രോഗികളുടെ കൂട്ടിരിപ്പുകാരെ മര്‍ദ്ദിച്ച സംഭവം, ആവശ്യമെങ്കില്‍ കരാര്‍ റദ്ദാക്കാമെന്ന് ആരോഗ്യമന്ത്രി

രോഗികളുടെ കൂട്ടിരിപ്പുകാരെ മര്‍ദ്ദിച്ച സംഭവം, ആവശ്യമെങ്കില്‍ കരാര്‍ റദ്ദാക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കില്‍ ഈ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ അല്ലായിരുന്നു ആരോപണ വിധേയരായ സെക്യൂരിറ്റി ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനി മുതല്‍ ഏല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടിങ്ങും ദൈനംദിന പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണമെന്നും നിര്‍ദേശം നല്‍കി. ഇതോടൊപ്പം സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

ചിറയിന്‍കീഴ് സ്വദേശി അരുണ്‍ ദേവിനായിരുന്നു കഴിഞ്ഞദിവസം സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി എന്നാല്‍ തിരിച്ചു ചോദിച്ചപ്പോള്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അരുണിനെ മര്‍ദിക്കുകയായിരുന്നു. തന്നെ അകത്തേക്ക് വലിച്ചു കൊണ്ടു പോയി ഗേറ്റ് പൂട്ടിയിട്ട് മര്‍ദിച്ചെന്നും ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചയാളെ സെക്യൂരിറ്റി ജീവനക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അരുണ്‍ ദേവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട സെക്യൂരിറ്റി ജീവനക്കാരെ ഏജന്‍സി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സ്വദേശി വിഷ്ണു, കരകുളം സ്വദേശി രതീഷ്, നിതിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സെക്യൂരിറ്റി ജീവനക്കാര്‍ സ്ത്രീകളെ അടക്കം മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

The Cue
www.thecue.in