കലാകാരൻ കൂടിയായിരുന്നു ദാമോദരൻ. പ്രധാനമായ എതിർപ്പുകളിൽ ഒന്ന് ചോളമണ്ഡലം കലാ ഗ്രാമം സ്ഥാപിക്കുന്നത് സംബന്ധിച്ചായിരുന്നു. ദാമോദരന് ആ ആശയത്തോട് അത്ര പ്രതിപത്തി ഇല്ലാതിരുന്നു എന്ന് തോന്നി.

ദാമോദരൻ അമൂർത്തതയിലേയ്ക്ക് കടന്നു ചെന്നപ്പോൾ, ആധുനികതയുടെ മറ്റൊരു വിഭ്രാമകമായ പരീക്ഷണമുഖമായിരുന്ന സർറീയലിസത്തിലേക്കാണ് മുത്തുക്കോയ പോയത്. രണ്ടു പേരും വളരെ വൈയക്തികവും വ്യതിരിക്തവുമായ ശൈലികൾ പിന്തുടർന്നുവെങ്കിലും അവർക്ക് അവർ അർഹിക്കുന്ന തരത്തിലുള്ള അക്കാദമിക-വിമർശന ശ്രദ്ധ ലഭിക്കാതെ പോയി.

ചോളമണ്ഡലത്തിന്റെ സർവാദൃതമായ പ്രത്യയശാസ്ത്രങ്ങളിൽ നിന്നുള്ള കുതറി മാറൽ അദ്ദേഹത്തിന്റെ കലയിലും കാണാൻ കഴിയുമായിരുന്നു. ആദ്യത്തെ ദിവസം ദാമോദരനെ കാണുമ്പോൾ അദ്ദേഹം കാണിച്ചു തന്ന ചിത്രങ്ങളിലൊക്കെയും ചോളമണ്ഡലത്തിന്റെ പൊതുപ്രവണതകൾക്കെതിരെ സഞ്ചരിക്കുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു. കെ സി എസ് പണിക്കർ പ്രോദ്ഘടാനം ചെയ്തത് വാക്കുകളും പ്രതീകങ്ങളും എന്നൊരു അമൂർത്ത പരമ്പരയായിരുന്നു. അതിലൂടെ കെ സി എസ് മുന്നോട്ട് വെച്ചത് അന്താരാഷ്ട്ര അമൂർത്തതയ്ക്ക് കിടനിൽക്കുന്ന ഒരു കലാശൈലിയും അതെ സമയം അക്കാലത്ത് ഇന്ത്യൻ ബൗദ്ധികലോകം പൊതുവെ അന്വേഷിക്കുകയായിരുന്ന തനത് ഇന്ത്യൻ കലയുടെ അഥവാ ഇന്ഡിജീനസ് ആയ കലയുടെ എല്ലാ ഗുണങ്ങളും ഒരുമിയ്ക്കുന്ന ഒരു സംഗമശൈലിയും ആയിരുന്നു. ഒരേ സമയം ഇന്ത്യനും അന്താരാഷ്ട്രീയനുമായി കലാരംഗത്ത് ചുവടുറപ്പിക്കാനും അതിലൂടെ ഒരു പ്രസ്ഥാനത്തിന് വഴിമരുന്നിടാനും അദ്ദേഹത്തിന് സാധിച്ചു. എങ്കിലും കലാകാരന്മാർ താൻ കാട്ടിയ വഴിയേ നടക്കണമെന്നെന്നും അദ്ദേഹം നിർദ്ദേശിച്ചില്ല.

ഗുരുവിന്റെ നിർദ്ദേശം സ്വീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്ഥാപന തത്വശാസ്ത്രം പിൻപറ്റുന്നതിൽ വിമുഖത ഇല്ലാത്തവരായിരുന്നു മിക്കവാറും എല്ലാ ശിഷ്യന്മാരും. റെഡ്ഡപ്പ നായിഡുവും ജെ സുൽത്താൻ അലിയും കെ സി എസ്സിന്റെ ശൈലിയെ ചില ഭാവവ്യത്യാസങ്ങളോടെ പിന്തുടർന്നു. ആദ്യമേ തന്നെ പാരീസിലേയ്ക്ക് കടന്നു പോയ വിശ്വനാഥൻ റോത്ത്കോ ഒക്കെ ചെന്ന് ചേർന്ന കളർഫീൽഡ് അബ്സ്ട്രക്ഷനിലെത്തുകയും അതിന്റെ ആത്മീയഭാവങ്ങളിലേയ്ക്കും ധ്യാനാത്മകതയിലേയ്ക്കും ഊളിയിട്ടു പോവുകയും ചെയ്തു. കെ വി ഹരിദാസനാകട്ടെ അന്താരാഷ്ട്ര താന്ത്രിക് കലയുടെ വഴി സ്വീകരിച്ചു. അതിനു കാരണം കെ സി എസ് കാട്ടിയ വഴിയിൽ അല്പം താന്ത്രിക അമൂർത്ത കൂടി ഉണ്ടായിരുന്നതും, അന്താരാഷ്ട്ര തലത്തിൽ താന്ത്രീക കലയുടെ ശൈലിയ്ക്കും ജാർഗണിനും പരക്കെ പ്രശസ്തി ഉണ്ടായതുമായിരുന്നു കാരണം. എം വി ദേവൻ കെ സി എസ്സിന്റെ ഇടക്കാല ശൈലിയിൽത്തന്നെ നിൽക്കുകയും വലിയ തലയും കണ്ണുകളും കുറിയ ഉടലുകളും ഉള്ള രൂപങ്ങളെ തന്റെ രേഖാചിത്രണങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ശൈലി സൃഷ്ടിക്കുകയും ചെയ്തു. നമ്പൂതിരിയാകട്ടെ തൊഴിൽ സംബന്ധമായി രേഖാചിത്രണം സ്വീകരിച്ചെങ്കിലും പെയിന്റിങിലെ താന്ത്രിക വഴിയാണ് തേടിയത്. സി എൻ കരുണാകരൻ തന്റേതായ ഒരു അലങ്കാര ശൈലി ഉണ്ടാക്കിയെടുക്കുന്നതിൽ വിജയിച്ചു.

കെ സി എസ്സിൽ നിന്ന് ഏറ്റവും വലിയ കുതറൽ നടത്തിയത് ടി കെ പദ്മിനിയും ദാമോദരനും രാമാനുജവും ആയിരുന്നു. എന്നാൽ കെ സി എസ്സിന് ഇവരെ തന്റെ വഴിയ്ക്ക് ബലംപ്രയോഗിച്ചു കൊണ്ടുവരണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. സി എൻ കരുണാകരൻ ഇവരോട് അനുഭവം കാട്ടുകയും മദ്രാസ് മെറ്റഫറിൽ നിന്ന് നിശ്ചിതമായ അകലം പാലിക്കുകയും ചെയ്തു. അതെ സമയം ഇവർ ആരും തന്നെ തങ്ങൾക്ക് മദ്രാസ് സ്കൂളിനോടുള്ള കടപ്പാടിനെ തള്ളിപ്പറയുകയൊന്നും ഉണ്ടായില്ല. ചോളമണ്ഡലത്തിന്റെ പ്രത്യയശാസ്ത്രത്തോടായിരുന്നു ദാമോദരന് എതിർപ്പ്. കലാകാരൻമാർ കൂട്ടം കൂടി ജീവിക്കുന്നത് ആത്യന്തികമായ കിടമത്സരങ്ങളിൽ ചെന്ന് പതിക്കാൻ മാത്രമേ സഹായിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. അതിനാൽത്തന്നെ ചോളമണ്ഡലത്തിൽ അംഗത്വം എടുക്കാൻ ദാമോദരൻ വിമുഖത കാട്ടി. പദ്മിനിയുടെ മരണശേഷം മദ്രാസുമായി പിന്നെ നാഭീനാള ബന്ധം വെച്ച് പുലർത്താൻ ദാമോദരൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല അവിടെ നിന്ന് ബോധപൂർവം അകലാൻ ശ്രമിക്കുകയും ചെയ്തു. ഉപജീവനാർത്ഥം ഡൽഹിയിലേക്ക് പോയവരിൽ മദ്രാസ് സ്കൂളിൽ പഠിച്ച മുത്തുക്കോയയും ഉണ്ടായിരുന്നു. ദാമോദരനെപ്പോലെ തന്നെ മുത്തുക്കോയയും തന്റെ വഴി തേടി. ദാമോദരൻ അമൂർത്തതയിലേയ്ക്ക് കടന്നു ചെന്നപ്പോൾ, ആധുനികതയുടെ മറ്റൊരു വിഭ്രാമകമായ പരീക്ഷണമുഖമായിരുന്ന സർറീയലിസത്തിലേക്കാണ് മുത്തുക്കോയ പോയത്. രണ്ടു പേരും വളരെ വൈയക്തികവും വ്യതിരിക്തവുമായ ശൈലികൾ പിന്തുടർന്നുവെങ്കിലും അവർക്ക് അവർ അർഹിക്കുന്ന തരത്തിലുള്ള അക്കാദമിക-വിമർശന ശ്രദ്ധ ലഭിക്കാതെ പോയി.

എന്റെ ആദ്യത്തെ സന്ദർശനത്തിൽത്തന്നെ മനസ്സിലായ കാര്യം എന്നത് ദാമോദരൻ കലാരംഗത്തെ കിടമത്സരങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഒരാളായിരുന്നു എന്നാണ്. അന്ന് ഡൽഹിയിൽ ലബ്ധപ്രതിഷ്ഠരായി ഉണ്ടായിരുന്ന മലയാളി കലാകാരന്മാരിൽ പ്രമുഖർ എ രാമചന്ദ്രനും കെ എസ് രാധാകൃഷ്ണനുമായിരുന്നു. അവരുമായി വലിയ അടുപ്പമൊന്നും ദാമോദരൻ സൂക്ഷിച്ചിരുന്നില്ല. ചെറുപ്പക്കാരാണ് ഉണ്ടായിരുന്നത് അഭിമന്യു വി ജി, എൻ എൻ റിംസൺ, എം ജെ ഈനാസ്, റോയ് തോമസ്, ശിവൻ, ബാബു നമ്പൂതിരി, ജ്യോതിലാൽ, സാബു ജോസഫ് തുടങ്ങിയവരായിരുന്നു. ഇവരുമായും ദാമോദരൻ അടുപ്പം സൂക്ഷിച്ചില്ല. എല്ലാവരുമായും കൃത്യമായ അകലം സൂക്ഷിച്ച ദാമോദരൻ പക്ഷെ ഡൽഹിയിലെ തന്നെ അമൂർത്ത കലയുടെ പ്രയോക്താക്കളും വക്താക്കളുമായിരുന്ന ഐഫൿസ് (ആൾ ഇന്ത്യ ഫൈൻ ആർട്ട്സ് സൊസൈറ്റി) കലാകാരന്മാർക്കൊപ്പം കാണപ്പെടുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്തിരുന്നു. ബൗദ്ധികമായ ഉത്കര്ഷതാ ബോധമാണോ ഫിഗറേറ്റിവ് ആർട്ടിസ്റ്റ് അല്ലാത്തതിനാലുള്ള അപകര്ഷതാബോധമാണോ അദ്ദേഹത്തെ ഇവരിൽ നിന്നൊക്കെ അകലം പാലിക്കാൻ പ്രേരിപ്പിച്ചിരുന്നത് എന്ന് അറിയില്ല. പക്ഷെ കൂടിക്കാഴ്ചയിൽ ആ അകലം തികച്ചും താത്വികമായ ഒന്നാണെന്ന് പറയുവാൻ അദ്ദേഹം ശ്രദ്ധിച്ചു.

തലശ്ശേരിയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷമാണ് ദാമോദരൻ കലാവിദ്യാഭ്യാസത്തിനായി മദ്രാസ് സ്കൂളിൽ പോകുന്നത്. ആദ്യത്തെ വർഷങ്ങളിൽ അഡ്മിഷൻ കിട്ടിയില്ല എന്ന് ദാമോദരൻ പറഞ്ഞു. പലതരം തൊഴിലുകൾ ചെയ്യാൻ തുടക്കത്തിൽ പ്രേരിതനായിരുന്നെങ്കിലും ലൈബ്രറിയിലും മറ്റും സമയം ചെലവിടാനാണ് കൂടുതൽ ശ്രദ്ധ വെച്ചത്. എം ഗോവിന്ദന്റെ കളരിയിലൊക്കെ അംഗമായിരുന്നു. സൈദ്ധാന്തികമായ തർക്കങ്ങളിൽ താൻ ഏർപ്പെട്ടിരുന്നു എന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. എല്ലാ തർക്കങ്ങൾക്കും ഒടുവിൽ ദാമോദരൻ എത്തിച്ചേർന്ന കലാശൈലി പൂർണ്ണമായ അമൂർത്തതയുടേതായിരുന്നു. അത് നിറങ്ങളുടെ താളവും ലയവും കൊണ്ടുണ്ടാകുന്നതായിരുന്നു. അത് ഒരു ഭാവാത്മകത ആയിരുന്നു. അത് അർത്ഥങ്ങൾക്കും അര്ഥമില്ലായ്മയ്ക്കും അതീതമായിരുന്നു. ഒരു പക്ഷെ സാധാരണക്കാരന് മനസ്സിലാക്കുന്നതിനും മുകളിലായിരുന്നു അതിന്റെ സൗന്ദര്യ-ബൗദ്ധിക ശാസ്ത്ര നിലപാട്. ഈ നിലപാടിന് ഒരു പരിമിതി ഉണ്ടായിരുന്നു. ഫിഗറേറ്റിവ് കല ചെയ്യുന്നവനും ആധുനികൻ ആകുന്നതിനു വേണ്ടി അതുപേക്ഷിച്ചു അമൂർത്തതയിലേയ്ക്ക് തിരിയുന്ന കാലമായിരുന്നു. അന്തരീക്ഷത്തിൽ ലീനമായിരിക്കുന്ന അമേയവും അപ്രമേയവുമായ എന്തോ ഒന്നിനെ അന്വേഷിക്കുകയും അത് ചിത്രങ്ങളിൽ കണ്ടെത്തുകയും ചെയ്യുകയായിരുന്നു അവരെന്ന് കരുതിയിരുന്നു. ആധിഭൗതികമായ ഇത്തരം അന്വേഷണങ്ങളും പേശീബലം പിടിക്കലുമാണ് അമൂർത്തകലാകാരന്മാരെ ജനങ്ങളിൽ നിന്ന് അകറ്റിയതും അതുവഴി ആധുനിക കലയിൽ നിന്ന് തന്നെ ജനങ്ങൾ അകന്നു പോയെന്നും വിമർശനം ഉണ്ടായത്.

മൂർത്ത കലയുടെ വിസ്ഫോടനത്തിന്റെ നാളുകളായിരുന്നു തൊണ്ണൂറുകളും തുടർന്നുവന്ന ദശകവും. ആധുനികതയുടെ ധ്യാനാത്മകതയെയും വൈയക്തിക ജീനിയസിനെയും ഒക്കെ തള്ളിപ്പറഞ്ഞു കൊണ്ട് ഉത്തരാധുനികത ശക്തിപ്പെടുകയും മൂർത്തകലയ്ക്ക് മുന്പെങ്ങുമില്ലാത്ത അർത്ഥതലങ്ങൾ ഉണ്ടായി വരികയും ചെയ്തു. അതിന്റെ മലവെള്ള പാച്ചിലിൽ അമൂർത്ത കല ഒഴുകിപ്പോയി. എന്നാൽ ചില പ്രവിശ്യകളിൽ അമൂർത്തകല അപ്പോഴും പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു; അത് ഭോപ്പാലിലായിരുന്നു. ജെ സ്വാമിനാഥൻ തുടക്കമിട്ട ഭാരത് ഭവൻ എന്ന പ്രസ്ഥാനത്തിനെ ചുറ്റിപ്പറ്റി വളർന്ന കലാകാരന്മാർക്ക് അന്താരാഷ്ട്ര അമൂർത്തതയിൽ വ്യക്തമായ ഒരു ഇടം കിട്ടിയ സയ്യദ് ഹൈദർ റാസയുടെ അനുഗ്രഹം കിട്ടുകയും അദ്ദേഹത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ആശീർവാദത്തോടെ അമൂർത്തകല തഴച്ചു വളരുകയും ചെയ്തു. എന്നാൽ ആ കലാകാരന്മാരുടെ ഇടയിലും ദാമോദരന് ഇടംപിടിക്കാൻ കഴിഞ്ഞില്ല. തന്റെ വഴി തന്റേത് മാത്രമായിരിക്കണം എന്ന ആധുനിക ജീനിയസിന്റെ വാശി അദ്ദേഹം വെറുതെ വെച്ച് പുലർത്തുന്നതായി കണ്ടു.

മദ്രാസ് സ്കൂളിന്റെ സംവാദാത്മക ആധുനികതയ്ക്ക് വ്യക്തമായ ഒരു ഉദാഹരണമായി എടുത്തുകാട്ടാവുന്ന ഒരു കലാകാരനാണ് കെ ദാമോദരൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി എടുത്തുകാണിക്കാൻ കഴിയുന്നത് അമൂർത്തമായ ആവിഷ്കാരങ്ങളിൽ അദ്ദേഹം വെച്ച് പുലർത്തുന്ന ശുദ്ധതാവാദമാണ്.

മലയാളം വാരികയിൽ ഞാനെഴുതിയ ലേഖനത്തിനു ശേഷം അദ്ദേഹത്തെ ഇടയ്ക്കിടെ കാണുമായിരുന്നെങ്കിലും തുടർന്ന് അദ്ദേഹം എക്സിബിഷനുകളിൽ പങ്കെടുക്കുന്നത് കാണുകയുണ്ടായില്ല. രണ്ടായിരത്തി അഞ്ചാമാണ്ടിൽ ബോസ് കൃഷ്ണമാചാരി ഡബിൾ എൻഡേർസ് എന്ന പേരിൽ ഒരു ബൃഹദ് പ്രദർശനം ക്യൂറേറ്റ് ചെയ്യുകയുണ്ടായി. അതിൽ ദാമോദരൻ പങ്കെടുത്തു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യൻ കലാ കമ്പോളം വമ്പിച്ച കുതിപ്പുണ്ടാക്കിയ രണ്ടായിരത്തി അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള കാലയളവിൽ ദാമോദരൻ പൂർണ്ണമായും ഉൾവലിയുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. സ്വകാര്യ ഗ്യാലറികളിൽ നടക്കുന്ന പ്രദർശനങ്ങളിൽ അദ്ദേഹം പോകാതെയായി. പിന്നെ കാണുന്നത് രണ്ടായിരത്തി പതിനെട്ടിൽ കേരള ലളിത കലാ അക്കാദമി ആവിഷ്കരിച്ച സർഗായനം എന്ന ക്യാംപിൽ പങ്കെടുക്കുവാനായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോഴായിരുന്നു. ആ ക്യാമ്പിന്റെ ക്യൂറേറ്ററും അതിലുണ്ടായ പെയിന്റിങ്ങുകളുടെ ക്യൂറേറ്ററുമായിരുന്നു ഞാൻ. കൂടാതെ സർഗ്ഗയാനം എന്ന പേരിൽ ഞാനൊരു പുസ്തകവും രചിച്ചു. ആ ക്യാമ്പിൽ വെച്ച് തന്റെ കുറെ ചിത്രങ്ങൾ അക്കാദമിയ്ക്ക് സംഭാവന ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അത് സന്തോഷപൂർവം അക്കാദമി ഏറ്റെടുക്കുകയും ചെയ്തു.

സർഗ്ഗയാനം എന്ന പുസ്തകത്തിൽ ഞാൻ അദ്ദേഹത്തിന്റെ കലയെക്കുറിച്ചെഴുതിയ ഒരു ഭാഗം ഉദ്ധരിച്ചു കൊണ്ട് ഈ അനുസ്മരണലേഖനം അവസാനിപ്പിക്കാമെന്ന് കരുതുന്നു: "മദ്രാസ് സ്കൂളിന്റെ സംവാദാത്മക ആധുനികതയ്ക്ക് വ്യക്തമായ ഒരു ഉദാഹരണമായി എടുത്തുകാട്ടാവുന്ന ഒരു കലാകാരനാണ് കെ ദാമോദരൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി എടുത്തുകാണിക്കാൻ കഴിയുന്നത് അമൂർത്തമായ ആവിഷ്കാരങ്ങളിൽ അദ്ദേഹം വെച്ച് പുലർത്തുന്ന ശുദ്ധതാവാദമാണ്. സാധാരണ കലാ അക്കാദമികളിൽ ചെന്നുപെടുന്ന കലാകാരന്മാരൊക്കെ അവരുടെ കലാവ്യക്തിത്വ രൂപീകരണത്തിന്റെ പ്രാരംഭദശകളിൽ പാശ്ചാത്യ കലാചരിത്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ പടിപടിയായി കടന്നുപോയി തനതായൊരു ഭാഷയെ പ്രാപിക്കുകയാണ് പതിവ്. കെ സി എസ് പണിക്കർ പോലും അത്തരത്തിൽ ഒരു രചനാസങ്കേതത്തിൽ എത്തിച്ചേരുന്നത് വരെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. എന്നാൽ തത്വചിന്തയിൽ ആഭിമുഖ്യം പുലർത്തിയിരുന്ന ദാമോദരൻ തന്റെ കലാജീവിതത്തിന്റെ പ്രാരംഭത്തിൽത്തന്നെ വിപുലമായ ഒരു ആശയപ്രപഞ്ചത്തെ കലയിൽ ആവിഷ്കരിക്കാനായി ശ്രമിക്കുകയായിരുന്നു. ആഖ്യാനപരതയോട് അല്പം പോലും ആഭിമുഖ്യമില്ലാതിരുന്ന ദാമോദരൻ ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളിൽ ഉണ്ടായ അമൂർത്ത പരീക്ഷണങ്ങളിലെന്ന പോലെ വസ്തുസ്ഥിതി പ്രപഞ്ചത്തിന്റെ സത്തയെ നേരിട്ട് സ്വാംശീകരിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിനിധാനപരമായ ബിംബങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒരു സത്തയെ പുനഃസൃഷ്ടിക്കുക എന്നത് ദാമോദരനെ സംബന്ധിച്ചിടത്തോളം ആകർഷണീയമായ തോന്നിയില്ല. ആ ഒരു മാനസികാവസ്ഥ അദ്ദേഹം ഇപ്പോഴും തുടരുന്നു.”

"നിറങ്ങളെ കാൻവാസിൽ അടരുകളായി തേയ്ച്ചു പിടിപ്പിച്ച്, ചിത്രപ്രതലം സൃഷ്ടിച്ച് അതിന്മേൽ ആവശ്യാനുസരണം രേഖകളും നിറങ്ങളും ഉപയോഗിച്ച് ബിംബപ്രതീതി സൃഷ്ടിക്കാൻ ദാമോദരൻ ശ്രമിക്കാറില്ല. ബ്രഷ് ചലനങ്ങളിലൂടെ ഒരു മൂഡ് സൃഷ്ടിച്ചെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഒരു സാധാരണ അനുവാചകനെ സംബന്ധിച്ചിടത്തോളം കുറെ നിറങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു എന്ന തോന്നലാണ് ദാമോദരന്റെ ചിത്രങ്ങൾ ഉളവാക്കുന്നതെങ്കിലും ഏറെ നേരത്തെ ചിത്രാനുധ്യാനം കൊണ്ട് ചിത്രത്തിൽ ആകാശവും ഭൂമിയും രൂപങ്ങളുമൊക്കെ ചലനം കൊള്ളുന്നത് കാണാം. പിയറ്റ് മോൺഡ്രിയാന്റെ ചിത്രങ്ങളെ അവയുടെ കൃത്യത ഒഴിവാക്കിയാൽ അനുസ്മരിപ്പിക്കുന്ന എന്തോ ഒന്ന് ദാമോദരന്റെ ചിത്രങ്ങളിലുണ്ട്. ആഖ്യാനത്തെ അസാധുവാകുന്ന അമൂർത്ത കലയെക്കുറിച്ചുള്ള ഏതൊരു വ്യഖ്യാനവും വ്യഖ്യാതാവിന്റെ വീക്ഷണങ്ങളുടെ വിശദീകരണം മാത്രമേ ആയിരിക്കുള്ളൂ. കലാകാരന് ലഭിക്കുന്ന ആഹ്ളാദവും അർത്ഥപൂർത്തിയും കാഴ്ചക്കാരനും വ്യഖ്യാതാവിനും ലഭിച്ചുകൊള്ളണമെന്നില്ല. അതായിരിക്കേ ദാമോദരന്റെ ചിത്രങ്ങളെ സവിശേഷമായ അർത്ഥതലത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ വ്യർത്ഥമാകാനേ വഴിയുള്ളൂ. എങ്കിലും ദാമോദരന്റെ കല പ്രവർത്തിക്കുന്നത് തനതായൊരു ആധുനികത വേണം എന്ന വാദത്തിനെ ഊന്നിപ്പറയുന്ന സംവാദാത്മകതയിൽത്തന്നെയാണ്.

ജോണി എംഎല്‍ വായനാവഴി ബ്ലോഗില്‍ എഴുതിയത്

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in